SUNDAY DEEPIKA
പതിനാറു കോടിയിലേറെ വർഷങ്ങളായി ഭൂമിയുടെ ആകാശത്ത് പറക്കുന്ന പക്ഷികളും വെറും 123 കൊല്ലം മുമ്പ് പറന്നുതുടങ്ങിയ വിമാനങ്ങളും തമ്മിലുണ്ടാകുന്ന സംഘർഷം വ്യോമയാന മേഖലയിലെ കൃത്യമായ പരിഹാരം കാണാനാവാത്ത പ്രശ്നങ്ങളിലൊന്നാണ്. ആകാശങ്ങളുടെ ഏറ്റവും പഴയ അവകാശിയും ഇന്നലെ വന്ന യന്ത്രപ്പക്ഷികളും തമ്മിൽ വർഷംതോറും ഉണ്ടാകുന്ന ശരാശരി അരലക്ഷം കൂട്ടിയിടികളിലൂടെ സംഭവിക്കുന്ന മൊത്തം നഷ്ടം ഏകദേശം 12,255 കോടി രൂപയാണ് എന്നാണ് കണക്ക്. ഇക്കഴിഞ്ഞ ഒരു കൊല്ലം മാത്രം ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ടത് 1,782 വിമാന-പക്ഷി കൂട്ടിയിടികളാണ്. വാർഷിക നഷ്ടം 100-200 കോടി രൂപ.
കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഓരോ കൂട്ടിയിടി വാർത്ത കാണുമ്പോഴും, ഇത്തിരിപ്പോന്ന പക്ഷിയെ എന്തിനാണ് വമ്പൻ വിമാനങ്ങൾ ഇങ്ങനെ പേടിക്കുന്നതെന്ന് ഒരു വേളയെങ്കിലും അമ്പരക്കാത്തവർ ചുരുക്കമായിരിക്കും. മൊമെന്റം എന്ന് ഇംഗ്ലീഷിലും ആക്കം എന്നു മലയാളത്തിലും പറയുന്ന, പക്ഷിയും വിമാനവും തമ്മിലുള്ള ആപേക്ഷിക വേഗത്തെ പക്ഷിയുടെ ഭാരവുമായി ഗുണിക്കുമ്പോൾ കിട്ടുന്ന തുകയിലാണ് ഇതിന്റെ വിശദീകരണം ഉള്ളത്.
ഒരു ഉദാഹരണം പറയാം-
പറന്നുയർന്ന്, 250 നോട്ട്സ് വേഗത്തിൽ (സെക്കൻഡിൽ 128 മീറ്റർ) നീങ്ങിക്കൊണ്ടിരുന്ന ഒരു വിമാനത്തിൽ, എതിരേ പറന്നു വരുന്ന ഒരു കിലോ ഭാരമുള്ള ഒരു പരുന്ത് ഇടിക്കുന്നുവെന്നു കരുതുക. പക്ഷിയുടെ വേഗവും വിമാനത്തിന്റെ വേഗവും കുട്ടിക്കിട്ടുന്ന തുകയാണ് ഇവിടെ ആപേക്ഷിക വേഗം. പക്ഷിയുടെ വേഗം വിമാനവേഗത്തെ അപേക്ഷിച്ച് തീരെ കുറവായിരിക്കുമെന്നതിനാൽ അത് കണക്കിലെടുക്കണമെന്നില്ല.
1x128 = 128 കിലോഗ്രാം-മീറ്റർ/സെക്കൻഡ് മൊമെന്റമാണ് ഇടിയിൽ ഉണ്ടാകുന്നത്.
ഇടി നടക്കുമ്പോൾ, പക്ഷിക്കുണ്ടായിരുന്ന ആപേക്ഷിക വേഗമായ 128മീറ്റർ/സെക്കൻഡ് എന്നത്, സെക്കൻഡിന്റെ ചെറിയൊരു അംശത്തിനുള്ളിൽ പൂജ്യമാവുകയാണല്ലോ. വിമാനത്തിൽ ഇടിച്ച് പക്ഷി നിശ്ചലമാകാൻ 0.005 സെക്കൻഡാണ് എടുക്കുന്നതെങ്കിൽ, മേൽപ്പറഞ്ഞ മൊമെന്റെം ഉണ്ടാക്കുന്ന ആഘാതം കിട്ടാൻ അതിനെ ഈ സമയം കൊണ്ട് ഹരിച്ചാൽ മതി.
128/0.005 =25,600 ന്യൂട്ടൺസ്.
വിമാനത്തിൽ രണ്ടര ടണ്ണുള്ള ഒരു കൂടംകൊണ്ട് അടിക്കുന്നതിനു തുല്യമാണ് ആ ആഘാതം. പക്ഷിയുടെ ഭാരം കൂടുന്നതനുസരിച്ച്, ആ ആഘാതം കൂടിക്കൊണ്ടിരിക്കും. ഭാരം രണ്ടു കിലോയാണെങ്കിൽ ആഘാതം അഞ്ചു ടണ്ണിലേറെ. അതുപോലെ തന്നെ, വിമാനത്തിന്റെ വേഗം കൂടുംതോറും ആഘാതം വർധിച്ചുകൊണ്ടിരിക്കും. പക്ഷിയിടിയിൽ വിമാനത്തിന്റെ മൂക്ക് പൊളിയുകയും എൻജിൻ ബ്ലേഡുകൾ ഇളകിപ്പോവുകയും ചിറകിൽ പൊട്ടലുണ്ടാവുകയും ചെയ്യുന്നതൊക്കെ, ടൺ കണക്കിനുള്ള ഈ ആഘാതം കാരണമാണ്.
വിമാനശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകളേക്കാൾ അപകടം ഉണ്ടാക്കുന്നത് പക്ഷി നേരേ എൻജിനിൽ ഇടിക്കുകയും എൻജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യുമ്പോഴാണ്. നേരത്തേ പറഞ്ഞ ടൺ കണക്കിനുള്ള ആഘാതത്തിൽ എൻജിന്റെ പുറംചട്ട പൊളിയാം, അതിവേഗം കറങ്ങുന്നതിനാൽ, പക്ഷിയെ ഉള്ളിലേക്കു വലിച്ചെടുക്കുന്ന എൻജിൻ ബ്ലേഡുകൾ ഒടിഞ്ഞു തകരാം. ഇന്ധനത്തിനൊപ്പം കത്തിപ്പിടിക്കുന്ന പക്ഷി എൻജിന്റെ പ്രവർത്തനം മൊത്തം അവതാളത്തിലാക്കുകയും ചെയ്യാം.
ചെറിയ ഉയരത്തിൽ പറക്കുന്ന പക്ഷികളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറുന്നത് വിമാനം ലാൻഡുചെയ്യുമ്പോളും പറന്നുയരുമ്പോഴുമാണ് എന്നത് അപകടം കൂടുതൽ ഗുരുതരമാക്കുന്നുമുണ്ട്.
ചിറകിനും എൻജിനും ലാൻഡിംഗ്/ടേക്കോഫ് നേരത്തുണ്ടാകുന്ന പരുക്കുകൾ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും വീണു തകരാനും വരെ ഇടയാക്കാം. ലാൻഡിംഗിലും ടോക്കോഫിലും തന്നെ, ടേക്കോഫാണ് കൂടുതൽ അപകടകരമായ ഘട്ടം. വിമാനം നല്ല വേഗത്തിലായിരിക്കുമെന്നതും എൻജിനുകൾ പരമാവധി ശക്തിയിൽ പ്രവർത്തിക്കുകയായിരിക്കുമെന്നതും "ഫുൾ ടാങ്ക്' ഇന്ധനം ഉണ്ടായിരിക്കുമെന്നതും, പക്ഷിയിടിയുടെ പ്രത്യാഘാതം കൂടുതൽ ഗുരുതരമാക്കുന്നു.
ഇന്ത്യയിൽ കഴിഞ്ഞ കൊല്ലം 1782 വിമാന-പക്ഷി കൂട്ടിയിടികളാണ് രേഖപ്പെടുത്തിയതെന്ന് നേരത്തേ പറഞ്ഞല്ലോ. ദിവസം ശരാശരി 5 സംഭവങ്ങൾ. 2021 നെ അപേക്ഷിച്ച് 130 ശതമാനം കൂടുതലായിരുന്നു ഇത്. 775 ആയിരുന്നു അന്നത്തെ സംഖ്യ. 2022 ൽ ഇത് 1131 ആയി. 2023ൽ 1371, 2024ൽ 1278.
തെക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ 2020 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പക്ഷിയിടി രേഖപ്പെടുത്തിയത് ബംഗളുരുവിലായിരുന്നു- 343. ഹൈദരാബാദിൽ 207, ചെന്നൈയിൽ 205, നമ്മുടെ തിരുവനന്തപുരത്ത് 125. ഇന്ത്യ മൊത്തം എടുത്താൽ ഡൽഹിക്കാണ് ഒന്നാം സ്ഥാനം- 695 സംഭവങ്ങൾ. മുംബൈ-407, ബെംഗളുരു-343, അഹമ്മദാബാദ്-337, ഹൈദരാബാദ്-207. പക്ഷി ഇടി നിയന്ത്രിക്കാൻ, വിമാനത്താവള പരിസരങ്ങളിൽ പക്ഷികൾ കൂടുന്നത് തടയുകതന്നെയാണ് പരിഹാരം. പക്ഷികൾക്ക് ഇരതേടാനും കൂടു കൂട്ടാനുമുള്ള സൗകര്യങ്ങൾ കുറയ്ക്കുക അതിൽ മുഖ്യം.
വിമാനം ലാൻഡു ചെയ്യാൻ അടുക്കുമ്പോഴും പറന്നുയരുമ്പോഴും പക്ഷികളെ വിരട്ടിയോടിക്കാൻ പടക്കം പൊട്ടിക്കുന്നത്, മിക്കവാറും എല്ലാ വിമാനത്താവളങ്ങളിലും പതിവാണ്. പക്ഷികൾ ഇടിക്കുന്നതു പോലെ വിമാനത്താവളങ്ങളിൽ വച്ച് മൃഗങ്ങൾ ഇടിക്കുന്നതും ഏറെ ഗൗരവമുള്ള സുരക്ഷാ പ്രശ്നമാണ്. റൺവേയിൽ ഓടുമ്പോഴുള്ള ഈ ഇടികൾ ഏറെയും കുറുക്കൻ, വെരുക്, മുയൽ, കീരി, കുരങ്ങ് തുടങ്ങിയവയുമായാണ്, ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ. ഈ ഭീഷണി കുറയ്ക്കാൻ മൃഗങ്ങളെ കെണിവച്ച് പിടിച്ച് ദൂരെ കൊണ്ടുപോയി വിടുകയാണ് ചെയ്യുക.
SUNDAY DEEPIKA
പാസ്പോർട്ട് പോലും വേണ്ടാത്ത ലോകസഞ്ചാരം- അതാണ് പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡനിൽ നമ്മെ കാത്തിരിക്കുന്നത്. ന്യൂസിലാൻഡ്, മഡഗാസ്കർ, മലേഷ്യ, ബ്രസീൽ, ആഫ്രിക്ക, നേപ്പാൾ എന്നിവിടങ്ങളിലെ മരങ്ങൾ കാണണമെന്നുണ്ടോ? അതിന് ലോകം ചുറ്റേണ്ട ആവശ്യമില്ല- ഈ തണലേറിയ വഴികളിലൂടെ നടക്കുക മാത്രം മതി.
ഈ തോട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ആഗോള സ്വഭാവമാണ്. ആഫ്രിക്കൻ ബാവോബാബ്, ചുവന്ന പുഷ്പങ്ങളാൽ മിന്നുന്ന ആഫ്രിക്കൻ ട്യൂളിപ്പ് മരം, ബ്രസീലിൽ ഉത്ഭവംകൊണ്ട റബർ, ദക്ഷിണേഷ്യൻ മുള വർഗങ്ങൾ... ഇവയെല്ലാം ഇവിടെ ഒരുമിച്ചാണ്. ഓരോ മരവും ഓരോ കഥയാണ് പറയുന്നത്; ഓരോ ചെടിയും ഒരു പുതിയ രാജ്യത്തേക്കുള്ള യാത്രയാണ്-നൂറ്റാണ്ടുകളുടെ കഥയും.
ശാസ്ത്രീയ ലക്ഷ്യം
1826ൽ ഫ്രഞ്ചുകാർ ഔദ്യോഗികമായി സ്ഥാപിച്ച ഈ തോട്ടത്തിന് 1740ൽ തന്നെ ഫ്രഞ്ച് സർക്കാർ രേഖകളിൽ പരാമർശം ഉണ്ട്. ഇതിന്റെ സ്ഥാപന ലക്ഷ്യം തികച്ചും ശാസ്ത്രീയമായിരുന്നു- പുതുച്ചേരിയുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളകളും സസ്യങ്ങളും കണ്ടെത്തുക. 1829ഓടെ തന്നെ 800 മുതൽ 900 വരെ സസ്യജാതികൾ ഇവിടെ വളർത്തിയിരുന്നുവെന്ന് ഫ്രഞ്ച് യാത്രികനായ വിക്ടർ ജാക്ക്മുണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ചെറിയൊരു പ്രസ്ഥാനമായി തുടങ്ങിയ ഈ പൂന്തോട്ടം പിന്നീട് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഒന്നായി വളർന്നു. ഈ തോട്ടത്തിന്റെ യഥാർഥ വളർച്ചയ്ക്കു പിന്നിൽ പ്രധാന പങ്കു വഹിച്ചത് ഫ്രഞ്ച് ബൊട്ടാണിസ്റ്റായ ജോർജ് സാമുവൽ പെറോട്ടെറ്റ് ആയിരുന്നു. അദ്ദേഹം ചുമതലയേറ്റശേഷം ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള അപൂർവ സസ്യങ്ങൾ ഇവിടെ എത്തിച്ചു.
അതോടെ ഈ തോട്ടം ഒരു "ലൈവ് ഹെർബേറിയം' ആയി മാറി- സസ്യങ്ങളെ പഠിക്കാനും സംരക്ഷിക്കാനും കഴിയുന്ന ഒരു ജീവിക്കുന്ന ശാസ്ത്രീയ കേന്ദ്രം. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഇന്ന് തോട്ടത്തിനുള്ളിൽ ഒരു സ്മാരകവും നിലകൊള്ളുന്നു. ബൊട്ടാണിക്കൽ ഗാർഡന്റെ ഒത്തനടുവിൽ സ്ഥിതി ചെയ്യുന്ന പെറോട്ടെറ്റ് സ്മാരകം ഓരോ സസ്യ ശാസ്ത്രജ്ഞനും തീർഥാടനം തന്നെയാണ്.
പിന്നീട് നിരവധി ബൊട്ടാണിസ്റ്റുകളും ഭരണാധികാരികളും ഈ തോട്ടത്തെ കൂടുതൽ സമ്പന്നമാക്കി. പുതിയ സസ്യജാതികളെ പരിചയപ്പെടുത്തുകയും ശാസ്ത്രീയമൂല്യം വർധിപ്പിക്കുകയും ചെയ്തതിലൂടെ ഇത് ഗവേഷണത്തിനും പൊതുജനങ്ങൾക്കുമായി ഒരു പ്രധാന പഠനകേന്ദ്രമായി മാറി.
പ്രകൃതിദത്ത ശ്വാസകോശം
പുതുച്ചേരി നഗരത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി ഏകദേശം 11 ഹെക്ടർ വിസ്തൃതിയിൽ ഓവൽ ആകൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ തോട്ടം ഒരു പ്രകൃതിദത്ത ശ്വാസകോശമാണ്. ശരാശരി 28 ഡിഗ്രി താപനിലയും ഏകദേശം 1253 മില്ലിമീറ്റർ വാർഷിക മഴയും ഉള്ള ഈ പ്രദേശം വൈവിധ്യമാർന്ന സസ്യങ്ങൾക്ക് അനുയോജ്യമാണ്. ഉയർന്ന മരങ്ങൾ, കട്ടിയുള്ള പച്ചപ്പുകൾ, ക്രമബദ്ധമായ തോട്ടവിഭാഗങ്ങൾ- ഇവയൊക്കെ ചേർന്ന് പ്രകൃതിയും മനുഷ്യരൂപകല്പനയും തമ്മിലുള്ള മനോഹരമായ സംയോജനം ഇത് സൃഷ്ടിക്കുന്നു.
ഇവിടത്തെ ഗ്ലാസ് ഹൗസ് ഏറെ ശ്രദ്ധേയമാണ്. യൂറോപ്യൻ മാതൃകയിൽ നിർമിച്ച ഈ കെട്ടിടം പുഷ്പപ്രദർശന സമയങ്ങളിൽ നിറങ്ങളിൽ നീരാടും. കൂടാതെ, തോട്ടത്തിലൂടെ സഞ്ചരിക്കുന്ന ടോയി ട്രെയിൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമാണ്- ഒരു ചെറിയ കാടിനുള്ളിലൂടെ സഫാരി നടത്തുന്ന അനുഭവം പോലെ.
കാഴ്ചസൗന്ദര്യത്തിനപ്പുറം ഈ തോട്ടം നിർവഹിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പരിസ്ഥിതിദൗത്യമാണ്. നഗരത്തിലെ മലിനവായുവിനെ ശുദ്ധമാക്കി തണുപ്പും ശ്വാസവും നൽകുന്ന പ്രകൃതിദത്ത സംവിധാനമാണ് ഇത്. അതുകൊണ്ടുതന്നെ "നഗരത്തിന്റെ ഓക്സിജൻ സിലിണ്ടർ' എന്ന പേരിൽ ഇതറിയപ്പെടുന്നു.
വിദ്യാർഥികൾക്കും ഗവേഷകർക്കും ഇത് ഒരു ജീവിച്ചിരിക്കുന്ന ക്ലാസ് മുറിയാണ്. അപൂർവ സസ്യങ്ങൾ, ഔഷധസസ്യങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ- ഇവയെല്ലാം പഠനത്തിനും ഗവേഷണത്തിനും വലിയ സഹായമാണ്. പുസ്തകങ്ങളിലെ അറിവും യഥാർഥ പ്രകൃതിയും തമ്മിലുള്ള ബന്ധം ഇവിടെ വ്യക്തമായി കാണാം.
1954ൽ പുതുച്ചേരി ഇന്ത്യയുമായി ലയിച്ചതിനു ശേഷം ഈ തോട്ടത്തിന്റെ പരിപാലനം കൃഷിവകുപ്പിന് കൈമാറി. ഇന്നും സംരക്ഷണവും പഠനവും വിനോദവും ഒരുമിപ്പിക്കുന്ന കേന്ദ്രമായി ഇത് തുടരുന്നു. 200 വർഷങ്ങൾ പിന്നിട്ടിട്ടും, പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡൻ ഇന്നും നഗരത്തിന് ശ്വാസം നൽകുന്നു. കോൺക്രീറ്റിൽ വളരുന്ന നഗരങ്ങൾക്ക് പച്ചപ്പാണ് ജീവൻ നൽകുന്നതെന്ന് ഈ തോട്ടം നമ്മെ ഓർമിപ്പിക്കുന്നു.
SUNDAY DEEPIKA
സ്മാരക ശിലകൾ
രാജസ്ഥാനിലെ പാലി ജില്ലയില്‍ ആരവല്ലി പര്‍വതനിരകളുടെ താഴ്വരയില് സ്ഥിതിചെയ്യുന്ന രണക്പുര് ജൈന ക്ഷേത്രം ഭാരതത്തിലെ ഏറ്റവും മനോഹരവും ചരിത്രപ്രധാനവുമായ ജൈന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രം അതിന്റെ അതിശയകരമായ മാര്‍ബിള്‍ ശില്പകലയ്ക്കും വാസ്തുവിദ്യയ്ക്കും ലോകപ്രശസ്തം. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി ചില ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്‍പ്രകാരം ഒരു സ്വപ്നത്തില്‍നിന്നാണ് കഥ തുടങ്ങുന്നത്:
മേവാര്‍ സാമ്രാജ്യത്തിലെ പ്രശസ്തനായ രാജാവ് റാണാ കുംഭന്റെ കൊട്ടാരത്തിലെ മന്ത്രിയും ധനികനായ ഒരു ജൈന വ്യാപാരിയുമായിരുന്നു സേത്ത് ധര്‍മ ഷാ. ഒരു രാത്രിയില്‍ ധര്‍മ ഷാ ജൈന പുരാണങ്ങളില്‍ പറയുന്ന "നളിനിഗുല്മ വിമാനം’ (സ്വര്‍ഗീയമായ ഒരു പറക്കുംവാഹനം) സ്വപ്നം കണ്ടുവത്രേ. ഇതേത്തുടര്‍ന്ന് ആ സ്വര്‍ഗീയ വാഹനത്തിന്റെ മാതൃകയില്‍ ഭൂമിയില്‍ ഒരു ക്ഷേത്രം പണിയണമെന്ന് അദ്ദേഹം ഉറപ്പിച്ചു.
ജൈനമതത്തിലെ ആദ്യത്തെ തീര്‍ഥങ്കരനായ ആദിനാഥ് ഭഗവാന് (ഋഷഭനാഥന്) സമര്പ്പിച്ചായിരിക്കണം ഈ ക്ഷേത്രമെന്നും അദ്ദേഹം നിശ്ചയിച്ചു. തന്റെ സ്വപ്നപദ്ധതിയുമായി ധര്‍മ ഷാ റാണാ കുംഭ രാജാവിനെ സമീപിച്ചു. കലയെയും വാസ്തുവിദ്യയെയും ഏറെ സ്നേഹിച്ചിരുന്ന രാജാവ്, മാഘായ് നദിക്കരയിലുള്ള ഒരു വലിയ വനപ്രദേശം ക്ഷേത്രനിര്‍മാണത്തിനായി വിട്ടുനല്‍കുകയും ചെയ്തു.
എന്നാല്‍ രാജാവ് അതോടൊപ്പം ഒരു നിബന്ധനയും വച്ചു. ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള നഗരവും തന്റെ പേരില്‍ അറിയപ്പെടണം എന്നായിരുന്നു അത്. ധര്‍മ ഷാ അത് സമ്മതിക്കുകയും, ആ പ്രദേശത്തിന് "രണ്‍പുര്‍’ (പിന്നീട് അത് രണക്പുര് ആയി മാറി) എന്ന് പേരിടുകയും ചെയ്തു.
തന്റെ സ്വപ്നത്തിനൊത്ത ഒരു രൂപരേഖ തയാറാക്കാന്‍ ധര്‍മ ഷാ രാജ്യത്തെ പ്രശസ്തരായ ഒട്ടനവധി ശില്പികളെ ക്ഷണിച്ചെങ്കിലും ആരുടെയും ഡിസൈന്‍ അദ്ദേഹത്തിന് തൃപ്തി നല്‍കിയില്ല. ഒടുവില്‍, ദേപാ (ദീപക്) എന്ന വിനയാന്വിതനായ ഒരു പ്രശസ്ത ശില്പി സമര്‍പ്പിച്ച രൂപരേഖ ധര്‍മ ഷായുടെ സ്വപ്നത്തിന് അനുയോജ്യമാണെന്നു കണ്ടെത്തുകയും അദ്ദേഹത്തെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു.
1389ല്‍ ആരംഭിച്ച ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകാന്‍ ഏകദേശം 50 വര്‍ഷമെടുത്തു. ആയിരക്കണക്കിന് തൊഴിലാളികളും ശില്പികളും ഇതിനായി അഹോരാത്രം പണിയെടുത്തു. മുഗള്‍ ഭരണകാലത്ത് ഈ പ്രദേശത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും ആക്രമണങ്ങളും മൂലം ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചു. അക്രമികളില്‍നിന്ന് രക്ഷിക്കാനായി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹങ്ങള്‍ പുരോഹിതന്മാര് രഹസ്യ അറകളില്‍ ഒളിപ്പിച്ചു.
പിന്നീട് വളരെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായ ഈ ക്ഷേത്രം കൊള്ളക്കാരുടെയും വന്യമൃഗങ്ങളുടെയും താവളമായി മാറുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജൈന സമൂഹവും ആനന്ദ്ജി കല്യാണ്ജി ട്രസ്റ്റും ഈ ക്ഷേത്രം ഏറ്റെടുക്കുകയും വലിയ രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ അതിന്റെ പഴയ പ്രൗഢി വീണ്ടെടുക്കുകയുമായിരുന്നു.
ഈ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവില്‍ "ചൗമുഖാ’ (നാലു വശങ്ങളിലേക്ക് മുഖമുള്ളത്) രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിനുള്ളിലെ ആദിനാഥ് ഭഗവാന്റെ വെളുത്ത മാര്‍ബിള്‍ വിഗ്രഹം നാലു ദിശകളിലേക്കും ദര്‍ശനം നല്കുന്ന രീതിയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
48,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വലിയ ക്ഷേത്രസമുച്ചയം താങ്ങി നിര്‍ത്തുന്നത് 1444 മാര്‍ബിള്‍ തൂണുകളാണ്. ഇതില്‍ ഏറ്റവും അത്ഭുതകരമായ കാര്യം, ഈ തൂണുകളില്‍ ഒരേപോലെയുള്ള കൊത്തുപണികളുള്ള രണ്ടെണ്ണമില്ല എന്നതാണ്. മനുഷ്യന് ദൈവത്തെപ്പോലെ പൂര്‍ണനല്ല എന്നു കാണിക്കാനും കണ്‍ദൃഷ്ടി തട്ടാതിരിക്കാനുമായി ശില്പികള് മനപ്പൂര്‍വം ഒരു തൂണ് ഒരല്പം ചരിവുള്ളതായാണ് നിര്‍മിച്ചിരിക്കുന്നത്.
സൂര്യന്റെ സ്ഥാനം എവിടെയാണെങ്കിലും, ക്ഷേത്രത്തിനുള്ളിലെ പ്രധാന വിഗ്രഹങ്ങളിലേക്ക് എപ്പോഴും സൂര്യപ്രകാശം നേരിട്ടു വീഴുന്ന രീതിയിലാണ് ദീപക് എന്ന ശില്പി ഇത് രൂപകല്പന ചെയ്തത്. കൂടാതെ, ക്ഷേത്രത്തിന്റെ ഏതു കോണില്‍നിന്ന് നോക്കിയാലും ഒരു തൂണ് പോലും വിഗ്രഹം കാണുന്നതിന് തടസമാവുകയുമില്ല.
SUNDAY DEEPIKA
ബാങ്ക് ജോലിയിൽനിന്നു വിരമിച്ചവർ ഒത്തുചേർന്നുള്ള ഒരു യാത്രയ്ക്കുവേണ്ടി സ്ഥലങ്ങൾ തെരയുന്പോഴാണ് പിഴല എന്ന പേര് ശ്രദ്ധയിൽപ്പെട്ടത്. അന്വേഷിച്ചപ്പോൾ അവിടേക്ക് കെഎസ്ഐഎൻസി ബോട്ട് സർവീസ് നടത്തുന്നുണ്ട് എന്നറിഞ്ഞു. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് പോകാനുള്ള ഒരുക്കമായി.
കടമക്കുടിയിലെ 14 ദ്വീപുകളിൽ ഒന്നാണ് പിഴല. എറണാകുളം ജില്ലയിലെ കടമക്കുടി ഇപ്പോൾ യാത്രികർക്ക് ഏറെ പരിചിതമാണ്. പലപ്പോഴും റീൽസിൽ നിറയുന്ന ഇടം. കടമക്കുടിയിലേക്ക് വരാപ്പുഴ ടൗൺ വഴി നാഷണൽ ഹൈവേ 66ലൂടെ എളുപ്പത്തിൽ എത്തിച്ചേരാം. എന്നാൽ ബോട്ടിൽ യാത്ര ചെയ്യുന്നതാണ് രസം. ‘കടന്നാൽ കുടുങ്ങി കടമക്കുടി’ എന്ന് പണ്ടുപറയാറുണ്ട്. ഇപ്പോൾ അങ്ങനെയല്ല, ധാരാളം യാത്രാ സൗകര്യങ്ങൾ ഉണ്ട്. നഗരത്തിൽനിന്ന് എട്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന പരിസ്ഥിതിസമ്പുഷ്ടമായ ഒരിടം.
മഹീന്ദ്രയുടെ ഇഷ്ടം
പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര തന്റെ യാത്രാ പട്ടികയിലേക്ക് ഒരു പുതിയ ലക്ഷ്യസ്ഥാനം കൂടി ചേർത്ത സംഭവം മുന്‍പ് വലിയ വാർത്തയായിരുന്നു. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായി അദ്ദേഹം അവതരിപ്പിച്ചത് കടമക്കുടിയെയായിരുന്നു. കടമക്കുടി ഒരു ദ്വീപ് പ്രാന്തപ്രദേശമാണ്. നെൽവയലുകൾ, കായലുകൾ, സമൃദ്ധമായ തണ്ണീർത്തടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട പതിനാല് ദ്വീപുകളുടെ ഒരു കൂട്ടം.
പെരിയാറിനാൽ ചുറ്റപ്പെട്ട കൊച്ചി നഗരത്തിന്റെ വടക്കു ഭാഗത്തിനോട് അടുത്തുകിടക്കുന്ന ദ്വീപാണ് പിഴല. കടമക്കുടി ദ്വീപുകളുടെ കേന്ദ്രഭാഗവും, കടമക്കുടി ഗ്രാമപഞ്ചായത്തിൻറെ ഭരണതലസ്ഥാനവും പിഴലയാണ്. പിഴല എന്ന നാമം, വിത്തിട്ടാൽ പിഴയ്ക്കില്ല-പിഴയില്ല എന്ന കർഷകരുടെ ആത്മവിശ്വാസത്തിൽ, വാമൊഴിൽനിന്നാണ് ഉണ്ടായതത്രേ. എഡി 1341ലെ മഴക്കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ പ്രകൃതി രൂപംകൊടുത്ത ദ്വീപുകളിൽ ഒന്നാണ് പിഴല. ഏതാണ്ട് ഒരു കിലോമീറ്റർ നീളവും അത്രതന്നെ വീതിയും ഉണ്ട്. എൺപത് ശതമാനവും പൊക്കാളി കൃഷിപ്പാടങ്ങളാണ്.
സൂര്യാംശു
ഏതാനും മാസങ്ങൾക്കുമുന്‍പ് ഞങ്ങൾ യാത്രയ്ക്കൊരുങ്ങിയപ്പോൾ കെഎസ്ഐഎൻസിയുടെ പുതുതായി തുടങ്ങിയ ഡെസ്റ്റിനേഷനായിരുന്നു ഈ ദ്വീപ്. ഹൈക്കോർട്ട് വാട്ടർ മെട്രോ ജെട്ടിക്ക് അടുത്താണ് അവരുടെ ടെർമിനൽ. ഞങ്ങളുടെ ബോട്ടിന്റെ പേര് സൂര്യാംശു എന്നായിരുന്നു. സൂര്യകിരണങ്ങൾ എന്നർഥം. രണ്ടു തട്ടുകളിലായി ഒരുക്കിയിരിക്കുന്ന മനോഹരമായ ബോട്ടാണ്. ചുറ്റും ഗ്ലാസുകൾ ഉള്ളതിനാൽ കാഴ്ചകൾകണ്ടു യാത്രചെയ്യാം.
രാവിലെ പത്തരയോടെ പുറപ്പെട്ടു. ബോട്ടിൽ ഒരു കലാകാരനായ ഗൈഡും, രണ്ടു ഗായകരും ഉണ്ടായിരുന്നു. എല്ലാ സ്ഥലത്തെക്കുറിച്ചും നന്നായി അറിവുകളുള്ള വ്യക്തിയായിരുന്നു ഗൈഡ്. കപ്പൽ പാലം, കൊച്ചിൻ പോർട്ട്, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കാർണിവൽ, ആസ്പിൻവാൾ കമ്പനി, ബിനാലെ, ബോൾഗാട്ടി, വല്ലാർപാടം പള്ളി, വൈപ്പിൻ ദ്വീപുകൾ എന്നിവയെക്കുറിച്ചെല്ലാം വളരെ വിശദമായ വിവരണങ്ങൾ നൽകിക്കൊണ്ടിരുന്നു. ഇവയെക്കുറി ച്ചെല്ലാം അറിയാമെന്നു വിചാരിച്ച എറണാകുളംകാരായ ഞങ്ങൾക്കും അതെല്ലാം പുതിയ അറിവുകളായിരുന്നു.
ബോട്ട് മെല്ലെ പെരിയാറിലേക്കു കടന്നു. കായലിന്റെയും നദിയുടെയും ഇരുകരകളിലും പല സ്ഥലത്തും കണ്ടൽക്കാടുകൾ കാണാം. സൗത്ത് ചിറ്റൂരിലുള്ള ഒരു ക്ഷേത്രം കാഴ്ചയിലെത്തി. ചീനവലകളുടെ കൂട്ടംകടന്ന് ഞങ്ങൾ മുന്നോട്ട്.
ദ്വീപിലേക്ക്
അങ്ങിനെ ഞങ്ങൾ പിഴലയിലേക്ക് എത്തുന്നു. എല്ലാവരും നന്നായി വിശന്നിരുന്നതിനാൽ നേരേ ഭക്ഷണശാലയിലേക്കാണ് എത്തിയത്. ചുറ്റുപാടും പ്രകൃതിയുടെ അസാധാരണ കൈവിരുതു കാണാം. കാഴ്ചകൾകണ്ടുതന്നെ രുചികരമായ ഭക്ഷണം.
പുറത്തേക്കിടക്കുമ്പോൾ കയർ പായ് വിരിച്ച റോഡുകൾ.. ചുറ്റുപാടും വെള്ളം, ചിലയിടത്ത് ഫ്ലൈ ഓവറുകൾ, പൊക്കാളി പാടങ്ങൾ, കയാക്കിംഗ്, പെഡൽ ബോട്ടിംഗ്, 20 പേർക്കു കയറാവുന്ന സ്പീഡ് ബോട്ടിംഗ്, ചൂണ്ടയിടാനുള്ള സൗകര്യം, കുട്ടികൾക്ക് കളിക്കാൻ പാർക്ക്, ചെറിയ ചായക്കട... ഒരു അപൂർവ സുന്ദര ലോകം.
പിഴലയിലെ പൊക്കാളി കൃഷി വളരെ പ്രസിദ്ധമാണ്. പൊക്കാളി ഒരു ജൈവ കൃഷിരീതിയാണ്, രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. കാഴ്ചകൾ തീരുംമുന്‍പ് സമയം തീരുന്നു, യാത്ര അവസാനിക്കുന്നു. എല്ലാവരും മനസുനിറയെ ആസ്വദിച്ച, ആഹ്ളാദിച്ച ഒരു യാത്ര. ഇത്തരം യാത്രകളാണ് മനുഷ്യനെ ജീവിക്കാൻ മോഹിപ്പിക്കുന്നതെന്ന് ഒന്നുകൂടി ഉറപ്പായി.
SUNDAY DEEPIKA
യൂറോപ്പിലെ ഏറ്റവും പഴക്കംചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കൊയിംബ്ര സർവകലാശാല സ്ഥാപിതമായത് 1290ലാണ്- അതായത്, ഏഴു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ജ്ഞാനകേന്ദ്രമാണത്. ആ സർവകലാശാലയുടെ ഹൃദയഭാഗത്ത്, അറിവിന്റെയും ബറോക്ക് വാസ്തുവിദ്യയുടെയും ഒരു യഥാർഥ നിധിശേഖരമായ ജോവാനിന ലൈബ്രറി ഉണ്ട്.
1717ൽ, യൂറോപ്പിൽ ജ്ഞാനോദയ കാലഘട്ടം ആരംഭിക്കുന്ന ആ ചരിത്ര മുഹൂർത്തത്തിൽ, പോർച്ചുഗൽ രാജാവ് ജോൺ അഞ്ചാമനാണ് ഈ ലൈബ്രറിയുടെ നിർമാണം ആരംഭിച്ചത്. 1728ൽ നിർമാണം പൂർത്തിയായശേഷം, 1750ൽ ലൈബ്രറിയിൽ ആദ്യ പുസ്തകങ്ങൾ എത്തി. ലൈബ്രറിക്ക് സ്ഥാപകന്റെ ലാറ്റിൻ നാമമായ "ജോവാനസ്' എന്നതിൽ നിന്നാണ് "ജോവാനിന' എന്ന പേരു ലഭിച്ചത്.
ഇരുനിലകളിലായി നീളുന്ന കൊത്തുപണിയുള്ള മരയലമാരകൾ, ചൈനീസ് ചിത്ര ആലേഖനങ്ങൾ, തെക്കേ അമേരിക്കയിൽനിന്നുള്ള അപൂർവ മരത്തിൽ തീർത്ത ഫർണിച്ചർ... ഇവ മൊത്തം പോർച്ചുഗീസ് കലാകാരന്മാർതന്നെ നിർമിച്ചതാണ്.
1725ൽ ഇറ്റലിക്കാരനായ ഡൊമെനിക്കോ ഡുപ്രാ വരച്ച ജോൺ അഞ്ചാമന്റെ ഛായാചിത്രം ഇവിടെയുണ്ട്. നോബിൾ ഫ്ലോറിലെ ഷെൽഫുകൾ കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിൽ, പൊന്നു പൂശിയ ഓക്ക് മരത്തിൽ മാർബിളിന്റെ ഘടന അനുകരിക്കുന്ന ശൈലിയിൽ നിർമിച്ചതാണ്. 2013ൽ യുനെസ്കോ ഈ സർവകലാശാലാ പരിസരത്തിന് ലോക പൈതൃക പദവി നൽകി ആദരിച്ചു.
ജ്ഞാനഭണ്ഡാഗാരം
ജോവാനിന ലൈബ്രറിയിൽ 70,000ലേറെ അപൂർവ ചരിത്ര പുസ്തകങ്ങൾ ഉണ്ട്- വൈദ്യശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, ദൈവശാസ്ത്രം, ശാസ്ത്രം, നിയമം എന്നീ മേഖലകളിൽ പതിനാറാം നൂറ്റാണ്ടു മുതലുള്ള ഗ്രന്ഥങ്ങൾ ഉൾപ്പെടെ. ഡയോനീഷ്യസ് ഓഫ് ഹലികർണാസസിന്റെ "റോമൻ ആന്റിക്വിറ്റീസി'ന്റെ ഒന്നാം പതിപ്പ്, ഹോമറിന്റെ സന്പൂർണ കൃതികൾ... ഇങ്ങനെ ലോകസാഹിത്യത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ ഇവിടെ സൂക്ഷിക്കപ്പെടുന്നു.
ഈ ലൈബ്രറി കെട്ടിടം ഒരു ഭൂഗർഭ ഖജനാവു പോലെ സങ്കല്പിച്ച് നിർമിച്ചതാണ്. പുറംഭിത്തികൾ 2.11 മീറ്ററിലേറെ കട്ടിയുള്ളവ. തേക്കു മരത്തിൽ നിർമിച്ച വാതിൽ. ഉൾഭാഗത്ത് 18-20 ഡിഗ്രി സെൽഷസ് സ്ഥിരതയുള്ള താപനിലയും 60 ശതമാനം ആർദ്രതയും നിലനിർത്തുന്നു. ഈ സ്ഥിരമായ അന്തരീക്ഷമാണ് ഗ്രന്ഥങ്ങളെ നൂറ്റാണ്ടുകളായി മികച്ച അവസ്ഥയിൽ കാക്കുന്നതിന്റെ ഒരു രഹസ്യം.
രാത്രി ലൈബ്രേറിയൻമാർ
ലൈബ്രറിയുടെ ഉപ ഡയറക്ടർ അന്തോണിയോ എവുഴേനിയോ മായ ദു അമറാൽ "ഓണററി ലൈബ്രേറിയൻമാർ' എന്നു വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ഇവിടെയുണ്ട്. ഏതാണ്ടു രണ്ടര നൂറ്റാണ്ടായി അവരുടെ സംഘം ഇവിടെ "ജോലി' ചെയ്യുന്നു. നെറ്റി ചുളിക്കേണ്ട, അവർ മനുഷ്യരല്ല, വവ്വാലുകളാണ്!
പകലത്രയും അലമാരകൾക്കിടയിൽ ഒളിഞ്ഞിരുന്ന് ഉറങ്ങുന്ന ഈ ജോലിക്കാർ രാത്രികളിൽ ഉണർന്ന് ലൈബ്രറിക്കുള്ളിലെത്തുന്ന പ്രാണികളെ ഭക്ഷിക്കും. അതുകഴിഞ്ഞ് ജനലിലൂടെ പുറത്തുകടന്ന് മൊണ്ടേഗു നദിയിലേക്കുപറന്ന് വെള്ളം കുടിക്കാൻ പോകുന്നു.
ചാറ്റൽമഴയുള്ള മധ്യാഹ്നങ്ങളിൽ ലൈബ്രറിക്കുള്ളിൽ ചെവി കൊടുത്തിരുന്നാൽ അവിടത്തെ ജീവനക്കാർ "പാടുന്നതായി" വർണിക്കുന്ന വവ്വാലുകളുടെ ശബ്ദം കേൾക്കാം- അവരുടെ സാമൂഹ്യ ആശയവിനിമയ ശബ്ദങ്ങളാണത്. 2015ൽ ലൈബ്രറിയുടെ കൂറ്റൻ തടിവാതിൽ മാറ്റി പുതുക്കിയപ്പോൾ, ആശാരിമാർ ഒരുകാര്യം ശ്രദ്ധാപൂർവം ഉറപ്പുവരുത്തി- വവ്വാലുകൾ രാത്രി നദിക്കരയിലേക്കു പറക്കാൻ ഉപയോഗിക്കുന്ന വിടവ് അതേപോലെ നിലനിർത്തണം. ഒരു ജ്ഞാനഭണ്ഡാഗാരത്തിലെ ജ്ഞാനമുള്ള ജീവനക്കാർ!
എങ്ങനെ വന്നു ഇവർ
വവ്വാലുകൾ ഇവിടെ ആദ്യം എത്തിയ കഥ ആർക്കും കൃത്യമായി അറിയില്ല. ചിലർ കരുതുന്നത് ആദ്യകാല ഗ്രന്ഥപാലകർ ബോധപൂർവും ഇവരെ ഇവിടെ കൊണ്ടുവന്നു എന്നാണ്. എന്നാൽ ഇന്നത്തെ ജോലിക്കാർ കൂടുതൽ വിശ്വസിക്കുന്നത് മറിച്ചാണ്. ശാന്തിയും ഇരുളും ഇഷ്ടപ്പെടുന്ന ഈ ജീവികൾ സ്വയം വന്നതാകണം. “രാത്രിയിലെ ലൈബ്രറിപോലെ ഇതിലും ശാന്തമായ ഇടം വേറെ എവിടെയുണ്ട്?” എന്ന് ഉപ ഡയറക്ടർ ചോദിക്കുന്നു. രണ്ടിനങ്ങളിൽപ്പെട്ട വവ്വാലുകളാണ് ഇവിടെയുള്ളത്. രണ്ടും ചെറുതും ചടുലമായി പറക്കുന്നവയുമാണ്.
വെല്ലുവിളികൾ
ഈ ജൈവകൂട്ടുകെട്ടിന് ചില വെല്ലുവിളികളുമുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിൽ ലൈബ്രറി അലമാരകൾ സംരക്ഷിക്കാൻ ഇംപീരിയൽ റഷ്യയിൽനിന്ന് ഇറക്കുമതിചെയ്ത തുകൽ ഷീറ്റുകൾ ഇന്നും ഉപയോഗിക്കുന്നു. ഓരോ ദിവസവും ലൈബ്രറി അടയ്ക്കുമ്പോൾ മേശകളും അലമാരകളും മൂടി, പ്രഭാതത്തിൽ ശ്രദ്ധാപൂർവം ശുദ്ധിയാക്കും.
എന്നാൽ ഒരു കാര്യം ഉദ്യോഗസ്ഥർക്ക് ഇന്നും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല- ലൈബ്രറിയുടെ ഉള്ളിൽ, സ്ഥാപകൻ ജോൺ അഞ്ചാമന്റെ ഛായാചിത്രത്തിന് ഏറ്റവുമടുത്ത് ഇഷ്ടത്തോടെ "ഹാജർ' വയ്ക്കുക വവ്വാലുകളുടെ ഒരു ശീലമാണ്! എന്നുവച്ചാൽ കാഷ്ഠിക്കൽതന്നെ. ആ ചിത്രത്തിന്റെ കാര്യം ലൈബ്രറി ജീവനക്കാർ ഇപ്പോൾ നോക്കാറില്ലത്രേ. പുസ്തകങ്ങൾ സംരക്ഷിക്കാൻ വവ്വാലുകൾ മാത്രമാണെന്നു കരുതരുത്. ലൈബ്രറിയിലെ ഒരു ഓക്സിജൻരഹിത അറയും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
ലോകത്ത് അപൂർവം
ലോകത്ത് ബോധപൂർവം വവ്വാലുകൾക്ക് ആതിഥ്യമരുളുന്ന ലൈബ്രറികൾ രണ്ടെണ്ണമാണ്. രണ്ടും പോർച്ചുഗലിൽതന്നെ. ആദ്യത്തേത് ജോവാനിന ലൈബ്രറി. മറ്റൊന്ന് ലിസ്ബണിന് 125 മൈൽ തെക്ക് മാഫ്ര പാലസിലെ ലൈബ്രറി. മാഫ്രയിലെ ലൈബ്രറി തുകൽ ബൈൻഡ് ചെയ്ത 36,000 ഗ്രന്ഥങ്ങൾ ഉള്ള ഒന്നാണ്. അവിടെ ഒരു ഗ്ലാസ് പെട്ടിയിൽ മൂന്നു വവ്വാലുകളുടെ ടാക്സിഡേർമ്ഡ് അവശിഷ്ടങ്ങൾ ആദരാഞ്ജലിയായി സൂക്ഷിക്കപ്പെടുന്നു!
കേരളത്തിലെ വവ്വാലുകൾ
ജോവാനിന ലൈബ്രറിയിൽ നൂറ്റാണ്ടുകളായി "ഓണററി ലൈബ്രേറിയൻ' എന്നപേരിൽ ആദരം ലഭിക്കുന്ന ഈ ജീവിയെ, കേരളത്തിൽ ഇന്നും ശാപമായും അപകടകാരിയായും മാത്രമാണ് കാണുന്നത്. നിപ്പ രോഗബാധയുടെ പശ്ചാത്തലത്തിൽ ആ ജാഗ്രത ആവശ്യമാണെന്നതു ശരി. എന്നാൽ ഒരേ ജീവി ഒരിടത്ത് ലോക പൈതൃക ഭണ്ഡാഗാരത്തിന്റെ കാവൽക്കാരൻ, മറ്റൊരിടത്ത് ഭയത്തോടെ കല്ലെറിഞ്ഞോടിക്കപ്പെടുന്ന ദുശ്ശകുനം- ഈ വ്യത്യാസം ശാസ്ത്രബോധത്തിന്റേതല്ല, കാഴ്ചപ്പാടിന്റേതാണ്.
അതുകൊണ്ട്, കൊയിംബ്രയിൽ എത്തുകയാണെങ്കിൽ ചരിത്രവും വാസ്തുവിദ്യയും പ്രകൃതിയും ഒരുമിച്ചു ശ്വസിക്കുന്ന ഈ അദ്ഭുതകരമായ ലൈബ്രറി നിർബന്ധമായും കണ്ടിരിക്കണം. ഒരുപക്ഷേ, ഉച്ചതിരിഞ്ഞ് ഒരു ചാറ്റൽമഴദിവസം ചെന്നാൽ, ആ "ഓണററി ലൈബ്രേറിയൻമാർ' ഉള്ളിൽനിന്ന് പാടുന്നതുകൂടി കേൾക്കാം.
SUNDAY DEEPIKA
വിചിത്ര ലോകം
ഭാവിയിലെ ഗ്രഹാന്തര അന്വേഷണങ്ങളിൽ, ചന്ദ്രനെ ഇടത്താവളമാക്കി മാറ്റാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം. ലക്ഷ്യമിടുന്ന ചൊവ്വ പര്യവേക്ഷണങ്ങൾ ഉൾപ്പെടെയുള്ള ബഹിരാകാശ പഠനങ്ങൾക്കു മനുഷ്യന്റെ ഇടത്തവളം ചന്ദ്രനിലുറപ്പിക്കാൻ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ പദ്ധതിയിടുന്നുണ്ട്. മനുഷ്യനെ വരുംവർഷങ്ങളിൽ ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ മുന്നോട്ടുപോകുന്പോൾ, അദ്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് നാസ.
ചാന്ദ്രദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്കു വഹിക്കേണ്ടിവരുന്ന ഉപകരണങ്ങളുടെ ഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന പുതിയൊരു "പദാർഥം' വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാസ. ചന്ദ്രന്റെ ഉപരിതലത്തിൽ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് അവിടെത്തന്നെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും മനുഷ്യവാസം സാധ്യമാക്കാനുമുള്ള നാസയുടെ ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്താകും.
ചന്ദ്രോപരിതലത്തിൽനിന്നു ലോഹങ്ങളും ഓക്സിജനും റോക്കറ്റ് ഇന്ധനവും വേർതിരിച്ചെടുക്കാനുള്ള ഗവേഷണങ്ങളിലാണ് നാസ. ഇതിനു സഹായകമാകുന്ന ചന്ദ്രനിലെ മണ്ണിനെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള പദാർഥമാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായി രൂപപ്പെട്ട "പദാർഥം'
നാസയുടെ ക്ലീവ്ലാൻഡിലുള്ള ഗ്ലെൻ റിസർച്ച് സെന്ററിൽ നടന്ന ഗവേഷണത്തിനിടയിലാണ് അപ്രതീക്ഷിതമായി ഈ പദാർഥം രൂപപ്പെടുന്നത്. കൃത്രിമമായി നിർമിച്ച വസ്തു "സ്കാൻഡിയം ഓക്സൈഡ്' എന്ന സംയുക്തവും ചേർത്ത് ഉയർന്ന താപനിലയുള്ള ഫർണസിലിട്ട് ചൂടാക്കിയപ്പോഴാണ് പുതിയ "പദാർഥം' രൂപപ്പെട്ടത്.
ശാസ്ത്രലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പത്ത് ലക്ഷത്തിലധികം പദാർഥങ്ങളുടെ എക്സ്-റേ അനാലിസിസ് ഡാറ്റയുമായി ഒത്തുനോക്കിയെങ്കിലും ഇതിനു സമാനമായ മറ്റൊന്ന് കണ്ടെത്താനായില്ല. തുടർന്ന്, ഇതിന്റെ രാസഘടന പഠിക്കുകയാണു ശാസ്ത്രജ്ഞർ.
സവിശേഷതകൾ നിരവധി
അത്യപൂർവ പ്രതിരോധശേഷിയാണ് പദാർഥത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിശക്തമായ താപനിലയിലും ചന്ദ്രനിലെ മണ്ണിന്റെ രാസപ്രവർത്തനങ്ങളെയും ദ്രവീകരണത്തെയും പ്രതിരോധിക്കാൻ ഈ പദാർഥത്തിനു കഴിയും.
ഇതിൽ അടങ്ങിയിരിക്കുന്ന "സ്കാൻഡിയം ഓക്സൈഡ്' വിലകൂടിയതാണെങ്കിലും, ഉയർന്ന താപനിലയുള്ള ആവശ്യങ്ങൾക്കു സാധാരണയായി ഉപയോഗിക്കാറുള്ള പ്ലാറ്റിനം പോലുള്ള വിലപിടിച്ച ലോഹങ്ങളേക്കാൾ ഇതിനു ചെലവ് വളരെ കുറവാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള അത്യാധുനിക കോട്ടിംഗ് പദാർഥങ്ങളേക്കാൾ ഭാരം കുറഞ്ഞതും മികച്ച താപപ്രതിരോധം നൽകുന്നതുമാണ് പുതിയ പദാർഥം.
ഭാവി ഉപയോഗങ്ങൾ
ചന്ദ്രനിലെ വിഭവങ്ങൾ വേർതിരിച്ചെടുക്കുമ്പോൾ, ആ ഉരുകിയ മിശ്രിതം സൂക്ഷിക്കാനുള്ള പൈപ്പുകളോ പാത്രങ്ങളോ നിർമിക്കാൻ ഈ പദാർഥം ഉപയോഗിക്കാം. ചന്ദ്രനിൽ മാത്രമല്ല, ഭൂമിയിലെ ജെറ്റ് എൻജിനുകൾക്കുള്ളിലെ കടുത്ത ചൂടിൽനിന്നു സംരക്ഷണം നൽകുന്ന ആവരണമായും ഉപയോഗിക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
SUNDAY DEEPIKA
ചിന്താവിഷയം
ഏതാണ്ട് ഒന്നര നൂറ്റാണ്ടായി നിർമാണം തുടരുന്ന ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ദേവാലയമാണ് സഗ്രാദ ഫമീലിയ. സ്പെയിനിലെ ബാഴ്സലോണയിൽ അംബരചുംബിയായി നിൽക്കുന്ന ഈ ബസിലിക്കയുടെ ഉയരം 566 അടിയാണ്. തിരുക്കുടുംബത്തിന്റെ നാമത്തിലുള്ള ഈ ദേവാലയത്തിൽ യേശുക്രിസ്തുവിന്റെ നാമത്തിൽ പണിതീർത്ത ടവർ ആണ് ഏറ്റവും ഉയർന്നു നിൽക്കുന്നത്. കഴിഞ്ഞ പത്തിന് ലെയോ പതിനാലാമൻ മാർപാപ്പ ഈ ടവർ ആശീർവദിച്ചതോടുകൂടി അതു കൂടുതൽ പ്രസിദ്ധമായി.
ഇപ്പോൾ സ്പെയിനിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രം ഈ ദേവാലയമാണ്. ഇതിന്റെ ശില്പിയായ അന്റോണി ഗൗദിയും ഏറെ പ്രസിദ്ധനായിത്തീർന്നിട്ടുണ്ട്. ദൈവത്തിന്റെ ആർക്കിടെക്ട് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
1852ൽ സ്പെയിനിലെ കാറ്റലോണിയയിലാണ് ഗൗദി ജനിച്ചത്. ബാല്യകാലംമുതൽ പ്രകൃതിയോട് അതിയായ താത്പര്യം അദ്ദേഹം പുലർത്തിയിരുന്നു. മരങ്ങൾ, പുഷ്പങ്ങൾ, മലനിരകൾ, പക്ഷികൾ, കടൽച്ചിപ്പികൾ എന്നിങ്ങനെ പ്രകൃതിയിലെ എല്ലാറ്റിലും ദൈവത്തിന്റെ കരവിരുത് അദ്ദേഹം കണ്ടു. പിന്നീട് വാസ്തുശില്പിയായി വളർന്നപ്പോൾ ഈ പ്രകൃതിസൗന്ദര്യംതന്നെ അദ്ദേഹം രൂപകല്പനചെയ്ത സൗധങ്ങളുടെ മുഖമുദ്രയായി മാറി.
1883ൽ സഗ്രാദ ഫമീലിയ എന്ന ദേവാലയത്തിന്റെ നിർമാണച്ചുമതല അദ്ദേഹത്തിന്റെ കൈകളിലെത്തി. ആദ്യം അതൊരു സാധാരണ പ്രഫഷണൽ ജോലി മാത്രമായിരുന്നു. എന്നാൽ കാലക്രമേണ അത് അദ്ദേഹത്തിന്റെ ജീവിതദൗത്യമായി മാറി. മറ്റു പല പദ്ധതികളും അദ്ദേഹം ഉപേക്ഷിച്ചു. തന്റെ ജീവിതത്തിന്റെ അവസാന നാല്പതുവർഷം ഈ ഒരൊറ്റ ദേവാലയനിർമിതിക്കുവേണ്ടി അദ്ദേഹം സ്വയം സമർപ്പിച്ചു.
ഈ ദേവാലയത്തിന്റെ നിർമാണം ഏറെ വർഷങ്ങൾ നീണ്ടുപോകുമെന്നറിയാമായിരുന്ന ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: പള്ളിയുടെ പണി ഇത്രയും സാവധാനം നടക്കുന്പോൾ അങ്ങേക്ക് വിഷമമില്ലേ? അപ്പോൾ ഗൗദി നൽകിയ മറുപടി പ്രസിദ്ധമാണ്- ""എന്റെ ഉപഭോക്താവിനു തിടുക്കമില്ല.'' അദ്ദേഹം പരാമർശിച്ച ഉപഭോക്താവ് ദൈവമായിരുന്നു.
സഗ്രാദ ഫമീലിയയുടെ നിർമാണം തന്റെ ജീവിതകാലത്തു പൂർത്തിയാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും അദ്ദേഹം നിരാശനായില്ല. കാരണം, താൻ പടുത്തുയർത്തുന്നത് ഒരു വന്പൻ കെട്ടിടം മാത്രമല്ല, പ്രത്യുത ഭാവി തലമുറകൾക്കായി ഒരു വിശ്വാസ സാക്ഷ്യം പണിയുകയായിരുന്നുവെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു.
1926ൽ ഒരു ട്രാം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൗദി ഏതാനും ദിവസങ്ങൾക്കുശേഷം മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം നൂറു വർഷം പിന്നിട്ടിട്ടും സഗ്രാദ ഫമീലിയയുടെ നിർമാണം തുടരുകയാണ്. 2030കളിൽ മാത്രമേ ഇതിന്റെ നിർമാണം പൂർത്തിയാകൂവെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഓരോ വർഷവും ശതലക്ഷക്കണക്കിനു വിശ്വാസികളും സന്ദർശകരും ഈ അദ്ഭുത ദേവാലയം കാണാനെത്തുന്നുണ്ട്. ഗൗദിയുടെ സ്വപ്നത്തിന്റെ ഫലമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്.
ഈ കഥ മറ്റൊരു സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആ സത്യം വ്യക്തമാക്കുന്ന ഒരു ഗ്രീക്ക് പഴമൊഴിയുള്ളത് ഇപ്രകാരമാണ്: ""തങ്ങൾ ഇരിക്കാത്ത തണലിനായി മരങ്ങൾ നട്ടുപിടിപ്പിക്കുന്പോഴാണ് ഒരു സമൂഹം മഹത്തരമാകുന്നത്.'' ലോകത്തിലെ മഹത്തായ പല നേട്ടങ്ങൾക്കും കാരണക്കാർ അവയുടെ അന്തിമഫലം കാണാൻ ജീവിച്ചിരിക്കാത്ത ആളുകളാണ്. യൂറോപ്പിലെ അനേകം മഹത്തായ കത്തീഡ്രലുകൾ പണിയാൻ തുടങ്ങിയവർക്ക് അവയുടെ പൂർത്തീകരണം കാണാൻ കഴിഞ്ഞിരുന്നില്ല. തലമുറകൾ കൈമാറിയാണ് അവയുടെ നിർമാണം പൂർത്തിയായത്. അവയിൽ ജർമനിയിലെ കൊളോണ്‍ കത്തീഡ്രലും റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുമൊക്കെ ഉൾപ്പെടും.
ജീവിതത്തിലും ഇതുതന്നെയാണ് യാഥാർഥ്യം. മാതാപിതാക്കൾ മക്കളെ വളർത്തുന്നു. എന്നാൽ അവരുടെ ജീവിതം പലപ്പോഴും പാതിവഴിയിൽവച്ച് കണ്ടുകൊണ്ട് ഈ ലോകം വിടാനല്ലേ പല മാതാപിതാക്കളും വിധിക്കപ്പെട്ടിരിക്കുന്നത്? അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുന്നു. എന്നാൽ അവരുടെ ഭാവിനേട്ടങ്ങൾ മുഴുവൻ കാണാനുള്ള ഭാഗ്യം അധ്യാപകർക്കു ലഭിക്കാറുണ്ടോ?
പുരോഹിതർ എത്രയോ പേർക്കു ആത്മീയോപദേശം നൽകുന്നു. അവരുടെ വാക്കുകൾ പലരുടെയും ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടാകാം. എന്നാൽ അവയുടെ പൂർണഫലം കാണാൻ അവർക്ക് അവസരം ലഭിക്കുമോ?
സന്നദ്ധപ്രവർത്തകരും സാമൂഹിക പരിഷ്കർത്താക്കളുമൊക്കെ ചെയ്യുന്ന നന്മപ്രവൃത്തികളുടെ അന്തിമഫലം കാണാൻ അവർക്ക് എപ്പോഴും ഭാഗ്യമുണ്ടാകാറുണ്ടോ? ഗവേഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞൻമാരുടെയും സ്ഥിതി ഇതുതന്നെയല്ലേ?
ജീവിതത്തിലെ എല്ലാ നല്ല പ്രവൃത്തികളുടെയും ഫലം ഉടനെ നാം കണ്ടെന്നുവരില്ല. നമ്മുടെ എല്ലാ സ്വപ്നപദ്ധതികളും കണ്മുന്നിൽ പൂർത്തിയായെന്നും വരില്ല. എന്നാൽ നമുക്കു ചെയ്യാനുള്ളത് ഒന്നുമാത്രമാണ്. ദൈവം നമ്മുടെ കൈകളിൽ ഏല്പിച്ചിരിക്കുന്ന ജോലി ഏറ്റവും വിശ്വസ്തതയോടെ ചെയ്യുക. അവിടന്ന് നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യം ഏറ്റവും ഭംഗിയായി പൂർത്തിയാക്കുക.
ഗൗദി മരിച്ചിട്ട് നൂറു വർഷം പിന്നിട്ടിട്ടും സഗ്രേഡ ഫമീലിയ സന്ദർശിക്കാൻ വരുന്നവർ അനുഭവിക്കുന്നത് അദ്ദേഹത്തിന്റെ പ്രയത്നഫലംകൂടിയാണ്. താൻ നട്ട മരത്തിന്റെ തണൽ ആസ്വദിക്കാൻ അദ്ദേഹത്തിന് ഒരിക്കലും സാധിച്ചില്ല. അദ്ദേഹം അതാഗ്രഹിച്ചില്ല എന്നതു വേറേ കാര്യം. ആ തണൽ ആസ്വദിക്കുന്നത് മറ്റുള്ളവരാണ്. അതാണ് അദ്ദേഹത്തിന്റെ മഹത്വവും.
നാം നടുന്ന മരത്തിന്റെ തണലിൽ ഇരിക്കണമെന്നു നിർബന്ധം പിടിക്കുന്നവരാണോ നമ്മൾ? എങ്കിൽ നാം അതിസ്വാർഥരാണെന്ന് ഓർമിക്കുക. നമ്മൾ ചെയ്യുന്നത് നമുക്കുമാത്രം ഫലമെടുക്കാനാണെന്നു ശാഠ്യംപിടിക്കരുത്. അതു മറ്റുള്ളവരുടെ നന്മയ്ക്കുകൂടിയാവട്ടെ. നാം നടുന്ന മരങ്ങൾ മറ്റുള്ളവർക്കു തണൽ നൽകുന്നവയാകട്ടെ. അതായത്, നാം ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ഐശ്വര്യവും നന്മയും ഉറപ്പുവരുത്തുന്നവയാകട്ടെ. അപ്പോഴാണ് നമ്മുടെയും ജീവിതം മഹത്തരമാവുക.
SUNDAY DEEPIKA
പതിനേഴ് വർഷങ്ങൾക്കുമുമ്പാണ് അവളുടെ ജീവിതത്തെ പകുതി ഇരുട്ടിലാക്കിയ അഗ്നിജലം അവളുടെ മുഖത്തു പതിച്ചത്. അന്നു ഷഹീൻ മാലിക് എന്ന ഇരുപത്താറുകാരി ഹരിയാനയിലെ പാനിപ്പത്തിൽ എംബിഎക്ക് പഠിക്കുകയായിരുന്നു. സ്വപ്നങ്ങളുടെ ആകാശത്ത് പറക്കുകയായിരുന്ന അവളുടെ ചിറകുകളരിയാൻ കരുതിക്കൂട്ടി നടത്തിയതായിരുന്നു ആ ആസിഡ് ആക്രമണം. മുഖത്തിന്റെ പകുതിയും ഒരു കണ്ണിന്റെ കാഴ്ചയും പൂർണമായും അവൾക്ക് നഷ്ടമായി. സമൂഹം അവളെ അകറ്റിനിർത്തിയപ്പോൾ, അവൾക്കുമുന്നിൽ രണ്ടു വഴികളുണ്ടായിരുന്നു. വൈകല്യം അഗീകരിച്ച്, ജീവിതകാലംമുഴുവൻ മാതാപിതാക്കളെ ആശ്രയിക്കുക. അതല്ലെങ്കിൽ പകുതി കാഴ്ചയിൽ കൺതുറന്ന് ആകാശം ലക്ഷ്യമാക്കി വീണ്ടും പറക്കുക.
ചിറകു കരിഞ്ഞ് നിലത്തുവീണെങ്കിലും അവൾ പിന്നെയും കണ്ണുകളുയർത്തി. നിയമസംവിധാനമടക്കം തളർത്താൻ നോക്കിയെങ്കിലും അവൾ പിന്നെയും ഉയരങ്ങൾ താണ്ടി. ജീവിതയാത്രയിൽ തന്നെപ്പോലെ ആസിഡ് ആക്രമണത്തിന് ഇരയായ പലരെയും അടുത്തറിഞ്ഞു. ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചവർക്ക് നിയമപരമായും മനഃശാസ്ത്രപരമായും വൈദ്യപരമായും സഹായം നൽകുന്നതിന് "ബ്രേവ് സോൾസ് ഫൗണ്ടേഷൻ' എന്ന സംഘടനയ്ക്ക് രൂപം നൽകി. ആസിഡ് ആക്രമണം അതിജീവിക്കുന്ന നൂറുകണക്കിനു പേർക്കാണ് ഷഹീൻ മാലികും ബ്രേവ് സോൾസ് ഫൗണ്ടേഷനും ഇന്ന് തണൽ നൽകുന്നത്.
തന്നെ ആക്രമിക്കാൻ മുഖ്യ കാരണക്കാരായവർക്ക് ശി ക്ഷയുറപ്പാക്കാൻ 16 വർഷം ഷഹീൻ നിയമപോരാട്ടം നടത്തിയെങ്കിലും ഡൽഹിയിലെ വിചാരണക്കോടതി പ്രതികളെ കഴിഞ്ഞ ഡിസംബറിൽ വെറുതെവിട്ടു. ഷഹീൻ ഇന്നും പോരാട്ടത്തിലാണ്. തനിക്കുവേണ്ടി മാത്രമല്ല, നൂറുകണക്കിനു ആസിഡ് ആക്രമണ ഇരകൾക്കുകൂടി വേണ്ടി. അവർക്കു നീതികിട്ടാനും സംവിധാനത്തിന്റെ പരിവർത്തനത്തിനുംവേണ്ടി സുപ്രീം കോടതി വരെയും ചെന്നെത്തുന്ന പോരാട്ടങ്ങൾ. യാഥാർഥ്യങ്ങളെ കണ്ണുതുറന്നു നേരിടാൻ അവർ തന്റെ രാജ്യത്തോട് ആവശ്യപ്പെടുകയാണ്. ഷഹീൻ മാലിക് സംസാരിക്കുന്നു.
ഒരു ഇര എന്ന നിലയിൽ, ആസിഡ് ആക്രമണത്തെ അതിജീവിച്ചവർ സമൂഹത്തിൽനിന്ന് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
സർക്കാരിൽനിന്നും സമൂഹത്തിൽനിന്നും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ആക്രമണമുണ്ടായതിനുശേഷം പോലീസുമായി അന്വേഷണത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അതിജീവിത അറിയുന്നില്ല. കുടുംബവും ഇരയും അവരുടെ അവകാശങ്ങളെപ്പറ്റി അജ്ഞതയുള്ളവരാണ്. ഇരകളുടെ മെഡിക്കൽ ചെലവുകൾ വളരെ വലുതാണ്. ഒരു സ്വകാര്യ ആശുപത്രിയും സൗജന്യമായി ചികിത്സ നൽകില്ല. ലക്ഷക്കണക്കിനു രൂപയാണ് ചികിത്സയ്ക്കായി ചെലവാകുന്നത്. ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് ഫലപ്രദമായ ഫണ്ടിംഗോ നയമോ സർക്കാരിന്റെ ഭാഗത്തുനിന്നില്ല. പലരും തങ്ങളുടെ വസ്തുവകകൾ വിറ്റാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത്. ഇരകൾ അവരുടെ പഠനം ഉപേക്ഷിക്കേണ്ടതായി വരുന്നു, അവർക്കെവിടെയും ജോലി ലഭിക്കില്ല.
സമൂഹത്തിൽനിന്നു ശക്തമായ വിവേചനമാണ് നേരിടേണ്ടിവരുന്നത്. പലർക്കും അവരുടെ മുഖം കാണുന്നത് ഇഷ്ടമല്ല, അതുകൊണ്ട് മുഖം മൂടേണ്ടതായി വരുന്നു. അവരുടെ ആത്മവിശ്വാസം കുറയുന്നു.അവരുടെ അടുത്ത് ഇരിക്കാൻപോലും ആളുകൾ ഇഷ്ടപ്പെടാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ട്രെയിനിൽ യാത്രചെയ്യുമ്പോൾ അവരോട് നിലത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് ആളുകൾ പെരുമാറുന്നത്. അവരെ എങ്ങനെ ഇതിൽനിന്നു കൈപിടിച്ചുയർത്തി പുനരധിവസിപ്പിക്കേണ്ടതെന്നു സർക്കാരിനറിയില്ല. ഇരകളെ ആക്രമണത്തിനുശേഷം സമൂഹം സ്വീകരിക്കില്ല, എന്നാൽ ആക്രമണം നടത്തിയവരെ സ്വീകരിക്കും.
ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് കുറഞ്ഞത് മൂന്നു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടല്ലോ?
ഈ മൂന്നു ലക്ഷത്തിനു വലിയ കാലതാമസമുണ്ട്. മൂന്നുമാസത്തിനുള്ളിൽ മൂന്നു ലക്ഷം നൽകണമെന്നാണ് ഉത്തരവ്. എന്നാൽ അതൊരിക്കലും നടന്നിട്ടില്ല. തുക ലഭിക്കാനുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടാൻതന്നെ വർഷങ്ങളെടുക്കും. ഈ തുകതന്നെ മതിയായ നഷ്ടപരിഹാരവുമല്ല. ഏതൊരു ഇരയും ആക്രമണത്തിനു ശേഷം മുപ്പതു മുതൽ നാല്പതു ശസ്ത്രക്രിയകൾക്കുവരെയാണ് വിധേയരാകേണ്ടത്. ഈ തുക കൂടുതൽ ലഭിക്കാനായി വ്യവസ്ഥകളുണ്ടെങ്കിലും ഇത് വർധിക്കാനായി 15 വർഷം വരെയൊക്കെ കാത്തിരിക്കേണ്ടി വരുന്നു.
ഇതിനെ സംബന്ധിച്ച് 2016ൽ ഡൽഹി ഹൈക്കോടതിയിൽ ഞങ്ങൾ കേസ് ഫയൽ ചെയ്തിട്ട് പത്തു വർഷം കഴിഞ്ഞിട്ടും വിധി വന്നിട്ടില്ല. പുനരധിവാസത്തിനായി ചികിത്സ വേണം, ജോലി വേണം, പെൻഷൻ വേണം, ആക്രമണം മൂലം കാഴ്ച നഷ്ടപ്പെട്ടവർക്കും മറ്റ് അംഗഭേദങ്ങളുണ്ടായവർക്കും കൂടുതൽ നഷ്ടപരിഹാരം ആവശ്യമാണ്. ഇതുപോലുള്ള കേസുകൾ അടിയന്തരമായി കോടതികൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. മൂന്ന് ലക്ഷം നൽകുന്നതിനപ്പുറം ഒരു സഹായവും സർക്കാരിൽനിന്ന് ലഭിക്കുന്നില്ല.
2023ൽ 703 ആസിഡ് ആക്രമണ കേസുകൾ വിചാരണ കാത്തു കിടക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വെറും 43 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്; ശിക്ഷിക്കപ്പെട്ടതാകട്ടെ കേവലം 16 കേസുകളിൽ മാത്രവും.
വർഷങ്ങളായുള്ള ഈ കണക്കുകൾ വിരൽചൂണ്ടുന്നത് ആസിഡ് ആക്രമണ കേസുകളിലെ വളരെ കുറഞ്ഞ ശിക്ഷാ നിരക്കിലേക്കാണ്. ആസിഡ് ആക്രമണങ്ങളുടെ കാര്യത്തിൽ, ഇരകൾ തങ്ങളെ ആരാണ് ആക്രമിച്ചതെന്നു തിരിച്ചറിയുന്നുണ്ട്. അവിടെ ആക്രമണം നടന്നു എന്നത് പകൽ പോലെ വ്യക്തമാണ്, ഇരകൾ അക്രമികളുടെ പേരെടുത്ത് പറയുകയും ചെയ്യുന്നു. എന്നിട്ടും,
എന്തുകൊണ്ടാണ് ശിക്ഷാ നിരക്ക് ഇത്രയും കുറവ്? "കുറ്റം തെളിയിക്കാനുള്ള ബാധ്യത’ ഇപ്പോഴും ഇരയുടെമേൽ തന്നെയാണോ?
തെളിവുനൽകേണ്ട ബാധ്യത ആസിഡ് ആക്രമണ കേസുകളിൽ ഇരയ്ക്കുമേൽ തന്നെയാണ്. പോലീസ് കേസന്വേഷണത്തിന്റെ ആരംഭത്തിൽ സെൻസിറ്റീവായല്ല കേസ് കൈകാര്യം ചെയ്യുന്നത്. പല നിയമപഴുതുകളും അവർ വെറുതെവിടുന്നു, ചിലപ്പോഴൊക്കെ മനഃപൂർവമായിത്തന്നെ. ഇതുകൊണ്ടൊക്കെ അന്വേഷണത്തിൽ വിടവുകൾ ഉണ്ടാകുകയും പ്രതികൾ രക്ഷപ്പെടുകയുമാണ്. അതിജീവിതയെ ആക്രമണത്തിനു ശേഷം കൗൺസൽ ചെയ്യുമ്പോഴും വീഴ്ചകളുണ്ടാകാറുണ്ട്, ഏതൊക്കെ മൊഴികളാണ് പ്രധാനമെന്നും ഏതൊക്കെയാണ് പ്രാധാന്യമില്ലാത്തതെന്നും കൗൺസലിംഗിൽ കൃത്യമായി അതിജീവിതയ്ക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കുന്നില്ല.
വിചാരണ ഇത്രയും നീളുന്നതുകൊണ്ടുതന്നെ സാക്ഷികളും സ്വാധീനിക്കപ്പെടാൻ സാധ്യത കൂടുതലാണ്, അവരും അതിജീവിതർക്ക് എതിരെയാകുന്ന പ്രവണതയുണ്ട്. എട്ട് മുതൽ പത്ത് വർഷം വരെയൊക്കെയാണ് വിചാരണകൾ നീളുന്നത്. ഇത്രയും വർഷത്തെ വിചാരണയിൽനിന്ന് ഒഴിവാക്കാൻ പ്രതികൾ അതിജീവിതരുമായി ഒത്തുതീർപ്പിലെത്താനും ശ്രമം നടത്തുന്നു.
അതിജീവിതർ പലരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്ന് വരുന്നവരാണ്. അതുകൊണ്ടുതന്നെ അവരിൽ പലരും ഒത്തുതീർപ്പിലെത്താനും ശ്രമിക്കും. ആസിഡ് ആക്രമണത്തിലെ അതിജീവിതയ്ക്ക് മരുന്നുകൾക്കും ചികിത്സകൾക്കും ധാരാളം പണം ആവശ്യമായതുകൊണ്ടുതന്നെ അവർ ഒത്തുതീർപ്പിലെത്താനും നിർബന്ധിതരാകുന്നു. ആസിഡ് ആക്രമണങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് കുറവായതുകൊണ്ടുതന്നെ ആക്രമണങ്ങളും വർധിക്കുന്നു,
ആരാണ് ആക്രമിച്ചതെന്ന് ഇരയായവർക്ക് കൃത്യമായി അറിയാം. ആസിഡ് ആക്രമണത്തിന് ഇരയായവർ തെറ്റുചെയ്യാത്ത ഒരാളെ കുറ്റക്കാരനാക്കാൻ ശ്രമിക്കില്ലല്ലോ. എന്നാൽ ആറു മാസം കൊണ്ട് തീർപ്പാക്കാവുന്ന വിചാരണ പത്തു വർഷം വരെയെടുക്കുന്നത് കുറ്റവാളിയെ രക്ഷിക്കുന്നതിനു തുല്യമാണ്. അതവരെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനും സഹായിക്കുന്നു.
വ്യവസ്ഥിതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ആഗ്രഹിക്കുന്നത്?
സമയബന്ധിതമായി വേഗത്തിലുള്ള വിചാരണകൾ നടത്തുന്ന ഫാസ്റ്റ് ട്രയൽ കോടതികളുണ്ടാകണം. ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ കഴിയണം. കുറ്റപത്രം ഒരു മാസത്തിനകം സമർപ്പിക്കണം. പോലീസ് ഉദ്യോഗസ്ഥർക്ക് ഈ വിഷയത്തിൽ കൃത്യമായി പരിശീലനം നൽകാൻ കഴിയണം. അതിജീവിതരുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കണം. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം. ആളുകൾ ഇതുപോലുള്ള പ്രവൃത്തി ചെയ്യുന്നതിൽനിന്ന് ശിക്ഷകൾ അവരെ ഭയപ്പെടുത്തണം.
2013ന് ശേഷം രാജ്യത്ത് ആസിഡ് ആക്രമണ കേസുകളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എൻസിആർബി കണക്കുകൾ പ്രകാരം 2021ൽ 176 കേസുകളും, 2022ൽ 202 കേസുകളും 2023, 2024 വർഷങ്ങളിൽ 207 കേസുകൾ വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആസിഡ് ആക്രമണങ്ങൾ വർധിച്ചുവരുന്നതിനു പിന്നിലെ കാരണം എന്താണെന്നാണ് താങ്കൾ കരുതുന്നത്?
ആസിഡുകൾ എളുപ്പത്തിൽ ലഭിക്കുന്നു; അത് നിയന്ത്രിതമല്ല. ഇതിന്റെ വില്പനയെക്കുറിച്ച് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളുണ്ട്. എന്നാൽ അത് നടപ്പിലാക്കുന്നില്ല. ആസിഡ് വളരെ വിലക്കുറവിൽ, ഇരുപതു രൂപയ്ക്കുവരെ ലഭിക്കുന്നു. ആസിഡുകൾ സാധാരണക്കാർ എന്തൊക്കെ ആവശ്യങ്ങൾക്കാണോ ഉപയോഗിക്കുന്നത്, അതിനെല്ലാം മറ്റ് ഉപാധികൾ മാർക്കറ്റിലുണ്ട്.
ബംഗ്ലാദേശിൽ ആസിഡ് വില്പനയ്ക്ക് കർശന നിരീക്ഷണമുണ്ട്. അനധികൃത ആസിഡ് വില്പന അവിടെയില്ല. അങ്ങനെ നടന്നാൽ കട സീൽ ചെയ്ത് അടച്ചുപൂട്ടും. അതുകൊണ്ടുതന്നെ കേസുകൾ കുറവാണ്. ഇന്ത്യയും അതുപോലെയൊരു മാതൃക പിന്തുടരണം. പ്രണയനൈരാശ്യം കാരണം കൗമാരക്കാരായ ആൺകുട്ടികൾ ഉൾപ്പെടെയുള്ളവർ പെൺകുട്ടികളുടെ മേൽ ആസിഡ് ഒഴിക്കാൻ മുതിരുന്നുണ്ട്.
ഇത്തരം സംഭവങ്ങൾക്കെതിരേയുള്ള ബോധവൽക്കരണം നമ്മുടെ വിദ്യാലയങ്ങളിൽ ചെറുപ്പത്തിൽ തന്നെ ആരംഭിക്കേണ്ടതുണ്ടോ?
സ്കൂളുകളിൽ ജെൻഡർ സെൻസിറ്റിയെവിറ്റിയെപ്പറ്റി ക്ലാസുകളുണ്ടാകണം. എതിർലിംഗത്തോടുള്ള കുട്ടിയോട് എങ്ങനെ സംസാരിക്കണം എങ്ങനെയൊക്കെ പെരുമാറണമെന്നത് സ്കൂളുകളിൽവച്ചുതന്നെ പഠിപ്പിച്ചുകൊടുക്കാൻ സാധിക്കണം. ഇതിനെപ്പറ്റിയുള്ള പാഠങ്ങളുണ്ടാകണം. അങ്ങനെവന്നാൽ എതിർലിംഗത്തിലുള്ള ആളിനോട് കുട്ടികൾക്ക് കുറച്ച് ബഹുമാനമുണ്ടാകും. സമത്വം, അവരുടെ അവകാശങ്ങൾ എന്നിവയെപ്പറ്റി പെൺകുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിക്കണം.
ഗാർഹിക പീഡനങ്ങളിൽ നിന്നാണ് ആസിഡ് ആക്രമണ കേസുകളിൽ വലിയൊരു പങ്കും ഉണ്ടാകുന്നത്. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ നമ്മളെത്തന്നെ എങ്ങനെയാണ് മാറ്റിയെടുക്കേണ്ടത്?
ആസിഡ് ആക്രമണങ്ങൾ പ്രധാനമായുമുണ്ടാകുന്നത് പ്രണയബന്ധം തകരുമ്പോഴും ഗാർഹിക പീഡനങ്ങളിലൂടെയുമാണ്. രണ്ട് അവസരങ്ങളിലും സ്ത്രീകളാണ് എല്ലാ കേസുകളിലും ആക്രമണങ്ങൾക്കിരയാകുന്നത്. പുരുഷാധിപത്യം അന്നും ഇന്നും എന്നും നിലനിൽക്കുന്നു.
മാറ്റമുണ്ടാകേണ്ടത് നമ്മുടെ വീടുകളിൽനിന്നാണ്. പെൺകുട്ടികളെ അടുക്കളയുടെയും വീട് കൈകാര്യം ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്വം നാം തനിയെ ഏല്പിക്കുകയാണ്. പെൺകുട്ടികൾ ചെയ്യേണ്ടത് ആൺകുട്ടികളും ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങളിലൊക്കെ വീടുകളിൽനിന്നുതന്നെ മാറ്റമുണ്ടായാൽ അത് പിൽക്കാലത്ത് സമൂഹത്തിലും വലിയ മാറ്റത്തിനു കാരണമാകും.
ബ്രേവ് സോൾസ് ഫൗണ്ടേഷന് പിന്നിലെ ലക്ഷ്യം എന്താണ്, അതിന്റെ സന്ദേശം എന്താണ്?
ആസിഡ് ആക്രമണത്തെ അതിജീവിച്ച വ്യക്തി എന്ന നിലയിൽ, സ്വന്തം അനുഭവങ്ങളിൽനിന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. ഒരു ഇര നേരിടുന്ന വലിയൊരു ശൂന്യതയുണ്ട്-എങ്ങോട്ട് പോകണം, ആരെ സമീപിക്കണം, ചികിത്സയ്ക്കും നിയമപോരാട്ടത്തിനും എങ്ങനെ പണം കണ്ടെത്തണം എന്നറിയാതെ അവർ പകച്ചുനിൽക്കും.
പലർക്കും വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്. മുഴുവൻ സമ്പാദ്യവും അവർക്ക് ചികിത്സയ്ക്കായി മുടക്കേണ്ടി വരുന്നു. പലർക്കും ആരും ജോലി നൽകുകയുമില്ല. അവർക്ക് വ്യക്തിത്വവും സ്വന്തം ജീവിതവും കൂടിയാണ് ആക്രമണത്തിലൂടെ നഷ്ടമാകുന്നത്.
ആശുപത്രികൾ കയറിയിറങ്ങിയും, കോടതികളിൽ നീതിക്കായി അലഞ്ഞും ഞാൻ അനുഭവിച്ച അതേ യാതനകൾ മറ്റു പെൺകുട്ടികൾ അനുഭവിക്കരുത് എന്ന ചിന്തയിൽ നിന്നാണ് "ബ്രേവ് സോൾസ് ഫൗണ്ടേഷൻ’ ജനിക്കുന്നത്. അതിജീവിതയ്ക്ക് ആവശ്യമായ ചികിത്സ, താമസം, നിയമസഹായം, കൗൺസലിംഗ് എന്നിവയെല്ലാം ലഭ്യമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ഞങ്ങൾക്ക് സമൂഹത്തിനു നൽകാനുള്ള സന്ദേശം വ്യക്തമാണ്: "ഞങ്ങൾ ഇരകളല്ല, പോരാളികളാണ്.' ആസിഡ് ഒഴിച്ച് ഞങ്ങളുടെ മുഖം നശിപ്പിച്ചവർക്ക് ഞങ്ങളുടെ സ്വപ്നങ്ങളെയും ജീവിതത്തെയും ഇല്ലാതാക്കാൻ കഴിയില്ല. ഇരകളെന്ന നിലയിൽ സഹതാപം ഏറ്റുവാങ്ങാനല്ല, മറിച്ച് തലയുയർത്തിപ്പിടിച്ച്, സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ഈ സമൂഹത്തിൽ ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
ഒപ്പം, ഈ ക്രൂരതയ്ക്ക് കാരണമാകുന്ന ചിന്താഗതികൾക്കെതിരേയും, വിപണിയിലെ അനിയന്ത്രിതമായ ആസിഡ് വിൽപനയ്ക്കെതിരേയും ഉള്ള ശക്തമായ പോരാട്ടം കൂടിയാണ് ഞങ്ങളുടെ പ്രസ്ഥാനം.
SUNDAY DEEPIKA
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ കുഞ്ചാക്കോ ഓർമയായിട്ട് നാളെ അന്‍പതു വർഷം...
മലയാള സിനിമയുടെ ചരിത്രരചനയിൽ സുവർണാധ്യായങ്ങളിൽ രചിക്കപ്പെടേണ്ട അറുപത്തിയഞ്ചിൽപ്പരം സിനിമകളുടെ രാജശില്പിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാരനായ പുളിങ്കുന്ന് മാളിയംപുരയ്ക്കൽ കുഞ്ചാക്കോ എന്ന വ്യവസായിയും നിർമാതാവും സംവിധായകനും. 1976 ജൂണ്‍ 15ന് 64-ാംവയസിൽ കുഞ്ചാക്കോ ഓർമയായി. അദ്ദേഹത്തിന്റെ സിനിമകൾക്ക് പ്രേക്ഷക മനസുകളിൽ ഇന്നും തിളക്കം.
കർഷകനും ഭൂവുടമയും കുട്ടനാട്ടിലെ പേരുകേട്ട ജന്മിയുമായിരുന്ന മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും മകനായി 1912 മേയ് മാസത്തിലാണ് കുഞ്ചാക്കോയുടെ ജനനം. പിതാവിന്റെ നിര്യാണത്തിനുശേഷം കയർ വ്യവസായവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ആലപ്പുഴയിലെത്തി. ഈ അവസരത്തിലാണ് വ്യവസായിയും സിനിമാ വിതരണക്കാരനുമായ കെ.വി. കോശിയുമായി കുഞ്ചാക്കോ പരിചയപ്പെടുന്നത്. ടി.വി. തോമസ് ഉൾപ്പെടെയുള്ള കുഞ്ചാക്കോയുടെ സൗഹൃദവലയം ക്രമേണ വിപുലപ്പെട്ടു. തുടർന്ന് എല്ലാവരുടെയും നിർദ്ദേശാനുസരണം 1947ൽ കുഞ്ചാക്കോയുടെ മുഖ്യ പങ്കാളിത്തത്തിൽ ഉദയാ സ്റ്റുഡിയോ സ്ഥാപിച്ചു. കേരളത്തിലെ പ്രഥമ ചലച്ചിത്ര നിർമാണ സ്റ്റുഡിയോ ആയിരുന്നു അത്.
ആദ്യ സിനിമയുടെ പിറവി
സ്റ്റുഡിയോ തുടങ്ങിയതിനുശേഷം കുഞ്ചാക്കോ ഒരു സിനിമയെടുക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. കുട്ടനാടു രാമകൃഷ്ണപിള്ളയുടെ രചനയെ ആസ്പദമാക്കി നിർമിച്ച "വെള്ളിനക്ഷത്രം' അങ്ങനെ ഉദയാ സ്റ്റുഡിയോയുടെ ആദ്യ സിനിമയും മലയാളത്തിൽ നിർമിക്കപ്പെട്ട അഞ്ചാമത്തെ സിനിമയുമായി. 1949ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് ജർമൻകാരനായ ഫെലിക്സ് ജെ. ബെയ്സ് ആണ്.
ആലപ്പി വിൻസെന്റ്, കണ്ടിയൂർ പരമേശ്വരൻകുട്ടി, കെ. രാമകൃഷ്ണപിള്ള, മുളവന ജോസഫ്, മിസ് കുമാരി, പി. ലളിതാദേവി, പി.എ. അംബുജം, ജാനമ്മ, മിസിസ് റോസ്, ലില്ലി പുന്നൂരാൻ എന്നിവരായിരുന്നു അഭിനേതാക്കൾ. പത്തു പാട്ടുകൾ ഈ സിനിമയിൽ ചേർത്തിരുന്നു. പൂർണമായും കേരളത്തിൽവച്ച് ചിത്രീകരിച്ച ആദ്യ മലയാള സിനിമകൂടിയായിരുന്നു അത്.
വെള്ളിനക്ഷത്രത്തിനുശേഷം ഉദയായുടെ ബാനർ കുഞ്ചാക്കോ രണ്ടുവർഷം ഉപയോഗിച്ചില്ല. സുഹൃത്ത് കോശിയുമായി ചേർന്ന് "കെ ആൻഡ് കെ പ്രൊഡക്ഷൻസ്' എന്ന നിർമാണ കന്പനി സ്ഥാപിച്ചു. തമിഴിലും തെലുങ്കിലും വൻവിജയം നേടിയ കഥാതന്തു വിലയ്ക്കുവാങ്ങി "നല്ല തങ്ക' എന്ന പേരിൽ സിനിമ നിർമിച്ചു. മലയാളത്തിലും വിജയകരമായി പ്രദർശിപ്പിച്ച "നല്ല തങ്ക'യുടെ സംവിധായകൻ പി.വി. കൃഷ്ണയ്യരായിരുന്നു. അഗസ്റ്റിൻ ജോസഫ്, വൈക്കം മണി, മുതുകുളം രാഘവൻപിള്ള, എസ്.പി. പിള്ള, മിസ് കുമാരി, ജഗദമ്മ, തങ്കമ്മ, ബേബി ഗിരിജ എന്നിവരായിരുന്നു അഭിനേതാക്കൾ.
ജീവിതനൗകയിൽ
"നല്ല തങ്ക' വിജയം നൽകിയ ആവേശമുൾക്കൊണ്ട് കുഞ്ചാക്കോയും കോശിയും ചേർന്ന് അടുത്ത സിനിമയുടെ പ്രവർത്തനങ്ങൾ തുടങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് സിനിമയെന്നു വിശേഷിപ്പിക്കാവുന്ന "ജീവിതനൗക' 1951 മാർച്ചിൽ റിലീസായി. കേരളത്തിൽ മാസങ്ങളോളം പ്രദർശിപ്പിച്ച ഈ ചിത്രം കോശിയുടെ ഉടമസ്ഥതയിലുള്ള ഫിലിം ഡിസ്ട്രിബ്യൂഷൻ കന്പനിയാണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ വൻ സ്വീകാര്യത കണക്കിലെടുത്ത് മറ്റു ഭാഷകളിലും ജീവിതനൗക നിർമിക്കപ്പെട്ടു.
തിക്കുറിശി സുകുമാരൻ നായരും ബി.എസ്. സരോജയുമായിരുന്നു നായകനും നായികയും. കെ. വെന്പു സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമാണത്തിൽ മാത്രമല്ല സംവിധാനരംഗത്തും കുഞ്ചാക്കോ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെയുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് കുഞ്ചാക്കോ തെളിയിക്കുകയായിരുന്നു. സിനിമയിലെ ആനത്തലയോളം വെണ്ണതരാമെടാ... എന്ന പാട്ടിന്റെ സീനുകൾ സംവിധാനംചെയ്തത് അദ്ദേഹമായിരുന്നു.
"ജീവിതനൗക'യ്ക്കു ശേഷം കെ ആൻഡ് കെ പ്രൊഡക്ഷസ് "വിശപ്പിന്റെ വിളി' എന്ന സിനിമയുടെ നിർമാണമാരംഭിച്ചു. മോഹൻ റാവു എന്ന തെലുങ്കു സംവിധായകനായിരുന്നു ഈ ചിത്രം ഒരുക്കിയത്. കെ. വെന്പുവിനെ സംവിധായകനാക്കാൻ കുഞ്ചാക്കോ ആഗ്രഹിച്ചിരുന്നുവെങ്കിലും കെ.വി. കോശി അതിനു സമ്മതംമൂളിയില്ല. കോശിയുമായുള്ള ബന്ധം അവസാനിക്കുന്നുവെന്നതിന്റെ സൂചന കൂടിയായിരുന്നു അത്. ചിത്രീകരണവേളയിൽ കുഞ്ചാക്കോയുടെ സംവിധാന നിർദേശങ്ങൾ മോഹൻ റാവു പരിഗണിച്ചതേയില്ല. ഇത് കുഞ്ചാക്കോയിൽ വേദനയുളവാക്കി.
"വിശപ്പിന്റെ വിളി' ചിത്രീകരണം തീരുന്നതിനുമുന്പേ ഉദയായുടെ പേരിൽ കുഞ്ചാക്കോ അടുത്ത സിനിമ നിർമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. വിശപ്പിന്റെ വിളിയിലെ നായകനായ പ്രേംനസീർ തന്നെയായിരുന്നു "അച്ഛൻ' എന്ന ആ ചിത്രത്തിലേയും നായകൻ. കെ. വെന്പുവിനെ സംവിധായകനായി നിശ്ചയിച്ചുവെങ്കിലും അദ്ദേഹം ഒഴിഞ്ഞതിനെ തുടർന്ന് വെന്പുവിന്റെ മുഖ്യ സഹായിയായ എം.ആർ.എസ്. മണിയെ കുഞ്ചാക്കോ സംവിധാനച്ചുമതല ഏൽപ്പിച്ചു. വിശപ്പിന്റെ വിളിയിലെ ഒട്ടുമിക്ക അഭിനേതാക്കളും അച്ഛനിൽ അഭിനയിക്കാനെത്തി. സിനിമ വിതരണംചെയ്യാൻ എക്സൽ പ്രൊഡക്ഷൻസ് എന്ന കന്പനിയും കുഞ്ചാക്കോ തുടങ്ങി. വിശപ്പിന്റെ വിളി 1957 ഓഗസ്റ്റിലും അച്ഛൻ ഡിസംബറിലും റിലീസ് ചെയ്തു. രണ്ടും വിജയം നേടി. ഇതോടെ കെ.വി. -കുഞ്ചാക്കോ കൂട്ടുകെട്ട് തകർന്നു.
വഴിത്തിരിവായി കിടപ്പാടം
അച്ഛന്റെ വിജയത്തിനുശേഷം കുഞ്ചാക്കോ "അവൻ വരുന്നു' എന്ന സിനിമയുടെ നിർമാണം തുടങ്ങി. ഇതിന്റെ കഥ ഒരുക്കിയത് കുഞ്ചാക്കോ തന്നെയായിരുന്നു. പ്രേംനസീറും, കൊട്ടാരക്കര ശ്രീധരൻ നായരും മുത്തയ്യയും മിസ് കുമാരിയും അഭിനയിച്ച ഈ സിനിമയും വാണിജ്യവിജയം നേടി. നേരത്തേ അച്ഛനിൽ അഭിനയിപ്പിച്ച കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചാക്കോ ഇതിലും ബാലവേഷം കൈകാര്യം ചെയ്തിരുന്നു. തുടർന്ന് പുതിയ ചിത്രമായ "കിടപ്പാട'ത്തിന്റെ ചിത്രീകരണമാരംഭിച്ചു. കുഞ്ചാക്കോ എഴുതിയ കഥ സംവിധാനം ചെയ്തത് എം.ആർ.എസ്. മണിതന്നെയാണ്.
പ്രേംനസീറും തിക്കുറിശിയും ഉൾപ്പെടെയുള്ള വൻതാരനിരയാണ് ആ ചിത്രത്തിലും ഉണ്ടായിരുന്നതെങ്കിലും പരാജയമായി. അതോടെ സിനിമാ നിർമാണം നിർത്തിവച്ച് ഉദയാ സ്റ്റുഡിയോ പൂട്ടി. കുഞ്ചാക്കോ തടിവ്യവസായത്തിനായി നിലന്പൂരിലേക്ക് പോയി. ഇതിനിടയിൽ പി. സുബ്രഹ്മണ്യം തിരുവനന്തപുരത്ത് "മെരിലാൻഡ്' സ്റ്റുഡിയോ സ്ഥാപിച്ച് സിനിമാനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. കുഞ്ചാക്കോയുമായി തെറ്റിപ്പിരിഞ്ഞ കെ.വി. കോശി മെരിലാൻഡുമായി സഹകരിച്ചുതുടങ്ങി.
1957ൽ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തിൽ നിലവിൽവന്നു. 1959ൽ നിലന്പൂരിൽ റബർകൃഷിയും കൂപ്പുലേലവുമായി കഴിഞ്ഞുവന്ന കുഞ്ചാക്കോയ്ക്ക് സുഹൃത്തും ഇ.എം.എസ്. മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുമായിരുന്ന ടി.വി. തോമസിന്റെ ഒരു സന്ദേശമെത്തി. ഉദയാ സ്റ്റുഡിയോ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി ഉടൻ തിരുവനന്തപുരത്തേക്കുവരണം എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. കുഞ്ചാക്കോ തിരുവനന്തപുരത്ത് എത്തി. ഉദയാ സ്റ്റുഡിയോ വീണ്ടും തുറക്കാനും സിനിമയെടുക്കാനുംവേണ്ട സാന്പത്തികമായ പിന്തുണ സർക്കാർ ചെയ്തുകൊടുക്കാമെന്ന് ടി.വി. തോമസ് വാഗ്ദാനം ചെയ്തു. അങ്ങനെ വീണ്ടും സിനിമാനിർമാണം തുടങ്ങാൻ കുഞ്ചാക്കോ തീരുമാനിച്ചു.
കഥതേടി...
സിനിമയ്ക്കുവേണ്ടി കഥ അന്വേഷിക്കാൻ തുടങ്ങി. സുഹൃത്തുക്കളോടും പരിചയക്കാരോടും സിനിമയ്ക്കു പറ്റിയ കഥ തേടിപ്പിടിക്കണമെന്നുള്ള നിർദേശവും കൊടുത്തു. ഉറ്റസുഹൃത്തും കുടുംബ ഡോക്ടറുമായ രാമചന്ദ്രൻ ഒരു നോവൽ കൊടുത്തു. മൊയ്തു പടിയത്തിന്റെ കഥയാണ് സിനിമയ്ക്ക് പറ്റും- ഡോക്ടർ പറഞ്ഞു. കുഞ്ചാക്കോയും നോവൽ വായിച്ചു. തരക്കേടില്ല. മറ്റു സുഹൃത്തുക്കളും വായിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോൾ മറ്റൊന്നുംചിന്തിക്കാതെ അതുതന്നെ സിനിമയാക്കാൻ കുഞ്ചാക്കോ തീരുമാനിച്ചു.
"ഉമ്മ' എന്നു പേരുള്ള ആ നോവൽ മലബാർ പശ്ചാത്തലത്തിലുള്ള ഒരു മുസ്ലീം കഥയായിരുന്നു. തുടർന്ന് കുഞ്ചാക്കോ നോവലിസ്റ്റ് മൊയ്തു പടിയത്തുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ കൈവശം ഉമ്മയുടെ സിനിമാ സ്ക്രിപ്റ്റും ഉണ്ടായിരുന്നു. എന്നാൽ സ്ക്രിപ്റ്റ് വായിച്ചപ്പോൾ കുഞ്ചാക്കോയക്ക് അതിൽ തൃപ്തിതോന്നിയില്ല. കഥമാത്രം സ്വീകരിച്ച് കുഞ്ചാക്കോ സ്ക്രിപ്റ്റ് തിരിച്ചുകൊടുത്തു. തിരക്കഥാകൃത്തിനായുള്ള അന്വേഷണമായിരുന്നു പിന്നീട്. മറ്റൊരു കഥാകൃത്തിനെക്കൊണ്ട് എഴുതിച്ചെങ്കിലും അതും ശരിയായില്ല. മുസ്ലിം ഭാഷാശൈലിയായിരുന്നു പ്രശ്നം. അപ്പോഴാണ് ഉദയായിൽ ഉണ്ടായിരുന്ന നടനും പ്രൊഡക്ഷൻ മാനേജരുമായ ജോൺ നാടകകൃത്തായ ശാരംഗപാണിയുടെ കാര്യം പറയുന്നത്.
1950 മുതൽ നാടകരംഗത്തു പ്രവർത്തിക്കുന്ന ശാരംഗപാണി ഒരു തയ്യൽക്കാരൻകൂടിയായിരുന്നു. ആലപ്പുഴയിലെ റബർ ഫാക്ടറിയിൽ ജോലിയുമുണ്ട്. ശാരംഗപാണിയുടെ "ചിലന്പൊലി' എന്ന നാടകം സർക്കാർ നടത്തിയ നാടകമേളയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹിന്ദു- മുസ്ലിം മൈത്രിയുടെ സന്ദേശമുൾക്കൊള്ളുന്ന നാടകമായിരുന്നു അത്. ആ നാടകത്തിലെ പ്രധാന നടനായിരുന്നു ജോൺ. മുസ്ലിം ഭാഷയും പ്രയോഗങ്ങളും നന്നായി കൈകാര്യം ചെയ്യാൻശാരംഗപാണിക്കു കഴിയുമെന്നു ജോണിന് അറിയാമായിരുന്നു.
ശാരംഗപാണിയെ കുഞ്ചാക്കോ ക്ഷണിച്ചുവരുത്തി. മുസ്ലിം ഭാഷ അറിയാമല്ലോ, അതാണെനിക്കുവേണ്ടത്- കുഞ്ചാക്കോ പറഞ്ഞു. മൊയ്തു പാടിയത്ത് എഴുതിയ ഉമ്മയുടെ നാലു സീനുകൾ ശാരംഗപാണിയെ ഏല്പിച്ചു. ഇതിലെ സംഭാഷണങ്ങൾ മുസ്ലിം ശൈലിയിലാക്കണം എന്നു നിർദേശിച്ച് സ്റ്റുഡിയോയിലെ മുറിയിൽ ഇരുത്തി. ഒരു മണിക്കൂർകൊണ്ട് ശാരംഗപാണി തന്റെ ജോലി പൂർത്തിയാക്കി. എഴുത്ത് ഇഷ്ടപ്പെട്ട കുഞ്ചാക്കോ ഉമ്മയുടെ മുഴുവൻ സ്ക്രിപ്റ്റ് വർക്കും ശാരംഗപാണിയെ ഏല്പിക്കുകയും ഉദയായുടെ സ്ഥിരം സ്ക്രിപ്റ്റ് റൈറ്ററായി നിയമിക്കുകയും ചെയ്തു.
ഉമ്മയുടെ സംവിധാന ചുമതല കുഞ്ചാക്കോതന്നെ ഏറ്റെടുത്തു. ഉദയാ സ്റ്റുഡിയോയിലും പരിസരപ്രദേശങ്ങളിലുമാണ് ഉമ്മ ചിത്രീകരിച്ചത്. തിക്കുറിശി, എസ്.പി. പിള്ള, ബഹദൂർ, ഉമ്മർ, ബി.എസ്. സരോജ, കാഞ്ചന, രാജൻ പി. ദേവിന്റെ പിതാവ് എസ്.ജെ. ദേവ്, നിർമലാ ദേവി, നാടകകൃത്തും സിനിമാ രചയിതാവുമായ എസ്.എൽ. പുരം സദാനന്ദൻ എന്നിവരായിരുന്നു അഭിനേതാക്കൾ. ഉദയായുടെ ആദ്യ സിനിമയായ വെള്ളിനക്ഷത്രം മുതൽ കാമറ അസിസ്റ്റന്റായിരുന്ന ടി.എൻ. കൃഷ്ണൻകുട്ടിയെ ചിത്രീകരണച്ചുമതല ഏല്പിച്ചു.
വസ്ത്രാലങ്കാരം നിർവഹിച്ചത് തയ്യൽക്കാരൻകൂടിയായ ശാരംഗപാണിയായിരുന്നു. പി. ഭാസ്കരൻ - ബാബുരാജ് ടീമായിരുന്നു ഗാനശില്പികൾ. ഉമ്മ വൻ പ്രദർശനവിജയമാണ് നേടിയത്. ഗാനങ്ങളും ജനപ്രിയമായി. മികച്ച സംവിധായകനെന്ന അംഗീകാരം കുഞ്ചാക്കോയ്ക്ക് തെന്നിന്ത്യൻ സിനിമാലോകം നൽകുകയും ചെയ്തു. കുഞ്ചാക്കോ എന്ന സംവിധായകനും ഉദയാ സ്റ്റുഡിയോയും പുലർകാലത്ത് കൂവിയുണർത്തുന്ന ഉദയാ സ്റ്റുഡിയോയുടെ പൂവൻകോഴിയുടെ മുദ്രയും സിനിമാസ്വാദകരുടെ മനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു.
ഉമ്മയ്ക്കു ശേഷം ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനംചെയ്ത രണ്ടു സിനിമകൾ ആ വർഷം (1960) പുറത്തുവന്നു. "സീത', "നീലിസാലി' എന്നിവ. 1961 ലാണ് വടക്കൻപാട്ടുകഥകളിലേക്ക് കുഞ്ചാക്കോയുടെ ശ്രദ്ധതിരിഞ്ഞത്. അങ്ങനെ മലയാള സിനിമയിലെ ആദ്യ വടക്കൻപാട്ടു സിനിമയായ "ഉണ്ണിയാർച്ച' കുഞ്ചാക്കോ സംവിധാനം ചെയ്തു. തുടർന്ന് "കൃഷ്ണകുചേല', "പാലാട്ടുകോമൻ', "ഭാര്യ', "കടലമ്മ', "റബേക്ക', "പഴശ്ശിരാജ', "അയിഷ', "ഇണപ്രാവുകൾ', "ശകുന്തള', "ജയിൽ', "അനാർക്കലി', "തിലോത്തമ', "മൈനത്തരുവി കൊലക്കേസ്', "കസവുതട്ടം', "തിരിച്ചടി', "പുന്നപ്ര വയലാർ', "കൊടുങ്ങല്ലൂരമ്മ', "സൂസി', "കൂട്ടുകുടുംബം', "പേൾവ്യൂ', "ദത്തുപുത്രൻ', "ഒതേനന്റെ മകൻ', "പഞ്ചവൻകാട്', "ആരോമലുണ്ണി', "പോസ്റ്റുമാനെ കാണാനില്ല', "പൊന്നാപുരം കോട്ട', "തേനരുവി', "പാവങ്ങൾ പെണ്ണുങ്ങൾ', "ദുർഗാ', "തുന്പോലാർച്ച', "മാനിഷാദ', "നീലപ്പൊന്മാൻ', "ധർമ്മക്ഷേത്രേ കുരുക്ഷേത്രേ', "ചീനവല', "ചെന്നായ വളർത്തിയ കുട്ടി', "മല്ലനും മാതേവനും', "കണ്ണപ്പനുണ്ണി' എന്നിവയെല്ലാം കുഞ്ചാക്കോയുടെ സംവിധാനത്തിൽ വാണിജ്യവിജയം നേടിയ സിനിമകളായിരുന്നു. ഈ കാലയളവിൽ ഉദയാ നിർമിച്ച പല സിനിമകളും സംവിധാനം ചെയ്യാൻ മറ്റു സംവിധായകരെയും കുഞ്ചാക്കോ ക്ഷണിച്ചിരുന്നു. എം. കൃഷ്ണൻ നായർ (കാട്ടുതുളസി, ജ്വാല, താര, അഗ്നിമൃഗം), തോപ്പിൽഭാസി (ഒരു സുന്ദരിയുടെ കഥ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), എ. വിൻസെന്റ് (ഗന്ധർവ്വക്ഷേത്രം), കെ. രഘുനാഥ് (ലോറാ നീ എവിടെ) എന്നിവരുടെ ചിത്രങ്ങളും കുഞ്ചാക്കോയ്ക്ക് വാണിജ്യവിജയം നേടികൊടുത്തു.
ഇഷ്ടനായകൻ
പ്രേംനസീറായിരുന്നു കുഞ്ചാക്കോയുടെ ഇഷ്ടനായകൻ. അതുകൊണ്ടുതന്നെ പ്രേംനസീർ ഉദയായുടെ കന്പനി ഹീറോ ആയി. പ്രേംനസീറിനോടുള്ള പ്രിയംകൊണ്ട് ഉദയാ സ്റ്റുഡിയോയ്ക്കുള്ളിൽ കുഞ്ചാക്കോ ഒരു പ്രേംനസീർ കോട്ടേജും സ്ഥാപിച്ചു. ഒട്ടേറെ പ്രഗത്ഭ കലാകാരന്മാർക്ക് ആദ്യത്തെ അവസരം നൽകിയത് കുഞ്ചാക്കോ ആയിരുന്നു. അഭയദേവ്, വി. ദക്ഷിണാമൂർത്തി, ശാരംഗപാണി, മിസ്. കുമാരി, എസ്.പി. പിള്ള, ബി.എ. ചിദംബരനാഥ്, വിജയശ്രീ എന്നിങ്ങനെ ഒട്ടനേകം കലാകാരന്മാരും കലാകാരികളും സാങ്കേതിക പ്രവർത്തകരും മലയാള സിനിമയ്ക്കുള്ള കുഞ്ചാക്കോയുടെ സംഭാവനകളായിരുന്നു.
സിനിമയിൽ മുഴുകിയിരിക്കേ അന്ത്യം
"കണ്ണപ്പനുണ്ണി' എന്ന സിനിമയുടെ അവസാന മിനുക്കുപണിയിൽ വ്യാപൃതനായിരിക്കേ മദ്രാസിലെ സ്വവസതിയിൽ വച്ചായിരുന്നു കുഞ്ചാക്കോയുടെ അന്ത്യം- 1976 ജൂണ്‍ പതിനഞ്ചിന്. ഒരു ചലച്ചിത്രപ്രതിഭയുടെ അസ്തമയമായിരുന്നു അത്. അഡ്വ. അന്നമ്മ കുഞ്ചാക്കോ ആണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ: ബോബൻ കുഞ്ചാക്കോ, മോളി, ജെസി, സുമി.
കുഞ്ചാക്കോയുടെ മരണത്തിനുശേഷം മകൻ ബോബൻ കുഞ്ചാക്കോ ഏതാനും സിനിമകൾകൂടി നിർമിച്ചു. 1986ൽ ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ നിലച്ചു. "അനശ്വര ഗാനങ്ങൾ' ആയിരുന്നു അവസാനചിത്രം. 2016ൽ പൗത്രനും നടനുമായ കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ ഉദയായ്ക്ക് നവജീവൻ നൽകി. ചലച്ചിത്രരംഗത്ത് ആരോഗ്യപരമായ മത്സരമായിരുന്നു ഉദയായും മെരിലാന്റ് സ്റ്റുഡിയോയും തമ്മിലുണ്ടായിയിരുന്നത്.
കുഞ്ചാക്കോയുടെ മരണമറിഞ്ഞ് പി. സുബ്രഹ്മണ്യം അനുശോചനസന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു: ""ഞങ്ങൾ തമ്മിലുള്ള ബന്ധം യഥാർഥത്തിൽ സൗഹാർദപരമായിരുന്നു. ചില തല്പരകക്ഷികളാണ് ഞങ്ങൾ തമ്മിൽ ശത്രുതയുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയത്. അദ്ദേഹം നിർമിച്ച് സംവിധാനംചെയ്ത സിനിമകൾ ഞാൻ കണ്ട് അഭിപ്രായം അറിയിക്കാറുണ്ട്, എന്റെ സിനിമകൾക്ക് അദ്ദേഹവും. പ്രതിഭാശാലിയായ ഒരു സംവിധായകനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.''
SUNDAY DEEPIKA
വിമാനത്തിൽ പോകുമ്പോൾ നൂറു മില്ലി ലിറ്ററിൽ കൂടുതൽ വെള്ളം ബാഗിൽ വയ്ക്കാൻ അനുവദിക്കില്ലെന്ന ചട്ടം ഇനി പാലിക്കേണ്ടതില്ലെന്ന് യുകെ, അയർലൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങൾ തീരുമാനിച്ചത് കഴിഞ്ഞയാഴ്ചയാണ്.
യുകെയിൽ ലണ്ടനിലെ ഹീത്രോ, ഗാറ്റ്വിക് വിമാനത്താവളങ്ങളിലും ബർമിംഗ്ഹാം, എഡിൻബറോ, ബ്രിസ്റ്റോൾ എയർപോർട്ടുകളിലും, അയർലൻഡിലെ ഡബ്ളിൻ വിമാനത്താവളത്തിലും പോളണ്ടിലെ ക്രാക്കോവ് എയർപോർട്ടിലുംനിന്ന് ഇനി വിമാനം കയറുമ്പോൾ ബാഗിൽ രണ്ടു ലിറ്റർ വെള്ളക്കുപ്പി വച്ചാലും കുഴപ്പമില്ലെന്ന് സുരക്ഷാ നിയമം ഉദാരമാക്കിയതിനു കാരണം ലഗേജ് സ്കാൻ ചെയ്യുന്നതിന് പഴയ മട്ടിലുള്ള എക്സ്റേ മെഷീനു പകരം ആധുനിക സിടി (കംപ്യൂട്ടറൈസ്ഡ് ടൊമോഗ്രഫി) സ്കാനറുകൾ ഉപയോഗിച്ചു തുടങ്ങിയതാണ്.
സിടി സ്കാനറുകളിൽ നിന്ന് കുപ്പിയിലെ വെള്ളത്തിന്റെ ബഹുവർണത്തിലുള്ള ത്രിതല ചിത്രം ലഭിക്കുന്നതിനാൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്നതിനാലാണ്, രണ്ടു ലിറ്റർ വരെ ദ്രാവകം കൈയിൽ കരുതാൻ അനുവദിക്കുന്നത്. യൂറോപ്പിലെ ഏഴു വിമാനത്താവളങ്ങളിലെപ്പോലെ ക്രമേണ ലോകമെങ്ങും അയവു വരുത്തുമെന്ന് പ്രതീക്ഷിക്കാവുന്ന ദ്രാവക-അളവു ചട്ടം ആദ്യം നിലവിൽ വരുന്നത് ഇരുപതു കൊല്ലം മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാൽ, 2006 ഓഗസ്റ്റിൽ.
ലണ്ടനിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ സ്ഫോടനം നടത്താൻ കിഴക്കൻ ലണ്ടനിൽ താമസിച്ചിരുന്ന അബ്ദുല്ല അഹമ്മദ് അലി, അസദ് സർവാർ, തൻവീർ ഹുസൈൻ, ഉമർ ഇസ്ലാം, ഇബ്രാഹിം സാവന്ത്, അറഫാത്ത് ഖാൻ, വഹീദ് സമാൻ എന്നിവരുടെ നേതൃത്വത്തിൽ 2006ൽ നടന്ന ഒരു ഗൂഢാലോചനയാണ് സംഭവങ്ങളുടെ തുടക്കം. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും പോകുന്ന ഏഴു വിമാനങ്ങളിൽ ശീതളപാനീയ കുപ്പികളിലാക്കിയ സ്ഫോടക സഹായ ദ്രാവകങ്ങളുമായി കയറാനായിരുന്നു സംഘത്തിന്റെ പദ്ധതി.
കൂട്ടി യോജിപ്പിക്കുമ്പോൾ പൊട്ടിത്തെറിയുണ്ടാകുന്ന ദ്രാവകങ്ങൾ വെവ്വേറെ കുപ്പികളിൽനിന്ന് പകർന്നൊഴിച്ച് സ്ഫോടനം നടത്താമെന്ന ബുദ്ധി സംഘത്തിന്റെ നേതാവായ അബ്ദുല്ല അഹമ്മദ് അലിയുടേതായിരുന്നു. യാത്രക്കാരുടെ കൈയിലും ഹാൻഡ് ബഗേജിലുമുള്ള വെള്ളിക്കുപ്പികളിൽ ശരിക്കും എന്താണെന്നുള്ളത് കണ്ടെത്താൻ എക്സ്റേ മെഷീനുകൾക്കാവില്ല എന്ന് സംഘത്തിന് അറിയാമായിരുന്നു. എന്തായാലും, നേരത്തേ പറഞ്ഞ ഏഴുപേർ ഉൾപ്പെട്ട 24 അംഗ സംഘം വിമാനം കയറുംമുമ്പുതന്നെ യുകെ രഹസ്യപോലീസിന്റെ പിടിയിലായി.
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം കഴിഞ്ഞ് അഞ്ചുകൊല്ലമാകുമ്പോൾ നടന്ന ഈ ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തായതോടെ, ആദ്യം യുകെയിലും പിന്നെ ലോകമെങ്ങും യാത്രക്കാർ ദ്രാവകങ്ങളുമായി വിമാനങ്ങളിൽ കയറുന്നത് തടഞ്ഞുതുടങ്ങി. ഒപ്പം ലോകവ്യാപകമായ എതിർപ്പും ഉണ്ടായതോടെ, ഇക്കാര്യത്തിൽ ഒരു പൊതു ചട്ടം നടപ്പായി- ഓരോ യാത്രക്കാരനും പരമാവധി കൈയിൽ വയ്ക്കാവുന്നത് നൂറ് എംഎൽ (ദ്രാവകമോ ജെല്ലോ)- അതും സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിൽ മാത്രം.
രണ്ടു ദശാബ്ദമായി ലോകമെങ്ങുമുള്ള എല്ലാ വിമാനത്താവളങ്ങളും കൃത്യമായും ചിലപ്പോൾ ആവശ്യത്തിലേറെ കാർക്കശ്യത്തോടെയും പാലിച്ചു കൊണ്ടിരുന്ന നിയമം, ഇപ്പോൾ അതുണ്ടാകാൻ കാരണമായ രാജ്യത്തുതന്നെ ആദ്യം ഇല്ലാതെയാകുമ്പോൾ വ്യോമസുരക്ഷാ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന്റെ തുടക്കവുമാവുകയാണ്. യൂറോപ്പിലേപ്പോലെ ഇന്ത്യയും അമേരിക്കയുമൊക്കെയുൾപ്പെട്ട മറ്റ് രാജ്യങ്ങളിൽ ഇത് എന്നു നടപ്പാകുമെന്ന് ഇനിയും പറയാറായിട്ടില്ലെങ്കിലും.
ഇതിനായി ലഗേജ് സ്കാൻ ചെയ്യാൻ സാധാരണ എക്സ്റേ യന്ത്രങ്ങൾക്കു പകരം ആധുനികമായ സിടി സ്കാനറുകൾ വിമാനത്താവളത്തിൽ സ്ഥാപിക്കണമെന്നത് ഒന്നാമത്തെ കാര്യം. ഈ സ്കാനറുകൾ, ദ്രാവക സ്ഫോടക വസ്തുക്കൾ തിരിച്ചറിയാൻ കഴിയുന്നതാണെന്ന് അതാതു രാജ്യത്തെ സുരക്ഷ ഏജൻസികൾ വിമാനത്താവള അധികൃതർക്കുവേണ്ടി സക്ഷ്യപ്പെടുത്തണമെന്നത് രണ്ടാമത്തെ കാര്യം. അതാതു രാജ്യങ്ങളിൽ നിലവിലുള്ള സുരക്ഷാ ചട്ടങ്ങളിൽ രേഖാമൂലമായ മാറ്റം വരുത്താതെ, ഒരു രാജ്യത്തും ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നത് മറ്റൊന്ന്.
രണ്ടു ദശാബ്ദത്തോളം ലോകമെങ്ങും കോടിക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിച്ച ദ്രാവക നിയമത്തിനു കാരണക്കാരായ സംഘത്തിലെ, നേരത്തേ പേരു പറഞ്ഞ ഏഴു പേരെ മാത്രമാണ് ഇംഗ്ലണ്ടിലെ കോടതിക്ക് ശിക്ഷിക്കാനായത്. അവരിൽ അലി, സർവാർ, ഹുസൈൻ, ഇസ്ലാം എന്നിവർ 40 കൊല്ലത്തേക്കുള്ള ജീവപര്യന്തം ശിക്ഷനേടി ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുമ്പോൾ, സാവന്ത്, ഖാൻ, സമാൻ എന്നിവർക്കു കിട്ടിയത് 20 കൊല്ലത്തെ ജയിൽ ശിക്ഷയാണ്. ഇവർക്ക് 2030 മുതൽ പരോൾ കിട്ടിത്തുടങ്ങിയേക്കും. അറസ്റ്റിലായ 24 പേരിൽ ബാക്കിയുണ്ടായിരുന്ന 17 പേർ വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ കുറ്റവിമുക്തിനേടി ജയിൽമോചിതരായിരുന്നു.
SUNDAY DEEPIKA
അക്ഷരങ്ങൾ കൂട്ടിവായിച്ചുതുടങ്ങിയ കാലത്തെപ്പോഴെങ്കിലുമായിരിക്കണം യൂറോപ്പിൽ കാൻ എന്നൊരു നഗരമുണ്ടെന്നും, എല്ലാ വർഷവും ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളയ്ക്ക് ആ നഗരം ആതിഥ്യമരുളുമെന്നുമൊക്കെ അറിയുന്നത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'സ്വം' കാൻ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയിലൂടെയാണ് ഇതെല്ലാം മനസിലാക്കിയതെന്നാണോർമ. പിന്നീടുള്ള വർഷങ്ങളിൽ പലപ്പോഴും വായനയുടെയും കാഴ്ചയുടെയും ഉള്ളടക്കങ്ങളിൽ ഈ നഗരവും, ചലച്ചിത്രമേളയുമൊക്കെ വന്നുപോകുന്നുണ്ടായിരുന്നു.
2013ൽ, സഹപാഠിയായ ഡോ. തോമസ് മത്തായി സംവിധാനംചെയ്ത ഹ്രസ്വചിത്രം കാൻ ചലച്ചിത്രമേളയുടെ ഭാഗമായ ഷോർട്ട് ഫിലിം കോർണറിൽ പ്രദർശിപ്പിച്ചപ്പോഴും, 2024ൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' സംസാരിക്കപ്പെട്ടപ്പോഴുമൊക്കെ പ്രത്യേകിച്ചും. പക്ഷേ ഒരിക്കൽ അവിടം സന്ദർശിക്കുമെന്നോ, ചലച്ചിത്രമേളയുടെ ഭാഗമാകുമെന്നോ, അതിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ കാണുമെന്നോ എന്നതൊന്നും സിനിമയെക്കുറിച്ചു കണ്ടിട്ടുള്ള ഒരുപാട് സ്വപനങ്ങളിൽ ഒന്നിൽപ്പോലും ഇടം പിടിച്ചിരുന്നില്ല, ഏതാനും ദിവസങ്ങൾക്കുമുന്പുവരെ!
കാൻ ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ് "മാർഷേ ദു ഫിലിം' അഥവാ 'ഫിലിം മാർക്കറ്റ്'. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിർമാണകമ്പനികളും വിതരണ,വില്പന ശൃംഖലയുടെ ഭാഗമായിട്ടുള്ളവരും മറ്റ് ചലച്ചിത്രമേളകളുടെ നടത്തിപ്പുകാരും ചലച്ചിത്രപ്രവർത്തകരും വിവിധ രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടെക്നോളജി കമ്പനികളുമൊക്കെ പങ്കെടുക്കുന്ന ഒരു സംവിധാനമാണ് ഈ ഫിലിം മാർക്കറ്റ്.
ചലച്ചിത്രമേളയിൽ സിനിമയുടെ കലാസാംസ്കാരികതലങ്ങൾ വിഷയമാകുകയും, ചർച്ച ചെയ്യപ്പെടുകയുമൊക്കെ ചെയ്യുമ്പോൾ ഫിലിം മാർക്കറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സിനിമയുടെ വാണിജ്യ/വികസന സാധ്യതകളെയും, നിർമാണപ്രക്രിയയെയുമാണ്. അതുകൊണ്ടുതന്നെ ഫെസ്റ്റിവൽ ദു കാൻ എന്ന കാൻ ചലച്ചിത്രമേളയും, മാർഷേ ദു ഫിലിം എന്ന ഫിലിം മാർക്കറ്റും ഒരുമിക്കുന്നതോടെ മേയ് മാസത്തിലെ ഈ രണ്ടാഴ്ചക്കാലം കാൻ ഒരു സമ്പൂർണ സിനിമാനഗരമായി മാറും.
ജോലി ചെയ്തുകൊണ്ടിരിക്കുന്ന "ന്യൂട്ടൺ സിനിമ' കാൻ ഫിലിം മാർക്കറ്റിന്റെ ഭാഗമാകാൻ തീരുമാനിക്കുന്നിടത്താണ്, തീർത്തും അപ്രതീക്ഷിതമായി, വിദൂരസ്വപ്നങ്ങളുടെപോലും ഭാഗമല്ലാതിരുന്ന കാൻ ചലച്ചിത്രമേളയിലേക്ക് ഞാനെത്തിയത്.
കൊച്ചി - ദുബായ് - നീസ്
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ അനന്തരഫലമായി മാറിമറിഞ്ഞ ഫ്ലൈറ്റ് ഷെഡ്യൂളുകൾ നൽകിയ ഒരു ദിവസത്തെ ദുബായ് ട്രാൻസിറ്റിനുശേഷം ഫിലിം മാർക്കറ്റ് ആരംഭിക്കുന്ന മേയ് പന്ത്രണ്ടിന് ഉച്ചയോടെയാണ് കാനിന് അടുത്തുള്ള പ്രധാന നഗരമായ നീസിൽ എത്തിയത്. പ്രശസ്ത സംവിധായകൻ സലീം അഹമ്മദായിരുന്നു എന്റെ ട്രാവൽ പാർട്ണർ. ദുബായിൽനിന്ന് നീസിലേക്കുള്ള ഫ്ലൈറ്റിൽ കയറാൻ കാത്തിരുന്ന സമയത്തും, പിന്നീട് താരതമ്യേന ചെറിയ നീസ് എയർപോർട്ടിലെ വളരെ നീണ്ട എമിഗ്രേഷൻ ക്യൂവിൽ നിൽക്കുന്ന സമയത്തുമൊക്കെയായി കാനിൽ എന്തു പ്രതീക്ഷിക്കണം എന്നതിന്റെ ഏകദേശരൂപം ലഭിച്ചുതുടങ്ങിയിരുന്നു.
എവിടെ തിരിഞ്ഞാലും വിഖ്യാതരായ സംവിധായകർ, അഭിനേതാക്കൾ, നിരൂപകർ... അവരിൽ മിക്കവരുടെ മുഖങ്ങളിലും, ആരാധകവൃന്ദങ്ങളോ, പേഴ്സണൽ സെക്യൂരിറ്റിയോ ഒന്നുമില്ലാതെ സിനിമമാത്രം വിഷയമാകുന്ന കുറച്ചുദിവസങ്ങൾ ചെലവഴിക്കുന്നതിന്റെ ഒരു കൗതുകം, ആശ്വാസം, സന്തോഷം.
സിനിമ ശ്വസിച്ച നാളുകൾ
കാനിൽ ചെലവഴിച്ച ദിവസങ്ങളും, കണ്ടുമുട്ടിയ ആളുകളുമൊക്കെ സിനിമയെക്കുറിച്ച് പുതിയതായി എന്തെങ്കിലുമൊക്കെ പഠിപ്പിച്ചും പറഞ്ഞുതന്നുമാണ് കടന്നുപോയത്. ഫിലിം മാർക്കറ്റിലെ വിവിധ വേദികളിൽ, ദിവസത്തിൽ പലപ്പോഴായി വിവിധ വിഷയങ്ങളിൽ നടന്നിരുന്ന പാനൽ ചർച്ചകളും വർക്ഷോപ്പുകളുമൊക്കെ തീർത്തും പുതിയ അനുഭവമാണ് നൽകിയത്. മീറ്റിംഗുകളുടെ ഇടവേളകളിൽ, ഞങ്ങളുടെ ബൂത്ത് മാനേജ് ചെയ്തിരുന്ന സഹപ്രവർത്തകയായ നിലാഞ്ജനയോട് ഒരു കാപ്പി കുടിച്ചിട്ടു വരാം എന്നുപറഞ്ഞ് മിക്കപ്പോഴും ഓടിയിരുന്നത് ഈ വേദികളിലേക്കായിരുന്നു.
ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ "കൺട്രി ഓഫ് ഓണർ' ആയി തെരഞ്ഞെടുത്തിരുന്നത് ജപ്പാൻ ആയിരുന്നതുകൊണ്ട്, ആ രാജ്യത്തെ ഫോക്കസ് ചെയ്തുള്ള സെഷനുകളും ജാപ്പനീസ് ക്ലാസിക്കുകളുടെ സ്ക്രീനിംഗുകളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. ആഗോളസിനിമാ വ്യവസായത്തിലെ എണ്ണംപറഞ്ഞ പണംവാരി ചിത്രങ്ങളിൽ പലതിന്റെയും മൂലകഥയും പ്രചോദനവും ജാപ്പനീസ് ചിത്രങ്ങളും കൃതികളും ആനിമേഷൻ സീരിസുകളുമൊക്കെയായിരുന്നു എന്നത് കൗതുകമായി.
ഇന്ത്യൻ പവലിയനിൽ
ഫിലിം മാർക്കറ്റിന്റെ പ്രവർത്തനസമയം കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ കാൻ ഉൾക്കടലിനഭിമുഖമായി തയാറാക്കിയിരുന്ന ഇന്ത്യൻ പവിലിയനിൽ ഒരു ഹ്രസ്വസന്ദർശനം ഈ ദിവസങ്ങളിൽ ശീലമാക്കിയിരുന്നു. അവിടെ മിക്കവാറും ദിവസങ്ങളിൽ നമ്മുടെ രാജ്യത്തുനിന്നുള്ള പ്രഗത്ഭരായ ചലച്ചിത്രകാരന്മാരും നിർമാതാക്കളും വിതരണക്കാരുമൊക്കെയുൾപ്പെട്ട പാനൽ ചർച്ചകളിൽ പങ്കെടുക്കാനായി.
മുതിർന്ന ചലച്ചിത്രനിരൂപകയായ ശുഭ്രത ഗുപ്ത, ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ നിയുക്ത ചെയർമാനും സംവിധായകനുമായ അശുതോഷ് ഗൊവാരിക്കറുമായി നടത്തിയ ഓൺ-സ്റ്റേജ് അഭിമുഖവും, ബുക്ക് മൈഷോ, പിവിആർ, ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ അമരക്കാർ ഒരുമിച്ചിരുന്ന് ഡിജിറ്റൽ കാലത്തെ ചലച്ചിത്രവിതരണത്തെക്കുറിച്ച് നടത്തിയ ചർച്ചയും ശ്രദ്ധേയമായിരുന്നു.
നടനും സംവിധായകനുമായ ജോയ് മാത്യു, സംവിധായകൻ ഡോ. ബിജു, എഡിറ്റർ ബീന പോൾ, നടനും നിർമാതാവുമായ പ്രകാശ് ബാരെ, സംവിധായകരായ ചിദംബരം, ശ്രുതി ശരണ്യം, മെൽവിൻ വില്യംസ്, വിതരണരംഗത്ത് പ്രവർത്തിക്കുന്ന ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കിന്റെ അമരക്കാരൻ ശ്യാം കുറുപ്പ്, ഇന്ത്യൻ സിനിമകളുടെ പാരീസിലെ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജിത്തു എന്നിങ്ങനെ മലയാളികളുടെ ഒരു നീണ്ടനിരയെ ചലച്ചിത്രമേളയിലും, ഫിലിം മാർക്കറ്റിലുമായി കണ്ടുമുട്ടാനും പരിചയപ്പെടാനും പരിചയം പുതുക്കാനും സാധിച്ചു എന്നതായിരുന്നു ഈ യാത്രയുടെ മറ്റൊരു സന്തോഷം.
ഇവർക്കൊപ്പംചേർന്ന് കാനിലെ മലയാളിസാന്നിധ്യം ഒന്നുകൂടി ഉറപ്പിക്കാൻ ഞങ്ങളുടെ സംഘാംഗങ്ങളായ സംവിധായകൻ സലീം അഹമ്മദ്, ന്യൂട്ടൺ സിനിമയുടെ അമരക്കാരൻ ആന്റോ ചിറ്റിലപ്പിള്ളി, ലോസ് ആഞ്ചലസ് യൂണിവേഴ്സിറ്റിയിലെ ചലച്ചിത്രവിദ്യാർത്ഥി നിലാഞ്ജന ഷാ സുധ എന്നിവർ കൂടിയുണ്ടായിരുന്നു.
ഞാൻ കണ്ട സിനിമകൾ!
കാനിലാണെന്ന് അറിഞ്ഞപ്പോൾമുതൽ എല്ലാവരും ചോദിക്കുന്നതാണ് സിനിമ കണ്ടോ, റെഡ് കാർപ്പറ്റിൽ നടന്നോ എന്നൊക്കെ. ജോലിസംബന്ധമായി പോയതുകൊണ്ട് സിനിമ കാണുക എന്നത് നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമായി കണക്കാക്കിയിരുന്നില്ല. ചിത്രങ്ങളുടെ, പ്രത്യേകിച്ച് മത്സരവിഭാഗത്തിൽ പങ്കെടുക്കുന്നവയുടെ പ്രീമിയർ ഷോയുടെ ടിക്കറ്റുകൾ രാവിലെ എട്ടിന് ബുക്കിംഗ് ഓപ്പൺ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തീരും. എനിക്കു ലഭിച്ചിരിക്കുന്ന ബാഡ്ജ് ഉപയോഗിച്ച് ടിക്കറ്റില്ലാതെ കയറാവുന്ന "ലാസ്റ്റ് മിനിറ്റ് എൻട്രി' എന്ന ഉറപ്പില്ലാത്ത ചാനലിലൂടെ പ്രവേശിക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിയും വന്നേക്കും.
ഇതൊക്കെ പ്രീമിയർ ഷോകളിൽനിന്നും റെഡ് കാർപ്പറ്റ് വോക്കിൽനിന്നുമൊക്കെ പുറകോട്ടുവലിച്ച കാരണങ്ങളായിരുന്നു. ആദ്യത്തെ കുറച്ചുദിവസങ്ങൾ ഫിലിം മാർക്കറ്റിന്റെ ഭാഗമായുള്ള സ്ക്രീനിംഗുകളിലാണ് കൂടുതലും പങ്കെടുത്തത്. ഞങ്ങളുടെ കമ്പനി നിർമിച്ച് സെമ്മലർ അന്നം എന്ന നവാഗത സംവിധായിക ഒരുക്കിയ 'മയിലാ' എന്ന തമിഴ് ചിത്രം കാൻ ഫിലിം മാർക്കറ്റിൽ സ്ക്രീൻ ചെയ്തിരുന്നു. റോട്ടർഡാം ചലച്ചിത്രമേളയിലെ ബ്രൈറ്റ് ഫ്യൂച്ചർ വിഭാഗത്തിൽ പ്രീമിയർ ചെയ്ത സിനിമയായിരുന്നു മയിലാ.
മഞ്ഞുമ്മൽ ബോയ്സിനു ശേഷം ചിദംബരം സംവിധാനംചെയ്യുന്ന 'ബാലൻ' എന്ന മലയാളചിത്രത്തിന്റെ ആദ്യപ്രദർശനത്തിന്റെ ഭാഗമാകാനും സാധിച്ചു. ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന ഒരു സിനിമക്കാഴ്ച്ച നമ്മുടെ മലയാളത്തിൽനിന്നായിരുന്നു എന്നതാണ് ഏറ്റവും അഭിമാനകരമായ ഓർമ. കാൻസ് ക്ലാസിക്സ് എന്ന വിഭാഗത്തിലെ "അമ്മ അറിയാൻ' പ്രദർശനമായിരുന്നു അത്. ഈ വർഷം ഇന്ത്യയിൽനിന്ന് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ചലച്ചിത്രമായിരുന്നു "അമ്മ അറിയാൻ'.
ജോൺ എബ്രഹാം എന്ന ക്രിയേറ്റീവ് ജീനിയസ്, അദ്ദേഹത്തെ നേരിട്ടറിയാവുന്നവരുടെ വാക്കുകൾ കടമെടുത്താൽ "മേവറിക്ക്' 1986ൽ, പൊതുജനങ്ങളിൽനിന്നു പണംപിരിച്ച് ഒരുക്കിയ ജനകീയചിത്രം 39 വർഷങ്ങൾക്കുശേഷം, നിറഞ്ഞ സദസിൽ ഹർഷാരവങ്ങളോടെ സ്വീകരിക്കപ്പെട്ടു. ജീവിച്ചിരിക്കുന്ന അണിയറപ്രവർത്തകരിൽ കാനിൽ എത്തിച്ചേരാൻ സാധിച്ച നായകൻ ജോയ് മാത്യുവിനെയും, എഡിറ്റർ ബീന പോളിനെയും ചുവന്ന പരവതാനി വിരിച്ചാണ് കാൻ ചലച്ചിത്രമേള എതിരേറ്റത്. ഈ സിനിമയുടെ അവശേഷിക്കുന്ന, കേടുപാടുകൾ ഒരുപാടുണ്ടായിരുന്ന ഒരേയൊരു പ്രിന്റിൽനിന്ന് വളരെ മികച്ചരീതിയിൽ ചിത്രം റിസ്റ്റോർ ചെയ്തെടുത്ത ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
ചിത്രങ്ങളുടെ റീ-റണ്ണുകൾ മേളയുടെ അവസാനദിവസങ്ങളിൽ ഒരുക്കിയിരുന്നു. ആ അവസരം വിനിയോഗിച്ച് രണ്ടുസിനിമകളാണ് കണ്ടത്- നോർവേയിൽ നിലനിൽക്കുന്ന കർശനമായ ശിശു-ബാല സംരക്ഷണനിയമങ്ങളുടെ പശ്ചാത്തലത്തിൽ യാഥാസ്ഥിതിക ക്രൈസ്തവരായ ഒരു റൊമേനിയൻ കുടുംബം നേരിടേണ്ടിവരുന്ന സംഘർഷങ്ങളെക്കുറിച്ചു പറയുന്ന റൊമാനിയൻ ചലച്ചിത്രമായ "ഫ്യജോർദ്ദ്', റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ "മിനോത്വാർ' എന്നിവ. രണ്ടും മികച്ച ചലച്ചിത്രാനുഭവങ്ങളായി എന്നതും ഫ്യജോർദ്ദ് ഈ വർഷത്തെ പാം ഡി ഓർ പുരസ്കാരവും, മിനോത്വാർ ഗ്രാൻ പ്രീ പുരസ്കാരവും നേടി എന്നതും മടക്കയാത്രയ്ക്കിടയിൽ അറിഞ്ഞപ്പോൾ അതൊരു അപ്രതീക്ഷിത സന്തോഷവും കൗതുകവുമൊക്കെയായി.
ടെയിൽ എൻഡ്
ഏറ്റവും സുരക്ഷിതവും സുഖകരവുമായ ചുറ്റുപാടുകളുടെ അതിരുകൾവിട്ട് ആദ്യമായി അല്പംകൂടി വലിപ്പമുള്ള ഇടങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന കുട്ടിക്കാലത്തെ ചില വിനോദയാത്രകളില്ലേ- തിരിച്ചു വീട്ടിലെത്തി ഒരുപാടു ദിവസങ്ങൾക്കുശേഷവും, കണ്ട കാഴ്ചകളും കിട്ടിയ അനുഭവങ്ങളും പറഞ്ഞും പങ്കുവച്ചും സ്വപ്നത്തിൽ കണ്ടും, മനസിൽനിന്ന് വിട്ടിറങ്ങിപ്പോകാൻ മടികാണിക്കുന്ന യാത്രകൾ.
അത്തരത്തിലൊന്നായിരുന്നു എനിക്ക് ഫെസ്റ്റിവൽ ഡെ കാൻസ് എന്ന കാൻ ഫിലിം ഫെസ്റ്റിവലും, മാർഷേ ദു ഫിലിം എന്ന ഫിലിം മാർക്കറ്റും. കുളവട്ടത്തിൽ ഇരുന്ന് തിരയെണ്ണുകയാണ് ഞാനെന്നും, തിമിംഗലങ്ങൾ ആർത്തുനീന്തുന്ന പല കടലുകൾ ഇനിയും കാണാനും അനുഭവിക്കാനും പഠിക്കാനുമുണ്ടെന്നും സ്നേഹപൂർവം പറഞ്ഞുതന്ന ഒരു പഠനയാത്ര.
ഫിലിം ഫെസ്റ്റിവലിലും ഫിലിം മാർക്കറ്റിലെ വിവിധ ബൂത്തുകളിലും ചർച്ചാവേദികളിലും ഇന്ത്യയുടേതുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പവിലിയനുകളിലും, സ്ക്രീനിംഗ് തീയറ്റുകൾക്ക് പുറത്തുകാണുന്ന നീണ്ട ക്യൂകളിലും, റോഡരികിൽ നിന്ന് ഒരു ലിഫ്റ്റിനുവേണ്ടി കൈനീട്ടുന്നതുപോലെ "എനിബഡി ഹാസ് ആൻ എക്സ്ട്രാ ടിക്കറ്റ് ഫോർ എ പുവർ ഫിലിം സ്റ്റുഡന്റ്' എന്ന പ്ലക്കാർഡുമേന്തി ഇതേ തിയറ്റുകൾക്കുപുറത്ത് ഇടം പിടിക്കുന്നവരിലും, എന്തിന് കാനിലെ തിരക്കേറിയ വീഥികളുടെ ഇരുവശത്തുമായുള്ള എണ്ണമറ്റ ഭക്ഷണശാലകളിലുമൊക്കെയായി കണ്ട് കടന്ന് പോകുന്ന മുഖങ്ങളും വ്യക്തികളുമൊക്കെയായി നമുക്കൊരു താദാത്മ്യപ്പെടൽ ഈ ദിവസങ്ങളിലെ ഏതെങ്കിലുമൊക്കെ ഒരു നിമിഷത്തിൽ തോന്നാതിരിക്കില്ല. കാരണം സിനിമ എന്ന എക്കാലത്തെയും വലിയ സമന്വയകലാരൂപമൊരുക്കിയ ഒരു കാണാനൂൽ ഇവരെല്ലാവരുമായി നമ്മളെ ചേർത്തുനിർത്തുന്നുണ്ടായിരുന്നു.
SUNDAY DEEPIKA
ചിന്താവിഷയം
അമേരിക്കയുടെ വടക്കുകിഴക്കൻ തീരത്തുള്ള ഒരു സംസ്ഥാനമാണ് മെയിൻ. മെയിനിൽനിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയായി അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് മാറ്റിനിക്കാസ് റോക്ക്. കാറ്റും കൊടുങ്കാറ്റും തിരമാലകളും നിരന്തരം ആഞ്ഞടിക്കുന്ന ഈ ദ്വീപ് നാവികർക്ക് എന്നും ഭീഷണിയായിരുന്നു. തന്മൂലം അവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിക്കപ്പെട്ടു. കപ്പലുകൾക്ക് ആ ലൈറ്റ് ഹൗസ് ഏറെ പ്രയോജനം ചെയ്തു.
1856ൽ ആ ലൈറ്റ് ഹൗസിന്റെ ചുമതല വഹിച്ചിരുന്നത് സാമുവൽ ബർഗസ് എന്നൊരാളായിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അയാൾ ആ ഒറ്റപ്പെട്ട ദ്വീപിൽ താമസിച്ചു. അവരുടെ മൂത്തമകളായിരുന്നു കൗമാരക്കാരിയായ അബ്ബി (1839- 1892). അബ്ബിയുടെ ജീവിതത്തെക്കുറിച്ച് പിന്നീട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവളെ അനുസ്മരിക്കുന്ന ഗാനങ്ങൾ രചിക്കപ്പെട്ടു. ടെലിവിഷൻ പരിപാടികളും ചരിത്രാവതരണങ്ങളും അവളുടെ കഥ ലോകത്തിനു പരിചയപ്പെടുത്തി. ആ കഥ എന്തിയാരുന്നെന്നോ?
1856ലെ ശൈത്യകാലത്ത് ലൈറ്റ് ഹൗസിനാവശ്യമായ എണ്ണയും വീട്ടുസാമാനങ്ങളും വാങ്ങാനായി സാമുവൽ മെയിനിലേക്കു പോയി. ഏതാനും ദിവസങ്ങൾക്കകം മടങ്ങിവരാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതികൂല കാലാവസ്ഥമൂലം ആഴ്ചകളോളമായിട്ടും ദ്വീപിലേക്കു മടങ്ങിയെത്താൻ സാമുവലിനു കഴിഞ്ഞില്ല. കൊടുങ്കാറ്റുകൾ കടലിനെ അത്രമാത്രം പ്രക്ഷുബ്ധമാക്കിയിരുന്നു.
ആ സമയം അബ്ബി നേരിട്ടതു വലിയൊരു വെല്ലുവിളിയായിരുന്നു. അമ്മയെയും ഇളയ സഹോദരിമാരെയും നോക്കുന്നതോടൊപ്പം ലൈറ്റ് ഹൗസിന്റെ മുഴുവൻ ചുമതലയും അവളുടെ ചുമലിലായിരുന്നു. ഓരോ സായാഹ്നത്തിലും അവൾ ലൈറ്റ് ഹൗസിലേക്കു പോയി. അപ്പോഴൊക്കെ കടൽ ഉഗ്രരൂപം ധരിച്ച് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ദ്വീപ് പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥയിലായിരുന്നു. എങ്കിലും ആത്മധൈര്യം കൈവിടാതെ അവൾ ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി വിളക്കിന്റെ തിരികൾ ശരിയാക്കി എണ്ണനിറച്ചു വിളക്ക് അണയാതെ സൂക്ഷിച്ചു.
ഒന്നോ രണ്ടോ രാത്രി മാത്രമല്ല, ഒരു മാസം മുഴുവൻ അവൾ അങ്ങനെ ചെയ്തു. കടലിൽ യാത്രചെയ്യുന്നവരുടെ ജീവൻ ഈ വെളിച്ചത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്ന് അവൾക്കറിയാമായിരുന്നു. അവളെ കാണാൻ അന്നു പത്രപ്രവർത്തകരാരും ചെന്നില്ല. അവളെ അഭിനന്ദിക്കാൻ ജനപ്രവാഹമുണ്ടായില്ല. പുരസ്കാരങ്ങളൊന്നും അവളെ കാത്തിരുന്നില്ല. എങ്കിലും അവൾ ചെയ്യേണ്ട ജോലി വിശ്വസ്തതയോടെ ചെയ്തു. അത്രമാത്രം.
വർഷങ്ങൾക്കുശേഷം അവളുടെ കഥ മെയിനിലും പരിസര സംസ്ഥാനങ്ങളിലും പ്രശസ്തമായി. അതിനു കാരണം അവൾ ചെയ്ത പ്രവൃത്തിയുടെ വലിപ്പമോ മഹത്വമോ ആയിരുന്നില്ല. പ്രത്യുത ആ പ്രവൃത്തിയിലുള്ള വിശ്വസ്തതയായിരുന്നു.
മദർ തെരേസ ഒരിക്കൽ പറഞ്ഞു: ""എല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. എന്നാൽ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ സാധിക്കും.'' അബ്ബി ഈ സത്യം തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. അവൾ ഒരു സൈന്യത്തെ നയിച്ചില്ല. രാജ്യത്തിന്റെ ഭരണാധികാരിയായില്ല. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്തി പ്രശസ്തയുമായില്ല. എന്നാൽ, അവൾ ഒരു വെളിച്ചം അണയാതെ കാത്തു. അതായിരുന്നു അവളുടെ മഹത്വം.
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ യേശു പറയുന്നു: ""ഏറ്റവും ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുന്നവൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും'' (16:10). ലോകം പലപ്പോഴും വലിയ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്. എന്നാൽ ദൈവം കാണുന്നത് ദൈനംദിനജീവിതത്തിലെ വിശ്വസ്തതയാണ്.
നമ്മുടെ ചുറ്റും അബ്ബിയെപ്പോലെയുള്ള ലൈറ്റ് ഹൗസ് കാവൽക്കാരുണ്ട്. മക്കൾക്കായി നിത്യവും ത്യാഗമനുഷ്ഠിക്കുന്ന മാതാപിതാക്കൾ, വിദ്യാർഥികളുടെ ഭാവി രൂപപ്പെടുത്തുന്ന നല്ലവരായ അധ്യാപകർ, രോഗികളെ പരിചരിക്കുന്ന നഴ്സുമാർ, സമൂഹത്തിൽ നിസ്വാർഥസേവനമനുഷ്ഠിക്കുന്ന സന്നദ്ധസേവകർ, കുടുംബാംഗങ്ങൾക്കുവേണ്ടി അനുദിനം പ്രാർഥിക്കുന്ന മുത്തശന്മാരും മുത്തശിമാരും.. ഇങ്ങനെ എത്രയോപേർ നമ്മുടെ ലൈറ്റ് ഹൗസ് കാവൽക്കാരായി പ്രവർത്തിക്കുന്നു! ലോകം നിലനിൽക്കുന്നതുതന്നെ ഇങ്ങനെയുള്ളവരുടെ വിശ്വസ്തതയിലാണ്.
വിൻസ്റ്റണ്‍ ചർച്ചിൽ ഒരിക്കൽ പറഞ്ഞു: ""മഹത്വത്തിന്റെ വില ഉത്തരവാദിത്വമാണ്.'' ചെറുപ്രായത്തിൽതന്നെ ഉത്തരവാദിത്വം ഏറ്റെടുത്തവളായിരുന്നു അബ്ബി. തങ്ങളുടെ സുരക്ഷിതത്വത്തിനു മറ്റുള്ളവർ തന്നെ ആശ്രയിക്കുന്നുവെന്ന് അവൾ മനസിലാക്കി. ആ വലിയ തിരിച്ചറിവാണ് ഒരു സാധാരണ കൗമാരക്കാരിയെ ഒരു അസാധാരണ വ്യക്തിയാക്കി മാറ്റിയത്.
മത്തായിയുടെ സുവിശേഷത്തിൽ യേശു പറയുന്നുണ്ട്: ""നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്'' (5:14). ലോകപ്രശസ്തരാകുവാനല്ല യേശു നമ്മെ ആഹ്വാനം ചെയ്യുന്നത്. മറിച്ച് നാം നിൽക്കുന്ന സ്ഥലത്ത് മറ്റുള്ളവർക്ക് വെളിച്ചമാകാനാണ്. ഒരു ലൈറ്റ് ഹൗസ് ലോകംചുറ്റി സഞ്ചരിക്കില്ല. അത് ഒരിടത്ത് ഉറച്ചുനിൽക്കും. എന്നാൽ, അതിന്റെ വെളിച്ചം അനേകരെ സുരക്ഷിതരമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും.
നമ്മിൽ പലരും ജീവിതത്തിൽ വലിയ അവസരങ്ങൾ വരാൻ കാത്തിരിക്കുന്നവരായിരിക്കാം. എന്നാൽ അബ്ബിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. അതായത് മഹത്വം പലപ്പോഴും കടന്നുവരുന്നത് സാധാരണ കടമയുടെ വേഷംധരിച്ചാണത്രേ. ഓരോ ദിവസവും നമ്മുടെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ നിറവേറ്റുന്നതിലാണ് മഹത്വം അടങ്ങിയിരിക്കുന്നതെന്ന് നമുക്കു മറക്കാതിരിക്കാം.
ഇന്നത്തെ ലോകത്തിനു കൂടുതൽ വേണ്ടത് പ്രശസ്തരെയല്ല. പ്രത്യുത, ലൈറ്റ് ഹൗസ് കാവൽക്കാരെയാണ്. സമൂഹത്തിലും കുടുംബത്തിലുമൊക്കെ വെളിച്ചം അണയാതെ സൂക്ഷിക്കുന്നവരെ. നാം അങ്ങനെയുള്ളവരാണെങ്കിൽ അതുവഴി മറ്റുള്ളവർക്കുണ്ടാകുവാൻ പോകുന്ന നന്മ നാം ഭാവനചെയ്യുന്നതിലും അധികമായിരിക്കും.
SUNDAY DEEPIKA
ആറടി പൊക്കം, കടഞ്ഞെടുത്തതു പോലുള്ള ശരീരം, ഉരുക്കുമുഷ്ടി, അസാധാരണമായ മെയ്വഴക്കം, പ്രതിയോഗിയുടെ ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന മൂര്‍ച്ചയുള്ള നോട്ടം... മണല്‍ പ്രദേശത്തെ കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ ഗോദയില്‍ കൊടുങ്കാറ്റുപോലെ എതിരാളിയെ നേരിടുകയാണ് മണക്കാട് നാരായണപിള്ള. കൊമ്പനെപ്പോലെ പൊരുതിനിന്ന പ്രതിയോഗിയെ നിമിഷങ്ങള്‍ക്കുള്ളില്‍ മലര്‍ത്തിയടിക്കുമ്പോള്‍ തടിച്ചുകൂടിയ ജനം ആര്‍ത്തുവിളിക്കുന്നു, കരഘോഷം മുഴക്കുന്നു, ഗോദയിലേക്ക് ഹര്‍ഷാരവത്തോടെ ഇരച്ചുകയറുന്നു... നാല്പതുകളിലും അമ്പതുകളിലും അറുപതുകളുടെ തുടക്കത്തിലും കേരളം സാക്ഷ്യംവഹിച്ച ഗാട്ടാ ഗുസ്തി മത്സരക്കാഴ്ചയാണിത്!
സിനിമയിലെ സൂപ്പര്‍ താരങ്ങളോട് അല്ലെങ്കില്‍ ക്രിക്കറ്റ്, ഫുട്ബോൾ താരങ്ങളോട് ഇപ്പോൾ ജനങ്ങൾക്കുള്ള ആരാധന എത്രയെന്നു പറയേണ്ടതില്ലല്ലോ. അതുപോലെയോ അതിലധികമോ ആയിരുന്നു ഒരുകാലത്ത് ഗുസ്തിയോടും ഗുസ്തിക്കാരോടും ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടായിരുന്ന ആരാധന.
കേരളത്തിലും ഗുസ്തി ഒരു വലിയ ലഹരിയായി പടര്‍ന്നിരുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ ഗാട്ടാ ഗുസ്തി ഇതിഹാസം ഗാമയെ പോലെ (ഗുലാം മുഹമ്മദ് ബക്ഷ്) ഗോദയില്‍ അജയ്യനായിനിന്ന കരുത്തനായ നാരായണ പിള്ളയെ ജനം "കേരള ഗാമ' എന്ന് ആദരവോടെ വിളിച്ചതും. ഇന്ത്യയിലെ ഗുസ്തി താരങ്ങളായ ഗുലാം ഖാദര്‍, ഇമാം ബക്ഷ്, ആഷിഖ് ഹുസൈന് തുടങ്ങിയവര്‍ക്കൊപ്പം മണക്കാട് നാരായണപിള്ള ജ്വലിച്ചുനിന്നിരുന്ന ഒരു കാലമായിരുന്നു അത്.
തോൽവിയറിയാതെ
ഗോദയില്‍ ഒരിക്കലും തോല്‍വി അറിയാത്ത നാരായണപിള്ള മലര്‍ത്തിയടിച്ചത് ഇന്ത്യന്‍ ഗോദകളെ തന്നെ വിറപ്പിച്ച എത്രയോ മല്ലന്മാരെയായിരുന്നു. അവരില്‍ ഇലക്ട്രിക് മൈതീന്‍കുഞ്ഞും മദ്രാസ് സിംഹം ശൗരി മുത്തുവും നത്ത റൈഫിളും മൈസൂറുകാരന് ചോട്ട തിമയ്യയും പഞ്ചാബ് ഹുസൈനും ഉള്‍പ്പെടെ നിരവധി പ്രമുഖരുണ്ട്. അതിവേഗം ചലിച്ച്, വൈദ്യുതാഘാതമെന്നപോലെ നൊടിയിടകൊണ്ട് എതിരാളിയെ മലര്‍ത്തിയടിക്കുന്ന ഫയല്‍വാനായിരുന്നു മൈതീന്‍കുഞ്ഞ്. കരുനാഗപ്പള്ളിക്കാരന്‍ മൈതീന്‍കുഞ്ഞിനെ ഗോദയിലിറക്കി, മണക്കാട് നാരായണപിള്ളയെ തോല്പിക്കണമെന്ന് ഒരിക്കൽ ചില പ്രമാണിമാര്‍ ആഗ്രഹിച്ചു. അങ്ങനെ ആ മത്സരത്തിനു ഗോദയൊരുങ്ങി.
കന്റോണ്‍മെന്റ് മൈതാനത്തായിരുന്നു മണക്കാട് നാരായണപിള്ളയും ഇലക്ട്രിക് മൈതീന്കുഞ്ഞുമായുള്ള മത്സരം. മൈതാനത്തിന്റെ നടുവില്‍ ചെമ്മണ്ണുനിറച്ച ഗോദയിലേക്ക് ഉഗ്രന്‍ മുരള്‍ച്ചയോടെ മൈതീന്‍കുഞ്ഞ് കയറുകയും മസില്‍പിടിച്ച് ദേഹത്ത് മണ്ണ് വാരിയിട്ട് ചുറ്റും മുരണ്ടുകൊണ്ട് ഓടുകയും ചെയ്തു. (മുതിര്‍ന്ന പത്രപ്രവര്ത്തകന് എസ്. ജയചന്ദ്രന് നായരുടെ "എന്റെ പ്രദക്ഷിണവഴികള്‍' എന്ന പുസ്തകത്തില്‍ ഈ ഗുസ്തി മത്സരത്തിന്റെ തത്സമയവിവരണം രേഖപ്പെടുത്തിയിട്ടുണ്ട്).
ഐജി ആയിരുന്ന ചന്ദ്രശേഖരന് നായരായിരുന്നു റഫറി. നിമിഷങ്ങള്‍കൊണ്ട് ഇലക്ട്രിക് മൈതീനെ നാരായണപിള്ള മലര്‍ത്തിയടിച്ചു. ഗുസ്തിരംഗത്ത് ഒരു പുതിയ ചരിത്രം പിറക്കുകയായിരുന്നു അന്ന്.
കലാപ്രേമി പത്രാധിപർ കലാപ്രേമി ബഷീര്‍ പറയുന്നു:
"സര് സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന കാലത്ത് തിരു-കൊച്ചിയില്‍ പോലീസ് ഐജി ആയിരന്നു ജി. എസ്. കരീം. അദ്ദേഹം പോലീസുകാര്‍ക്കുവേണ്ടി ഗുസ്തി വിഭാഗം തുടങ്ങിയിരുന്നു. അക്കാലത്ത് അവിടുത്തെ ഗുസ്തി പരിശീലകനായിരുന്നു എന്റെ വാപ്പയും ഫയൽവാനുമായ എ. എസ്. ഹമീദ് (കലാപ്രേമി പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപർ). തിരുവനന്തപുരത്തെ ഫോര്‍ട്ട് ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഞാന്‍ വാപ്പയ്ക്കൊപ്പം പോയി നാരായണപിള്ള ഫയല്‍വാന്റെ ഗുസ്തി കണ്ടിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനത്തായിരുന്നു മത്സരം. എതിരാളികളെ മലര്‍ത്തിയടിക്കുന്ന നാരായണപിള്ള ഫയല്‍വാന്റെ കാലമായിരുന്നു അത്.
ഗോദയില്‍ നില്ക്കുന്ന നാരായണപിള്ള ഫയല്‍വാന്റെ രൂപം ഇന്നും മുന്നിലുണ്ട്. ആറ്, ആറരയടി പൊക്കം, നല്ല തടിച്ച ശരീരം, മുഖത്ത് എപ്പോഴും ഗൗരവഭാവമാണ്. അക്കാലത്ത് പഞ്ചാബ് ഹുസൈന് എന്ന ഫയല്‍വാനെ നാരായണപിള്ള മലര്‍ത്തിയടിച്ചിരുന്നു. എതിരാളിയെ മലര്‍ത്തിയടിച്ച ശേഷം പുറത്തുകയറിയിരിക്കുന്ന രീതിയാണ് അന്നുള്ളത്. റഫറി മൂന്നു തവണ വിസിലൂതും. നാരായണപിള്ള മലര്‍ത്തിയടിക്കുന്ന എതിരാളിക്ക് എഴുന്നേല്ക്കുക അത്ര എളുപ്പമല്ല. മൂന്നാം തവണയും വിസിലൂതിക്കഴിയുമ്പോള് നാരായണപിള്ള ഫയല്വാന് കൈയുയര്‍ത്തി കാണിക്കും. ജനം അത്യുച്ചത്തില്‍ ജയ് വിളിക്കും...'
ഒരു ഫയല്‍വാന്റെ ജനനം
തിരുവനന്തപുരം നഗരത്തില്‍ മണക്കാട് ഇടവിളാകത്ത് വീട്ടില്‍ കുമാരപിള്ളയുടെയും നാരായണി അമ്മയുടെയും മകനായി 1912 ഫെബ്രുവരിയിലാണ് നാരായണപിള്ളയുടെ ജനനം. അക്കാലത്ത് മണല്‍ക്കാടായിരുന്നു നാരായണപിള്ളയുടെ ജന്മപ്രദേശം (മണല്‍ക്കാട് ചുരുക്കിയാണ് ഇന്നത്തെ മണക്കാട് എന്ന പേര്). കേരളത്തില്‍ ഗാട്ടാ ഗുസ്തിയുടെ അലയൊലികള്‍ നിറഞ്ഞ കാലം. മണക്കാടും അന്ന് നിരവധി ഗോദകളുണ്ടായിരുന്നു. ഗുസ്തിയോടുള്ള നാരായണപിള്ളയുടെ ഹരവും കുട്ടിക്കാലം മുതല്‍തന്നെ തുടങ്ങുന്നു. കോട്ടയ്ക്കകത്ത് നവനീതം കൃഷ്ണയ്യര്‍ നടത്തിയിരുന്ന ഗോദയില്‍ നാരായണപിള്ള ഗുസ്തി പരിശീലനം ആരംഭിച്ചു.
1945 കാലം, ആദ്യ ഗുസ്തി മത്സരം
ഇന്നു തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് നില്ക്കുന്ന പ്രദേശം അന്നൊരു ഒഴിഞ്ഞ മൈതാനമായിരുന്നു. അവിടെ മധുരയില്‍ നിന്നെത്തിയ പെരിയാപിള്ള ഫയല്‍വാനെ നിമിഷങ്ങള്‍കൊണ്ട് മലര്‍ത്തിയടിച്ച് ഗാട്ടാ ഗുസ്തി ജൈത്രയാത്രയ്ക്ക് നാരായണപിള്ള തുടക്കം കുറിച്ചു. പിന്നീടങ്ങോട്ട് ഫയല്‍വാന്റെ ദിവസങ്ങളായിരുന്നു. ആ യാത്രയില്‍ പഞ്ചാബ്, മധുര, കോലാപ്പൂര്‍, മദ്രാസ്, കരുനാഗപ്പള്ളി, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലെ കരുത്തുറ്റ ഫയല്വാന്മാരോടെല്ലാം എതിരിട്ട് ജയിച്ചു. പങ്കെടുത്ത എഴുപതോളം മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയപ്പെട്ടില്ല എന്നതും നാരായണപിള്ള ഫയല്‍വാന്റെ വലിയ മികവാണ്.
"ഒരിടത്തൊരു ഫയല്വാന്'
കാളവണ്ടിയില്‍ കവല തോറും ഗുസ്തിമത്സരത്തിന്റെ നോട്ടീസ് വിതറി ഗോദയിലേക്ക് ആളെക്കൂട്ടിയിരുന്ന കാലം. നാട്ടിലെ വലിയ പ്രമാണിമാര്‍ വീട്ടില്‍ ഒരു ഫയല്‍വാനെ ഊട്ടി വളര്‍ത്തി ഗുസ്തിക്കാരനാക്കി ഗോദയിലിറക്കി തങ്ങളുടെ അന്തസ് ഉയര്‍ത്തിയിരുന്ന ഒരുകാലവും കേരളത്തിലുണ്ടായിരുന്നു. ചേകവന്മാരെ കളത്തിലിറക്കി പടവെട്ടിച്ച് പരസ്പരമുള്ള പക തീര്‍ക്കുന്ന നാട്ടുരാജാക്കന്മാരെ പോലെ പ്രമാണിമാര്‍ സ്വന്തം ഫയല്‍വാന്റെ പേശീബലത്തില്‍ അഭിമാനിച്ചിരുന്നു. പ്രശസ്ത സംവിധായകന് പി. പദ്മരാജന്റെ ഒരിടത്തൊരു ഫയല്വാന് എന്ന സിനിമ ഓര്‍മിക്കുക.
പദ്മരാജന് ആ ചിത്രം ഒരുക്കുന്ന സമയത്ത് മണക്കാട്ട് നാരായണപിള്ള ഫയല്‍വാന്റെ വീട്ടില്‍ എത്തിയിരുന്നു. രണ്ടാഴ്ചക്കാലം രാവിലെ മുതല്‍ ഉച്ചവരെ ഫയല്‍വാന്റെ ഒപ്പം ചെലവിട്ടാണ് ഗാട്ടാ ഗുസ്തി ലോകത്തെക്കുറിച്ച് അദ്ദേഹം മനസിലാക്കിയത്. "ഒരിടത്തൊരു ഫയല്‍വാനി'ലെ ഫയല്‍വാനെ (കൊല്ലം റഷീദ് അവതരിപ്പിച്ച കഥാപാത്രം) സൃഷ്ടിക്കുന്നതിനു നാരായണപിള്ള പറഞ്ഞുകൊടുത്ത അനുഭവങ്ങളും പദ്മരാജനു സഹായമായിട്ടുണ്ട്.
ആത്മനിയന്ത്രണത്തിന്റെ ആള്‍രൂപം
ചുട്ടുപഴുത്ത മണ്ണില്‍, തീവെയിലില് നിന്നുകൊണ്ടുള്ള ഗുസ്തി മത്സരം കഠിനമാണ്. ചൂടും പൊടിയും ശരീരത്തിനേല്‍ക്കുന്ന ക്ഷതങ്ങളും നിസാരമല്ല. എന്നാല്‍ കര്‍ക്കശമായ ചിട്ടകളും ആത്മനിയന്ത്രണവും മണക്കാട് നാരായണപിള്ള പാലിച്ചിരുന്നു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. മാംസഭക്ഷണം പോലും കഴിച്ചിരുന്നില്ല. ഈ ജീവിത വ്രതവും നാരായണപിള്ള ഫയല്‍വാന്റെ വിജയത്തിന് ആധാരമായി.
കുടുംബം
ഗുസ്തിയുടെ ലോകത്തുനിന്ന് വിരമിച്ച് ഏറെക്കഴിഞ്ഞാണ് നാരായണപിള്ള വിവാഹം കഴിച്ചത്- നാല്പത്തഞ്ചാം വയസ്സില്‍. ഭാര്യ കമലാദേവിയും നാലുമക്കളുമടങ്ങുന്ന സന്തോഷകരമായ കുടുംബജീവിതം. മൂത്തമകള്‍ രമണി വീട്ടമ്മയാണ്. രണ്ടാമത്തെ മകന് അശോക് കുമാര്‍ മണക്കാട്ട് അഞ്ജലി ബേക്കറി നടത്തുന്നു. മൂന്നാമത്തെ മകന് രാജഗോപാലും ബിസിനസുകാരനാണ്. ഇളയ മകനാണ് പിന്നണി ഗായകനായ മണക്കാട് ഗോപന്.
ഫയല്‍വാന്റെ ചായക്കട
ബാംഗ്ലൂരില്‍വച്ച് ഭീമ റാവു ഫയല്‍വാനു കൈകൊടുത്തിരുന്ന സമയത്താണ് നാരായണപിള്ളയുടെ മൂത്ത സഹോദരന് ഗോപാലപിള്ളയുടെ മരണവിവരമെത്തുന്നത്. അക്കാലത്ത് ഗാട്ടാ ഗുസ്തിക്കു കൈകൊടുക്കുമ്പോള്‍ ആ നാടുമുഴുവന്‍ വരാന്‍ പോകുന്ന ഗുസ്തി കാത്തിരിക്കും. ജ്യേഷ്ഠന്റെ മരണവാര്‍ത്തയറിഞ്ഞ് മത്സരം ഉപേക്ഷിച്ച് നാട്ടിലെത്തിയ നാരായണപിള്ളയെ പിന്നീട് വീട്ടുകാരും സുഹൃത്തുക്കളും ഗുസ്തി ലോകത്തേക്കു പോകാന്‍ അനുവദിച്ചില്ല.
നാരായണപിള്ളയ്ക്കുകൂടി പങ്കുണ്ടായിരുന്ന ചായക്കട നടത്തിവരികയായിരുന്നു ജ്യേഷ്ഠന്. "നാരായണ അണ്ണന് ഇനി ചായക്കട നടത്തി മുഴുവന്‍ സമയവും കുടുംബത്തെ നോക്കണം' എന്ന ബന്ധുക്കളുടെ സ്നേഹ നിര്‍ബന്ധത്തിനു മുന്നില്‍ അദ്ദേഹം കീഴടങ്ങുകയായിരുന്നു. 1950ല്‍ ഫയല്‍വാന്റെ കട എന്ന ചായക്കടയുടെ ചുമതലയേറ്റു. കേരള ഗാമയുടെ രണ്ടാം ജന്മമായിരുന്നു അത്. ഗുസ്തിയോടുള്ള അതേ അര്‍പ്പണം ചായക്കട നടത്തിപ്പിലും നാരായണപിള്ള പ്രകടിപ്പിച്ചു.
പരിശീലകനായും
ഗാട്ടാ ഗുസ്തിയില്‍ സജീവമായിരുന്ന കാലത്ത് മണക്കാടുള്ള സ്വന്തം ഗോദയില്‍ നിരവധി ശിഷ്യന്മാരെ അഭ്യസിപ്പിച്ചിരുന്നു. ഗുസ്തിയിൽനിന്നു വിരമിച്ചശേഷവും കുറച്ചുകാലം പരിശീലനം നൽകി. മുന്‍ ഡിവൈഎസ്പിമാരായ രവീന്ദ്രന് നായര്‍, മുകുന്ദന്, മാര്‍ഷ്യല്‍ ആര്‍ട്സ് ബാലചന്ദ്രന്, കണ്ണൂര്‍ സ്വദേശി ജയസേനന് ഉള്‍പ്പെടെ നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. "ഒരിടത്തൊരു ഫയല്‍വാനി'ലെ കൊല്ലം റഷീദും നാരായണപിള്ളയുടെ ശിഷ്യനാണ്. അറുപതുകളില്‍ ഫ്രീ സ്റ്റൈല്‍ റസ്ലിംഗ് ഗോദകള്‍ കൈയടക്കിയതോടെ ഗാട്ടാ ഗുസ്തിയുടെ പ്രാമാണ്യം കുറഞ്ഞു.
ഓർമകളിൽ
ഇന്ത്യയിലെ ഗുസ്തി രാജാക്കന്മാരിലൊരാള് എന്ന ഭാവമോ പരിവേഷമോ ഒരുകാലത്തും കേരളഗാമ നാരായണപിള്ളയ്ക്ക് ഉണ്ടായിരുന്നില്ല. എല്ലാ തിരക്കുകളില്‍നിന്നും "ജയ്' വിളികളില്‍നിന്നും അകന്നുമാറി ജീവിച്ച നാരായണപിള്ള 1988 മാര്‍ച്ച് നാലിനാണ് ജീവിതഗോദയില്നിന്നു വിടപറഞ്ഞത്.
നാരായണപിള്ളയ്ക്ക് ഉചിതമായ ഒരു സ്മാരകം ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. മണക്കാട് പോസ്റ്റോഫീസ് ജംഗ്ഷന് മുതല്‍ തൈക്കാപള്ളി ജംഗ്ഷന് വരെയുള്ള റോഡിന് "കേരളഗാമ മണക്കാട് നാരായണപിള്ള റോഡ്' എന്ന് നഗരസഭ നാമകരണം ചെയ്തിട്ടുണ്ട്. തലമുറകളുടെ ഹൃദയഗോദയില് ഇന്നും തോല്‍വിയറിയാത്ത നാരായണപിള്ള ഫയല്വാനുണ്ട്. തലയുയര്‍ത്തിപ്പിടിച്ച്, കരുത്തനായി...
ഉണർവായി മിന്നൽ ജോർജ്
ഗാട്ടാ ഗുസ്തിയുടെ അവസാനത്തെ ജീവിക്കുന്ന ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്ന ഗുസ്തി താരവും പരിശീലകനുമായ മിന്നല്‍ ജോര്‍ജ് സംസ്ഥാന ഗാട്ടാ ഗുസ്തി അസോസിയേഷന്റെ സ്ഥാപകന്‍കൂടിയാണ്. നിക്കല്‍ ജമാല്‍ എന്ന അതികായന്റെ ശിഷ്യനായ മിന്നല്‍ ജോര്‍ജ് എല്ലാ വര്‍ഷവും കൊച്ചിയില്‍ സംസ്ഥാന ഗാട്ടാ ഗുസ്തി മത്സരം നടത്തിവരുന്നു. ഗാട്ടാ ഗുസ്തി അസോസിയേഷനും മിന്നല്‍ ജോര്‍ജിന്റെ ജിംനേഷ്യമായ കൊച്ചിന് ഗ്രാപ്ലേഴ്സുമാണ് സംഘാടകര്‍. ഗാട്ടാ ഗുസ്തിയിലും ഫ്രീ സ്റ്റൈല്‍ റസ്ലിംഗിലും പരിശീലനം നല്‍കിവരുന്ന മിന്നല്‍ ജോര്‍ജ് നാരായണപിള്ള ഫയല്‍വാനെ മാനസഗുരുവായി കാണുന്നു.
പ്രമുഖനായൊരു ആരാധകൻ!
1988ലാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കിയിരുന്ന രാജശ്രീ ഓര്‍ക്കസ്ട്രയുടെ ബി ട്രൂപ്പ് എന്ന ഗാനമേള ട്രൂപ്പില്‍ തമിഴ്-ഹിന്ദി ഗാനങ്ങള്‍ പാടാനായി നാരായണപിള്ള ഫയൽവാന്റെ മകനും പിന്നണി ഗായകനുമായ മണക്കാട് ഗോപന് എത്തുന്നത്. ഗോപന്റെ വാക്കുകൾ: ""മാസ്റ്റര്‍ അന്ന് താമസിച്ചിരുന്ന കരമനയിലെ വാടകവീട്ടില്‍ കോളിംഗ് ബെൽ അമർത്തി കാത്തുനിൽക്കുമ്പോൾ മാസ്റ്റർ തന്നെയാണ് വാതിൽതുറന്നത്. "എന്താ' എന്ന് അലസമട്ടിൽ മാസ്റ്റർ ചോദിച്ചു.
ട്രൂപ്പിൽ ചേരാൻവന്ന ഗായകനാണെന്ന് സ്വയം പരിചയപ്പെടുത്തി. മാസ്റ്റർ അന്ന് തിരക്കിലാണെന്നും അടുത്തദിവസം വന്നാൽമതിയെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. അടുത്ത ദിവസം ചെന്നപ്പോഴും മാസ്റ്ററുടെ പതിവുശൈലിയിൽ തന്നെയായിരുന്നു സ്വീകരണം. മുറിയിൽനിന്നു ഹാർമോണിയം എടുത്തുകൊണ്ടുവന്നു, മാസ്റ്റർ പാട്ട് പഠിപ്പിക്കുകയും കമ്പോസ് ചെയ്യുകയും ചെയ്യുന്ന മുറിയിൽ വയ്ക്കാൻ എന്നോടു പറഞ്ഞു. നിലത്തു വിരിച്ചിട്ട പായയിൽ ഞാൻ ഇരുന്നു. മുന്നിൽ ഹാർമോണിയവുമായി മാസ്റ്ററും.
"ഏത് ശ്രുതിയിലാണ് നീ പാടുന്നത് 'എന്നായി മാസ്റ്റർ. ഒന്നു... രണ്ട് എന്നിങ്ങനെ ഞാൻ പറഞ്ഞൊപ്പിച്ചു. ഇളയരാജയുടെയും എസ്പിബിയുടെയും പാട്ടുകൾ ഞാൻ പാടി.
"ശ്രുതിയും താളവുമുണ്ട്. ഗാനമേള വരട്ടെ. അപ്പോള്‍ വിളിക്കാം' എന്ന് സ്വതസിദ്ധമായ രീതിയില്‍ മാസ്റ്റർ പറയുകയും ചെയ്തു. സംസാരത്തിനിടയിൽ മാസ്റ്റർ എന്നോട് "മണക്കാട് എവിടെയാണ് നീ താമസിക്കുന്നത്' എന്ന് ചോദിച്ചു. അപ്പോഴാണ് ഞാൻ അച്ഛന്റെ കാര്യം സൂചിപ്പിച്ചത്. അച്ഛന് അന്നു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയമാണ്. അച്ഛന് ഫയല്വാന് ആണെന്നും പേര് നാരായണപിള്ള എന്നാണെന്നും ഞാന്‍ പറഞ്ഞതും മാസ്റ്ററിന്റെ മുഖം പൊടുന്നനെ തെളിഞ്ഞു. അതു വരെയുണ്ടായിരുന്ന ഗൗരവം ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയി.
"നീ ഫയല്‍വാന്റെ മോനാണോ? ' -മുഖത്ത് തെളിഞ്ഞ ആഹ്ലാദത്തോടെ, പുഞ്ചിരിയോടെ മാസ്റ്റര്‍ ചോദിച്ചു. എന്നിട്ട് മാസ്റ്റര്‍ പറഞ്ഞത് അദ്ദേഹം പണ്ട് പരവൂരില്‍ ഫയല്‍വാന്റെ ഗുസ്തി മത്സരങ്ങള്‍ കണ്ട കഥകളാണ്. "നിനക്കറിയാമോ, ടിക്കെറ്റെടുക്കാന്‍ കാശില്ലാത്തതുകൊണ്ട് മരത്തിനു മുകളില്‍ കയറിയിരുന്ന് ഞാന്‍ നാരായണപിള്ള ഫയല്‍വാന്റെ ഗാട്ടാ ഗുസ്തിമത്സരം കണ്ടിട്ടുണ്ട്.'പിന്നീട് മാസ്റ്ററിന്റെ ട്രൂപ്പില്‍ പാടിയപ്പോഴും അത് കഴിഞ്ഞും വലിയ വാത്സല്യമായിരുന്നു എന്നോട്.''
SUNDAY DEEPIKA
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാംദിനമാണ്. ന്യൂയോര്‍ക്ക് നഗരക്കാഴ്ചകള്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്രസഭാ ആസ്ഥാനമാണ് അടുത്ത ലക്ഷ്യം. ഗൈഡഡ് ടൂര്‍ ഓണ്‍ലൈനായി നേരത്തേ ബുക്ക് ചെയ്തിട്ടുണ്ട്. താമസിച്ചിരുന്ന മാൻഹട്ടനിലെ ടൈംസ് സ്ക്വയർ സെന്ററിനു സമീപമുള്ള ഹിൽട്ടൻ ഡബിൾ ട്രീ ഹോട്ടലിൽനിന്ന് രാവിലെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടക്കാൻ തീരുമാനിച്ചു.
നല്ല തണുപ്പുണ്ട്.
ടൈംസ് സ്ക്വയർ, ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ, ഫിഫ്ത്ത് അവന്യു, ബ്രോഡ് വേ തുടങ്ങിയ പ്രദേശങ്ങളിലൂടെ ഏകദേശം രണ്ടു കിലോമീറ്റർനടന്ന് 10 മണിയോടെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിനു സമീപമെത്തി. ന്യൂയോർക്ക് മാൻഹട്ടനിലെ ടർട്ടിൽ ബേയിലാണ് ഏകദേശം 18 ഏക്കർ വരുന്ന ഈ പ്രദേശം. അമേരിക്കയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഒരു അന്താരാഷ്ട്ര ഭൂഭാഗമായാണ് ഇവിടം കണക്കാക്കുന്നത്. അതായത്, ഇവിടം യുഎന്നിന്റെ മാത്രം ഭരണത്തിൻകീഴിലാണ്.
ഉള്ളിലേക്ക്
ടൂറിനായി എത്തുമ്പോൾ ആദ്യം ചെക്ക് ഇൻ സെന്ററിലേക്കു പോകേണ്ടതുണ്ട്. യുഎൻ ആസ്ഥാനത്തിന് സമീപം ഒന്നാം അവന്യൂവിന്റെയും 46ാമത്തെ സ്ട്രീറ്റിന്റെയും കോണിലായാണ് ഇത്. ഇ-മെയിലായി ലഭിച്ച ഓർഡറിൽ പേരുള്ളവരെ മാത്രമേ ഉള്ളിലേക്ക് അനുവദിക്കു. പാസ്പോര്‍ട്ട് നല്കി ചെക്ക് ഇൻ നടപടികള്‍ പൂര്‍ത്തിയാക്കി. അവിടെ നമ്മുടെ ഫോട്ടോ എടുക്കുകയും പ്രവേശനത്തിനായി ഒരു സ്റ്റിക്കർ നൽകുകയും ചെയ്യും. അത് ഷര്‍ട്ടില്‍ പതിച്ചായിരുന്നു തുടര്‍ന്നുള്ള യാത്ര.
പ്രധാനമായും നാലു കെട്ടിടങ്ങളാണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിലെ സമുച്ചയത്തിൽ ഉൾപ്പെടുന്നത്. 1952 ഒക്ടോബർ ഒന്‍പതിന് പണി പൂർത്തിയായ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്ത വാസ്തുശില്പികളുടെ ബോർഡിന് നേതൃത്വംനൽകിയത് വാലസ് ഹാരിസൺ ആയിരുന്നു. ഓസ്കാർ നീമെയർ, ലെ കോർബൂസിയർ എന്നിവർ അന്തിമ രൂപകല്പനയിൽ പ്രധാന പങ്കുവഹിച്ചു.
ദേഹപരിശോധനയും മറ്റു സുരക്ഷാനടപടികളും പൂർത്തിയാക്കി ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിലേക്കു പ്രവേശിച്ചു. പ്രവേശന കവാടത്തിൽനിന്ന് ആരംഭിച്ച് ചുറ്റുമതിലിനോട് ചേർന്ന് എല്ലാ രാജ്യങ്ങളുടെയും വലിയ കൊടികൾ പാറിപ്പറക്കുന്നുണ്ട്. ഇന്ത്യന്‍ പതാക കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. വിശാലമായ മുറ്റത്തും ഗാർഡനിലും ചില ഇൻസ്റ്റലേഷനുകൾ കാണാം. വിവിധ രാജ്യങ്ങള്‍ സംഭാവനചെയ്ത മനോഹരമായ കലാസൃഷ്ടികളും ശിൽപങ്ങളും ആണത്.
ഫോട്ടോയൊക്കെ എടുത്തതിനുശേഷം ലോബിക്കുള്ളിലേക്ക്. വിവിധ രാജ്യങ്ങൾ സംഭാവനചെയ്ത കലാസൃഷ്ടികളും ശില്പങ്ങളും ഇവിടെയും കാണാം. 2001ൽ ഐക്യരാഷ്ട്രസഭയ്ക്കും അന്നത്തെ സെക്രട്ടറി ജനറൽ കോഫി അന്നനും സംയുക്തമായി ലഭിച്ച നൊബേൽ സമാധാന പുരസ്കാരവും അവിടെ കണ്ടു. സമീപത്തുള്ള ചുമരിൽ ഇതുവരെയുള്ള ഐക്യരാഷ്ട്രസഭാ തലവന്മാരുടെ ചിത്രങ്ങള്‍- ഇറാൻ സമ്മാനിച്ച അവ പട്ടിൽ നെയ്തെടുത്തതായിരുന്നു.
മാനവാവകാശങ്ങളും സമാധാനവും അടയാളപ്പെടുത്തുന്ന പ്രദർശനങ്ങൾ, ഐക്യരാഷ്ട്രസഭയുടെ ചരിത്രവും പ്രവർത്തനങ്ങളും വിവരിക്കുന്ന ഫോട്ടോകൾ, രേഖകൾ, പ്രദർശന ബോർഡുകൾ എന്നിവയും കണ്ടു. ഐക്യരാഷ്ട്രസഭയുടെ ലോബിയിൽ നില്ക്കുമ്പോള് തന്നെ "ലോകത്തിന്റെ പ്രതിനിധി’ എന്നൊരു തോന്നൽ നമുക്ക് സ്വാഭാവികമായി ഉണ്ടാകും!
ടൂർ ഡെസ്കിലേക്ക്
11 മണിയുടെയാണ് ബുക്ക് ചെയ്തിരിക്കുന്ന ടൂർ ആരംഭിക്കുന്നത്. ലോബിയിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം ടൂറുകള്‍ ആരംഭിക്കുന്ന നിയുക്ത മീറ്റിംഗ് സ്ഥലത്ത് എത്തി. ടൂർ ആരംഭിക്കുന്നതിന് മുമ്പ് ടൂർ ഡെസ്കിൽ ചെക്ക് ഇൻ ചെയ്യണം. ഓരോ പതിനഞ്ച് മിനിറ്റിലുമാണ് ടൂറുകൾ പുറപ്പെടുന്നത്. ഇതൊരു വാക്കിംഗ് ഗൈഡഡ് ടൂറാണ്. ഇംഗ്ലീഷിലായിരിക്കും സാധാരണ ടൂറുകൾ, എന്നാൽ മറ്റ് ഭാഷകളിലും ടൂറുകൾ നടത്താറുണ്ട്. ഞങ്ങളുടെ ടൂറിൽ ഉണ്ടായിരുന്ന എല്ലാവരും ഒരു ഗ്രൂപ്പായി കണ്ടുമുട്ടി. സംഘത്തിലെ 15 പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനായ ചൈനീസ് വംശജൻ ഷാരോണ്‍ ഷാങ്ങ് ആണ് ഞങ്ങളുടെ ടൂർ ഗൈഡ്.
ഞങ്ങൾ പര്യടനം തുടങ്ങി. കോൺഫറൻസ് ബിൽഡിംഗിന്റെ ലോബിയിൽ വിഖ്യാതമായ പെയിന്റിംഗുകൾ. പുറത്ത് ഇടനാഴിയിൽ ജപ്പാന്റെ സമാധാന ബെല്‍. എസ്കലേറ്ററിലൂടെ കയറി സെക്യൂരിറ്റി കൗൺസിൽ റൂമിന്റെ ഗാലറിയില്‍ എത്തി. യുഎന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇവിടം. സെക്യൂരിറ്റി കൗൺസിൽ 15 അംഗങ്ങളടങ്ങിയതാണ്. പണ്ട് ഹൈസ്കൂളില്‍ ഇതേക്കുറിച്ചു പഠിച്ച കാര്യങ്ങൾ ഓര്‍മയില്‍ മിന്നിമറഞ്ഞു.
സെക്യൂരിറ്റി കൗൺസിൽ ചേംബറിലെ ഗാലറിയിൽ കുറച്ചുസമയം ഇരുന്നു. സെഷനിൽ മീറ്റിംഗ് ഉണ്ടെങ്കിൽ ഇവിടെ സന്ദർശകരെ അനുവദിക്കില്ല. സെപ്റ്റംബർ 11 ആക്രമണത്തിന് മുമ്പുള്ള മീറ്റിംഗുകളിൽ ആളുകൾക്ക് ഇവിടെ ഇരിക്കാൻ കഴിയുമായിരുന്നു, എന്നാൽ അതിനുശേഷം സുരക്ഷ കർശനമാക്കി. ഇപ്പോൾ പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ അനുവാദമില്ല. ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള സ്റ്റെല്ലയെ ഇതിനിടയില്‍ പരിചയപ്പെട്ടു. അവിടത്തെ യുനെസ്കോ വോളണ്ടിയറാണ് അവർ.
തുണിയിൽ നെയ്ത പിക്കാസോ ചിത്രം
പിക്കാസോയുടെ വിഖ്യാതമായ "ഗോർണിക്ക’ എന്ന ചിത്രത്തിന്റെ തുണിയിൽ നെയ്തെടുത്ത രൂപം സെക്യൂരിറ്റി കൗൺസിലിനു പുറത്തായി കാണാം. യുദ്ധങ്ങളുടെ ഭീകരതയെ ലോകത്തിന് ഓർമപ്പെടുത്തുന്ന ഒന്നാണിത്. അവിടെനിന്ന് ജനറൽ അസംബ്ലി ഹാളിനു സമീപം ഞങ്ങള്‍ എത്തി, ഇതാണ് യുഎന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറി. 193 രാജ്യങ്ങളിലെ ലോക നേതാക്കൾ ഇവിടെ സമ്മേളിച്ച് അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
1,800 പേർക്ക് ഇരിപ്പിടസൗകര്യമുള്ള ഈ ഹാളിൽ ഓരോ അംഗരാജ്യത്തിനും പ്രത്യേകം സീറ്റുകളുണ്ട്. ഓരോ സീറ്റിലും രാജ്യത്തിന്റെ പേര് എഴുതിവച്ചിരിക്കുന്നു. ഹാളിന്റെ മധ്യഭാഗത്ത്, യുഎൻ സെക്രട്ടറി ജനറൽ, ജനറൽ അസംബ്ലി പ്രസിഡന്റ് എന്നിവരുടെ ഇരിപ്പിടങ്ങൾ. പച്ച മാര്‍ബിള്‍ പ്രസംഗപീഠവും സ്വർണ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെ ചിഹ്നവും പതിപ്പിച്ചിരിക്കുന്നു.
ഇവിടെ ചർച്ചകൾ നടക്കുമ്പോൾ, വ്യത്യസ്ത ഭാഷകളിൽ തത്സമയം വിവർത്തനം ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്. ഞങ്ങള്‍ സന്ദര്‍ശിക്കുന്ന ദിവസം അസംബ്ലി മീറ്റിംഗ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരക്ഷ കര്‍ശനം. ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു ഇവിടേക്കുള്ള ഞങ്ങളുടെ സന്ദര്‍ശനം.
യുഎൻ ട്രസ്റ്റിഷിപ്പ് കൗൺസിൽ ചേംബറിലേക്കാണ് അടുത്തതായി പോയത്. 1994ൽ ട്രസ്റ്റിഷിപ്പ് ഗ്രൂപ്പ് അതിന്റെ ദൗത്യം പൂർത്തിയാക്കിയപ്പോള്‍ പിരിച്ചുവിട്ടതിനാൽ ഇപ്പോള്‍ ഈ മുറി മറ്റ് ഒത്തുചേരലുകൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഷാരോണ്‍ പറഞ്ഞു. തുടര്‍ന്ന് യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ ചേംബർ സന്ദര്‍ശിച്ചു. സാമ്പത്തിക സാമൂഹിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വിവിധ യുഎൻ ഏജൻസികളുടെ പ്രവര്‍ത്തനം ഇവിടെനിന്നാണ്. ഐക്യരാഷ്ട്രസഭയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് 1985 ല്‍ നാൻസി റീഗൻ സമർപ്പിച്ച "ദ ഗോൾഡൻ റൂൾ’ എന്ന വലിയ മൊസയിക് മ്യൂറൽ അവിടെ കണ്ടു.
യുഎൻ ആസ്ഥാന പര്യടനത്തിലെ അടുത്ത സ്റ്റോപ്പ് നിരായുധീകരണ പ്രദർശനമായിരുന്നു. ഹിരോഷിമ ആണവ സ്ഫോടനത്തെ അതിജീവിച്ച പ്രതിമ, വിവിധ യുദ്ധോപകരണങ്ങള്‍, യുദ്ധരംഗങ്ങളുടെ ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവ വിവിധ ഭാഗങ്ങളിലായി കണ്ടു. പിന്നീട് യുഎൻ ആസ്ഥാനത്തെ ധ്യാനമുറി ഷാരോണ്‍ പരിചയപ്പെടുത്തി. മതം നോക്കാതെ ഭക്തി പ്രതിഫലിപ്പിക്കാൻ ശാന്തമായ ഒരു സ്ഥലമായി ധ്യാനമുറി രൂപകല്പന ചെയ്തിരിക്കുന്നു.
തരൂരിനെ അറിയുമോ ?
ഞാന്‍ ഇന്ത്യയില്‍നിന്ന് എത്തിയതാണെന്നു മനസിലാക്കിയ ഷാരോണ്‍ തരൂറിനെ അറിയുമോ എന്ന് ചോദിച്ചു. തെല്ലൊരു അഭിമാനത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ നാട്ടുകാരനാണ് എന്നുപറഞ്ഞു. ശശി തരൂർ ഐക്യരാഷ്ട്രസഭയിൽ വിവിധ പദവികളിൽ ഒട്ടേറെ വർഷങ്ങൾ സേവനംചെയ്ത ഉദ്യോഗസ്ഥനാണല്ലോ.
ടൂർ അവസാനിക്കുന്നു
അർമേനിയയില്‍നിന്നുള്ള പുരാതന കുരിശും സൗദി അറേബ്യ സമ്മാനിച്ച വിശുദ്ധ കഅബയുടെ തിരശീലയായ കിസ്വയും ജര്‍മനിയിലെ ബെർലിൻ മതിലിന്റെ ഭാഗങ്ങളും യുഎഇ നല്കിയ ദുബായിയുടെ ബർജീൽ അവാർഡും തായ്ലൻഡ് നൽകിയ വള്ളത്തിന്റെ ശില്പവും, ബുദ്ധസ്തൂപവും ആഫ്രിക്കൻ രാജ്യങ്ങളും മറ്റു ഗൾഫ് രാജ്യങ്ങളും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും തുടങ്ങി വിവിധ അംഗരാജ്യങ്ങൾ സമ്മാനിച്ച ശില്പങ്ങളും ഫലകങ്ങളും പെയിന്റിംഗുകളും പുരാതന വസ്തുക്കളും കലോപഹാരങ്ങളുമൊക്കെ പലയിടങ്ങളിലായി കണ്ട് ഞങ്ങള്‍ തിരികേ ലോബിയില്‍ എത്തി.
ടൂര്‍ അവസാനിക്കുകയാണെന്ന് ഷാരോണ്‍ അറിയിച്ചു. ഞാന്‍ സ്റ്റെല്ലയോടോപ്പം വിസിറ്റേഴ്സ് ലോബിയുടെ താഴത്തെ നിലയിലുള്ള കഫേയിൽനിന്ന് കോഫി കുടിച്ചു. കുറച്ചുസമയം അവിടെ സംസാരിച്ചിരുന്നശേഷം ഞങ്ങൾ പിരിഞ്ഞു. ഇപ്പോഴും വാട്സാപ്പ് സന്ദേശങ്ങളിലൂടെ ആ സൗഹൃദം തുടരുന്നു.
പിന്നീട് സമീപമായി കണ്ട യുഎൻ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഷോപ്പുകൾ സന്ദര്‍ശിച്ചു. യുഎൻ അനുബന്ധ പുസ്തകങ്ങൾ, സുവനീറുകൾ എന്നിവ വാങ്ങാനുള്ള കടകളും ഇവിടെയുണ്ട്. അവിടെയുള്ള ഒഫീഷ്യല്‍ ഗിഫ്റ്റ് ഷോപ്പില്‍നിന്ന് ഒരു ബാഗും പേള്‍ പെന്റൻഡും ടീഷര്‍ട്ടും ഫ്രിഡ്ജ് മാഗ്നെറ്റും സുവനീറായി വാങ്ങി. ഇവിടത്തെ തപാൽ ഓഫീസിൽനിന്ന് ഐക്യരാഷ്ട്രസംഘടന പുറത്തിറക്കിയ ഗാന്ധിജിയുടെ സ്റ്റാമ്പുകൾവാങ്ങി അവിടെനിന്നുതന്നെ സീൽചെയ്തു വാങ്ങിയശേഷം ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തോടു വിടപറഞ്ഞു.
ഇതു കേവലം ഒരു സംഘടനയുടെ ആസ്ഥാന സന്ദർശനം മാത്രമായിരുന്നില്ല; ലോകചരിത്രത്തിലെ പ്രധാനപ്പെട്ട പല നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച, സുപ്രധാനമായ പല ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകുകകൂടിയായിരുന്നു. ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും അവ പരിഹരിക്കാൻ യുഎൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഇതിലൂടെ കൂടുതൽ മനസിലാക്കാനായി. അംഗരാജ്യങ്ങൾ നൽകിയ തങ്ങളുടെ പ്രതീകങ്ങളായ വിശിഷ്ട ഉപഹാരങ്ങളെല്ലാം വിലപ്പെട്ട കാഴ്ചയായിരുന്നു.
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. സ്റ്റാറ്റൻ ഐലൻഡിലേക്കാണ് ഇനി പോകേണ്ടത്. ന്യൂയോർക്ക് സിറ്റിയുടെ അഞ്ചു ബറോകളിൽ ഏറ്റവും തെക്കുപടിഞ്ഞാറൻ ഭാഗത്തായുള്ള ദ്വീപ് നഗരമാണ് സ്റ്റാറ്റൻ ഐലൻഡ്. മാൻഹട്ടനുമായി കരമാർഗം നേരിട്ട് ബന്ധമില്ലാത്തതിനാൽ, യാത്രയ്ക്കായി പ്രസിദ്ധമായ "സ്റ്റാറ്റൻ ഐലൻഡ് ഫെറി'യെ ആശ്രയിക്കണം. യാത്ര തുടരട്ടെ...
SUNDAY DEEPIKA
ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയ്ക്കു പറന്ന സ്കാൻഡിനേവിയൻ എയർലൈൻസിന്റെ ഒരു വിമാനം പാതിവഴിയെത്തിയപ്പോൾ കോപ്പൻഹേഗനിലേക്കുതന്നെ തിരികെ പറക്കേണ്ടിവന്നത് ഇന്ത്യൻ-യൂറോപ്യൻ മാധ്യമങ്ങളിൽ ചിലരെങ്കിലും കണ്ടുകാണും.
പതിനേഴു കൊല്ലത്തിനുശേഷം ഇന്ത്യയിലേക്കു തിരികേ പറക്കുന്നു എന്ന് 2025ൽ തന്നെ പ്രഖ്യാപനം നടത്തി, ഏറെ നാളത്തെ ആസൂത്രണത്തിനും തയാറെടുപ്പിനും ശേഷമായിരുന്നു ചൊവ്വാഴ്ച രാത്രി 8.23ന്, സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്ക്, നോർവേ, സ്വീഡൻ എന്നിവയുടെ സംയുക്ത സംരംഭമായ സ്കാൻഡിനേവിയൻ എയർലൈൻസ് സിസ്റ്റം എന്ന സ്കാൻഡിനേവിയൻ എയർലൈൻസിന്റെ എയർബസ് എ330-343 വിമാനം കോപ്പൻഹേഗൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ടേക്കോഫ് ചെയ്തത്. പറന്നുതുടങ്ങി മൂന്നു മണിക്കൂറും 47 മിനിറ്റുമായപ്പോൾ, കോപ്പൻഹേഗൻ വിമാനത്താവളത്തിൽനിന്ന്, എയർലൈനിന്റെ കേന്ദ്ര ഓഫീസിൽനിന്നുള്ള ഒരു ടെക്സ്റ്റ് മെസേജ് കിട്ടി-
"ഇന്ത്യയിലേക്കു പറക്കാനുള്ള അവസാനത്തെ അനുമതി ഇനിയും കിട്ടിയിട്ടില്ല. അതുകൊണ്ട് തിരിച്ചുപോരുക.'
അസർബൈജാനു മീതേ 37,000 അടി പൊക്കത്തിൽ, മണിക്കൂറിൽ 959 കിലോമീറ്റർ വേഗത്തിൽ പറക്കുകയായിരുന്നു വിമാനം അപ്പോൾ. ഇന്ത്യൻ വ്യോമയാന അധികൃതരുടെ അവസാന അനുമതി, വിമാനം മുംബൈയിലെത്തുംമുന്പ് കിട്ടുമെന്ന വിശ്വാസത്തിൽ കോപ്പൻഹേഗനിൽനിന്ന് നാലു മണിക്കൂർ വൈകി ടേക്കോഫ് ചെയ്ത വിമാനം അങ്ങനെ പുലർച്ചെ 4.38ന് കോപ്പൻഹേഗനിൽതന്നെ തിരികെ ലാൻഡ് ചെയ്യുന്പോൾ, മുന്നൂറിലധികം യാത്രക്കാർ വിമാനത്തിൽ കയറിയിട്ട് എട്ടര മണിക്കൂർ കഴിഞ്ഞിരുന്നു.
യാത്രക്കാരുടെ കടുത്തപ്രതിഷേധത്തിനും ഒച്ചപ്പാടിനും പിറ്റേന്ന് ലോകം മുഴുവൻ പരന്ന ചീത്തപ്പേരിനും ഇടയാക്കിയ, കിട്ടാതെ പോയ ആ അവസാനത്തെ അനുമതി എന്തായിരുന്നു എന്ന് എയർലൈൻ കൃത്യമായി ഒരു പത്രക്കുറിപ്പിലും പറയുന്നില്ല.
സാധാരണ, ഇന്ത്യയിലേക്കു പറക്കേണ്ട ഒരു വിദേശ എയർലൈനിന് താഴെപ്പറയുന്ന അനുമതികളാണ് ആവശ്യമുള്ളത്-
1. സമയപ്പട്ടിക പ്രകാരമുള്ള രാജ്യാന്തര സർവീസ് നടത്തുന്നതിന് ഡിജിസിഎ എഴുതി നൽകുന്ന അനുവാദം. സർവീസ് ആരംഭിക്കുന്നതിന് ഒരു മാസം മുന്നേ ഇതിനുള്ള അപേക്ഷ നൽകാറാണ് പതിവ്.
2. ഇന്ത്യയും, എയർലൈനിന്റെ രാജ്യവും തമ്മിലുള്ള ഉഭയകക്ഷി വിമാന സർവീസ് കരാർ പ്രകാരം, ഈ എയർലൈനിനെ ഞങ്ങൾ നിയോഗിക്കുന്നു എന്നറിയിച്ച് ആ രാജ്യം നൽകുന്ന കുറിപ്പ്.
3. സുരക്ഷാ ഏജൻസികളുടെ അനുമതിയുണ്ട് എന്നുകാണിച്ച് ഡിജിസിഎയ്ക്കു നൽകേണ്ട കത്ത്.
4. വിമാനത്താവളത്തിൽ ഇറങ്ങാനും ടേക്കോഫ് ചെയ്യാനും സ്ഥലവും സമയവും അനുവദിച്ചതിന്റെ രേഖ.
ഇതു നാലുംകൂടാതെ, മറ്റു പതിവു രേഖകളായ ഫ്ളൈറ്റ് പ്ലാൻ, ജനറൽ ഡിക്ലറേഷൻ, യാത്രക്കാരുടെ പേരു വിവരങ്ങൾ, ചരക്കിന്റെ വിശദാശംങ്ങൾ, വിമാന ജോലിക്കാരുടെ വിവരങ്ങൾ, ഇൻഷ്വറൻസ് രേഖകൾ, വിമാനം പറക്കാൻ യോഗ്യമാണ് എന്ന സാക്ഷ്യപത്രം (എയർവർത്തിനെസ് സർട്ടിഫിക്കറ്റ്) എന്നിവയും വേണം.
ഇതിൽ, ഫ്ളൈറ്റ് പ്ലാൻ, എയർവർത്തിനെസ് സർട്ടിഫിക്കറ്റ്, വിമാന ജോലിക്കാരുടെ ലൈസൻസുകൾ, യാത്രക്കാരുടെ വിശദാംശങ്ങൾ, യാത്രാമധ്യേയുള്ള രാജ്യങ്ങൾക്കു മീതേ പറക്കാനുള്ള അനുമതി- ഇവയില്ലാതെ ടേക്കോഫ് ചെയ്യാൻ കഴിയുമായിരുന്നില്ല എന്നതിനാൽ, ആദ്യം പറഞ്ഞ നാല് അനുമതികളിൽ ഏതെങ്കിലുമാവാം കിട്ടാതിരുന്നത്.
വിമാനം മുംബൈയിലേക്കു പറക്കുന്നതിനിടയിൽ ആ അനുമതി ഡൽഹിയിൽനിന്ന് കോപ്പൻഹേഗനിലേക്ക് മെയിൽ ചെയ്തോ ഫാക്സു ചെയ്തോ കിട്ടിയ ഉടൻതന്നെ, അനുമതിയുണ്ട്, മുംബൈയ്ക്കു തുടർന്നു പറന്നോളൂ എന്ന ടെക്സ്റ്റ് സന്ദേശം വിമാനത്തിലേക്ക് അയയ്ക്കാമെന്നാവും വിമാനക്കന്പനി കണക്കു കൂട്ടിയിരുന്നത്. ഡൽഹിയിൽ സർക്കാർ പേപ്പറുകൾ നീങ്ങുന്ന വേഗത്തെപ്പറ്റി അവർക്ക് ധാരണയേതും ഇല്ലാതിരുന്നതിനാലാവും ആ റിസ്ക് എടുത്തതും.
യാത്രക്കാരെ എട്ടുമണിക്കൂറിലേറെ മിനക്കെടുത്തിയും മറ്റനേകം തരത്തിൽ ബുദ്ധിമുട്ടിച്ചും ഒറ്റദിവസംകൊണ്ട് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ മുഴുവൻ പരന്ന ചീത്തപ്പേരു നേടിയ എയർലൈനിന്, ഈ വെറുംയാത്രകൊണ്ട് ഉണ്ടായ ധന നഷ്ടത്തിന്റെ ഒരു ഏകദേശ കണക്ക് ഇതാ-
മണിക്കൂറിൽ 5.5- 6.5 ടണ്‍ ഇന്ധനമാണ്, എയർബസ് എ330-300 വിമാനം പറക്കുന്പോൾ കത്തിത്തീരുക.
8-9 മണിക്കൂർ പറക്കാൻ 50-55 ടണ്‍ ഇന്ധനം ഉപയോഗിച്ചുവെന്നർഥം. ഒരു ടണ്‍ എടിഎഫിന് നിലവിൽ 700-900 ഡോളർ വിലയുണ്ട്.
അപ്പോൾ, ഇന്ധനത്തിന് ചെലവായ തുക- 40,000-50,000 ഡോളർ. അഥവാ 38-48 ലക്ഷം രൂപ.
വിമാനം പറത്തുന്നതിന്റെ ചെലവിൽ ഒരു ഭാഗം മാത്രമാണ് ഇന്ധനം എന്നോർക്കുക. എല്ലാ ചെലവും കൂടി 80,000-150,000 ഡോളർ വരുമെന്നാണ് ഒരു ഏകദേശ കണക്ക്. അതായത് 1.4 കോടി രൂപ വരെ!.
SUNDAY DEEPIKA
രാജസ്ഥാനിലെ ഹാഢോതി മേഖലയില്‍ സ്ഥിതിചെയ്യുന്ന, ചരിത്രവും പാരമ്പര്യവും തുടിക്കുന്ന ഒരു മനോഹര നഗരമാണ് ബുന്ദി . വലിയ കോട്ടകളും കൊട്ടാരങ്ങളും മനോഹരമായ പടിക്കിണറുകളുംകൊണ്ട് സമ്പന്നമായ ഈ നഗരത്തിന് രജപുത്ര ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്.
പുരാതനകാലത്ത് ഈ പ്രദേശം വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ബുന്ദാ എന്നു പേരുള്ള ഒരു മീനാ (മീണ) ഗോത്രത്തലവനില്‍ നിന്നാണ് "ബുന്ദി' എന്ന പേര് നഗരത്തിന് ലഭിച്ചതെന്നാണ് ചരിത്രം. പിന്നീട് പതിനാലാം നൂറ്റാണ്ടില്‍ ചൗഹാന് രജപുത്രരുടെ ഒരു ശാഖയായ ഹാഢാ ചൗഹാന്മാര് ഈ പ്രദേശം പിടിച്ചടക്കുകയായിരുന്നു.
റാവു ദേവ ഹാഢയാണ് 1342ല്‍ മീനാ ഗോത്രക്കാരില്‍നിന്ന് ഈ പ്രദേശം പിടിച്ചെടുത്ത് ബുന്ദി എന്ന സ്വതന്ത്ര രാജ്യം സ്ഥാപിച്ചത്. അന്നുമുതല്‍ ഈ പ്രദേശം "ഹാഢോതി' (ഹാഢാകളുടെ ദേശം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ബുന്ദിയായിരുന്നു ഈ രാജ്യത്തിന്റെ ആദ്യത്തെ തലസ്ഥാനം.
റാവു ദേവയുടെ ഭരണകാലത്തിനു ശേഷംവന്ന റാവു രാജാ ബര് സിംഗ് 1354ല്‍ പ്രശസ്തമായ താരാഗഡ് കോട്ട നിര്‍മിച്ചു. ഒരു കുന്നിന്മുകളിലാണ് ഈ കോട്ട. നക്ഷത്രാകൃതിയിലുള്ള ഇതിന്റെ നിര്‍മാണശൈലി ഏറെ ആകര്‍ഷകമാണ്. ശത്രുക്കള്‍ക്ക് അത്രപെട്ടെന്നു തകര്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള മികച്ച പ്രതിരോധ സംവിധാനങ്ങള്‍ ഈ കോട്ടയ്ക്കുണ്ടായിരുന്നു.
തുടക്കത്തില്‍ മേവാറിലെ സിസോദിയ രാജാക്കന്മാരുമായി ബുന്ദിക്ക് പലവിധ തര്‍ക്കങ്ങളുമുണ്ടായിരുന്നു. എന്നാല്‍ 1569ല്‍ അക്ബറുടെ ഭരണകാലത്ത് ബുന്ദി രാജാവായിരുന്ന റാവു സുര്‍ജന്‍ ഹാഢാ മുഗള്‍ ഭരണാധികാരം അംഗീകരിക്കുകയും രണ്‍ഥംഭോര്‍ കോട്ട അക്ബറിന് കൈമാറുകയും ചെയ്തു.
ഇതിനുപകരമായി ബുന്ദി രാജാക്കന്മാര്ക്ക് മുഗള്‍ ദര്‍ബാറില്‍ ഉയര്‍ന്ന പദവികള്‍ ലഭിച്ചു. പിന്നീട് ഷാജഹാന്റെ ഭരണകാലത്ത് (1631ല്‍), ബുന്ദി വിഭജിക്കപ്പെടുകയും അതില്‍നിന്നു കോട്ട എന്ന പുതിയൊരു രാജ്യം രൂപപ്പെടുകയും ചെയ്തു. ആ പ്രദേശമാണ് ഇന്ന് രാജസ്ഥാനില്‍ കോട്ട എന്നറിയപ്പെടുന്നതും.
പടിക്കിണറുകളുടെ നഗരം കൂടിയാണ് ബുന്ദി. ഈ കിണറുകള്‍ ലോകപ്രശസ്തമാണ്. കുടിവെള്ള ശേഖരണത്തിനും സമീപത്ത് ആളുകള്‍ക്ക് ഒത്തുകൂടാനുമായി നിര്‍മിച്ച ഇത്തരം അമ്പതിലധികം കിണറുകള്‍ ഇവിടെയുണ്ട്. ഇവയില്‍ ഏറ്റവും പ്രശസ്തമായത് 1699ല്‍ റാണി നഥാവതി നിര്‍മിച്ച "റാണിജി കി ബാവോരി' ആണ്.
ഇതിനുപുറമേ, "ബുന്ദി ശൈലി' (Bundi School of Painting) എന്നറിയപ്പെടുന്ന ചിത്രകലാരീതിയും ഇവിടെ വികസിച്ചുവന്നു. കൊട്ടാരച്ചുവരുകളിലെ വേട്ടയാടല്‍ ദൃശ്യങ്ങളും കൃഷ്ണലീലകളും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ്. വിഖ്യാത എഴുത്തുകാരന് റുഡ്യാര്‍ഡ് കിപ്ലിംഗ് തന്റെ "കിം' എന്ന പുസ്തകത്തിന്റെ പ്രധാന ഭാഗങ്ങള്‍ എഴുതിയത് ബുന്ദിയിലെ സുഖ് മഹലില്‍ താമസിച്ചുകൊണ്ടായിരുന്നു.
1818ല്‍ ബ്രിട്ടീഷുകാരുമായി സന്ധിയിലായതോടെ ബുന്ദി ഒരു ആശ്രിത സംസ്ഥാനമായി ബ്രിട്ടീഷ് ഭരണത്തിനു കീഴിലേക്കു മാറി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1948 മാര്‍ച്ച് 25ന് ബുന്ദി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും പിന്നീട് രാജസ്ഥാന് സംസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. രാജസ്ഥാനിലെ മറ്റ് വലിയ നഗരങ്ങളെപ്പോലെ വലിയതോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെടാത്തതിനാല്‍, പഴയ രജപുത്ര സംസ്കാരത്തിന്റെ യഥാര്‍ഥ ഭംഗി ഇന്നും ബുന്ദിയിലെ തെരുവുകളില്‍ കാണാം.
SUNDAY DEEPIKA
കടലിന്റെ നിറം നീലയെന്ന് എല്ലാവരും പറയും. അത് പച്ചയോ ചുവപ്പോ ഒക്കയായി മാറുന്ന കാലം വരാം എന്നാണ് പുതിയ പഠനങ്ങള്‍. കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങളുടെ നിറം മാറുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ബ്രിട്ടനിലെ നാഷണല്‍ ഓഷ്യാനോഗ്രഫി സെന്ററിലെയും മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഗവേഷകരുടെ പഠനത്തില്‍ സമുദ്രങ്ങളുടെ 56 ശതമാനവും നിറംമാറ്റത്തിന് വിധേയമായിട്ടുണ്ടെന്നു വ്യക്തമായി.
ഭൂമധ്യരേഖയോടുചേര്‍ന്ന സമുദ്രങ്ങളില്‍ പച്ചപ്പ് കൂടി. സമുദ്ര ഉപരിതല പാളികളിലെ വസ്തുക്കളുടെ സാന്നിധ്യത്തില്‍നിന്നാണ് നിറം വെളിവാകുന്നത്. കടുംനീല നിറമുള്ള ഭാഗത്ത് ജീവജാലങ്ങള്‍ കുറവായിരിക്കും. പച്ചനിറമുള്ള ഭാഗങ്ങളില്‍ ക്ലോറോഫില്‍ അടങ്ങിയ ജീവാണുക്കളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ ആവാസ വ്യവസ്ഥയുണ്ടാവും. മത്സ്യങ്ങള്‍, കടല്‍ പക്ഷികള്‍, സമുദ്ര സസ്തനികള്‍ തുടങ്ങിയവയുടെ ഭക്ഷണം ഫൈറ്റോപ്ലാങ്ക്ടണുകളാണ്.
വിഷയം താപനില
ആഗോള താപനിലയും മലിനീകരണവും വര്‍ധിക്കുമ്പോള്‍ സമുദ്രങ്ങള്ക്കുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ഇതേ സംഘം പഠനം നടത്തി. ഉപരിതലത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ അധികമായാല്‍ സമുദ്രത്തിന്റെ 50 ശതമാനത്തിലധികം നിറം മാറ്റത്തിന് വിധേയമാകും. ആഗോളതാപനത്താല്‍ കടല്‍ നിരപ്പുയരുന്നത് വലിയ ആശങ്കയും ഭീഷണിയുമാണ്. കേരളതീരത്തെ നഗരങ്ങള്‍ ഉള്‍പ്പെടെ മുംബൈ മഹാനഗരംവരെ കടല്വിഴുങ്ങിയേക്കാമെന്നും നേരത്തേതന്നെ മുന്നറിയിപ്പുണ്ട്.
ഭൂമിയിലെ ഏറ്റവും വലിയ മഞ്ഞുകട്ടിയായ വെസ്റ്റ് അന്റാര്‍ട്ടിക് ഐസ് പാളി തകര്‍ച്ചയുടെ വക്കിലാണെന്നാണ് ഓസ്ട്രേലിയന്‍ ദേശീയ സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. ഈ കൂറ്റന്‍ ഐസുകട്ട സമുദ്രനിരപ്പിനെ 9.8 അടിയിലേറെ ഉയര്‍ത്തിയേക്കാമെന്നും, അത്തരത്തില്‍ സമുദ്രതീരത്തുള്ള എല്ലാ നഗരങ്ങളും മുങ്ങുമെന്നും അവര്‍ പറയുന്നു.
ശ്രീലങ്കന്‍ തീരം അപ്പാടെയും മുംബൈ, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളും കടലില്‍ താഴ്ന്നുപോകാം. ടോക്കിയോ, ഒസാക്ക തുടങ്ങിയ ജപ്പാന് നഗരങ്ങളും ബീജിംഗ് ഉള്‍പ്പെടെ ചൈനയുടെ കിഴക്കന്‍ തീരവും മുങ്ങും. 7,60,000 ചതുരശ്ര മൈലാണ് വെസ്റ്റ് അന്റാര്‍ട്ടിക് ഹിമപാളിയുടെ വിസ്തൃതി. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവിലെ വര്‍ധനയാണ് ഹിമപാളി ദുര്‍ബലപ്പെടാന്‍ കാരണമായി ഗവേഷകര്‍ പറയുന്നത്.
ലോകത്തിലെ 70 ശതമാനം ജലമാണ് അന്റാര്‍ട്ടിക്കയിലെ മൂന്നു കൂറ്റന്‍ ഹിമപാളികളിലായി അടങ്ങിയിരിക്കുന്നത്. ആഗോള താപനത്തില്‍ ഈ ഹിമപാളികളെല്ലാംകൂടി ഉരുകിയാല്‍ കടല്‍നിരപ്പ് 56 മീറ്റര്‍വരെ ഉയരാം. ജലനിരപ്പ് ഉയരുന്നതിനു പുറമേ, കടല്‍ വെള്ളത്തിന്റെ പ്രവാഹത്തെയും അത് ബാധിച്ചേക്കാം.
ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തിലധികവും സമുദ്രങ്ങളാണ്. ഓക്സിജന്റെ 50 ശതമാനത്തിലേറെയും ഉത്പാദിപ്പിക്കുന്നതും സമുദ്രങ്ങളാണ്. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്ത് ആഗോളതാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതിലും കടലുകള്‍ സഹായിക്കുന്നു.
ഒറ്റ സമുദ്രത്തിൽനിന്ന്
അതിപുരാതന കാലത്ത് ഭൂമിയില്‍ ഒറ്റ സമുദ്രമേ ഉണ്ടായിരുന്നുള്ളു. കാലാന്തരത്തില്‍ പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍, ആര്‍ട്ടിക്, അന്റാര്‍ട്ടിക് എന്നീ സമുദ്രങ്ങളായി മാറി. വലിപ്പം കൊണ്ടും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്നതിലും ഒന്നാം സ്ഥാനം പസഫിക്കിനാണ്. സമുദ്രങ്ങളുടെ വലുപ്പത്തിന്റെ 47 ശതമാനവും വെള്ളത്തിന്റെ 50 ശതമാനവും പസഫിക്കിലാണ്.
ഭൂമിയിലെ ഏറ്റവും ആഴമുള്ള ഭാഗമായ മരിയാന ട്രെഞ്ച് പസഫിക്ക് സമുദ്രത്തിലാണ്. ഇതില്‍തന്നെ ഏറ്റവും ആഴമേറിയ ചാലഞ്ചര്‍ ഡീപ് ഭാഗത്തിന് പത്തു കിലോമീറ്ററിലേറെ ആഴമുണ്ട്. രണ്ടാമത്തെ വലിയ സമുദ്രം അറ്റ്ലാന്റിക്കാണ്. ശരാശരി ആഴം 3646 മീറ്റര്‍. ലോകത്തിലെ വന്നദികളേറെയും സംഗമിക്കുന്നത് അറ്റ്ലാന്റിക്കിലാണ്. അറ്റ്ലാന്റിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം ഒന്‍പതു കിലോമീറ്റര്‍ ആഴമുള്ള പിക്ടോറിക്ക കിടങ്ങാണ്.
വലിപ്പത്തിലും ജലം ഉള്‍ക്കൊള്ളുന്നതിലും മൂന്നാം സ്ഥാനം ഇന്ത്യന്‍ മഹാസമുദ്രത്തിനാണ്. ഇന്ത്യന്‍ സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം ഓസ്ട്രേലിയയ്ക്കു സമീപമുള്ള എട്ടു കിലോമീറ്റര്‍ ആഴമുള്ള ഡയമന്റീന കിടങ്ങാണ്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, ജാവാകടല് തുടങ്ങിയവ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമാണ്. ഒരു രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക സമുദ്രവും ഇതാണ്. ശരാശരി ആഴം 3.7 കിമീ. ആര്‍ട്ടിക് സമുദ്രം വലിപ്പത്തില്‍ ഏറ്റവും ചെറുതാണ്. ഉത്തരധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന അന്റാര്‍ട്ടിക് സമുദ്രത്തില്‍ തുറമുഖങ്ങളില്ല.
വരും, പുത്തൻ കടൽ
അതിവിദൂരഭാവിയില്‍ ആഫ്രിക്കയില്‍ ഒരു സമുദ്രംകൂടി ഉണ്ടായേക്കാമെന്നാണ് പഠനങ്ങള്‍. മാത്രമല്ല, ആഫ്രിക്ക രണ്ടായിപ്പിളര്‍ന്ന് കിഴക്കന്‍ ആഫ്രിക്ക മറ്റൊരു ഭൂഖണ്ഡമായി മാറാനും ഇടയുണ്ട്. ഇതോടൊപ്പം പുതിയൊരു സമുദ്രതടം രൂപപ്പെട്ടേക്കാം.
കരയിലുള്ളതുപോലെതന്നെ പര്‍വതങ്ങളും ഗര്‍ത്തങ്ങളും അഗ്നിപര്‍വതങ്ങളുമൊക്കെ കടലിനടിയിലുമുണ്ട്. കടല്‍ വെള്ളത്തില്‍ ശരാശരി 3.5 ശതമാനം ലവണാംശം അഥവാ ഉപ്പ് അടങ്ങിയിരിക്കുന്നു. അതായത്, ഒരു ലിറ്റര്‍ കടല്‍വെള്ളത്തില്‍ 35 ഗ്രാം ഉപ്പ് അടങ്ങിയിട്ടുണ്ട്. സോഡിയം ക്ലോറൈഡാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. കൂടാതെ മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ മറ്റു ധാതുക്കളും ഇതില്‍ കാണപ്പെടുന്നു.
SUNDAY DEEPIKA
ചിന്താവിഷയം
വർഷംതോറും ലക്ഷക്കണക്കിനു തീർഥാടകർ സ്പെയിനിലെ പ്രസിദ്ധമായ കമീനോ ദെ സാന്റിയാഗോ എന്ന തീർഥാടനപാതയിലൂടെ സഞ്ചരിക്കാറുണ്ട്. അപ്പസ്തോലനും യോഹന്നാന്റെ സഹോദരനുമായ യാക്കോബിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കോംപോസ്റ്റേലയിലെ കത്തീഡ്രൽ ദേവാലയമാണ് അവരുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഈ തീർഥയാത്രയിൽ പങ്കെടുക്കുന്നു. ചിലർ നൂറുകണക്കിനു കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുന്നു. ഈ യാത്ര പലർക്കും ശാരീരിക വെല്ലുവിളി മാത്രമല്ല, ആത്മീയ നവീകരണത്തിന്റെ അനുഭവംകൂടിയാണ്.
യാക്കോബിന്റെ ഈ പാതയ്ക്ക് നിരവധി വഴികളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫ്രാൻസിലെ സെന്റ് ജീൻ ദെ പോർട്ട്, പോർച്ചുഗലിലെ ലിസ്ബണ്‍ എന്നിവിടങ്ങളിൽനിന്നുള്ളവയും, സ്പെയിനിന്റെ തീരദേശങ്ങളിലൂടെ കടന്നുപോകുന്ന കമീനോ ദെൽ നോർത്തെ, പുരാതന രാജപാത പിന്തുടരുന്ന വിയ ദെ ലാ പ്ലാറ്റ എന്നിവയുമാണ്. ഈ വഴികളെല്ലാം വ്യത്യസ്തമാണെങ്കിലും അവയുടെ ലക്ഷ്യം സാന്റിയാഗോ ആണ്.
കത്തോലിക്കാ എഴുത്തുകാരനായ മാത്യു കെല്ലി തന്റെ "ദ ഫോർഗോട്ടൻ വേ' എന്ന ഗ്രന്ഥത്തിൽ ഈ തീർഥയാത്ര പശ്ചാത്തലമാക്കിക്കൊണ്ട് വലിയൊരു സത്യം അവതരിപ്പിക്കുന്നുണ്ട്. മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥയാത്ര സാന്റിയാഗോയിലേക്കുള്ള യാത്രയല്ലെന്നും അതിനേക്കാൾ ഏറെ പ്രയാസകരമായ ഒരു യാത്രയുണ്ടെന്നും അദ്ദേഹം പറയുന്നു. അത് നമ്മുടെ നാവിനെ നിയന്ത്രിക്കാനുള്ള യാത്രയാണ്. ആ യാത്രയാകട്ടെ ഹൃദയത്തിൽനിന്നു നാവിലേക്കുള്ളതും.
വിശുദ്ധി എന്നു കേൾക്കുന്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്താറുള്ളത് പ്രാർഥന, പ്രായശ്ചിത്തം, ഉപവാസം, ദാനധർമം, തീർഥയാത്ര എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. എന്നാൽ, വിശുദ്ധ യാക്കോബ് തന്റെ ലേഖനത്തിൽ ഏറെ പ്രാധാന്യം നൽകുന്നത് നാവിനെ നിയന്ത്രിക്കുന്ന കാര്യത്തിലാണ്. അദ്ദേഹം എഴുതുന്നു: ""സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പൂർണനാണ്'' (3:2). വലിയ കാട്ടുതീ പടർത്താൻ കഴിയുന്ന ചെറിയ ഒരു തീപ്പൊരിയായി അദ്ദേഹം നാവിനെ ഉപമിക്കുന്നുണ്ട്.
നാം അനുദിനജീവിതത്തിൽ കാണുന്ന ഒരു യാഥാർഥ്യമല്ലേ ഇത്? ചിലരുടെ ചില വാക്കുകൾ കുടുംബങ്ങളെ തകർക്കുന്നു. മറ്റു ചിലരുടെ വാക്കുകൾ വർഷങ്ങളായി നിലനിൽക്കുന്ന സൗഹൃദം നശിപ്പിക്കുന്നു. വേറേ ചിലരുടെ വാക്കുകളാകട്ടെ വലിയ അക്രമപ്രവൃത്തികൾക്കു കാരണമാകുന്നു. ഇങ്ങനെ സമൂഹത്തിൽ വലിയ നാശം വിതയ്ക്കുവാൻ നമ്മുടെ നാവുകൾക്ക് ശക്തിയുണ്ട്.
അതേസമയം, നമ്മുടെ വാക്കുകൾക്ക് നവജീവൻ നൽകാനുള്ള ശക്തിയുണ്ടെന്ന കാര്യവും നാം ഓർമിക്കണം. നിരാശയിൽ തകർന്നടിയുന്ന ഒരാൾക്ക് ചില പ്രോത്സാഹനവാക്കുകൾ മാത്രംമതിയാകും ആ നിരാശയുടെ നീർച്ചുഴിയിൽനിന്നു കരകയറാൻ. ആത്മാർഥമായ ക്ഷമാപണവാക്കുകൾക്ക് തകർന്ന ബന്ധങ്ങളെ പുനഃസ്ഥാപിക്കാൻ ശക്തിയുണ്ടല്ലോ. നമ്മുടെ നന്ദിപ്രകടനം മറ്റൊരാളുടെ ജീവിതത്തിൽ എത്രമാത്രം ഉൗർജമാണ് സൃഷ്ടിക്കുക! സുഭാഷിതങ്ങളിൽ ഇപ്രകാരം പറയുന്നു: ""ജീവനെ നശിപ്പിക്കാനും പുലർത്താനും നാവിനു കഴിയും'' (18:21). അതെ, നമ്മുടെ വാക്കുകൾക്ക് നശിപ്പിക്കാനും സുഖപ്പെടുത്താനും കഴിയും. വാളിനേക്കാൾ ആഴത്തിൽ മുറിവേല്പിക്കാനും മരുന്നിനേക്കാൾ ഫലപ്രദമായി ആശ്വാസം പകരാനും അവയ്ക്കു സാധിക്കും.
നമ്മുടെ വാക്കുകൾ ഹൃദയത്തിന്റെ കണ്ണാടിയാണ്. ഹൃദയത്തിൽ കയ്പ്പുണ്ടെങ്കിൽ വാക്കുകളിലും കയ്പ്പുണ്ടാകും. ഹൃദയത്തിൽ സ്നേഹമുണ്ടെങ്കിൽ വാക്കുകളിലും സ്നേഹമുണ്ടാകും. ഹൃദയത്തിൽ നന്ദിയുണ്ടെങ്കിൽ വാക്കുകളിലും സൗമ്യതയുണ്ടാകും. അതുകൊണ്ടല്ലേ ""ഹൃദയത്തിന്റെ തികവിൽനിന്ന് അധരങ്ങൾ സംസാരിക്കുന്നു'' (മത്താ 12:34) എന്നു ദൈവപുത്രനായ യേശു പഠിപ്പിച്ചത്?
നാവിനെ നിയന്ത്രിക്കുകയെന്നത് ഏറെ പ്രയാസകരമാണ്. കാരണം, അതു വെറും സംസാരശൈലി മാറ്റുന്നതല്ല; ഹൃദയത്തെ മാറ്റുന്ന പ്രക്രിയയാണ്. ഇന്നത്തെ ലോകത്തിൽ ഈ വെല്ലുവിളി ഏറെ വലുതായിരിക്കുന്നു. മുന്‍പ് ആളുകൾ അവരുടെ ചുറ്റുമുള്ള ആളുകളോടു മാത്രമാണു സംസാരിച്ചിരുന്നത്. ഇന്നു സോഷ്യൽ മീഡിയയിലൂടെ ഒരു നിമിഷംകൊണ്ട് ആയിരക്കണക്കിന് ആളുകളിലേക്ക് നമ്മുടെ വാക്കുകൾ എത്തുന്നു. മുഖാമുഖം പറയാൻ മടിക്കുന്ന കാര്യങ്ങൾ പലരും ഓണ്‍ലൈനിൽ എഴുതുന്നു. വിമർശനവും അപവാദവും കോപവും നിന്ദയും അതിവേഗം പടരുന്നു. സാങ്കേതികവിദ്യ നാവിന്റെ ശക്തിയെ അനേകമടങ്ങ് വർധിപ്പിക്കുന്നു. അത്തരം ഒരു കാലഘട്ടത്തിൽ വിശുദ്ധ യാക്കോബിന്റെ ഉപദേശം അത്യന്തം പ്രസക്തമാണ്.
യോഹന്നാൻ ശ്ലീഹായുടെ സഹോദരനായ വിശുദ്ധ യാക്കോബിന്റെ പേരിലുള്ള തീർഥയാത്ര മഹത്തായതുതന്നെ. എന്നാൽ അപ്പസ്തോലന്മാരിൽ യാക്കോബ് എന്നുപേരുള്ള രണ്ടാമൻ ചൂണ്ടിക്കാണിക്കുന്ന തീർഥയാത്ര മറ്റൊന്നാണ്. കോപത്തിൽനിന്നു ക്ഷമയിലേക്കും അപവാദത്തിൽനിന്നു പ്രോത്സാഹനത്തിലേക്കും പരാതിയിൽനിന്നു നന്ദിയിലേക്കും മുറിവേൽപ്പിക്കുന്ന വാക്കുകളിൽനിന്ന് അനുഗ്രഹിക്കുന്ന വാക്കുകളിലേക്കുമൊക്കെയുള്ള തീർഥയാത്രയാണത്.
ഈ യാത്ര ഹൃദയത്തിൽനിന്നു നാവിലേക്കുള്ള യാത്രയാണ്. ഓരോ പ്രഭാതവും ഈ യാത്ര തുടങ്ങാനുള്ള പുതിയ അവസരമാണ്. അതായത്, ഓരോ സംഭാഷണവും ഒരു പുതിയ വഴിത്തിരിവാണ്. ഓരോ അഭിപ്രായവ്യത്യാസവും ഒരു പരീക്ഷണമാണ്. ഓരോ വാക്കും വിശുദ്ധിയിലേക്കോ അതിൽനിന്ന് അകന്നോ ഉള്ള ഒരു ചുവടുവയ്പാണ്.
ഓസ്ട്രേലിയൻ- അമേരിക്കൻ എഴുത്തുകാരനായ മാത്യു കെല്ലി തന്റെ ഗ്രന്ഥത്തിൽ പറയുന്ന, മറന്നുപോയ വഴി യഥാർഥത്തിൽ പുതുമയുള്ള ഒന്നല്ല. എന്നാൽ നാമെന്നും ഓർമിക്കേണ്ട വഴിയാണത്. നാവിനെ നിയന്ത്രിക്കുകയും ഹൃദയത്തെ ശുദ്ധീകരിക്കുകയും വാക്കുകളെ ദൈവകൃപയുടെ ഉപകരണങ്ങളാക്കുകയും ചെയ്യുന്ന വഴിയാണത്. ഈ വഴിയിലൂടെയുള്ള യാത്ര ഏറെ ദൈർഘ്യമുള്ളതാകാം. എന്നാൽ നമുക്ക് ഉപേക്ഷിക്കാൻ വയ്യാത്ത യാത്രയാണിത്. അതു മറക്കാതിരിക്കാം.
SUNDAY DEEPIKA
1978. കോയന്പത്തൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ റഷ്യ- ഇന്ത്യ ഫുട്ബോൾ മത്സരം. ഗാലറികൾ നിറഞ്ഞുകവിയുന്ന ജനസാഗരം. പ്രഗത്ഭനായ രഞ്ജിത്ത് ഥാപ്പ ഇന്ത്യൻ ക്യാപ്റ്റൻ. ആദ്യപകുതി പൂർത്തിയാകുന്പോൾ ഇന്ത്യ ഒരു ഗോളിന് പിന്നിൽ. രണ്ടാംപകുതി ആരംഭിച്ചതുതന്നെ കോച്ച് ഷൺമുഖം നടത്തിയ സബ്സ്റ്റിറ്റ്യൂഷനോടെയാണ്.
ലെഫ്റ്റ് ഹാഫ് ബാക്ക് എം.എം. ജേക്കബ് കളത്തിൽ. കളിയുടെ 65-ാം മിനിറ്റിൽ മഫത്ത്ലാലിന്റെ ഗോവൻ താരം ബർണാഡ് നൽകിയ മൈനസ്പാസിൽ എം.എം. ജേക്കബിന്റെ 35 വാര അകലെനിന്നുള്ള കിടിലൻ ഷോട്ട് വലയിൽ പറന്നിറങ്ങുന്നു. സ്റ്റേഡിയം ആർത്തിരന്പി. ഗാലറി മുഴുവൻ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി. മലയാളിയായ സി.സി. ജേക്കബ് ഉൾപ്പടെയുള്ള സഹതാരങ്ങൾ വാരിപ്പുണർന്നു. സമനിലയോടെ കളി തീരുമെന്ന് കരുതിയിരിക്കെ അവസാനനിമിഷം നേടിയ ഗോളിൽ 2-1 ന് റഷ്യ ജയിച്ചു. പക്ഷേ, കളി ജയിച്ചതിനുതുല്യമായിരുന്നു കാണികളുടെ ആഹ്ലാദപ്രകടനം.
22 വർഷങ്ങൾക്കുശേഷം...
കാലം കടന്നുപോയി. നീണ്ട 22 വർഷങ്ങൾക്കുശേഷം കോയന്പത്തൂരിലെ അതേഗ്രൗണ്ടിൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമുമായി കോച്ച് എം.എം. ജേക്കബ് എത്തി. രാവിലെ പരിശീലനം നടക്കുന്ന സമയം. മധ്യവയസ്കരായ ഏതാനുംപേർ അദ്ദേഹത്തിന്റെ അരികിലെത്തി. അതിൽ ഒരാൾ ചോദിച്ചു: "എം.എം. ജേക്കബ് അല്ലേ. അകലേനിന്നുകണ്ടപ്പോൾ സംശയം തോന്നി.
വർഷങ്ങൾക്കുമുന്‍പ് ഇവിടെ അടിച്ച മഴവില്ലുപോലൊരു ഗോൾ ഓർമയുണ്ടോ...? റഷ്യക്കെതിരേ... മുഴുവൻ കണികളുടെയും ഹൃദയം കവർന്ന ആ ഗോൾ ഇപ്പോഴും ഞങ്ങൾ മനസിൽ സൂക്ഷിക്കുന്നുണ്ട്.!' അന്നത്തെ കളിയെക്കുറിച്ച് അവർ വർണിച്ചപ്പോൾ കരുത്തുറ്റ ഈ പ്രതിരോധഭടന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞുപോയി. ഒരുകാലത്ത് ഇന്ത്യൻ ഫുട് ബോളിൽ ലോംഗ്റേഞ്ചിന്റെ രാജകുമാരനായിരുന്നു എം.എം. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനായ എം.എം. ജേക്കബ്.
കാല്‍പന്തിനോട് കുഞ്ഞുനാളിലേ പ്രിയം
1952 ഏപ്രിൽ 25ന് ആലുവ മാറാഞ്ചേരി മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി ജനനം. ഇലക്ട്രിസിറ്റി ബോർഡിൽ ലൈൻമാനായിരുന്ന അപ്പൻ ദിവസവും ഫുട്ബോൾ കളിക്കുമായിരുന്നു. ഫുട്ബോൾകന്പം മൂത്ത ആലുവക്കാർ ദിവസവും അതിരാവിലെയും വൈകീട്ടും മുനിസിപ്പൽ മൈതാനിയിൽ പന്തുകളിക്കാൻ എത്തുന്നത് അന്നത്തെ സ്ഥിരംകാഴ്ചയായിരുന്നു. മൈതാനത്തിന് അടുത്ത വീടായതിനാൽ ജേക്കബും എന്നും ഗ്രൗണ്ടിൽ എത്തുമായിരുന്നു.
അങ്ങനെ സ്കൂൾകാലം മുതൽക്കേ ഫുട്ബോളിനോടു പ്രിയംകൂടി. ആലുവ സെന്റ് മേരീസ് സ്കൂൾ ടീമിലൂടെ തുടക്കം. പിന്നെ പ്രീഡിഗ്രിക്കെത്തിയപ്പോൾ കാലടി ശങ്കര കോളജ് ടീമിൽ. എം.ഒ. ജോണ്‍, ബെന്നി ബഹനാൻ, കെ. ബാബു എന്നിങ്ങനെ ഇന്നത്തെ രാഷ്ട്രീയക്കാരും പിന്നീട് ക്രൈസ്റ്റ് കോളജ് ക്യാപ്റ്റനായ എം.ഒ. ദേവസിയുമൊക്കെയായിരുന്നു അന്നത്തെ കളിക്കൂട്ടുകാർ.
ഇട്ടിമാത്യുവിലൂടെ ക്രൈസ്റ്റിലേക്ക്
കാലടി ശങ്കര കോളജിനുവേണ്ടി കളിക്കുന്പോൾതന്നെ ആലുവ മുനിസിപ്പൽ സ്പോർട്സ് ക്ലബ്, ചാലക്കുടി സിറ്റി ക്ലബ് എന്നിവയ്ക്കുവേണ്ടിയും കളിക്കുമായിരുന്നു. പ്രീഡിഗ്രി വെക്കേഷൻ കാലത്ത് കൊല്ലത്തു നടന്ന കേരള സ്പോർട്സ് കൗണ്‍സിലിന്റെ വേനൽക്കാല പരിശീലന ക്യാന്പിൽ പങ്കെടുത്തു. ആ സമയത്താണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന എൻ.കെ. ഇട്ടിമാത്യു അങ്ങോട്ടുവിളിക്കുന്നത്.
അതേക്കുറിച്ച് ഇട്ടിമാത്യു പറയുന്നു: ""72 ലാണ് ക്രൈസ്റ്റ് കോളജ് ടീം കുറച്ചുകൂടി ശക്തിപ്പെടുത്താൻ എന്താണു ചെയ്യാനാവുക എന്നാലോചിക്കുന്നത്. പ്രിൻസിപ്പലായിരുന്ന ഗബ്രിയേലച്ചനോട് (പത്മവിഭൂഷൻ ഫാ. ഗബ്രിയേൽ ചിറമ്മൽ സിഎംഐ) ഞാൻ പറഞ്ഞു, ആലുവയിൽ ഒരു പയ്യൻ ഉണ്ട്. അവനെ കിട്ടിയാൽ നമ്മുടെ ഹാഫ് ബാക്ക് ഭദ്രമാകും. നല്ല പവർഫുൾ ലോംഗ് റേഞ്ച് ഷോട്ടുകളാണ്; ഇടതു- വലതു കാൽ വ്യത്യാസമില്ലാതെ.
പക്ഷേ, ഹോസ്റ്റലും മറ്റും സൗജന്യമായി കൊടുക്കേണ്ടിവരും. എങ്കിൽ അവനോടു വരാൻ പറയെന്നായി അച്ചൻ. ജോസഫ് പി. തോമസ് ആയിരുന്നു ക്രൈസ്റ്റിലെ മുഖ്യ കായികാധ്യാപകൻ. തോമസ് വർഗീസ് അസിസ്റ്റന്റും. ഇരുവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് എംഎം ക്രൈസ്റ്റിൽ ബികോമിന് ചേരുന്നത്. പഠനം, ഹോസ്റ്റൽ, ഭക്ഷണം, എല്ലാം സൗജന്യം. പിന്നെ മൂന്നുവർഷക്കാലം ക്രൈസ്റ്റിന്റെ എല്ലാമെല്ലാമായി. ആ മൂന്നുവർഷവും ഒാൾ ഇന്ത്യ യൂണിവേഴ്സിറ്റി കളിച്ചു. ടീം ഒരുതവണ ചാന്പ്യന്മാരായി; രണ്ടുതവണ റണ്ണറപ്പും''. ഇതിനിടെ 73ൽ ജൂണിയർ സ്റ്റേറ്റ് കളിച്ചു ചാന്പ്യന്മാരായി.
സന്തോഷ് ട്രോഫിയിലേക്ക്
ക്രൈസ്റ്റിൽ പഠിക്കുന്പോൾതന്നെയാണ് സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമാകുന്നത്. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ ഉണ്ടായില്ല. പിറ്റേ വർഷം ടീമിന്റെ ഭാഗമായി. ഒളിന്പ്യൻ സൈമണ്‍ സുന്ദർരാജ് തന്നെയായിരുന്നു കോച്ച്. പിന്നെ 1982 വരെ തുടർച്ചയായി എട്ടുവർഷം സന്തോഷ് ട്രോഫിയിൽ കളിച്ചു. 82 ലെ തൃശൂർ സന്തോഷ് ട്രോഫി ക്യാപ്റ്റൻ. രണ്ടുതവണ വൈസ് ക്യാപ്റ്റൻ. എട്ടു ഗോളുകളും സ്കോർ ചെയ്തു. സന്തോഷ് ട്രോഫിയിലെ മറ്റൊരു കൗതുകം ആദ്യ സന്തോഷ് ട്രോഫിയിലും അവസാനത്തേതിലും സൈമണ്‍ സാറായിരുന്നു കോച്ച്.
ഓരോരുത്തരുടെയും പൊസിഷനും മൂവ്മെന്റ്സും അറ്റാക്കിംഗും ഡിഫെൻസുമെല്ലാം അദ്ദേഹം ഞങ്ങളെ പേപ്പറിൽ വരച്ച് കാണിച്ചു തരുമായിരുന്നു. 4-2-4 ശൈലിയാണ് ഞങ്ങളെ പഠിപ്പിച്ചത്. സാറിന്റെ പാഠങ്ങൾ എന്റെ കളി ജീവിതത്തിൽ (കളിക്കാരൻ, കോച്ച് എന്നീ നിലകളിൽ) ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട് എന്നുപറയാതെ വയ്യ. കാലിക്കട്ട് വാഴ്സിറ്റി കോച്ച് ആയിരുന്ന സിപിഎം ഉസ്മാൻകോയ സാറിന്റെ കോച്ചിംഗും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്- ജേക്കബ് പറയുന്നു.
ഇന്റർവ്യൂ നടന്നില്ല; കസ്റ്റംസ് ടീമിലേക്ക്
75ലെ വെക്കേഷൻ കാലം. നാടെങ്ങും നിറയെ കളികൾ. അതുകഴിഞ്ഞതോടെയാണു ടൈറ്റാനിയത്തിന്റെ ഗോളിയും ക്യാപ്റ്റനുമായ സുഹൃത്ത് ഇട്ടിമാത്യു വിളിക്കുന്നത്- ടൈറ്റാനിയത്തിൽ ജോയിൻ ചെയ്യാൻ. തിരുവനന്തപുരത്തെത്തി. ഇന്റർവ്യൂ ചെയ്യാൻ അന്നവരുടെ സിഎംഡി ആയിരുന്ന പത്മകുമാർ സാർ സ്ഥലത്തില്ല. എന്തോ അത്യാവശ്യത്തിനുപോയതാണ്. രണ്ടുദിവസം കഴിഞ്ഞേവരൂ. ഇട്ടിയുടെ റൂമിൽ തങ്ങാൻ പറഞ്ഞു.
രാത്രിയായപ്പോൾ ഞാൻ രണ്ടുദിവസം കഴിഞ്ഞുവരാമെന്നുപറഞ്ഞ് വീട്ടിലേക്കു തിരിച്ചുപോന്നു. രണ്ടുദിവസത്തിനകം കസ്റ്റംസിൽനിന്ന് വിളിയെത്തി. അങ്ങനെ 1975 ഓഗസ്റ്റ് 16ന് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിൽ ജോലിയിൽ പ്രവേശിച്ചു. പിന്നെ നീണ്ട 37 വർഷങ്ങൾ... 2012 ഏപ്രിൽ 30ന് സൂപ്രണ്ടന്റ് ആൻഡ് സ്പോർട്സ് ഓഫീസറായി വിരമിച്ചു.
കസ്റ്റംസിലെ അവിസ്മരണീയ ദിനങ്ങൾ
സി.സി. ജേക്കബ്, എൻ.ജെ. ജേക്കബ്, സി.പി. രാജൻ, ഗോകുലൻ തുടങ്ങി 16 പേർ. വല്ലാത്തൊരു ആത്മബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഇപ്പോഴും വർഷത്തിലൊരിക്കൽ ഞങ്ങൾ കുടുംബസമേതം ഒരുമിച്ചുകൂടി വിനോദയാത്ര നടത്താറുണ്ട്. അത്ര ഉൗഷ്മളമായ സ്നേഹബന്ധം.
ഇന്ത്യ മുഴുവൻ പ്രമുഖ ടൂർണമെന്റുകളിലെല്ലാം ഞങ്ങൾ കളിച്ചു. നിരവധി കപ്പുകൾ നേടി. പലയിടങ്ങളിലും റണ്ണേഴ്സ് ആയി. അക്കാലത്ത് പ്രഗത്ഭരായ പല ടീമുകളുമുണ്ടായിരുന്നു. കൽക്കട്ടയിൽനിന്നുതന്നെ ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, മോഹൻബഗാൻ. ഗോവയിൽനിന്നു ഡെംപോ, സാൽഗോക്കർ തുടങ്ങി വന്പൻ ടീമുകൾ. മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഇന്ത്യൻതാരങ്ങളടങ്ങിയ ടീമുകൾ. എന്നിട്ടും കസ്റ്റംസ് കരുത്തുകാട്ടി.
എൽആർജി നായിഡു കപ്പ്, ചാക്കോള, മാമൻ മാപ്പിള, നെഹ്റു ട്രോഫി തുടങ്ങിയ പല പ്രഗത്ഭ ടൂർണമെന്റുകളിലും സെമിഫൈനലിസ്റ്റുകളും ഫൈനലിസ്റ്റുകളുമായി. 1983ൽ വി.പി. സത്യൻ ക്യാപ്റ്റനായുള്ള കണ്ണൂർ ലക്കി സ്റ്റാറിനെ തോൽപ്പിച്ച് സ്റ്റേറ്റ് ചാന്പ്യൻഷിപ്പും കരസ്ഥമാക്കി. അങ്ങനെ 15വർഷം കളിക്കാരനായും 22 വർഷം കോച്ചായും കസ്റ്റംസ്ജീവിതം ആസ്വദിച്ചു. ഈ 15 വർഷത്തിൽ 12 വർഷവും ക്യാപ്റ്റനുമായിരുന്നു.
മായാത്ത മറ്റൊരു ഗോൾ
തിരുവനന്തപുരത്ത് ജിവിരാജ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ. കസ്റ്റംസും ഡെംപോ ഗോവയും തമ്മിൽ പൊരിഞ്ഞ മത്സരം. ആദ്യദിനം ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അന്നൊന്നും എക്സ്ട്രാ ടൈമോ ടൈബ്രേക്കറോ ഇല്ല. സമനിലയായാൽ പിറ്റേന്നു കളിക്കുകതന്നെ. അങ്ങനെ നാലുദിവസംവരെ കളിക്കേണ്ടിവന്ന ടൂർണമെന്റുകളുണ്ട്.
രണ്ടാംദിനം ഞങ്ങൾ വീണ്ടും ഏറ്റുമുട്ടുകയാണ്. ബാലകൃഷ്ണൻ ആയിരുന്നു ഞങ്ങളുടെ ക്യാപ്റ്റൻ. ഇന്ത്യൻ ഇന്റർനാഷണലുകളായ സുക്കോറോ ക്യാപ്റ്റനും സന്പത്ത് ഗോളിയുമായ ഗംഭീര ടീമായിരുന്നു ഡെംപോ. ആദ്യ ഹാഫിൽത്തന്നെ സി.പി. രാജൻ നൽകിയ മൈനസ് പാസിൽ 30വാര അകലെനിന്ന് ഞാനെടുത്ത ഒരു തകർപ്പൻ ഇടങ്കാലൻ ഷോട്ട് സന്പത്തിനെ കീഴടക്കി വലയ്ക്കുള്ളിൽ കയറി. കാണികൾ ഒന്നടങ്കം ആർപ്പുവിളിച്ചു. ഗോൾവീണതുമുതൽ ഡെംപോ പരുക്കൻകളി പുറത്തെടുത്തു. അറ്റാക്കിനൊപ്പം ഫൗളും.
ഒടുവിൽ പെനാൽറ്റി ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഉയർന്നുചാടിയപ്പോൾ നമ്മുടെ ഒരു താരത്തിന്റെ കൈയിൽ പന്ത് കൊണ്ടുവെന്നുപറഞ്ഞ് റഫറി പെനാൽറ്റി വിളിച്ചു. ഭയങ്കര ബഹളമായി. കാണികൾ ക്ഷുഭിതരായി. കളിക്കേണ്ട, ഗ്രൗണ്ടിൽനിന്നു കയറിപ്പോരൂ എന്നൊക്കെയാണ് ഞങ്ങളോട് അവർ ആവശ്യപ്പെട്ടത്. അന്ന് എം. ഭരതനായിരുന്നു കസ്റ്റംസിന്റെ മാനേജർ. അദ്ദേഹം വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചു; കളിക്കാൻ പറഞ്ഞു. ഒടുവിൽ സുക്കോറോ എടുത്ത പെനാൽറ്റി ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. അങ്ങനെ ഞങ്ങൾ സെമിയിലേക്ക്...
ഇന്ത്യൻ ജഴ്സിയിൽ
1976 മുതൽ 79 വരെ നാലുവർഷം ഇന്ത്യൻ കുപ്പായത്തിൽ കളിച്ചു. 76ൽ കൊറിയയിലെ സിയൂളിൽ നടന്ന പ്രസിഡന്റ് കപ്പ്, 77ൽ ബാങ്കോക്കിൽ നടന്ന കിംഗ്സ് കപ്പ്, 78ൽ ബാങ്കോക്കിൽ നടന്ന എട്ടാമത് ഏഷ്യൻ ഗെയിംസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബ്രസീൽ, ഹംഗറി, റഷ്യ, മലേഷ്യ, കുവൈറ്റ്, ഇറാക്ക്, കൊറിയ, യുഎഇ, ബഹറിൻ, സൗദി അറേബ്യ എന്നീ ടീമുകൾക്കെതിരേ കളിച്ചു. 80-81, 82-83 വർഷങ്ങളിൽ ബെസ്റ്റ് ഫുട്ബോളർ ഓഫ് കേരളയായി ജി.വി. രാജാ ഗോൾഡ് മെഡൽ സ്വന്തമാക്കി. ഒരിക്കൽ സ്പോർട്സ് കൗൺസിലിന്റെ ജി.വി. രാജാ അവാർഡും നേടി.
പരിശീലകനായി
കസ്റ്റംസിൽ കളിക്കുമ്പോഴാണ് ഡിപ്പാർട്ട്മെന്റുതന്നെ കോൽക്കത്തയിലെ സായ് സെന്ററിൽ എൻഐഎസ് കോച്ചിംഗിനു വിട്ടത്. ഒരു വർഷത്തെ ഡിപ്ലോമ കഴിഞ്ഞ് ഫസ്റ്റ് റാങ്കോടെ പാസായി എത്തിയപ്പോഴാണ് കോച്ചിംഗ് ദൗത്യം ആരംഭിച്ചത്. 22 വർഷത്തെ കോച്ചിംഗിനിടയിൽ സന്തോഷ് ട്രോഫി കേരള ടീമിന്റെ കോച്ചുമായി. മൂന്നുതവണ അസിസ്റ്റന്റ് കോച്ചും അഞ്ചുതവണ ചീഫ് കോച്ചും. ഇതിൽ ഒരുതവണ ചാമ്പ്യൻമാരും രണ്ടുതവണ റണ്ണറപ്പുമായി. ബാക്കി ഭൂരിഭാഗവും സെമി, ക്വാർട്ടർ കളിച്ചു. പി.ആർ. ഹർഷൻ, പി.ടി. ജോയ് എന്നിവരെല്ലാം പ്രഗത്ഭരായ ശിഷ്യഗണങ്ങളിൽ പെടുന്നവരാണ്.
ഫുട്ബോളിനെ പ്രണയിച്ച കുടുംബം
കുഞ്ഞുനാളിൽ അപ്പനായിരുന്നു പ്രചോദനവും പ്രോത്സാഹനവുമെങ്കിൽ വിവാഹത്തോടെ ആ റോൾ ഭാര്യ ജയമോൾ ഏറ്റെടുത്തു. കോതമംഗലം മാർ ബേസിൽ ഹൈസ്കൂളിലെ അധ്യാപികയായിരുന്ന അവർക്ക് ഫുട്ബോളിനോടു വലിയ പ്രിയമായിരുന്നു. അതുകൊണ്ടുതന്നെ ആലുവയിൽ പണിത വീടിന് സോക്കർ ഹോം എന്നു പേരിട്ടു.
മക്കൾ: സോക്കോ (എൻജിനീയർ, ഹൈദരാബാദ്),സഞ്ജു (പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്, കൊളറാഡോ, അമേരിക്ക). മരുമക്കൾ: ബിനില (എൻജിനീയർ, ഹൈദരാബാദ്), ഡോ. ജീതു (റിസർച്ച് സയന്റിസ്റ്റ്, അമേരിക്ക)
രണ്ടു മക്കളും ഫുട്ബോൾ കളിക്കുമായിരുന്നു. രണ്ടാമൻ കാരുണ്യ യൂണിവേഴ്സിറ്റി ടീം അംഗമായിരുന്നു. സോക്കോയുടെ മക്കളായ കെവിൻ പോൾ (ആറാം ക്ലാസ്), ഹെലൻ എലിസബത്ത് (നാലാം ക്ലാസ്) എന്നിവർ ഹൈദരാബാദിലെ ഫുട്ബോൾ അക്കാദമിയിൽ കളിക്കുന്നുണ്ട്. സഞ്ജുവിന്റെ മകൻ മൂന്നു വയസുകാരൻ ലയണൽ ജേക്കബിനും കളിക്കമ്പം തുടങ്ങിയിട്ടുണ്ട്. പേരക്കുട്ടികളുടെ ആഗ്രഹപ്രകാരം അപ്പൂപ്പന്റെ സോക്കർ ഹോമിനോടുചേർന്ന് ഒരു മിനി ടർഫ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്.
ആലുവയിൽനിന്ന് അന്നു 10 പേർ
കാല്പന്തിന്റെ തട്ടകമായിരുന്നു ആലുവ. മുനിസിപ്പൽ ഗ്രൗണ്ടിൽ കളിച്ചിരുന്ന 10 പേർ പ്രതാപകാലത്ത് സന്തോഷ് ട്രോഫി ടീമിൽ ഇടംനേടി. 1982ൽ എം.എം. ജേക്കബ് ക്യാപ്റ്റനായ വർഷം നാലുപേരാണ് ടീമിലുണ്ടായിരുന്നത്. എംഎമ്മിനെക്കൂടാതെ പി. പൗലോസ്, എൻ.ജെ. ജേക്കബ്, എം.എം. പൗലോസ്. സന്തോഷ് ട്രോഫിയിൽ ആദ്യം കളിക്കുന്നത് പി.ജെ. വർഗീസാണ് 1971ൽ. പിന്നെ തമ്പി കലമണ്ണിൽ, കെ.പി. പോൾസൺ (തമിഴ്നാടിനുവേണ്ടി), ഷാജി കുര്യാക്കോസ്, പി.ഡി. ജോയ് , പി.ആർ. ഹർഷൻ...
ചേട്ടനും അനുജനും ഒന്നിച്ച്...
1982ൽ തൃശൂരിൽ നടന്ന സന്തോഷ് ട്രോഫിയിൽ ചേട്ടൻ ക്യാപ്റ്റനായ ടീമിന്റെ മുൻനിരക്കാരനായി അനുജൻ എം.എം. പൗലോസും ഉണ്ടായിരുന്നുവെന്നത് ദൈവനിയോഗമായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നീട് തുടർച്ചയായി നാലുവർഷം അനുജൻ സന്തോഷ് ട്രോഫി കളിച്ചു. നെഹ്റു കപ്പിൽ ഇന്ത്യക്കായും കുപ്പായമണിഞ്ഞു. പ്രീമിയർ ടയേഴ്സിൽ 10 വർഷം കളിച്ച പൗലോസ് ഇപ്പോൾ ആലുവയിൽത്തന്നെ ബിസിനസ് നടത്തുകയാണ്.
SUNDAY DEEPIKA
ചിന്താവിഷയം
സമകാലിക ലോകസാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ഹറുക്കി മുറകാമി. 1949ൽ ജപ്പാനിലെ ക്യോട്ടോയിൽ ജനിച്ച അദ്ദേഹം സ്വപ്നംവും യാഥാർഥ്യവും സംഗീതവും തത്വചിന്തയും ഏകാന്തതയും ഓർമകളും ഒത്തുചേരുന്ന അതുല്യമായ ഒരു സാഹിത്യലോകം സൃഷ്ടിച്ചിരിക്കുകയാണ്. ആധുനിക മനുഷ്യന്റെ ഉള്ളിലെ ശൂന്യതയും അർഥാന്വേഷണവും അദ്ദേഹത്തിന്റെ കൃതികളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്.
നോർവീജിയൻ വുഡ്, ഐക്യു84, കാഫ്ക ഓണ്‍ ദ ഷോർ തുടങ്ങിയ നോവലുകൾ ലോകസാഹിത്യത്തിൽ അദ്ദേഹത്തെ അനശ്വരനാക്കിയിരിക്കുകയാണ്. അന്‍പതിലേറെ ഭാഷകളിലേക്കാണ് അദ്ദേഹത്തിന്റെ കൃതികൾ ഇതിനകം വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്.
മുറകാമിയുടെ നോവലുകളിൽ മുൻപന്തിയിൽനിൽക്കുന്ന ഒന്നാണ് കാഫ്ക ഓണ്‍ ദ ഷോർ. മനുഷ്യന്റെ ഉള്ളിലെ സംഘർഷങ്ങളും പോരാട്ടങ്ങളും അവന്റെ ആത്മപരിവർത്തനവും ആഴത്തിൽ വിശകലനംചെയ്യുന്ന ഒരു നോവലാണിത്. ഈ നോവലിലെ കേന്ദ്രകഥാപാത്രം കാഫ്ക തമുറ എന്ന പതിനഞ്ചുകാരനാണ്. ജീവിതത്തിലെ ഭയങ്ങളും വേദനകളും വഹിച്ചുകൊണ്ട് വീട്ടിൽനിന്ന് അവൻ ഒളിച്ചോടുന്നു. അവന്റെ ഒളിച്ചോട്ടം ഒരു സ്ഥലംമാറ്റം മാത്രമല്ല. അതു മനുഷ്യന്റെ ഉള്ളിലേക്കുള്ള യാത്രകൂടിയാണ്. ഏകാന്തതയിലേക്കും ഓർമകളിലേക്കും ഭയങ്ങളിലേക്കും ആത്മാന്വേഷണത്തിലേക്കുമുള്ള ഒരു ആത്മയാത്ര.
ഈ നോവലിൽ മുറകാമി എഴുതുന്ന ഒരു വാചകം ലോകമെന്പാടുമുള്ള വായനക്കാരെ ഏറെ സ്പർശിച്ചിട്ടുണ്ട്: ""കൊടുങ്കാറ്റ് കടന്നുപോയശേഷം അതിനെ എങ്ങനെ അതിജീവിച്ചു എന്നു നിനക്ക് ഓർമയുണ്ടാകണമെന്നില്ല. എന്നാൽ, ഒരുകാര്യം ഉറപ്പാണ്. ആ കൊടുങ്കാറ്റിലൂടെ കടന്നുപോയശേഷം അതിലൂടെ കടന്നുപോയ അതേ മനുഷ്യനായി നീ തുടരുകയില്ല.''
ജീവിതത്തിന്റെ മഹത്തായ സത്യങ്ങളിൽ ഒന്നാണിത്. കൊടുങ്കാറ്റുകളില്ലാത്ത ജീവിതം അപൂർവമാണ്. ചില കൊടുങ്കാറ്റുകൾ രോഗത്തിന്റെ രൂപത്തിൽ വരും. ചിലത് സാന്പത്തിക പ്രതിസന്ധിയായും ബന്ധങ്ങളിലെ തകർച്ചയായും നിരാശയും ഏകാന്തതയുമൊക്കയായിട്ടുമാവും പ്രത്യക്ഷപ്പെടുക. ചില കൊടുങ്കാറ്റുകൾ പുറത്തായിരിക്കുകയില്ല. അവ ഉള്ളിലായിരിക്കും. ഭയം, വിഷാദം, ഉത്കണ്ഠ, കുറ്റബോധം, ആത്മീയശൂന്യത എന്നിവയൊക്കെ ആ ഗണത്തിൽ ഉൾപ്പെടും.
ആധുനികലോകം മനുഷ്യനു ജീവിതസൗകര്യങ്ങളും അതിനാവശ്യമായ സാങ്കേതികവിദ്യയുമൊക്കെ നൽകുന്നുണ്ട്. എന്നാൽ മനുഷ്യമനസിനു സമാധാനം നൽകാൻമാത്രം അതിനു സാധിക്കുന്നില്ല. അതുകൊണ്ട് എന്തു സംഭവിക്കുന്നു? ജീവിതത്തിലെ ദുഃഖങ്ങളിൽനിന്നും പ്രതിസന്ധികളിൽനിന്നും മനുഷ്യൻ ഒളിച്ചോടാൻ ശ്രമിക്കുന്നു. അതിന് എളുപ്പവഴികൾ തേടുന്നു.
എന്നാൽ ജീവിതം നമ്മെ പഠിപ്പിക്കുന്നതു മറ്റൊന്നാണ്. ചില സത്യങ്ങൾ ദുഃഖത്തിലൂടെയേ നാം മനസിലാക്കൂ. അഗ്നിയിലൂടെയല്ലേ സ്വർണം ശുദ്ധമാക്കപ്പെടുന്നത്? മണ്ണിൽ അടക്കംചെയ്യപ്പെട്ട ശേഷമല്ലേ വിത്തുകൾ മുളയ്ക്കുക? കുരിശുമരണത്തിനു ശേഷമല്ലേ തിരുവുത്ഥാനം?
മുറകാമിയുടെ കൊടുങ്കാറ്റ് എന്ന പ്രതീകം മരുഭൂമി അനുഭവത്തെയാണ് ഓർമിപ്പിക്കുന്നത്. ദൈവപുത്രനായ യേശു പരസ്യജീവിതം ആരംഭിക്കുന്നതിനുമുന്പ് അവിടന്ന് നാല്പതു ദിവസം മരുഭൂമിയിലെ കഠിനജീവിതസാഹചര്യങ്ങളിൽ ചെലവഴിച്ചു. വാഗ്ദത്തഭൂമിയിൽ എത്തുന്നതിനുമുന്പ് ഇസ്രായേൽ ജനത നാല്പതുവർഷം മരുഭൂമിയിലൂടെ അലഞ്ഞു. മരുഭൂമി വെറും കഷ്ടതയുടെ സ്ഥലമായിരുന്നില്ല. അതു ശുദ്ധീകരണത്തിന്റെ സ്ഥലമായിരുന്നു. ഇസ്രായേൽ ജനതയെ വ്യാജഭ്രമങ്ങളിൽനിന്നു മോചിപ്പിച്ച് ദൈവത്തിൽ ആശ്രയിക്കാൻ പഠിപ്പിച്ച ഇടം.
നമുക്കെല്ലാവർക്കുംതന്നെ മരുഭൂമിയനുഭവത്തെ പേടിയാണ്. കാരണം മരുഭൂമിയുടെ നിശബ്ദതയിൽ നമുക്കു നമ്മെത്തന്നെ അഭിമുഖീകരിക്കേണ്ടിവരും. അപ്പോൾ നമ്മുടെ ആത്മാവിന്റെ സ്ഥിതി കാണാതിരിക്കാനാവില്ല. തന്മൂലമല്ലേ ആധുനികജീവിതം ശബ്ദങ്ങളാൽ നിറഞ്ഞിരിക്കുന്നത്? ടെലിവിഷൻ, മൊബൈൽ ഫോണ്‍, സോഷ്യൽ മീഡിയ എന്നിവയൊക്കെ സൃഷ്ടിക്കുന്ന ശബ്ദകോലാഹലം എത്രയോ അധികമാണ്!
ഫ്രഞ്ച് തത്വചിന്തകനായ ബ്ലെയ്സ് പാസ്കൽ ഒരിക്കൽ എഴുതി: ""ഒരു മുറിയിൽ ഒറ്റയ്ക്ക് ശാന്തമായി മനുഷ്യന് ഇരിക്കാൻ സാധിക്കാത്തതാണ് ലോകത്തിലെ പല പ്രശ്നങ്ങളുടെയും കാരണം.'' മുറകാമിയുടെ നോവലിൽ കാഫ്ക ഒരു വലിയ സത്യം മനസിലാക്കുന്നുണ്ട്- വേദനയിൽനിന്ന് ഓടിരക്ഷപ്പെടുന്നതിലൂടെ മോചനം ലഭിക്കുന്നില്ല എന്ന സത്യം.
എല്ലാവർക്കും ഏതെങ്കിലും കൊടുങ്കാറ്റിലൂടെ കടന്നുപോകേണ്ടതുണ്ട്. കാരണം, മരണത്തിന്റെ താഴ്വരകളില്ലാത്ത ജീവിതം ദൈവം വാഗ്ദാനംചെയ്തിട്ടില്ല. എന്നാൽ അവിടന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ടാവും എന്ന ഉറപ്പ് നമുക്കു തന്നിട്ടുണ്ട്. ദൈവവചനം പറയുന്നു: ""സമുദ്രത്തിലൂടെ നീ കടന്നുപോകുന്പോൾ ഞാൻ നിന്നോടുകൂടി ഉണ്ടായിരിക്കും. നദികൾ കടക്കുന്പോൾ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേൽക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല'' (ഏശ 43:2). ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നതുകൊണ്ടാണ് സങ്കീർത്തകൻ എഴുതിയത്: ""മരണത്തിന്റെ താഴ്വരയിലൂടെ നടന്നാലും ഞാൻ ഭയപ്പെടുകയില്ല. കാരണം, അവിടന്ന് എന്നോടൊപ്പമുണ്ട്'' (സങ്കീ 23:4).
മുറകാമിയുടെ നോവൽ ഒടുവിൽ നമ്മെ ഓർമിപ്പിക്കുന്നത് ഇതാണ്: ജീവിതത്തിലെ ഓരോ കൊടുങ്കാറ്റും മനുഷ്യനെ മാറ്റാനുള്ള ശക്തി വഹിക്കുന്നു. ജീവിതം ഇരുണ്ടതാകുന്പോഴും പ്രത്യാശ നഷ്ടപ്പെടുത്തരുത്. കൊടുങ്കാറ്റുകൾ ശാശ്വതമല്ല. കാർമേഘങ്ങൾക്കപ്പുറം പൊൻവെളിച്ചമുണ്ട്.
ജീവിതത്തിലെ കൊടുങ്കാറ്റുകൾ നമ്മെ മാറ്റുമെന്നത് ശരിയാണ്. എന്നാൽ, വിശ്വാസത്തോടും ധൈര്യത്തോടും കൂടി അതിലൂടെ കടന്നുപോകുന്പോഴാണ് ആ മാറ്റം നമ്മെ അഗ്നിശുദ്ധിവരുത്തിയ കൂടുതൽ നല്ല മനുഷ്യരാക്കിമാറ്റുക. അതു നമുക്കു മറക്കാതിരിക്കാം.
SUNDAY DEEPIKA
സമുദ്രങ്ങള്‍ അടക്കിവാണിരുന്ന ഭീകരര്‍- കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് അവരായിരുന്നു ജലത്തിലെ രാജാക്കന്മാര്! വലിപ്പത്തിലും ക്രൂരതയിലും കരയിലെ "ടൈറനോസോറസ് റെക്സ്' (T. rex) ദിനോസറിനോടു സാമ്യമുള്ളതിനാല്‍ "സമുദ്രങ്ങളിലെ ടി-റെക്സ്' എന്നു വിളിക്കുന്ന ഇരപിടിയന്റെ ഫോസിലുകള്‍ കണ്ടെത്തിയിരിക്കുകയാണു ഗവേഷകര്‍. അമേരിക്കയിലെ ടെക്സസില്‍നിന്നു കണ്ടെത്തിയ ഫോസിലുകൾക്ക് 80 ദശലക്ഷം വര്‍ഷം പഴക്കമുണ്ടത്രെ..! "ബുള്ളറ്റിന് ഓഫ് ദി അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി' എന്ന ജേണലിലാണ് "സമുദ്രങ്ങളിലെ ടി-റെക്സ്'-നെക്കുറിച്ചുള്ള ഗവേഷണവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ (66 ദശലക്ഷം മുതല്‍ 145 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്) ജീവിച്ചിരുന്ന "മൊസാസോര്' (Mosasaur) വിഭാഗത്തില്‍പ്പെട്ട ഭീമന് കടല്‍ ഉരഗമാണിത്. ടൈലോസോറുകളിലെ രാജാവ് എന്ന അര്‍ഥത്തില്‍ "ടൈലോസോറസ് റെക്സ്' എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. അസാധാരണമായ വലിപ്പവും കരുത്തുമുണ്ടായിരുന്നു ഈ കടൽ ജീവിക്ക്!
ഏകദേശം 43 അടി (13 മീറ്റര്‍) നീളം! അതായത്, ഇന്നു നമുക്കറിയാവുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകളുടെ ഇരട്ടി വലിപ്പം! ഇരകളുടെ തലയോടുപോലും കടിച്ചുപൊട്ടിക്കാന്‍ ശേഷിയുള്ള അതിശക്തമായ താടിയെല്ലുകൾ ഇവയ്ക്കുണ്ടായിരുന്നു. മറ്റ് മൊസാസോറുകളില്നിന്നു വ്യത്യസ്തമായി, ഇരയെ കീറിമുറിക്കാന്‍ സഹായിക്കുന്ന മൂര്‍ച്ചയേറിയ പല്ലുകളാണു ഇവയ്ക്കുണ്ടായിരുന്നത്.
അക്രമാസക്തനായ പോരാളി
ടെക്സസിലെ ഡാളസിലുള്ള പെറോട്ട് മ്യൂസിയത്തിലെ ക്യൂറേറ്ററും ഗവേഷകസംഘത്തിലെ അംഗവുമായ റോണ്‍ ടൈലോസ്കിയുടെ അഭിപ്രായത്തില്‍, മറ്റ് മൊസാസോറുകളെ അപേക്ഷിച്ച് കൂടുതല്‍ അക്രമാസക്തരായിരുന്നു ഈ ടൈലോസോറുകള്.
കണ്ടെത്തിയ ഒരു ഫോസിലിന്റെ താടിയെല്ല് തകര്‍ന്ന നിലയിലും മൂക്കിന്റെ അഗ്രം നഷ്ടപ്പെട്ട നിലയിലുമായിരുന്നു. സമാന വലിപ്പമുള്ള മറ്റൊരു ടൈലോസോറുമായി ഉണ്ടായ അതിരൂക്ഷമായ ഏറ്റുമുട്ടലിലാണ് ക്ഷതങ്ങള്‍ സംഭവിച്ചതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കരയിലെ ടി-റെക്സ് ദിനോസറുകളും സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരുമായി ഏറ്റുമുട്ടാറുണ്ടായിരുന്നു.
ചരിത്രം തിരുത്തിയ കണ്ടെത്തല്‍
1979-ല്‍ ഡാളസിനു സമീപത്തുനിന്നാണ് ഫോസിലുകള്‍ ആദ്യമായി ലഭിക്കുന്നത്. അക്കാലത്ത് ഇതിനെ "ടൈലോസോറസ് പ്രോറിഗര്' എന്ന താരതമ്യേന ചെറിയ ഇനമായാണു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മ്യൂസിയം ശേഖരങ്ങള്‍ പുനഃപരിശോധിച്ച അമേലിയ സീറ്റ്ലോ, ഫോസിലുകളുടെ വ്യത്യാസങ്ങള്‍ കണ്ടെത്തുകയായിരുന്നു.
നേരത്തെ കരുതിയിരുന്ന ജീവികളേക്കാള്‍ 13 അടിയിലേറെ നീളവും, കുറഞ്ഞത് നാലു ദശലക്ഷം വര്‍ഷം പ്രായവുമാണ് പുതിയ വര്‍ഗത്തിനുള്ളത്. മൊസാസോറുകളുടെ പരിണാമ ചരിത്രത്തെക്കുറിച്ചു കഴിഞ്ഞ മുപ്പതു വര്‍ഷമായി നിലനിന്നിരുന്ന ധാരണകളെ തിരുത്തിക്കുറിക്കാന്‍ പുതിയ കണ്ടെത്തലിലൂടെ ശാസ്ത്രലോകത്തിനു സാധിച്ചിട്ടുണ്ട്.
SUNDAY DEEPIKA
നോം പെന്നില്‍ രണ്ടുനാളത്തെ വാസമായിരുന്നു. അപ്പോഴേക്കും മനസാകെ മരവിച്ചപോലെ... പോള്‍ പോട്ടിന്റെ ഭരണകാലഘട്ടത്തില്‍ കംബോഡിയന്‍ ജനത അനുഭവിച്ച ക്രൂരതകളുടെ വ്യഥയൂറുന്ന കഥകള്‍ പലതും നേരത്തേതന്നെ കേട്ടിരുന്നു. അതൊക്കെ ഊതിപ്പെരുപ്പിച്ചതാവുമെന്നാണ് കരുതിയിരുന്നത്. എല്ലാം നേരിട്ടുകാണാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല.
ഭരണകൂടം സൃഷ്ടിച്ച താല്‍ക്കാലിക കൊലക്കളങ്ങളില്‍ ചിന്നിച്ചിതറിക്കിടക്കുന്ന മനുഷ്യരുടെ തലയോട്ടികളും എല്ലിന് കഷ്ണങ്ങളും ഇന്നും കാണാം. ആ ദുരന്തഭൂമിയിലൂടെയാണ് ഒരുദിനം മുഴുവന്‍ നടന്നത്. ഉള്ളം കത്തിക്കരിഞ്ഞു. അടങ്ങാത്ത നീറ്റല്‍. കണ്ണില്‍ ഇരുട്ട്...
മുമ്പൊരിക്കല്‍ മ്യൂണിക്കിലെ ഡാഹാവില്, ഹിറ്റ്ലറുടെ ആദ്യത്തെ കോണ്സെന്ട്രേഷന് ക്യാമ്പില്‍ പോയപ്പോഴുള്ള അതേ അനുഭവം. അന്നത്തെപ്പോലെ ഈ യാത്ര മതിയായി എന്ന തോന്നല്‍ വീണ്ടുമുണ്ടായി.
സിയംറീപിലേക്ക് പോകാനായി നോം പെന്നിലെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സമയം നട്ടുച്ച. ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് ആണെങ്കിലും കാര്യമായ തിരക്കില്ല. സ്കൈ അങ്കോര്‍ എയര്‍ലൈന്‍സിലാണ് യാത്ര. ചെക്ക് ഇന്‍ നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയായി.
കംബോഡിയയുടെ വടക്കുപടിഞ്ഞാറായി കിടക്കുന്ന സിയംറീപ്, ലോകപ്രസിദ്ധമായ അങ്കോര്വട് ക്ഷേത്ര സമുച്ചയത്തിലേക്കുള്ള പ്രവേശനകവാടമാണ്. അമ്പതുമിനിറ്റ് നേരത്തെ പറക്കലിനു ശേഷം മൂന്നരയോടെ വിമാനം സിയംറീപ്പില് ലാന്‍ഡ് ചെയ്തു. നേരേപോയത് നഗരത്തിനടുത്തുള്ള "പാരഡൈസ് റെസിഡന്‍സി’ലേക്ക്. ഇനി രണ്ടുനാള്‍ ഇവിടെയാണ് വാസം.
നദീനഗരത്തിൽ
ഒന്നു ഫ്രഷായി വരുമ്പോള്‍ ഹോട്ടല്‍ ലോബിയില്‍ സഹയാത്രികരായ വിജയനും കണ്ണനും ജോയിയും കാത്തുനില്‍ക്കുകയാണ്. രാത്രികാലത്ത് സിയംറീപ് തെരുവുകളില്‍ നിറയുന്ന ജീവിതചിത്രങ്ങള്‍ പകര്‍ത്തണം. ടുക് ടുക്കുമായി കിയോ വന്നു. മൂന്നു ചക്രങ്ങളുള്ള ചെറിയ വാഹനം. വിജയന് നേരത്തേ പറഞ്ഞുറപ്പിച്ചതാണ്.
കുലെന്‍ മലനിരയില്‍നിന്ന് ഉല്‍ഭവിക്കുന്ന ചെറുപ്രവാഹമാണ്, സിയംറീപ് നഗരത്തെ രണ്ടായി പകുത്ത് സിയംറീപ് നദിയായി ഒഴുകി ടോണ്‍ലെ സാപ് തടാകത്തില്‍ ചെന്നുചേരുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ, ജലസേചനത്തിനായി ഈ നദിയുടെ ദിശമാറ്റി കനാലുകള്‍ ഉണ്ടാക്കിയിരുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാലാവണം ചിലയിടങ്ങളില്‍ കനാലെന്നും മറ്റുചിലയിടങ്ങളില്‍ നദിയെന്നും സിയംറീപ് അറിയപ്പെടുന്നത്.
ബുദ്ധിസ്റ്റ് പഗോഡകളും അങ്കോറിയന്‍ കാലത്തെ ക്ഷേത്രങ്ങളും ഹരിതകാന്തിപടര്ത്തുന്ന വൃക്ഷനിരകളും ഈ നദീപുളിനങ്ങള്ക്ക് ചാരുതയേകുന്നു. നദിയുടെ ഇരുകരകളെയും ബന്ധിപ്പിക്കാന്‍ തടിയിലും കോണ്‍ക്രീറ്റിലും നിര്‍മിച്ച കുറേ പാലങ്ങളുണ്ട്. സിയംറീപ്പിലെ ഉത്സവാഘോഷങ്ങളുടെയെല്ലാം കേളികൊട്ടുയരുന്നത് ഈ നദിക്കരയിലാണ്.
നിശാജീവിതം
കംബോഡിയയിലെ തിരക്കേറിയ രണ്ടാമത്തെ പട്ടണമായ സിയംറീപ് ഭ്രമിപ്പിക്കുന്ന നിശാജീവിതത്തിന് പേരുകേട്ട സ്ഥലമാണെന്ന് വായിച്ചിരുന്നു. സന്ധ്യകഴിഞ്ഞാല്‍ ഓള്‍ഡ് മാര്‍ക്കറ്റിലും പബ് സ്ട്രീറ്റിലും തിരക്കേറും. പഴയ മാര്‍ക്കറ്റില്‍നിന്ന് സിയംറീപ് നദിക്കു കുറുകെയുള്ള ഒരു നടപ്പാലത്തിലൂടെ സെന്റര്‍ ആര്‍ട്ട് നൈറ്റ് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാം.
പാലങ്ങള്‍ മിക്കതും വര്‍ണവിളക്കുകളാല്‍ അലങ്കരിച്ചിരിക്കുന്നു. നിശ്ചലമായ നദീജലത്തില്‍ പ്രതിബിംബിക്കുന്ന നിശാദീപങ്ങള്‍ സിയംറീപ്പിലെ രാവിനെ രമണീയമാക്കി. നദിയുടെ കിഴക്കേ കരയിലുള്ള നൈറ്റ് മാര്‍ക്കറ്റിലൂടെ അലഞ്ഞുനടക്കുന്ന ആയിരങ്ങള്‍ക്കിടയില്‍ ഞങ്ങളും അലിഞ്ഞുചേര്‍ന്നു. വെള്ളിവെളിച്ചം വിതറുന്ന കച്ചവട സ്റ്റാളുകളുടെ നിരകള്‍ക്കു മുന്നിലൂടെ നടക്കാം. ആ നാടിന്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന പെയിന്റിംഗുകളും മരത്തിലും കല്ലിലും കൊത്തിയുണ്ടാക്കിയ ശില്പങ്ങളും സില്‍ക്ക് സ്കാര്‍ഫുകളും ഹാന്‍ഡ് മെയ്ഡ് ആഭരണങ്ങളും അത്യാകര്‍ഷകമായ പിഞ്ഞാണപ്പാത്രങ്ങളും ഈ മാര്‍ക്കറ്റില്‍നിന്ന് വിലപേശി വാങ്ങാം. ഖമര്‍ സാംസ്കാരികത്തനിമയുടെയും അനുപമമായ വാസ്തുശില്പ ഭംഗിയുടെയും ഒരു സമന്വയം ഇവിടെ ദര്‍ശിക്കാം.
നോംപെന്നിലെപ്പോലെ ഒട്ടുമിക്ക കടകളിലും സ്ത്രീകളാണ് വില്പനക്കാര്. സൗഹൃദം വഴിഞ്ഞൊഴുകുന്ന, ഹൃദയഹാരിയായ പെരുമാറ്റത്തിന്റെ ഉടമകളാണ് അവരെല്ലാവരും. എത്രവേണമെങ്കിലും വിലപേശാം. യാതൊരു മുഷിച്ചിലുമില്ലാതെ, ചിരിച്ചും കളിതമാശകള്‍ പറഞ്ഞും മാത്രമേ തങ്ങളുടെ നാട്ടിലെത്തുന്ന അതിഥികളോട് അവര്‍ പ്രതികരിക്കൂ.
നേരമിരുട്ടിയാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത, ദേശദേശാന്തരങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ പ്രവഹിക്കുന്ന പബ് സ്ട്രീറ്റിലൂടെയുള്ള സഞ്ചാരം ഒരു നവ്യാനുഭവമായിരുന്നു. പലനിറങ്ങളിലുള്ള നിയോണ്‍ വിളക്കുകളുടെ പ്രഭാപൂരത്തില്‍ കുളിച്ചുനില്ക്കുന്ന തെരുവീഥികള്‍. ആഘോഷവും ഉല്ലാസവും തേടിയും രുചിയൂറുന്ന വിഭവങ്ങള്‍ നുണയാനും എത്തുന്ന, ദേശഭേദങ്ങളില്ലാതെ ഇടകലര്‍ന്നൊഴുകുന്ന ഒരു ജനതതിയെ അവിടെ കണ്ടു.
അച്ഛനമ്മമാരുടെ പിടിയില്‍നിന്ന് കുതറിയോടുന്ന കുഞ്ഞുമക്കള്‍. ഉല്ലാസപ്പറവകളായി വട്ടമിട്ടു കളിക്കുന്ന കുമാരീകുമാരന്മാര്. ചേര്‍ത്തുപിടിച്ച്, ആമോദചിത്തരായി നീങ്ങുന്ന യുവമിഥുനങ്ങള്‍. ഊന്നുവടികളില്ലാതെ പങ്കാളികളുടെ തോളില്‍ കൈവച്ച് പതിയെ നടക്കുന്ന വയോജനങ്ങള്‍. സ്വാസ്ഥ്യവും സ്വൈരവും തേടിയെത്തുന്ന ഏകാന്തപഥികരായ സഞ്ചാരികള്‍... പബ് സ്ട്രീറ്റിലൂടെ നടന്നാല്‍ കാഴ്ചകള്‍ പലതാണ്.
എട്ടാം നമ്പർ തെരുവ്
സിയംറീപ് നദിക്കരികിലുള്ള പഴയ ഫ്രഞ്ച് ക്വാര്‍ട്ടറിലെ എട്ടാം നമ്പര്‍ തെരുവാണ് പബ് സ്ട്രീറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ ലോകപ്രശസ്തമായ ഈ തെരുവ്, തെക്കുകിഴക്കന്‍ ഏഷ്യയിലെ പേരുകേട്ട, പട്ടായയിലെയോ ഹാനോയിലെയോ വാക്കിംഗ് സ്ട്രീറ്റുകളെപ്പോലെ വിശാലമായ ഒന്നല്ല. നൂറുമീറ്റര്‍ നീളം മാത്രമുള്ള പബ് സ്ട്രീറ്റില്‍ എണ്ണിയാലൊടുങ്ങാത്ത റസ്റ്ററന്റുകളും ബാറുകളുമുണ്ട്. ആരുടേയും കീശ കീറാത്ത മട്ടില്‍ ഭക്ഷണപാനീയങ്ങൾ വാഗ്ദാനം ചെയ്യുന്നു, അവയെല്ലാംതന്നെ.
തിന്നും കുടിച്ചും ആടിയും പാടിയും രാവേറെകഴിയുംവരെ ഉന്മാദത്തിമിര്പ്പില് ആറാടുന്ന യുവതയെയാണ് എവിടെയും കാണാനായത്. എല്ലാ റസ്റ്ററന്റുകളിലും നല്ല തിരക്കാണ്. നഗരത്തിരക്കിലൂടെ കാഴ്ചകള്‍ കണ്ടും മൊബൈലില്‍ വീഡിയോയും സെല്ഫിയുമെടുത്തും ഫ്രൈഡ് ഐസ്ക്രീമും ജ്യൂസും നുണഞ്ഞും മന്ദംമന്ദം ഗമിക്കുന്നവര്‍. മുകളിലെ നക്ഷത്രവിളക്കുകളില്നിന്ന് നിരത്തില്‍ പരക്കുന്ന പ്രകാശവലയങ്ങളില്‍ കേറിനിന്ന് തുള്ളിച്ചാടുന്ന കുഞ്ഞുങ്ങളുടെ കളിയുല്ലാസങ്ങള് കണ്ട് ആനന്ദം പൂണ്ടുനില്‍ക്കുന്ന അമ്മമാര്‍...
ഡോക്ടർ മീനുകൾ
പബ് സ്ട്രീറ്റിലൂടെ നടന്നുനടന്ന് കാല്പ്പാദങ്ങള്ക്കു വേദനതോന്നിത്തുടങ്ങിയാല് പാതയോരങ്ങളില്ത്തന്നെയുള്ള ഫുട്ട് മസാജ് സെന്ററുകളില്‍ കേറാം. നിരത്തിയിട്ട ചാരുകസാലകളില്‍ ചെന്നിരുന്നാല്‍ മതി. ഇനി ശരീരമാസകലം ഉഴിച്ചില്‍ നടത്തണമെന്നാണെങ്കില്‍ പരമ്പരാഗതമായ ഖമര്‍ ബോഡി മസാജ് കേന്ദ്രങ്ങള്‍ വേറെയുമുണ്ട്.
ഫിഷ് മസാജാണ് പബ് സ്ട്രീറ്റിലെ മറ്റൊരു കൗതുകം. ഒരു പൂളിലോ ടബ്ബിലോ ചില്ലുപാത്രത്തിലോ വളര്‍ത്തുന്ന ഗാര റുഫ എന്നുപേരുള്ള "ഡോക്ടര്‍ മീനുകളാ’ണ് ഇവിടെ മസാജ് ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍. കാലുകളിലോ കൈകളിലോ ഇതര ശരീര ഭാഗങ്ങളിലോ ഉള്ള, ഉയിരില്ലാത്ത ചര്‍മമെല്ലാം ഈ മീനുകള്‍ തിന്നുതീര്‍ക്കുന്നു. ശരീര സൗന്ദര്യം കൂട്ടാനും സോറിയാസിസ് പോലുള്ള ചര്‍മരോഗ വിമുക്തിക്കും ഫിഷ് മസാജ് നല്ലതത്രേ. "ഡോക്ടര്‍ മീനു’കളുടെ ചെറുകടിയേറ്റ് ഇക്കിളിപൂണ്ട് കാല് വലിക്കുകയും വീണ്ടും കാലുകള്‍ വെള്ളത്തിലാഴ്ത്തുകയും ചെയ്യുന്നവരെ കണ്ടു. തുര്‍ക്കിയിലാണ് ഈ മീന്‍ മസാജിന്റെ ഉത്ഭവമെന്ന് അമേരിക്കയിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് സാക്ഷ്യപ്പെടുത്തുന്നു.
കാരുണ്യംതേടുന്ന കല
നോംപെന്നിലെയും വിയറ്റ്നാം നഗരങ്ങളിലെയും പോലെ സിയംറീപ് നദിയോരത്തുള്ള ആര്‍ട്ട് നൈറ്റ് മാര്‍ക്കറ്റിനു മുന്നിലും പബ് സ്ട്രീറ്റിലും തെരുവു ഗായകസംഘങ്ങള്‍ ഇരിക്കുന്നുണ്ട്. അഞ്ചോ ആറോ പേരുള്ള സംഘങ്ങള്‍. അവരില്‍ പലരും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. 1970കളിലും എണ്‍പതുകളിലും കംബോഡിയയില്‍ നടന്ന ആഭ്യന്തര യുദ്ധകാലത്ത് മണ്ണില്‍ കുഴിച്ചിട്ട മൈനുകള്‍ പൊട്ടിത്തെറിച്ചാണ് പതിനായിരക്കണക്കിന് മനുഷ്യര്‍ അംഗവിഹീനരായത്. അവരില്‍ സൈനിക സേവനത്തിലേര്പ്പെട്ടവരും സാധാരണക്കാരുമുണ്ട്. കണ്ടെത്തപ്പെടാതെപോയ കുഴിബോംബുകള്‍ ഇന്നും അവിടെ ജീവഹാനിയുണ്ടാക്കുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്ന ഒരു ജനതയെ ഓര്‍ക്കുമ്പോള്‍തന്നെ മനസില്‍ ഒരു നീറ്റലാണ്.
ജീവന് വീണ്ടെടുക്കാനായെങ്കിലും കാഴ്ച മറയുകയും കൈകാലുകള്‍ നഷ്ടമാവുകയുംചെയ്ത അനേകായിരങ്ങള്‍ കടുത്ത ദാരിദ്ര്യത്തെ അതിജീവിക്കാന്‍ പാടുപെടുന്നു. അവര്‍ പ്രാദേശിക ബാന്‍ഡുകള്‍ രൂപീകരിച്ച് തെരുവോരങ്ങളില്‍ പാട്ടുപാടിയും സംഗീതോപകരണങ്ങള്‍ വായിച്ചും സന്മനസുള്ളവരുടെ കാരുണ്യത്തിനായി കേഴുകയാണ്. സിയംറീപിലെത്തുന്ന ലോകസഞ്ചാരികളുടെ മുന്നില്‍ ഖമര്‍ നാടോടി സംഗീതത്തിന്റെ സ്ഥാനപതിമാരായി മാറിയ ആ മനുഷ്യരുടെ മുന്നില്‍ ഏറെനേരം നിന്നു.
ഖമറൂഷിനെതിരായ യുദ്ധത്തിനിടയില്‍ ഗ്രനേഡ് പൊട്ടി കാഴ്ചപരിമിതി നേരിടുന്ന മാറ്റ് സൂ, ഗായകസംഘത്തിലെ ഡ്രമ്മറാണ്. പതിനെട്ടു വയസുള്ളപ്പോള്‍ സ്വന്തം കൃഷിയിടത്തിലൂടെ നടക്കവേ, കുഴിബോംബുകള്‍പൊട്ടി ഒരു കാല് നഷ്ടമായ സാബ് സൊഫോളാണ് ഇലത്താളംപോലുള്ള ഉപകരണം വായിക്കുന്നത്. ഇതിനിടയില്‍ കൈയിലുള്ള കുറച്ച് ഡോളര്‍ അവര്‍ക്ക് സമ്മാനിച്ചു, സുഹൃത്തായ ജോയി.
മുതല ബർഗറും പൊരിച്ച തേളും
പബ് സ്ട്രീറ്റിലെ നടപ്പാതയുടെ രണ്ടുവശങ്ങളിലും ഇരുനിലക്കെട്ടിടങ്ങളാണ്. താഴെയും മുകളിലുമുള്ള ഓപ്പണ്‍ റസ്റ്റോറന്റുകളില്‍ കംബോഡിയന്‍ വിഭവങ്ങള്‍ക്കു പുറമേ ചൈനീസ്, തായ്, വിയറ്റ്നമീസ്, മെക്സിക്കന്‍, ഇറ്റാലിയന്‍, ഇന്ത്യന്‍ വിഭവങ്ങളും രുചിച്ചുനോക്കാം. സ്വദേശി ഡിഷുകളില്‍ ഫിഷ് അമോക്, ലോക്ലാക് ബീഫ്, ഖമര്‍ കറി, കംബോഡിയന്‍ ബാര്‍ബെക്യൂ എന്നിവയെല്ലാമുണ്ട്. മുതല ബര്‍ഗര്‍ മുതല്‍ പൊരിച്ച തേളും പഴുതാരയും ചീവീടുകളും പുഴുക്കളും പുല്ച്ചാടിയുമൊക്കെ കഴിക്കാനുള്ള അപൂര്‍വാവസരവും യാത്രികരെ കാത്തിരിപ്പുണ്ട്.
ഇറ്റാലിയന്‍ പാസ്തയും പിസ്സയും വിളമ്പുന്ന ഒരു റസ്റ്റോറന്റിനു മുന്നില്‍ "സേവ് വാട്ടര്‍, ഡ്രിങ്ക് ബിയര്‍’ എന്നൊരു ബോര്‍ഡ് കണ്ടു. ടാപ്പുകളില്‍നിന്ന് വെള്ളം എടുക്കുന്നതുപോലെ വലിയ ഗ്ലാസിലേക്ക് പകര്‍ന്നെടുക്കുന്ന "ഡ്രാഫ്റ്റ് ബിയറി’ന് അര ഡോളര്‍ മാത്രമേ വിലയുള്ളൂ! "ബര്‍ഗര്‍ ക്രോക്കഡെയ്ൽ' എന്ന വലിയൊരു ബോര്‍ഡുമുണ്ട് അവിടെ. മുതല ബര്‍ഗര്‍ കഴിക്കാന്‍ ഊഴം കാത്തിരിക്കുന്നവരില്‍ പലദേശക്കാരുണ്ട്.
പബ് സ്ട്രീറ്റിലൂടെ അലസമായി നടക്കുമ്പോള്‍ മുകള്‍നിലകളിലെ ബാര്‍ കം ഡാന്‍സ് ക്ലബ്ബുകളിലെ നാദമേളങ്ങളുടെ അലയൊലികള്‍ കേള്‍ക്കാനാവും. ചെകിടടപ്പിക്കുന്ന സംഗീതഘോഷത്തിനൊപ്പം ചുവടുവയ്ക്കുന്ന യുവതയുടെ നടുവിലേക്ക് നമുക്കും കയറിച്ചെല്ലാം. പ്രവേശനത്തിന് ഫീസോ, വര്ണവേഷദേശഭാഷാ നിയന്ത്രണങ്ങളോ ഇല്ല. ബാന്‍ഡ് വാദ്യഘോഷങ്ങള്‍ക്കൊപ്പം ആവേശത്തോടെ നൃത്തമാടുകയാണ് സര്‍വരും.
നിമിഷാര്ധങ്ങളില് ഇരുട്ടും വെളിച്ചവും തീര്‍ത്ത് മിന്നിക്കെടുന്ന ദീപങ്ങള്‍. ഇരുട്ടില്‍ അലയടിച്ചത്തുന്ന വെള്ളിത്തിരമാലകള്‍ പോലെ മിന്നിമറയുന്ന മുഖങ്ങളില്‍ ഉല്ലാസോന്മാദഭാവങ്ങള്. നേരം പുലരുംവരെ നീണ്ടുനില്‍ക്കുന്ന നൃത്തസംഗീത മാമാങ്കത്തിരക്കിനിടയിലും മാന്യതവിട്ടൊരു പെരുമാറ്റം ഒരാളില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. അടിപിടിയോ അക്രമമോ കാണാനാവില്ല.
ഇവിടെയുണ്ട്, തൃശൂർക്കാർ
സിയംറീപിലെ മലയാളി സാന്നിധ്യമാണ് തൃശൂർ കൊടുങ്ങല്ലൂരിനടുത്തുള്ള പെരിഞ്ഞനം സ്വദേശികളായ സജീഷും രാരിയും. സുഹൃത്തായ ദെനേഷിനൊപ്പം കഴിഞ്ഞ 15 വർഷമായി സിയം റീപ് നദിക്കരയിലെ പഴയ മാര്‍ക്കറ്റിനു സമീപം "റോയൽ ഇന്ത്യൻ’ റസ്റ്റോറന്റ് നടത്തുകയാണ്, സജീഷ്.
സഞ്ചാരികൾക്കായി ഇഡ്ഡലി മുതൽ ബാര്‍ബേക്യു വരെ തയാറാക്കി നൽകുന്നുണ്ടെന്നാണ് സജീഷ് പറയുന്നത്. സിയംറീപിലെ നാട്ടുകാര്‍ക്കും നമ്മുടെ രുചികള്‍ ഇപ്പോള്‍ പരിചിതമായിട്ടുണ്ട്. വിദേശയാത്രയ്ക്കിടയിലും നാട്ടിലെ ഇഡലിയും ദോശയും ചോറും സാമ്പാറും രസവുമെല്ലാം അന്വേഷിച്ചുനടക്കുന്നവരാണ് മലയാളികളില്‍ പലരും. അവര്‍ സിയംറീപിലെത്തുമ്പോൾ ഏറെ ആഹ്ളാദഭരിതരാവും, "റോയൽ ഇന്ത്യന്‍’ കണ്ടെത്തിക്കഴിഞ്ഞാല്‍.
കേരളീയ ഭക്ഷണം ആഗ്രഹിക്കുന്ന സിയംറീപിലെത്തുന്ന മലയാളി യാത്രികർക്ക് അവരാഗ്രഹിക്കുന്ന തനത് രുചികൾതന്നെ വിളമ്പാനാവുന്നതിൽ സജീഷിനും രാരിക്കും ദെനേഷിനും തെല്ലഭിമാനിക്കാം.
ഒരുകാര്യം ഉറപ്പാണ് പബ് സ്ട്രീറ്റില്‍ പോവാതെയും "റോയല്‍ ഇന്ത്യന്‍’ സന്ദര്‍ശിക്കാതെയും സിയംറീപ് നഗര സന്ദര്‍ശനം പൂര്‍ത്തിയാവില്ല. നഗരത്തിൽനിന്നു മടങ്ങുന്പോൾ ആ തെരുവുഗായകരുടെ പാട്ട് മനസിൽ അലയടിക്കുന്നുണ്ടാവും...
SUNDAY DEEPIKA
പച്ചനിറത്തിലുള്ള അപൂർവ പാറക്കഷണങ്ങൾ പറയുന്ന ചരിത്രം നമ്മുടെ ചില ധാരണകളെ തിരുത്തും! മനുഷ്യചരിത്രത്തിലെ സുപ്രധാനമായ മാറ്റത്തിന്റെ കഥയാണ് ഈ പച്ചക്കല്ലുകൾക്കു പറയാനുള്ളത്. സ്പെയിൻ-ഫ്രാൻസ് അതിർത്തിമേഖലയിലെ മനോഹരമായ പിരണീസ് മലനിരകളിൽ, സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹ (Cave 338) യിലാണ്, പുരാതനകാലത്തെ അനാവരണം ചെയ്യുന്ന പച്ചനിറത്തിലുള്ള കല്ലുകൾ കണ്ടെത്തിയത്. പിരണീസ് ഗുഹകൾ കേന്ദ്രീകരിച്ച് വ്യാപക തുടർപഠനങ്ങൾക്ക് ഒരുങ്ങുകയാണ് ഗവേഷകർ.
ദുർഘടമായ പാതകൾതാണ്ടി മാത്രം എത്തിച്ചേരാവുന്ന ഗുഹയിൽനിന്നു കണ്ടെത്തിയ പച്ച നിറത്തിലുള്ള അപൂർവ പാറക്കഷണങ്ങൾ, ശിലായുഗത്തിൽനിന്ന് വെങ്കലയുഗത്തിലേക്കുള്ള പരിവർത്തന കാലഘട്ടത്തിൽ നമ്മുടെ പൂർവികർ ലോഹങ്ങൾ കൈകാര്യം ചെയ്തിരുന്നു എന്നതിന്റെ കൃത്യമായ അടയാളങ്ങളാണു നൽകുന്നത്.
‘മാലക്കൈറ്റ്'
കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ പാലെയോ ഇക്കോളജി ആൻഡ് സോഷ്യൽ ഇവല്യൂഷനിലെ ഗവേഷകരാണു പഠനത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. സംഘത്തിന്റെ ഖനനത്തിൽ ഗുഹയ്ക്കുള്ളിൽനിന്ന് പുരാതന അടുപ്പുകൾ, ആഭരണങ്ങൾ, കുട്ടികളുടെ അസ്ഥികൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് പച്ച നിറത്തിലുള്ള ധാതുവാണ്. ഇതു ചെമ്പിന്റെ ഉറവിടമായ "മാലക്കൈറ്റ്' (Malachite) ആണെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. ഈ ധാതുക്കൾ പ്രകൃതിദത്തമായി ഗുഹയിൽ കാണപ്പെടുന്നവയല്ല. അതുകൊണ്ടുതന്നെ, അയ്യായിരത്തിലേറെ വർഷം മുൻപു ജീവിച്ചിരുന്ന മനുഷ്യർ ദൂരദേശങ്ങളിൽനിന്നു ധാതുക്കൾ ശേഖരിച്ചു മലമുകളിലെ ഗുഹയിൽ എത്തിച്ചതാകാമെന്നു ഗവേഷകർ വിശ്വസിക്കുന്നു.
ഗുഹയിൽ കണ്ടെത്തിയ മാലക്കൈറ്റ് കഷണങ്ങളിൽ പലതും തീയിൽ ചുട്ടെടുത്തതാണ്. അതേസമയം, ഗുഹയിലെ മറ്റു വസ്തുക്കളിൽ ചൂടേറ്റ ലക്ഷണങ്ങളൊന്നുമില്ല. ഇതു സൂചിപ്പിക്കുന്നത് അബദ്ധത്തിൽ തീപിടിച്ചതല്ലെന്നും മറിച്ച് ലോഹം വേർതിരിച്ചെടുക്കുന്നതിന്, തീ ഉപയോഗിച്ച് ഇവ സംസ്കരിച്ചതാണെന്നുമാണ്. ബിസി 5,500 മുതൽ 3,000 വരെയുള്ള കാലഘട്ടത്തിൽ മനുഷ്യർ നിരന്തരം ഗുഹ ഉപയോഗിച്ചിരുന്നതായി റേഡിയോ കാർബൺ ഡേറ്റിംഗ് വഴി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ചെമ്പ് വേർതിരിച്ച കാലം
പണ്ടുകാലത്ത് മനുഷ്യർ ഉയർന്ന മലനിരകളിൽ അധികം താമസിച്ചിട്ടില്ലെന്നായിരുന്നു പൊതുവായ ധാരണ. എന്നാൽ പിരണീസിലെ കണ്ടെത്തൽ അത്തരം നിഗമനങ്ങളെ തിരുത്തുന്നു. കേവലം ഒരു താവളം എന്നതിലുപരി, ലോഹങ്ങൾ വേർതിരിച്ചെടുക്കാനും, ചിലപ്പോൾ ആചാരങ്ങൾ നടത്താനുമുള്ള പ്രധാനകേന്ദ്രമായി മലനിരകൾ മാറിയിരുന്നു. കുട്ടികളുടെ അസ്ഥികൾ കണ്ടെത്തിയ സാഹചര്യത്തിൽ, ഇതൊരു ശ്മശാനമായോ അല്ലെങ്കിൽ പ്രത്യേക ചടങ്ങുകൾ നടക്കുന്ന ഇടമായോ ഉപയോഗിച്ചതാകാൻ സാധ്യതയുണ്ടെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
ചെമ്പ് വേർതിരിക്കാനുള്ള സാങ്കേതികവിദ്യ മനുഷ്യൻ സ്വായത്തമാക്കാൻ തുടങ്ങിയ ആദിമ ഘട്ടത്തിലേക്കാണു ഗുഹ വിരൽ ചൂണ്ടുന്നത്. മെസപ്പൊട്ടേമിയൻ സംസ്കാരം ചെമ്പ് ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടത്തിൽതന്നെ യൂറോപ്പിലെ നവീന ശിലായുഗ മനുഷ്യരും ഈ രംഗത്ത് മുന്നേറിയിരുന്നു എന്നതിന്റെ തെളിവാണ് പച്ച പാറക്കഷണങ്ങളെന്ന് ഗവേഷകർ പറയുന്നു. നിഗൂഢ ധാതുവിനെക്കുറിച്ചും ആ കാലഘട്ടത്തിലെ മനുഷ്യജീവിതത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണു ഗവേഷകസംഘം.
SUNDAY DEEPIKA
തമിഴ്നാടിന്റെ ഭരണസിരാകേന്ദ്രമാണ് പൗരാണികമായ സെന്റ് ജോര്‍ജ് കോട്ട. നിയമസഭാ മന്ദിരവും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന മന്ത്രാലയങ്ങളും ട്രഷറിയും ഉള്‍പ്പെടുന്ന ബഹുനില മന്ദിരം ഇവിടെ സ്ഥിതിചെയ്യുന്നു. വ്യാപാരവും കയറ്റുമതിയും ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മിച്ച ആദ്യത്തെ കോട്ടയും സൈനിക താവളവുമാണിത്.
388 വര്‍ഷം പഴക്കമുണ്ട് 20 അടി ഉയരമുള്ള കോട്ടയ്ക്ക്. നിർമാണത്തിനുശേഷം പിൽക്കാലത്ത് സെന്റ്് ജോര്‍ജ് കോട്ട ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് തലസ്ഥാനമായി മാറി. ബ്രിട്ടന്റെ രക്ഷാധികാരിയായ സെന്റ് ജോര്‍ജിനോടുള്ള ആദരവായാണ് കോട്ടയ്ക്ക് ഇങ്ങനെ പേരിട്ടത്.
ലക്ഷ്യം ആധിപത്യം
വ്യാപാരത്തിനെത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1600കളില്‍തന്നെ ഗുജറാത്തിലെ സൂററ്റുമായി വ്യാപാരം ആരംഭിച്ചിരുന്നു. സുഗന്ധദ്രവ്യ കയറ്റുമതിക്കായി ഒരു തുറമുഖം നിര്‍മിക്കാന്‍ കമ്പനി ആഗ്രഹിച്ചിരുന്നു. മസൂലിപട്ടണമായിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ വ്യാപാരകേന്ദ്രം. വ്യാപാരം വിസ്തൃതമാക്കി കാലാന്തരത്തില്‍ ഇന്ത്യയില്‍ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് കോട്ടനിര്‍മാണത്തിന് നിമിത്തമായത്. 1639ല്‍ ചന്ദ്രഗിരി രാജാവില്‍നിന്ന് ഒരു കോട്ട പണിയാനുള്ള അനുമതി വാങ്ങി.
വിജനമായിക്കിടന്ന ചെന്നിരായര്പട്ടണം അഥവ ചന്നപട്ടണം എന്നറിയപ്പെട്ടിരുന്ന കടലോരം കമ്പനി വിലയ്ക്കുവാങ്ങി തുറമുഖത്തിന്റെയും കോട്ടയുടെയും നിര്‍മാണം തുടങ്ങി. ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ കൈയൊപ്പു ചാര്‍ത്തിയ കോട്ടയുടെ നിര്‍മാണം 1644 ഏപ്രില്‍ 23ന് പൂര്‍ത്തിയായി. 1746ല്‍ കുറച്ചുകാലം ഫ്രഞ്ചുകാര്‍ കോട്ടയുടെ ആധിപത്യം പിടിച്ചെടുത്തെങ്കിലും വൈകാതെ ബ്രിട്ടീഷുകാര്‍ തിരികെപ്പിടിച്ചു. രണ്ടുതവണ ടിപ്പു സുല്‍ത്താന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. അതോടെ കോട്ടയുടെ ഉയരം കൂട്ടി കൂടുതല്‍ കൊത്തളങ്ങള്‍ പണിതീര്‍ത്തു.
കര്‍ണാടക പ്രദേശങ്ങളില്‍ ഇംഗ്ലീഷ് സ്വാധീനം വര്‍ധിപ്പിക്കാനും ആര്‍ക്കോട്ട്, ശ്രീരംഗപട്ടണം രാജാക്കന്മാരെയും പോണ്ടിച്ചേരി ആസ്ഥാനമായുണ്ടായിരുന്ന ഫ്രഞ്ച് സൈന്യത്തില്‍ നിന്നു സുരക്ഷിതരാകാനും കോട്ടയോടു ചേര്‍ന്ന വാണിജ്യ വ്യാപാര കേന്ദ്രം സഹായിച്ചു. കോട്ടയുടെ നിര്‍മാണത്തോടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുമായി വ്യാപാരം ബ്രിട്ടീഷുകാര്‍ ശക്തമാക്കി. സെന്റ് ജോര്‍ജ് കോട്ട ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് സൈനിക താവളമായും പ്രവര്‍ത്തിച്ചു. ബ്രിട്ടീഷുകാര്‍ വസിച്ചിരുന്ന കോട്ടയുടെ ഭാഗം വൈറ്റ് ടൗണ്‍ എന്നും തമിഴര്‍ വ്യാപാരം നടത്തിയിരുന്ന ചന്തകള്‍ ബ്ലാക്ക് ടൗണ്‍ എന്നും അറിയപ്പെട്ടിരുന്നു.
കൗതുകമായി മ്യൂസിയം
തമിഴ് രാജഭരണകാലംമുതലുള്ള ചരിത്രസൂക്ഷിപ്പുകളുള്ള മ്യൂസിയം സെന്റ് ജോര്‍ജ് ഫോര്‍ട്ടിന്റെ പെരുമയും പൈതൃകവും വെളിവാക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. കോണ്‍വാലിസ് പ്രഭുവിന്റെ പ്രതിമയും ഇവിടെ കാണാം. നവീന ഇന്ത്യാചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളില്‍പ്പെട്ട 3,661 പുരാവസ്തുക്കള്‍ മൂന്നു നിലകളിലെ പത്തു ഗാലറികളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
വിക്ടോറിയ രാജ്ഞി, ജോര്‍ജ് മൂന്നാമന് രാജാവ്, സര് ആര്‍തര്‍ ഹാവ്ലോക്ക്, റോബര്‍ട്ട് ക്ലൈവ് തുടങ്ങിയവരുടെയും മദ്രാസ് ഗവര്‍ണര്‍മാരുടെയും ഛായാചിത്രങ്ങളും എണ്ണച്ചായചിത്രങ്ങളും കാണാം. പുരാതന ക്ലോക്കുകള്‍, സ്റ്റാമ്പുകള്‍, ഫര്‍ണിച്ചറുകള്‍, ലാമ്പ് ഷേഡുകള്‍, പുരാതന ബ്രിട്ടീഷ് നാണയങ്ങള്‍ എന്നിവയും സൈനിക യൂണിഫോമുകള്‍, ആചാര വസ്ത്രങ്ങള്‍, മെഡലുകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മ്യൂസിയത്തില്‍ കാണാവുന്ന 12 അടി നീളവും എട്ട് അടി വീതിയുമുള്ള പട്ടുതുണിയില്‍ തീര്‍ത്ത ദേശീയ പതാകയ്ക്ക് വലിയൊരു ചരിത്രം പറയാനുണ്ട്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തില്‍ രാജ്യത്ത് ആദ്യമായി ഉയര്‍ത്തിയ പതാകകളില്‍ ഒന്നാണിത്. ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയാണ് ചെന്നൈ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ ഈ പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യം പറത്തിയ പതാക മ്യൂസിയത്തിന്റെ മൂന്നാം നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയം മന്ദിരം തുടക്കത്തില്‍ മദ്രാസ് ബാങ്കായി പ്രവര്‍ത്തിച്ചിരുന്നു.
പുരാതന ദേവാലയം
പുരാതനമായ സെന്റ് മേരീസ് ആംഗ്ലിക്കന്‍ ദേവാലയം ഇതിനുള്ളിലാണ്. 1678-80 കാലയളവിലായിരുന്നു കിഴക്കിന്റെ വെസ്റ്റ് മിനിസ്റ്റര്‍ ആബി എന്നറിയപ്പെടുന്ന സെന്റ് മേരീസ് പള്ളിയുടെ നിര്‍മാണം. പൂര്‍ണമായും കല്ലിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ചെലവു വഹിച്ചത് ചെന്നൈയില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷുകാരാണ്. മുന്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ റോബര്‍ട്ട് ക്ലൈവിന്റെ വിവാഹം ആഡംബരമായി നടന്നതും സെന്റ് മേരീസ് പള്ളിയില്‍വച്ചാണ്.
ബ്രിട്ടീഷ് പ്രതാപഭരണ കാലത്തെ ഏറ്റവും പഴക്കം ചെന്ന സെമിത്തേരിയും കല്ശിലകളും ഇവിടെയുണ്ട്. 104 കബറിടങ്ങള്‍ ഇവിടെ കാണാം. ടിപ്പു സുല്‍ത്താന്റെ പീരങ്കികള്‍ മ്യൂസിയത്തിന്റെ കൊത്തളങ്ങളെ അലങ്കരിക്കുന്നു. കോട്ടയിലെ കൊടിമരം രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ഒന്നാണ്. തേക്കുമരം കൊണ്ട് നിര്‍മിച്ച ഇതിന് 150 അടി ഉയരമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകളിലൊന്നായ മദ്രാസ് പ്രസിഡന്‍സിയുടെ ആസ്ഥാനമായിരുന്നു ഏറെക്കാലം കോട്ട.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ഒരു പ്രധാന പങ്ക് കോട്ട വഹിച്ചു. സി. രാജഗോപാലാചാരി, കെ. കാമരാജ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് സെന്റ് ജോര്‍ജ് കോട്ടയിലെത്തിയിട്ടുണ്ട്. ഇന്ന് കോട്ട ഉള്‍പ്പെടുന്ന പ്രദേശം ഇന്ത്യയിലെ അഞ്ചാമത്തെ മഹാനഗരമായി മാറിയിരിക്കുന്നു.
SUNDAY DEEPIKA
സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ, വിവരാവകാശ നിയമം ഉപയോഗിച്ചുള്ള പോരാട്ടങ്ങളിൽ പങ്കാളിത്തമുള്ള, സർവോപരി തൊഴിൽരഹിതരായ ജെൻ സീ യുവാക്കളെ പാറ്റ (വടക്കൻ കേരളത്തിലെ കൂറ തന്നെ) എന്ന് ഈ മാസം 15ന് സുപ്രീകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വിശേഷിപ്പിച്ചതിനുള്ള പ്രതികരണമായി, അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ യുവാവ് അഭിജീത് ദീപ്കെ, തൊട്ടു പിറ്റേദിവസം, 2026 മേയ് 16ന് "സ്ഥാപിച്ച' കോക്രോച്ച് ജനതാ പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒന്നരക്കോടിയും കടന്ന് കുതിച്ചപ്പോൾ, 38 കൊല്ലം മുമ്പൊരു മേയ് 16ന്, ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു കോക്രോച്ചിനെയാണ് കുറച്ചു വിമാനക്കമ്പക്കാരെങ്കിലും ഓർമിച്ചിരിക്കുക.
രഹസ്യാത്മകതയുടെ പരകോടിയിൽ ലോക്ഹീഡ് മാർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്കങ്ക് വർക്ക്സ്, അമേരിക്കൻ സർക്കാരിന്റെ പ്രതിരോധ ഗവേഷണ ഏജൻസിയുടെ നിർദേശമനുസരിച്ച് 1978 നവംബർ ഒന്നിന് നിർമിച്ചിറക്കിയ ലോക്ഹീഡ് എഫ്-117 നൈറ്റ്ഹ്വാക്ക് ആക്രമണ വിമാനം, അമേരിക്കൻ സേനയുടെ ചരിത്രത്തിൽ ആദ്യത്തെ സ്റ്റെൽത്ത് അറ്റാക്ക് വിമാനമായിരുന്നു. ഈ അമൂല്യപോർവിമാനത്തെപ്പറ്റി ഒരാളും അറിയരുതെന്ന നിർബന്ധം അമേരിക്കയ്ക്കുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ തുടർന്നുള്ള പത്തുകൊല്ലം, അമേരിക്കൻ സേനയിലുള്ളവർ പോലും യുദ്ധങ്ങളിൽ തങ്ങളെ അനുയാത്ര ചെയ്തിട്ടുള്ള നൈറ്റ്ഹ്വാക്കിനെപ്പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എങ്കിലും, ഇതേപോലെയുള്ള നിഗൂഢ പറക്കൽ വിമാനങ്ങൾ ക്രമേണ റഷ്യയും മറ്റു രാജ്യങ്ങളും വികസിപ്പിച്ചെടുത്തുതുടങ്ങിയതോടെ 1988 മേയ് മാസം 16ന് അമേരിക്ക, എഫ്-117 നൈറ്റ് ഹ്വാക്കിനെ ലോകസമക്ഷം അവതരിപ്പിച്ചു. ഒപ്പം, ഈ വിമാനത്തിന്റെ ഇരട്ടപ്പേരും ലോകം അറിഞ്ഞു- കോക്രോച്ച്.
ഇരുളിന്റെ മറപറ്റി എല്ലാവരുടേയും കണ്ണുവെട്ടിച്ച്, നിശബ്ദമായി പറന്നിറങ്ങുന്നതുകൊണ്ടു മാത്രമല്ല, കറുത്ത പെയിന്റടിച്ച വിമാനത്തിന്റെ മൊത്തം ആകൃതിയും ഈ മറുപേരുവീഴാൻ കാരണമായിട്ടുണ്ടാവാം. 1989ലെ അമേരിക്കയുടെ പാനമ അധിനിവേശം, 1991 ലെ ഗൾഫ് യുദ്ധം, 1999ലെ യുഗോസ്ലാവിയ സംഘർഷം, 2001ലെ ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം എന്നിവ തുടങ്ങി 2003ലെ ഇറാക്കി ഫ്രീഡം യുദ്ധം വരെ അമേരിക്കയക്കുവേണ്ടി ശത്രുവിന്റെ കണ്ണുവെട്ടിച്ച് ആക്രമണങ്ങൾ നടത്തിയ പാറ്റകൾ 2008ൽ സർവീസിൽനിന്ന് വിരമിച്ചു.
പറക്കുന്നു എന്ന ആദ്യ കാരണത്താലും, ആകൃതിയുടെ പൊരുത്തംമൂലവും വിമാനങ്ങൾക്ക് ഷഡ്പദങ്ങളുടെ, കീടങ്ങളുടെ പേരിടുന്ന പതിവ് 1978ൽ ആരംഭിച്ചതൊന്നുമല്ല. ബ്രിട്ടനിലെ ദ ഹാവിലാൻഡ് വിമാനക്കമ്പനിക്കാണ് ഇക്കാര്യത്തിൽ ആചാര്യസ്ഥാനം. ലണ്ടനിൽ 1920ൽ സ്ഥാപിതമായ ദ ഹാവിലാൻഡ് എയർക്രാഫ്റ്റ് കമ്പനി, ഇന്നത്തെ ബോയിംഗും എയർബസും ഒക്കെയായിരുന്നു, ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ.
നിശാശലഭം എന്നു മലയാളത്തിൽ പറയാവുന്ന മോത്ത് പരമ്പരയിൽപ്പെട്ട ഹാവിലാൻഡ് വിമാനങ്ങൾ ലോകമെങ്ങും സേനകളുടേയും സിവിൽ വ്യോമയാന കമ്പനികളുടേയും പ്രിയങ്കരമായ ആകാശയാനങ്ങളായിരുന്നു. 1925ൽ നിർമിച്ച ഡിഎച്ച്60 മോത്തായിരുന്നു ഇതിൽ ആദ്യത്തേത്. പിൻവന്ന വർഷങ്ങളിൽ ജിപ്സി മോത്ത്, ജയന്റ് മോത്ത്, ടൈഗർ മോത്ത്, ഹ്വാക്ക് മോത്ത്, പസ് മോത്ത്, സ്വാളോ മോത്ത്, ഫോക്സ് മോത്ത്, ലെപ്പേഡ് മോത്ത്, ഹോണെറ്റ് മോത്ത്, മോത്ത് മൈനർ എന്നിങ്ങിനെ വൈവിധ്യമാർന്ന നിശാശലഭ വിമാനങ്ങൾ ലോകത്തിന്റെ ആകാശത്ത് പറന്നു -കൂട്ടത്തിൽ ഇന്ത്യയിലും.
ഇന്ത്യൻ വ്യോമയാനരംഗത്തിന്റെ പിതാവെന്ന് നിസംശയം പറയാവുന്ന ജെആർഡി ടാറ്റ 1932ൽ, പിൽക്കാലത്ത് എയർ ഇന്ത്യ എന്ന് അറിയപ്പെട്ട ടാറ്റ ഏവിയേഷൻ സർവീസ് സ്ഥാപിച്ച അതേ കൊല്ലംതന്നെ, കറാച്ചിയിൽനിന്ന് ബോംബേ ജുഹു വിമാനത്താവളത്തിലേക്ക് തപാൽ ഉരുപ്പടികളുമായി ടാറ്റ തന്നെ പറത്തിയത് ദ ഹാവിലാൻഡ് പസ് മോത്ത് വിമാനമായിരുന്നു. വിവിധ നാട്ടുരാജ്യങ്ങളുടെ രാജക്കാൻമാരും രാജകുമാരൻമാരും പിൻവന്ന കൊല്ലങ്ങളിൽ ബ്രിട്ടനിൽനിന്നു വരുത്തിയ ഹാവിലാൻഡ് വിമാനങ്ങളിൽ ഇന്ത്യയുടെ ആകാശത്ത് പറന്നിട്ടുണ്ട്.
തുടക്കത്തിൽ പറഞ്ഞ ലോക്ഹീഡ് എഫ്-117നു പിന്നാലെ വന്ന അനേകം പോർവിമാനങ്ങൾക്ക് പക്ഷികളുടേയും പ്രാണികളുടേയും പേരുനൽകിയിട്ടുണ്ട്- പ്രത്യേകിച്ച് അമേരിക്കയിൽ. എഫ്-15 ഈഗിൾ, ജനറൽ ഡൈനാമിക്സ് ഫൈറ്റിംഗ് ഫാൽക്കൺ, ഹ്വാക്കർ ഹരിക്കേയ്ൻ, ഹാരിയർ ജമ്പ് ജെറ്റ്, കർട്ടിസ് പി-40 വാർ ഹ്വാക്ക്, സെസ്ന എ-37 ഡ്രാഗൺഫ്ളൈ, ഫെയറി ഫ്ളൈകാച്ചർ ആൻഡ് ഫയർ ഫ്ളൈ തുടങ്ങിയവ അവയിൽ ചിലതുമാത്രം.
കോക്രോച്ചിനും ജനതാ പാർട്ടിയുടെ ചുരുക്കമായ സിജെപിക്കുമുള്ള ഒരു വിമാന കണക്ഷനെപ്പറ്റിക്കൂടി
സിജെപി എന്നു പറഞ്ഞാൽ പൈലറ്റുമാർക്ക് ആദ്യം ഓർമവരിക, സൈറ്റേഷൻ ജെറ്റ് പൈലറ്റ്സ് ആയിരിക്കും. സെസ്ന സൈറ്റേഷൻ, ബീച്ച്ക്രാഫ്റ്റ് പ്രീമിയർ ജെറ്റു വിമാനങ്ങൾ പറത്തുന്നവർക്കായുള്ള സുരക്ഷാ അസോസിയേഷനാണ് സിജെപി. വിമാനങ്ങൾ പറത്തുമ്പോഴുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്, പൈലറ്റുമാർക്കായി അതീവ ഗൗരവത്തോടെ നടത്തുന്ന ഏറെ സുരക്ഷാ പാഠ്യപദ്ധതികൾ ഇവർക്കുണ്ട്.
SUNDAY DEEPIKA
ഗുജറാത്തിലെ സാബര്‍കാന്ത ജില്ലയില്‍, ആരവല്ലി മലനിരകളുടെ അടിവാരത്ത് ഹര്നാവ് നദീതീരത്ത് സ്ഥിതിചെയ്യുന്ന "പോളോ ഫോറസ്റ്റ്’ ഒരു അപൂര്‍വ പ്രദേശമാണ്. പ്രകൃതിസ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടം. ഇന്ന് വിനോദസഞ്ചാരികളുടെ കേന്ദ്രമായ ഈ വനപ്രദേശത്തിന് അതിപുരാതനമായ ഒരു നഗരത്തിന്റെ കഥയാണ് പറയാനുള്ളത്.
പത്താം നൂറ്റാണ്ടില്‍ പരിഹാര്‍ രാജാക്കന്മാരാണ് ഈ നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ മാര്‍വാറിലെ റാത്തോഡ് രജപുത്രര്‍ ഈ പ്രദേശം പിടിച്ചടക്കി. "പോളോ’ എന്ന വാക്ക് "പോള്‍’ എന്ന ഗുജറാത്തി വാക്കില്‍ നിന്നാണ് ഉണ്ടായത്. ഇതിനു വാതിൽ എന്നാണ് അർഥം. രാജസ്ഥാനിലേക്കും ഗുജറാത്തിലേക്കുമുള്ള പഴയ വ്യാപാര പാതകളുടെ പ്രവേശന കവാടമായാണ് ഈ പ്രദേശം നിലകൊണ്ടിരുന്നത്. പരിഹാര്‍ രാജാക്കന്മാര്ക്കു ശേഷം വേറെയും പല രാജവംശങ്ങളും പ്രദേശത്തിന്റെ അധികാരം കൈയാളി. പരമാര് രാജവംശവും പിന്നീട് വന്ന രജപുത്ര ഭരണാധികാരികളും ഇവിടെ വലിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.
ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് രക്ഷനേടാനായി പര്‍വതങ്ങളാലും ഇടതൂര്‍ന്ന വനങ്ങളാലും ചുറ്റപ്പെട്ട ഈ പ്രദേശം ഒരു സുരക്ഷിത താവളമായി ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലക്രമേണ ഈ നഗരം ഉപേക്ഷിക്കപ്പെടുകയും വനം അതിനെ വിഴുങ്ങുകയും ചെയ്തു. വര്‍ഷങ്ങളോളം പുറംലോകത്തിന് അജ്ഞാതമായിരുന്ന ഈ പ്രദേശം പിന്നീട് പുരാവസ്തു ഗവേഷകരിലൂടെയാണ് വീണ്ടെടുക്കപ്പെട്ടത്.
പോളോ വനത്തിന്റെ പ്രധാന സവിശേഷത, കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന പുരാതന ജൈന-ഹിന്ദു ക്ഷേത്രാവശിഷ്ടങ്ങളാണ്. ഹിന്ദു- ജൈന വാസ്തുശൈലികളുടെ സമന്വയമാണ് ഇവിടെയുള്ള ക്ഷേത്രങ്ങള്‍. മാര്‍ബിളിലും കല്ലിലും തീര്‍ത്ത അതിമനോഹരമായ കൊത്തുപണികള്‍ മിക്ക ക്ഷേത്രങ്ങളിലും കാണാം. മുസ്ലീം അധിനിവേശകാലത്ത് പല ക്ഷേത്രങ്ങളും ഭാഗികമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്.
15-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ശരണേശ്വര്‍ ശിവക്ഷേത്രമാണ് വനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മിതികളിലൊന്ന്. കമനീയമായ വാസ്തുഭംഗിയാല് അതിപ്രശസ്തമാണിത്. പുരാതന ജൈന വാസ്തുവിദ്യയുടെ മകുടോദാഹരണമായ ലഖേണ ജൈന ക്ഷേത്രമാണ് മറ്റൊന്ന്. സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്ന പഴയ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാനാവും.
വനത്തിനുള്ളില്‍ "അന്ധാരി’ എന്നു വിളിക്കുന്ന ഒരു ഭാഗമുണ്ട്. സൂര്യപ്രകാശം കടക്കാത്ത അത്രയും ഇടതൂര്‍ന്ന മരങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്. പണ്ട് ശത്രുക്കളില്‍നിന്ന് ഒളിച്ചിരിക്കാന്‍ സൈനികര്‍ ഇവിടം ഉപയോഗിച്ചിരുന്നു. പോളോ ഫോറസ്റ്റിനോട് ചേര്‍ന്നുകിടക്കുന്ന വിജയനഗര്‍ എന്ന ചെറിയ പ്രദേശമായിരുന്നു പണ്ട് വനത്തിന്റെ ഭരണകേന്ദ്രം.
ഇന്ന് സാഹസിക സഞ്ചാരികള്‍ക്കും ചരിത്രപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിവിടം. ട്രക്കിംഗിനും ഫോട്ടോഗ്രഫിക്കും അനുയോജ്യമായ ഈ പ്രദേശം പ്രകൃതിയും ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്ന ഭൂമികയാണ്. ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഇവിടെ "പോളോ ഉത്സവം’ നടത്താറുണ്ട്. വനസംരക്ഷണത്തെക്കുറിച്ചും ചരിത്രസ്മാരകങ്ങളെക്കുറിച്ചും ആളുകളില്‍ അവബോധം വളര്‍ത്താനാണ് ഇതു സംഘടിപ്പിക്കുന്നത്. എന്തായാലും ചരിത്രസ്നേഹികള് ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഒരിടം തന്നെയാണ് പോളോ ഫോറസ്റ്റ്.
SUNDAY DEEPIKA
2001 ജൂണ്‍ 11. കാഠ്മണ്ഡുവിലെ ബാഗ്മതി നദീതീരത്തെ പശുപതിനാഥ ക്ഷേത്രം.
സമീപത്തായി വിപുലമായ പൂജാകർമങ്ങൾ നടക്കുന്നു. ആൾക്കൂട്ടത്തിനു നടുവിൽ ബീരേന്ദ്ര രാജാവിനെപ്പോലെ വേഷഭൂഷാദികളും ആഭരണങ്ങളും അണിഞ്ഞ് ഒരാൾ നിൽക്കുന്നുണ്ട്. പക്ഷേ രാജാവ് മരിച്ചിട്ട് അന്നേക്കു പതിനൊന്നു ദിവസങ്ങളായി. സ്വാഭാവികമായും സംശയിക്കാം, ആരാണയാൾ?!..
അല്ല, അയാൾ രാജാവല്ല.
ക്ഷേത്രത്തിനടുത്ത് നടന്നുകൊണ്ടിരുന്നത് "കട്ടോ' എന്നു വിളിക്കുന്ന പൂജാകർമങ്ങളാണ്. നേപ്പാളുകാർക്ക് മരിച്ചുപോയ രാജാവിന്റെ ആത്മാവിനെ ശുദ്ധീകരിച്ച് പരലോകത്തേക്ക് അയയ്ക്കുന്ന പൂജ. രാജാവിനെ പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ പുരോഹിതനാണ് ആടയാഭരണങ്ങൾ അണിഞ്ഞു നിൽക്കുന്നത്.
പൂർണ സസ്യഭുക്കായ അയാളെ മജ്ജയടക്കമുള്ള മാംസാഹാരം കഴിപ്പിക്കും. രാജാവിന്റെ വിവിധ വസ്തുക്കൾ അയാൾക്കു സമ്മാനിക്കും. മാംസം കഴിക്കുന്നതോടെ, മരിച്ചുപോയ രാജാവിന്റെ ദുഷ്കർമങ്ങളെല്ലാം അയാൾ ആഗിരണംചെയ്യുമെന്നാണ് വിശ്വാസം. അതോടെ കളങ്കപ്പെട്ട ബ്രാഹ്മണനെ ആനപ്പുറത്തുകയറ്റി കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ കൊണ്ടുപോയി രാജ്യംവിടാൻ ആജ്ഞാപിക്കും.
വിദൂരവും അജ്ഞാതവുമായ ഒരിടത്താവും പിന്നെ അയാളുടെ വാസം. ധരിച്ചിരിക്കുന്ന ആഭരണങ്ങളും വേഷഭൂഷാദികളും അയാൾക്കെടുക്കാം. വലിയ അളവിൽ പണവും നൽകും. ഒരേയൊരു പ്രശ്നം- അയാൾ സ്വന്തം ജാതിയിൽനിന്നു പുറത്താക്കപ്പെടും. എന്നാൽ രാജകുടുംബാംഗങ്ങൾക്കാകട്ടെ, ഈ രീതിയിൽ പുറത്താക്കപ്പെടുന്ന ആത്മാവ് ഒരുപദ്രവവും പിന്നീടു ചെയ്യില്ല എന്ന ഉറപ്പാണ് ലഭിക്കുന്നത്.
രാജാവിന്റെ മരണം, മകന്റെയും
നേപ്പാൾ രാജാവ് ബീരേന്ദ്ര ബീർ ബിക്രം ഷാ 2001 ജൂൺ ഒന്നിനാണ് കൊല്ലപ്പെട്ടത്. മരിച്ചതു രാജാവു മാത്രമല്ല, അതൊരു കൂട്ടക്കൊലയായിരുന്നു. പത്നിയും ഇളയ മകനും മകളും അടക്കം ഒന്‍പതുപേരാണ് അന്ന് കൊട്ടാരത്തിൽ ഒരു രാജകീയ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്- ഇളയ സഹോദരൻ ജ്ഞാനേന്ദ്ര ഷായും കുടുംബവും ഒഴികെ എല്ലാ രാജകുടുംബാംഗങ്ങളും. കൂട്ടക്കൊലയുടെ പശ്ചാത്തലം അത്യന്തം സംശയാസ്പദമായിരുന്നു.
മകൻ ദീപേന്ദ്രയാണ് കൊലപാതകിയെന്ന് ഔദ്യോഗിക അന്വേഷണങ്ങൾ കണ്ടെത്തി. പക്ഷേ അദ്ദേഹവും വെടിയേറ്റ് അബോധാവസ്ഥയിലായിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം സ്വയം വെടിവച്ചു മരിക്കാൻ ശ്രമിച്ചുവെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. മൂന്നു ദിവസങ്ങൾക്കുശേഷം മരിക്കുകയും ചെയ്തു. ബീരേന്ദ്ര രാജാവിന്റെ മരണത്തെ തുടർന്ന് ദീപേന്ദ്രയെ ഭരണാധികാരിയായി പ്രഖ്യാപിച്ചിരുന്നു. ദീപേന്ദ്രയും മരിച്ചതോടെ ബീരേന്ദ്രയുടെ ഇളയ സഹോദരൻ ജ്ഞാനേന്ദ്ര അധികാരമേറ്റു.
വലതുകൈയനായ ദീപേന്ദ്ര എങ്ങനെ തോക്കുപയോഗിച്ച് തലയുടെ ഇടതുഭാഗത്തു വെടിയുതിർത്തു, എന്തുകൊണ്ട് ജ്ഞാനേന്ദ്ര അന്നത്തെ അത്താഴവിരുന്നിൽ പങ്കെടുത്തില്ല, കൂട്ടക്കൊല നടന്ന ത്രിഭുവൻ സദൻ ഇടിച്ചുനിരത്താൻ ദിവസങ്ങൾക്കകം എന്തിന് ജ്ഞാനേന്ദ്ര ഉത്തരവിട്ടു തുടങ്ങിയ ചോദ്യശരങ്ങൾ വൈകാതെ ഉയർന്നിരുന്നു.
എന്തിനായിരുന്നു ഈ അരുംകൊല?
കിംവദന്തികൾ പലതുണ്ടായെങ്കിലും കൂട്ടക്കൊലയുടെ യഥാർഥ ലക്ഷ്യം വ്യക്തമല്ല. വിദേശരാജ്യങ്ങളുടെ ഇടപെടലുകൾ, ദീപേന്ദ്രയുടെ പ്രണയബന്ധത്തോടുള്ള കുടുംബത്തിന്റെ എതിർപ്പ്, അദ്ദേഹത്തിന്റെ മാനസിക പ്രശ്നങ്ങൾ, ജ്ഞാനേന്ദ്രയുടെ താത്പര്യങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ പ്രചരിച്ചു. ഒന്നിനും തെളിവുകളില്ലായിരുന്നു.
2008ൽ നേപ്പാളിലെ രാജഭരണം ഔദ്യോഗികമായി അവസാനിച്ചു. പലപ്പോഴായി രാജ്യം പല അസ്ഥിരതകളും പ്രക്ഷോഭങ്ങളും കണ്ടു. 1963ൽ മഹേന്ദ്ര രാജാവ് നിർമിച്ച നാരായണ്‍ഹിതി കൊട്ടാരം ഇന്നു മ്യൂസിയമാണ്. ഷാ രാജവംശത്തിന്റെ ഒൗദ്യോഗിക വസതിയായിരുന്നു ഇത്. രാഷ്ട്രത്തിന്റെ ചരിത്രത്തിലെ നിർണായക സംഭവവികാസങ്ങൾക്കു സാക്ഷ്യം വഹിച്ച സ്ഥലമാണിത്.
"ഞങ്ങൾ ഞങ്ങളുടെ രാജാവിനെ സ്നേഹിക്കുന്നു, രാജാവിനെ തിരികേ കൊണ്ടുവരിക'- ഇന്ന് ഈ മുദ്രാവാക്യം കേൾക്കുന്പോൾ കൗതുകം തോന്നാം. അടുത്തയിടെ രാജകുടുംബത്തിന്റെ അനുയായികൾ രാജവംശം സ്ഥാപിച്ച പൃഥ്വി നാരായണ്‍ ഷായുടെ പ്രതിമയുടെ ചുറ്റുംനിന്നാണ് ഈ മുദ്രാവാക്യം മുഴക്കിയത്. രാജ്യത്തെ രക്ഷിക്കാൻ രാജഭരണം തിരികെ കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം.
കാൽനൂറ്റാണ്ടുമുന്‍പ് ബീരേന്ദ്ര ഷായുടെയും, മകൻ മൂന്നു ദിവസങ്ങൾക്കുശേഷം മകൻ ദീപേന്ദ്രയുടെയും ആത്മാക്കളെ കട്ടോ പൂജ നടത്തി പറഞ്ഞയച്ച രാജ്യം ഇപ്പോഴും രാജാക്കൻമാരെ ഇഷ്ടപ്പെടുന്നുവെന്നു ചുരുക്കം.
SUNDAY DEEPIKA
ചിന്താവിഷയം
നമ്മെ വെറുതെ രസിപ്പിക്കാനായി എഴുതുന്ന സാഹിത്യകാരന്മാരുണ്ട്. എന്നാൽ മറ്റുചിലരാകട്ടെ മനുഷ്യഹൃദയത്തെ സ്പർശിക്കുകയും ജീവിതത്തെക്കുറിച്ച് ആഴമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള പ്രസിദ്ധനായ ഒരു എഴുത്തുകാരനാണ് മിച്ച് ആൽബോം. ജീവിതത്തിന്റെ അർഥം, സ്നേഹം, വേദന, ക്ഷമ, മനുഷ്യബന്ധങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളെ അത്യന്തം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹം പരക്കേ ആദരിക്കപ്പെടുന്നു.
1958ൽ അമേരിക്കയിൽ ജനിച്ച ആൽബോം നോവലിസ്റ്റ്, സ്പോർട്സ് ജേർണലിസ്റ്റ്, റേഡിയോ അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ നാലു കോടി കോപ്പികളാണ് ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ആൽബോം രചിച്ചിട്ടുള്ള വിവിധ നോവലുകളിൽ ഏറെ പ്രസിദ്ധമായ ഒരെണ്ണമാണ് "ഫൈവ് പീപ്പിൾ യു മീറ്റ് ഇൻ ഹെവൻ'.
എഡ്ഡി എന്ന പ്രായംചെന്ന മനുഷ്യനെയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്നത്. 83 വയസുള്ള അദ്ദേഹം ഒരു അമ്യൂസ്മെന്റ് പാർക്കിൽ മെക്കാനിക്കായി ജോലിചെയ്യുന്നു. കുട്ടികൾ ഉപയോഗിക്കുന്ന റൈഡുകൾ സുരക്ഷിതമാണോ എന്നു നോക്കുകയും തകരാറുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ജോലി. പുറത്തുനിന്നു നോക്കുന്പോൾ വളരെ സാധാരണവും പ്രാധാന്യമില്ലാത്തതുമായ ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്.
തന്റെ ജീവിതം ഒരു പരാജയമാണെന്ന ചിന്ത എഡ്ഡിയെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. രണ്ടാം ലേകമഹായുദ്ധത്തിൽ പങ്കെടുത്തു തടവുകാരനായി. എങ്കിലും ദൈവാനുഗ്രഹംമൂലം രക്ഷപ്പെട്ടു. വിവാഹിതനായെങ്കിലും കുട്ടികൾ ഉണ്ടായില്ല. ഒരു കാറപകടത്തിൽപ്പെട്ട ഭാര്യ പിന്നീട് ബ്രെയിൻ ട്യൂമർമൂലം മരിച്ചു. അങ്ങനെ ദുരന്തങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒടുവിൽ ലോകം ശ്രദ്ധിക്കാത്ത ഒരു ജോലിയിൽ തന്റെ ജീവിതം അവസാനിക്കുകയാണല്ലോ എന്ന് അദ്ദേഹം വിലപിച്ചു.
ഒരുദിവസം ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ എഡ്ഡി മരിക്കുന്നു. തുടർന്നുള്ള കഥ അദ്ഭുതകരമായ ഒരു ആത്മീയയാത്രയായി മാറുന്നു. സ്വർഗത്തിൽ എത്തിയ എഡ്ഡി അവിടെ അഞ്ചുപേരെ കണ്ടുമുട്ടുന്നു. തന്റെ ജീവിതവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടവരായിരുന്നു അവർ. അവരിൽ ചിലരെ അദ്ദേഹം മറന്നുപോയി എന്നതു വേറേ കാര്യം. എന്നാൽ, അവരുമായുള്ള കണ്ടുമുട്ടൽവഴി എഡ്ഡിക്ക് ഒരു സത്യം വെളിപ്പെടുന്നു- മനുഷ്യജീവിതത്തിൽ യാതൊന്നും വ്യർഥമല്ലെന്നും ഓരോ ജീവിതവും മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കുന്നു എന്നും.
ഈ ലോകത്തിൽ യാദൃച്ഛികമായി ഒന്നുമില്ല എന്നതും എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടവരാണെന്നതുമാണ് ഈ നോവലിലെ ഏറ്റവും ശക്തമായ സന്ദേശങ്ങളിൽ ഒന്ന്. എത്രയോ സത്യമായ സന്ദേശമാണിത്. പ്രശസ്തിയില്ലാത്തതിനാലോ സന്പത്തില്ലാത്തതിനാലോ വലിയ സ്ഥാനമില്ലാത്തതിനാലോ സ്വന്തം ജീവിതം വിലകുറഞ്ഞതാണെന്നു പലരും കരുതുന്നു. എന്നാൽ ദൈവത്തിന്റെ അളവുകോൽ ഏറെ വ്യത്യസ്തമാണല്ലോ.
""നിങ്ങൾ ഈ ചെറിയ സഹോദരന്മാരിൽ ഒരുത്തനു ചെയ്തതെല്ലാം എനിക്കുതന്നെയാണ് ചെയ്തത്'' (മത്താ 25:40) എന്ന് യേശു പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യന്റെ ചെറിയ സ്നേഹപ്രവൃത്തികൾക്കുപോലും ദൈവത്തിന്റെ മുന്നിൽ നിത്യമായ മൂല്യമുണ്ട് എന്നു സാരം. ഈ സത്യമാണ് ആൽബോം തന്റെ നോവലിലൂടെ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. അമ്യൂസ്മെന്റ് പാർക്കിൽ എഡ്ഡി വർഷങ്ങളോളംചെയ്ത ചെറിയ ജോലികൾ അനേകം കുട്ടികളുടെ ജീവൻ രക്ഷിച്ചു എന്ന തിരിച്ചറിവാണ് സ്വർഗത്തിൽ അദ്ദേഹത്തിനു ലഭിച്ചത്. ആളുകൾ പ്രശംസിച്ചില്ലെങ്കിലും തന്റെ വിശ്വസ്തത അനേകരെ അപകടങ്ങളിൽനിന്നു രക്ഷിച്ചിരുന്നു. താൻ പരാജയമാണെന്നു കരുതിയ മനുഷ്യൻ ദൈവത്തിന്റെ കണ്ണുകളിൽ വിലപ്പെട്ടവനായിരുന്നു.
ഇന്നും എത്രയോ ആളുകളാണ് എഡ്ഡിയെപ്പോലെ ജീവിക്കുന്നത്. മക്കൾക്കുവേണ്ടി ജീവിതം ഹോമിക്കുന്ന മാതാപിതാക്കൾ. ആരും ശ്രദ്ധിക്കാതെ വിശ്വസ്തതയോടെ ചെറിയ ജോലികൾ ചെയ്യുന്ന തൊഴിലാളികൾ. വിവിധ സേവനമേഖലകളിൽ പ്രവർത്തിക്കുന്നവർ.
ഇവരിൽ പലർക്കും ജീവിതം വിലയില്ലാത്തതായി തോന്നാറുണ്ട്. എന്നാൽ സ്നേഹത്തോടെ ചെയ്യുന്ന സാധാരണ കാര്യങ്ങളിലാണ് ജീവിതത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നത് എന്നതാണു യാഥാർഥ്യം.
റഷ്യൻ സാഹിത്യകാരനായിരുന്ന ടോൾസ്റ്റോയി ഒരിക്കൽ എഴുതി: ""മനുഷ്യന്റെ യഥാർഥ മഹത്വം അവൻ എത്ര ഉയരത്തിൽ എത്തി എന്നതിലല്ല, എത്രമാത്രം സ്നേഹിച്ചു എന്നതിലാണ് അടങ്ങിയിരിക്കുന്നത്.'' നമ്മുടെ ജീവിതം ദൈവത്തിന്റെ സ്നേഹത്തിന്റെ ഉപകരണമാകുന്പോഴാണ് അത് അർഥപൂർണമാകുന്നത്.
നോവലിന്റെ അവസാനം എഡ്ഡി ഒരു മഹത്തായ സത്യം തിരിച്ചറിയുന്നു. തന്റെ ജീവിതം ഒരിക്കലും വ്യർഥമായിരുന്നില്ല എന്ന സത്യം. തന്റെ ത്യാഗങ്ങൾക്കും വേദനകൾക്കും ചെറിയ സ്നേഹപ്രവൃത്തികൾക്കുമെല്ലാം ദൈവത്തിന്റെ പദ്ധതിയിൽ വലിയ അർഥമുണ്ടായിരുന്നു എന്ന യാഥാർഥ്യം. നാമെല്ലാവരും എപ്പോഴും ഓർമിക്കേണ്ട സന്ദേശമാണിത്. ധാരാളമാളുകൾ ഏകാന്തതയിലും നിരാശയിലും തങ്ങൾ വിലകുറഞ്ഞ മനുഷ്യരാണെന്ന തെറ്റായ ചിന്തയിലും മുന്നോട്ടുപോകുന്നു.
എന്നാൽ ദൈവവചനം പഠിപ്പിക്കുന്നത് അങ്ങനെയല്ല. ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: ""നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്'' (ഏശ 43:4). ഏശയ്യാ പ്രവാചകൻവഴിതന്നെ ദൈവം ചോദിക്കുന്നു: ""മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണകാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല'' (49:15-16).
നാം വിലകുറഞ്ഞവരാണെങ്കിൽ നീ എനിക്കു വിലപ്പെട്ടവനാണെന്നു ദൈവം അരുൾച്ചെയ്യുമോ? നാം അവിടത്തേക്കും പ്രിയങ്കരരായിരിക്കുന്നതുകൊണ്ടല്ലേ അവിടന്ന് നമ്മെ ഒരിക്കലും മറക്കാതിരിക്കുന്നത്? അതെ, നാം സ്നേഹത്തോടെ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അവിടന്ന് സന്തോഷപൂർവം ശ്രദ്ധിക്കുന്നുണ്ട്. അതോടൊപ്പം നാം ഓർമിക്കേണ്ട മറ്റൊരു കാര്യമുണ്ട്.
അവിടത്തെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട നമ്മെ മറ്റാർക്കും നിറവേറ്റാനാവാത്ത ഒരു സ്നേഹദൗത്യം ഏൽപ്പിച്ചിട്ടുണ്ട് എന്ന കാര്യം. ഇക്കാര്യം ഓർമിച്ച് നാം സ്നേഹത്തോടെ ചെയ്യുന്ന ചെറിയ പ്രവൃത്തികൾപോലും നിത്യതയിൽ പ്രതിധ്വനിക്കുമെന്നത് എപ്പോഴും നമ്മുടെ ഓർമയിൽ ഉണ്ടായിരിക്കട്ടെ.
SUNDAY DEEPIKA
സിനിമാക്കമ്പം മൂത്ത് ജോലി രാജിവച്ച് ചെന്നൈയിൽനിന്ന് വീട്ടിലെത്തിയ മകനോട് അപ്പൻ പറഞ്ഞു: "അഭിനയത്തോടുള്ള നിന്റെ അഭിവാഞ്ഛ എനിക്ക് മനസിലാവുന്നുണ്ട്. ഒരുവർഷം സമയം ഞാൻ നിനക്കു തരും. അതിനുള്ളിൽ നീയതു തെളിയിക്കണം. അല്ലേൽ തിരിച്ച് ജോലിയിൽ ജോയിൻ ചെയ്യണം.' അവനത് അക്ഷരംപ്രതി അനുസരിച്ചു. എബിസിഡി എന്ന സിനിമയിൽ മികവുതെളിയിച്ചു.
തുടർന്ന് ഇറങ്ങിയ എന്ന് നിന്റെ മൊയ്തീനിലൂടെ കേരളക്കര അവനെ ഏറ്റെടുത്തു- മലയാളിയുടെ സ്വന്തം ടൊവിനോ തോമസായി. കാലം കടന്നുപോയി. പിന്നെ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിൽ അവർ അപ്പനും മകനുമായി അഭിനയിച്ചു! ഇപ്പോഴിതാ "അതിരടി 'യിൽ ടൊവിനോയുടെ ബാല്യകാലം അവതരിപ്പിച്ചിരിക്കുന്നതാകട്ടെ മകൻ തഹാനും.
കല്ലേറ്റുംകരയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക്
കലേറ്റുംകര ഇളങ്കുന്നപ്പുഴ ഇല്ലിക്കൽ തോമസിന്റെയും മറിയത്തിന്റെയും ആറാമത്തെ മകനായ തോമസ് അഭിഭാഷകവൃത്തി ആരംഭിച്ചതോടെയാണ് ഇരിങ്ങാലക്കുടയിലേക്ക് കൂടുമാറിയത് . 1983ല്‍ ചിറ്റിലപ്പള്ളി തൊമ്മാന സെബാസ്റ്റ്യന്റെ മകൾ ഷീലയെ വിവാഹം ചെയ്തതോടെ ഇരിങ്ങാലക്കുടിയിൽ സ്ഥലം വാങ്ങി വീട് വച്ചു. വർഷം 43 പിന്നിട്ടിട്ടും തോമസ് വക്കീലും പ്രിയതമയും മക്കളായ ടിംഗ്സ്റ്റണും ടൊവിനോയും കുടുംബസമേതം ഈ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസം.
മൂത്തമകൾ ധന്യയെ മൂക്കന്നൂർ മൂലൻ സെബാസ്റ്റ്യന്റെ മകൻ അഡ്വ. ലിയോ വിവാഹം ചെയ്തു. പണവും സെലിബ്രിറ്റി സ്റ്റാറ്റസും എല്ലാം കൈവന്നിട്ടും ഇപ്പോഴും ഈ കുടുംബം ഒരുമിച്ചു തന്നെ. ഒരിക്കൽ ഒരഭി മുഖത്തിൽ ടൊവിനോ പറഞ്ഞത് "ഇപ്പോഴും ഞങ്ങളുടെ ഗൃഹനാഥൻ അപ്പൻ തന്നെയാണ്. അപ്പന്റെ മക്കളായിത്തന്നെ നിൽക്കാനാണ് എനിക്കും ചേട്ടനും ഇഷ്ടം' എന്നായിരുന്നു.
നിഷ്ഠയും സ്വാതന്ത്ര്യവും
അല്പം കാർക്കശ്യത്തോടെയും നിഷ്ഠയോടെയുമാണ് വക്കീലും ഭാര്യയും മക്കളെ വളർത്തിയിരുന്നത്. എങ്കിലും ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മക്കളോടൊപ്പം ചെലവിടാൻ ഇവർ സമയം കണ്ടെത്തിയിരുന്നു. പത്താംതരംവരെ ആൺമക്കൾ ഇരിങ്ങാലക്കുട ഡോൺബോസ്കോയിലും മകൾ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലുമായിരുന്നു പഠനം. മകൾ ബിരുദവും ബിഎഡും കഴിഞ്ഞ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ആൺമക്കൾ രണ്ടുപേരും എൻജിനീയർമാരായി.
സിനിമാ ഭ്രമം
ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിലെ സ്കൂൾ കാലം മുതൽതന്നെ ടൊവിനോയ്ക്ക് സിനിമാമോഹം ഉണ്ടെങ്കിലും സെന്റ് മേരീസിലെ പ്ലസ്ടുക്കാലത്താണ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അങ്കുരിച്ചത്. പക്ഷേ, എൻജിനീയറിംഗ് കഴിഞ്ഞപ്പോഴാണ് വീട്ടിൽ വിവരംപറഞ്ഞത്. സിനിമയെന്ന വലിയ ലോകത്ത് തന്റെ മകൻവിജയിക്കുമോയെന്നായിരുന്നു വക്കീലിന്റെ ആശങ്ക.
അതുകൊണ്ടുതന്നെ ആദ്യമെല്ലാം നിരുത്സാഹപ്പെടുത്തി. ഒരിക്കൽ വക്കീൽ പറഞ്ഞു: "എനിക്ക് കലയോടോ അഭിനയത്തോടോ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവന്റെ ഇഷ്ടത്തിനു ഫ്രീയായിവിട്ടാൽ അവനൊരു സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായില്ലെങ്കിലോ. അവൻ തോറ്റുപോകരുതെന്ന ആഗ്രഹം കൊണ്ടാ, ശരിക്കും പേടിച്ചിട്ടാ. അപ്പോഴെല്ലാം അവനെ സപ്പോർട്ട് ചെയ്യാൻ അവന്റെ ചേട്ടനോട് പറയുമായിരുന്നു. പലപ്പോഴും പൈസയും ചേട്ടന്റെ കൈയിൽ നൽകുമായിരുന്നു.'
പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സിനിമയിൽ അവൻ തന്റേതായ ഇടം കണ്ടെത്തി. പതുക്കെ പതുക്കെ നായക പദവിയിലെത്തി. 2024ൽ പുറത്തിറങ്ങിയ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ടൊവിനോ നായകനായ സിനിമയുടെ കാസ്റ്റിംഗ് സമയത്ത് ഡയറക്ടർ ഡാർവിൻ കുര്യാക്കോസ് വക്കീലിനോട് പറഞ്ഞു: നായകന്റെ അപ്പനായി വേറെ ആരെയും നോക്കുന്നില്ല, അപ്പച്ചൻതന്നെ അഭിനയിക്കണം. അങ്ങനെയാണ് അത് സംഭവിച്ചത്.
ബെറ്റർ ഹാഫ്
സ്നേഹ വാത്സല്യങ്ങളുടെ നിറനിലാവാണ് ഷീല എന്ന അമ്മ. ലോകത്തിന്റെ ഏതു കോണിലായാലും ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ ഓടിയെത്തുന്നത് ഭാര്യയെയും മക്കളെയും കാണാൻ മാത്രമല്ല, അമ്മയുടെ കൈപ്പുണ്യം നുകരാൻകൂടിയാണ്. മറ്റു മക്കളും അങ്ങനെതന്നെ.
തോമസ് വക്കീൽ പറഞ്ഞു: " 43 വർഷമായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് . ഒരു ദിവസം പോലും പിണങ്ങി നിൽക്കേണ്ടിവന്നിട്ടില്ല. പിണക്കങ്ങൾ മിനിറ്റുകൾ കൊണ്ട് മായും. അത് എന്റെയല്ല അവളുടെ കഴിവാണ്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ആൾരൂപമാണ് അവൾ. അതുകൊണ്ടുതന്നെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും അവൾ ജീവനാണ്. സ്നേഹപ്രകടനങ്ങൾ എല്ലാം അവളോടാണ്. അവൾ തിരിച്ചും. ബിരുദധാരിയാണ് അവൾ. പക്ഷേ, ജോലിയെക്കാൾ മഹത്തരമാണ് ഹോം മേക്കിംഗ്. അതൊരു ചില്ലറ ജോലിയോ ഉത്തരവാദിത്വമോ അല്ല എന്നാണ് എന്റെ വിശ്വാസം. അമ്മയാണല്ലോ വീടിന്റെ വിളക്ക്.
അതുകൊണ്ടുതന്നെ ഞാൻ വാങ്ങുന്ന സ്ഥലങ്ങളെല്ലാം പകുതി അവളുടെ പേരിലാണ്. ഇപ്പോഴും ഞാൻ തോട്ടങ്ങളിൽ പോയി ജാതിക്കയും പത്രിയും പറിക്കും. 700 ഓളം നേന്ത്രവാഴയുള്ള തോട്ടമുണ്ട്. ഡ്രിപ് ഇറിഗേഷൻ സിസ്റ്റം ചെയ്തിട്ടുണ്ടെങ്കിലും പരമാവധി ദിനങ്ങളിൽ ഞാൻ രണ്ടുനേരം പോയി നനയ്ക്കും. ദിനചര്യ ക്രമീകരിക്കുന്നതിൽ അവളുടെ പങ്ക് വളരെ വലുതാണ്. അല്ലെങ്കിൽ പ്രാക്ടീസിനിടയിലും എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇതെല്ലാം മാനേജ് ചെയ്യുക സാധ്യമല്ല.'
ഒരുമ, ഒറ്റക്കെട്ട്
കോവിഡ്കാലത്താണ് ഇരിങ്ങാലക്കുട പട്ടണത്തിലെ തിരക്കിൽനിന്നൊഴിഞ്ഞ് ചെടികളും പക്ഷിമൃഗാദികളുമൊക്കെയുള്ള പ്രകൃതിയോടിണങ്ങിയ കുറച്ചുകൂടി വലിയൊരു വീടു വച്ചാലോയെന്ന് ടൊവി അപ്പനോടു ചോദിക്കുന്നത്. ചേട്ടനും അനുജനും ഒറ്റ കോമ്പൗണ്ടിൽ വീടുകൾ. ജിം, നീന്തൽക്കുളം, ഗാർഡൻ, ഹോം തിയറ്റർ തുടങ്ങിയവയെല്ലാം കോമൺ. കല്ലേറ്റുംകരയിലെ തറവാട്ടുപറമ്പിൽ വീടുപണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടു വീടുകളുടെയും ഒന്നാംനില പൂർത്തിയായിക്കഴിഞ്ഞു. രണ്ടു വീടുകളും തമ്മിലുള്ള അകലം വെറും 20 അടി മാത്രം. ഇടയിൽ മതിലുകളും ഇല്ല. അപ്പനും അമ്മയ്ക്കും രണ്ടിടത്തും ഒരേപോലെ താമസിക്കാൻ സൗകര്യമൊരുക്കുന്നു.
വിശേഷങ്ങൾ, വിനോദം
വിവാഹ വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്കെല്ലാം ഇവർ ഒത്തുകൂടുമെങ്കിലും ക്രിസ്മസ്, ഈസ്റ്റർ, ഓണം, ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ എന്നിവയ്ക്ക് ഇവരെല്ലാം വീട്ടിൽ ഉണ്ടാകും. ഷൂട്ടിംഗ് തിരക്കുമൂലം ടൊവിനോയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മകളുടെ കുടുംബം ഉൾപ്പെടെ എല്ലാവരും ഭക്ഷണവും പായ്ക്കുചെയ്ത് ടൊവി കേരളത്തിലെവിടെയാണെങ്കിലും അവിടെ എത്തും.
കഴിഞ്ഞ നാലു വർഷമായി സ്കൂൾ അവധിക്കാലത്ത് 10 -15 ദിവസം നീളുന്ന വിദേശ വിനോദയാത്രയും ഇവർ ഒരുമിച്ച് നടത്തുന്നു. ഇത്തവണ ടൊവിനോയൊഴികെ ബാക്കിയെല്ലാവരും ഓസ്ട്രിയയിലെ വിയന്നയിലേക്ക് പോയിരിക്കുകയാണ്. ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഇത്തവണത്തെ ഡെസ്റ്റിനേഷനുകൾ. സ്പെയിനിലെ ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ വിയന്നയിൽ ഇവരോടൊപ്പം ചേരും. കഴിഞ്ഞതവണ ജോർജിയ, കസാക്കിസ്ഥാൻ, അൾജീരിയ എന്നിവിടങ്ങളിലായിരുന്നു വിനോദയാത്ര. മുൻപ് ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും.
മക്കൾ മൂവരും ഇതേ സ്നേഹത്തിലും സന്തോഷത്തിലും സൗഹാർദത്തിലും എക്കാലവും കഴിയണമെന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹവും പ്രാർഥനയും. മക്കൾക്കാകട്ടെ അപ്പന്റെയും അമ്മയുടെയും സ്നേഹത്തണലിൽ കഴിയാനും.
SUNDAY DEEPIKA
സിലോണ്‍ പയനം- 2
ഫെറി സാവധാനം കങ്കേശൻ തുറയിൽ എത്തി. സെക്യൂരിറ്റി ചെക്കപ്പും എമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഗംഭീരമായ സ്വീകരണം! ഞങ്ങളെ കൊണ്ടുപോകാൻ ബസ് തയാർ. ജാഫ്ന നോർത്ത് ഇൻ പ്രോവിൻസിന്റെ നേതൃത്വത്തിൽ ഘോഷയാത്ര ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ വക സമ്മാനങ്ങൾ അവിടെവച്ചുതന്നെ കൈപ്പറ്റി. ആശംസകളുമായി എംപിയും എത്തിയിരിക്കുന്നു. ജാഫ്ന സിറ്റിയിലെ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള വലംപിരി എന്ന ഹോട്ടലിലാണ് ഞങ്ങൾക്കു താമസിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. സൈക്കിളുകൾ ലോറിയിൽ അവിടേക്ക് എത്തിച്ചുതന്നു.
അന്നു വൈകീട്ടോടെതന്നെ ജാഫ്ന കൾച്ചറൽ സെന്ററിലെ ഉദ്യോഗസ്ഥൻ ഫ്ളാഗ് ഓഫ് ചെയ്ത് ഞങ്ങളുടെ സൈക്കിൾ യാത്ര ആരംഭിച്ചു. ആദ്യദിവസംതന്നെ 30 കിലോമീറ്റർ സഞ്ചരിച്ചു. ചരിത്രപരമായ ഡച്ച് കോട്ട, ക്ലോക്ക് ടവർ, അതിമനോഹരമായ കോസ് വേകൾ തുടങ്ങിയവ കണ്ടു. ശരിക്കും ചരിത്രത്തിലൂടെയുള്ള സവാരി.
പിറ്റേന്ന് അതിരാവിലെ ഞങ്ങൾ ഒരുങ്ങി. നൈനത്തീവിലേക്കാണ് ആദ്യം. തീവ് എന്നാൽ ദ്വീപ്. പൂക്കുടു തീവ്, കുറിയാട്ടു വാൾ, നെടുംതീവ് എന്നീ ഇടങ്ങൾ കടന്നുവേണം നൈനത്തീവിൽ എത്താൻ. ടൂറിസം വകുപ്പ് അവിടെ വലിയ പരിപാടിയാണ് ഒരുക്കിയിരുന്നത്. ഒഫീഷ്യലുകളും നാട്ടുകാരും സ്കൂൾ കൂട്ടികളും പങ്കെടുത്ത സാംസ്കാരിക പരിപാടികൾ. എല്ലാം ആകർഷകം. ഉച്ചയ്ക്ക് അവിടെ ഒരു സ്കൂളിൽ ഒരുക്കിയ നാടൻ സദ്യ കഴിച്ച് മടക്കം.
പൊസക്കി അമ്മൻ ക്ഷേത്രം, പൂക്കുടു തീവ് കന്തസ്വാമി ക്ഷേത്രം, നാഗവിഹാർ ബുദ്ധക്ഷേത്രം, ബാവു ബാവു മരം തുടങ്ങിയവയായിരുന്നു അന്നത്തെ കാഴ്ചകൾ. ആഫ്രിക്കൻ വേരുകളുള്ളതാണ് ഈ ബാവു മരം. നൈനത്തീവിലേക്കും ബുദ്ധവിഹാറിലേക്കുമുള്ള ബോട്ടുയാത്രകൾ മറക്കാനാവാത്തതാണ്.
ക്രിക്കറ്റും പഞ്ചറായ ടയറും
ശ്രീലങ്കയിലെ വളർന്നുവരുന്ന തലമുറയ്ക്ക് ഏറ്റവുമിഷ്ടം ക്രിക്കറ്റുതന്നെയാണ്. ഒരു ബോട്ടുയാത്രയിൽ അങ്ങനെയൊരു സംഘത്തെ കൂട്ടായി കിട്ടി. ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ ഒരു ദ്വീപിൽനിന്ന് മറ്റൊന്നിലേക്കു പോകുകയായിരുന്നു അവർ. പഴയകാല ലങ്കൻ ടീമംഗങ്ങളെക്കുറിച്ചായിരുന്നു അവർക്കു പറയാനുണ്ടായിരുന്നത്. നമുക്കും ഏറെ പരിചിതർ. ഓർമകളുടെ അയവിറക്കലായി അവരുമായുള്ള സംഭാഷണം.
തിരികേ ഹോട്ടലിലേക്കു സൈക്കിൾ ചവിട്ടുകയാണ് ഞങ്ങൾ. സമയം ഏതാണ്ടു രാത്രിയാവുന്നു. ആറു കിലോമീറ്റർ അകലെയാണ് ഹോട്ടൽ. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങൾ മൂന്നുപേരിൽ ഒരാളുടെ സൈക്കിൾ ടയർ പഞ്ചറായത്. ബാക്കിയെല്ലാവരും മുന്നിൽ പോയിക്കഴിഞ്ഞിരിക്കുന്നു. സൈക്കിളുകൾ തള്ളി നടക്കുകയല്ലാതെ മറ്റു മാർഗമില്ല. വഴിചോദിച്ചറിഞ്ഞു നടന്നു. പരിചയമില്ലാത്ത രാജ്യം നടന്നുകാണാൻകൂടി ഒരവസരം!
ഒരുദിവസം, 120 കിലോമീറ്റർ
യാഴ്പ്പാണം (ജാഫ്ന) മുഴുവനായി കറങ്ങിക്കാണുന്ന യാത്രയാണ് പിറ്റേദിവസം പദ്ധതിയിട്ടിരുന്നത്. ഏതാണ്ടു 120 കിലോമീറ്റർ സൈക്കിൾ യാത്ര. അക്കാരി ബീച്ച്, പെട്രോ പോയിന്റ്, പന്നൈ ബീച്ച്, കങ്കേശൻ തുറ, തൊണ്ടമാനൂർ ബീച്ച്, കാരിനഗർ എൻട്രൻസ്, കോസ് വേകൾ... കാഴ്ചകൾ അവസാനിക്കുന്നില്ല. ജാഫ്നയുടെ പ്രധാന മേഖലകൾ എല്ലാം കറങ്ങി. തിരിച്ച് ഹോട്ടലിലെത്തി വിശ്രമിച്ച് രാത്രി ചെറിയൊരു ഷോപ്പിംഗ്. അതിനുശേഷം നോർത്തേണ്‍ പ്രോവിൻസ് ഗവർണറുടെ മെഡൽദാന ചടങ്ങും ഡിന്നറും.
പിറ്റേന്നു രാവിലെ ഞങ്ങൾ മൂന്നുപേർ ചേർന്ന് ജാഫ്നയിലെ ബാക്കിയുള്ള ഇടങ്ങൾകൂടി കറങ്ങാൻ തീരുമാനിച്ചു- സൈക്കിളിലല്ല, ഓട്ടോയിൽ. സൂര്യോദയം മുതൽ കാണുകയായിരുന്നു ലക്ഷ്യം. പഴയ ഡച്ച് ഫോർട്ടിലെ ഉദയം, അടുത്തുതന്നെ ലൈബ്രറി, കോടതി സമുച്ചയങ്ങൾ, പത്രപ്രവർത്തകരുടെ സ്മൃതിമണ്ഡപം, ജമുനാ ഏരി എന്ന വലിയ കുളം എന്നിങ്ങനെ കാഴ്ചകൾ നീണ്ടു.
റിയോ എന്ന പ്രശസ്തമായ ഐസ്ക്രീം പാർലർ, നെല്ലൂർ ക്ഷേത്രം, സംഗ്ലി രണ്ടാമൻ രാജാവിന്റെ പ്രതിമ, രാജാവിന്റെ താമസസ്ഥലം എന്നിവ സന്ദർശിച്ചു. ജാഫ്നയിലെ ബസുകൾ കൗതുകകരമാണ്. പഴയകാലത്തെ കാറുകളുടെയും ട്രക്കുകളുടെയും ശേഖരവും റെയിൽവേ സ്റ്റേഷനും മാർക്കറ്റും കണ്ട് 1867ൽ നിർമിച്ച സെന്റ് ജെയിംസ് പള്ളിയിൽ എത്തി. ഉച്ചവരെനീണ്ട കറക്കത്തിന് ആത്മീയ ഉണർവു പകരുന്ന സമാപനം.
കടൽകടന്നു തിരികേ
നാട്ടിലേക്കു തിരിക്കേണ്ട സമയമായിരിക്കുന്നു. ഹോട്ടലിൽനിന്ന് സൈക്കിളുകളുമായി കെകെഎസ് പോർട്ടിലെത്തി വീണ്ടും ഫെറിയിൽ. 110 കിലോമീറ്റർ കടൽകടന്ന് രാത്രി ഏഴോടെ നാഗപട്ടണത്ത് തീരമണഞ്ഞു. അവിടെ അസൽ മഴ. തഞ്ചാവൂരിലും കുംഭകോണത്തുമെല്ലാം മഴയാണെന്നറിഞ്ഞു.
തിരിച്ചു പാലക്കാട്ടേക്കു സൈക്കിൾ ചവിട്ടേണ്ട എന്നു തീരുമാനിക്കാൻ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ആദ്യത്തേത് മഴതന്നെ. രണ്ടാമത്തേത് നാട്ടിൽ സമയത്തെത്തി വോട്ടു രേഖപ്പെടുത്തണമെന്ന ജനാധിപത്യബോധം. കൂട്ടുകാർക്കൊപ്പം കാറിൽ മടങ്ങാൻ ഒരുങ്ങി. 12 പേർ, 12 സൈക്കിളുകൾ, നാലു കാറുകൾ... വഴിയിൽ പലനാടുകളിലെ വ്യത്യസ്തമായ ഭക്ഷണങ്ങൾ രുചിച്ചറിയാമെന്ന മോഹവുമുണ്ടായിരുന്നു.
തമിഴ് പ്രാതൽ, ഉച്ചയ്ക്ക് ഡിണ്ടിഗൽ ബിരിയാണി, ചായയ്ക്ക് മണപ്പാറ മുറുക്ക്.. ഇടയ്ക്കുള്ള ചായക്കടകളിലെ പ്രത്യേക വിഭവങ്ങൾ. രുചികളുടെ സന്തോഷം. വൈകീട്ട് അഞ്ചോടെ പാലക്കാട്ടെത്തി. അവിടെ വീണ്ടും സൈക്കിൾ സെറ്റ് ചെയ്തു. വീട്ടിലേക്ക് സന്തോഷത്തോടെ വീണ്ടും സൈക്കിളിൽ...
ആകെ പതിനാലു ദിവസത്തെ യാത്ര പൂർത്തിയായിരിക്കുന്നു. സൈക്കിൾ ചവിട്ടിയത് 800 കിലോമീറ്ററോളം. ബസ്, ഓട്ടോ, കാർ എന്നിവയിൽ 1250 കിലോമീറ്ററിലേറെ. ഫെറിയും ബോട്ടും നടത്തവുമായി മറ്റൊരു 400 കിലോമീറ്റർ. ഒരു കാര്യം വീണ്ടുമുറപ്പിച്ചു- തിരക്കുകളിൽ എവിടെയൊക്കെയോ സ്വയം നഷ്ടപ്പെടുന്പോൾ, വീണ്ടെടുക്കൽ... തിരിച്ചുകിട്ടൽ... അതാണ് യാത്രകൾ!
SUNDAY DEEPIKA
നമ്മുടെ മണ്ണും നീരും ഏറ്റവും മികച്ചത് അർഹിക്കുന്നു... ഭൂമിയെ ബഹുമാനിക്കുക, നമ്മെ നിലനിർത്തുന്നതിനെ സംരക്ഷിക്കുക- കടൽകടന്ന് രണ്ടു ചക്രങ്ങളിൽ സഞ്ചരിക്കുന്പോൾ മനസിൽ ഇതായിരുന്നു. മൈലുകൾക്കപ്പുറത്ത് കഥകളിലൂടെ.. നാടിന്റെ ശാന്തസൗന്ദര്യങ്ങളിലൂടെ.. ആളുകൾക്കിടയിലൂടെ ഒരു യാത്ര.
ഈ യാത്ര എന്റേതു മാത്രമായിരുന്നില്ല. രണ്ടു ചക്രങ്ങളിൽ ഒഴുകുന്ന സന്ദേശവുമായി 44 പേർ. സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ പാലക്കാട്, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, ഫോർട്ട് പെഡലേഴ്സ് പാലക്കാട്, ഇൻടാക്ക് പാലക്കാട്, ബയോ ഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്ത്, പാൽഘാട്ട് ഹിസ്റ്ററി ക്ലബ്, കേരള വനം-വന്യജീവി വകുപ്പ് എന്നിവയുടെ പ്രതിനിധിയായി ഞാനും എന്റെ കോന സൂത്ര ടൂറിംഗ് സൈക്കിളും. ലക്ഷ്യം- യാഴ്പ്പാണം, ശ്രീലങ്ക!
പൂമ്പാറ്റയെപ്പോലെ...
സമയത്തിന്റെയോ ദിവസങ്ങളുടെയോ കെട്ടുപാടുകൾ ഇല്ലാതാക്കുക.. വേഗത കുറച്ച് സ്വയം കൂടുതൽ മനസിലാക്കുക.. ഇളംകാറ്റിൽ പാറുന്ന പൂന്പാറ്റയെപ്പോലെ, കെട്ടില്ലാത്ത പട്ടംപോലെ സൈക്കിൾ സഞ്ചാരം ആസ്വദിക്കുക. ഇതൊക്കെയായിരുന്നു മനസുനിറയെ. യാത്രയ്ക്ക് ആവശ്യമായ 40 കിലോയോളം വരുന്ന ലഗേജും സന്ദേശം ഉൾക്കൊള്ളുന്ന ബോർഡും സൈക്കിളിലുണ്ട്. കത്തുന്ന വെയിലും മുന്നോട്ടു കടത്തിവിടാത്ത കാറ്റുമുണ്ട്. എങ്കിലും മനസിൽ കുളിർമയായിരുന്നു.
യാത്രതുടങ്ങി ചിറ്റൂർ, ഗോപാലപുരം, പൊള്ളാച്ചി വഴി ഉദുമൽപേട്ട വരെ ആദ്യദിവസം 90 കിലോമീറ്റർ സഞ്ചരിച്ചു. കൂട്ടുകാരൻ പാർത്ഥസാരഥിയുടെ നിർദേശപ്രകാരം ഉദുമലയിലുള്ള സൈക്കിൾ സുഹൃത്ത് ദണ്ഡപാണി ബസ് സ്റ്റാൻഡിനു സമീപത്ത് കാത്തുനില്പുണ്ടായിരുന്നു. സൗകര്യപ്രദമായ ഒരു ഹോട്ടലിൽ എന്നെ പരിചയപ്പെടുത്തി. സൈക്കിളും സുരക്ഷിതമായി വച്ച് രാത്രിയുറക്കം. പിറ്റേന്നു രാവിലെ പത്തരയോടെ ദണ്ഡപാണി വീണ്ടുമെത്തി. ഉദുമല - പഴനി ഹൈവേയിലേക്ക് വഴികാട്ടിത്തന്ന് അദ്ദേഹം പിരിഞ്ഞു.
അസാധ്യമായ കാറ്റ്. കത്തുന്ന വെയിൽ ഇവിടെയുമുണ്ട്. വയലേലകൾ, കാറ്റാടിപ്പാടങ്ങൾ, തക്കാളിപ്പാടങ്ങൾ, പേരയ്ക്കപ്പാടങ്ങൾ, മുരിങ്ങപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ.. അവിടെയൊക്കെ ചെറിയ വ്യവസായം ചെയ്യുന്ന കർഷക കുടുംബങ്ങളെ കാണാം. മേയുന്ന കന്നുകാലികൾ, കോഴികൾ.. ചെറിയ ഫാമുകൾ.. ദൂരെ പഴനിമല കാണാം. വയലുകൾ ഉഴുന്ന ട്രാക്ടറുകളിൽനിന്ന് രജനിയുടെ യജമാൻ സിനിമയിൽനിന്നുള്ള പാട്ട്.
ബാഗിന്റെ ഭാരമുള്ളതിനാൽ സൈക്കിൾ സ്റ്റെഡി ഫീൽ ആണ്. പക്ഷേ എങ്ങനെ ചവിട്ടിയാലും ശരാശരി 15 കിലോമീറ്ററിൽ താഴെയാണ് വേഗത. ഒരൊഴിഞ്ഞ ടോൾ റീചാർജിംഗ് കുഞ്ഞിപ്പന്തലിലെ കസേരയിൽ അല്പം വിശ്രമം. ധാരാപുരം, മടത്തികുളം, പഴനി, ഒട്ടൻഛത്രം പിന്നിട്ട് രാത്രി ഏഴോടെ ഡിണ്ടിഗലിൽ എത്തി. അന്നത്തെ സഞ്ചാരം ഏതാണ്ട് 110 കിലോമീറ്റർ. രാത്രി അവിടെ തങ്ങി. പിറ്റേന്നു രാവിലെ ആറരയ്ക്കുതന്നെ മണപ്പാറവഴി യാത്ര തുടർന്നു.
ഇടതുഭാഗത്ത് ചെമ്മണ്ണിൻ കുന്നിൻചെരിവുകൾ.. വലത്ത് ശിരുവം കുന്നുകൾ. വഴിയുടെ ഇരുവശത്തും ഡില്ലി മുൾമരങ്ങൾ കാണാം. ഡൽഹിയിൽനിന്ന് വന്നതുകൊണ്ടാണത്രേ ഇതിനു ഡില്ലി എന്നുപേര്. വരണ്ട ഭൂമിയുടെ ലക്ഷണമാണിത്. റോഡരികിലെ ബേക്കറിയിൽനിന്ന് രണ്ടു ചായയും ഒരു ബണ്ണും അകത്താക്കി.
വരിതെറ്റിക്കുന്ന വരവുകൾ
നല്ല നാലുവരിപ്പാതയാണ് മുന്നിൽ. നമ്മുടെ വശത്ത്, വെള്ളവരയ്ക്കു പുറത്തുകൂടി സൈക്കിൾ ചവിട്ടിയാലും ഒരു കാര്യം ഭയക്കണം- എതിരേനിന്ന് മോപ്പഡും ബൈക്കും ഓട്ടോറിക്ഷയും ഏതു നിമിഷവും വരാം. ദിശ തെറ്റിച്ചുവരുന്നത് അവരുടെ അവകാശമാണെന്നപോലെയാണ് മോപ്പഡിൽ പെൺകുട്ടികൾ അടക്കമുള്ളവരുടെ വരവ്. അരികുവിട്ട് പാതയിലേക്കു സൈക്കിൾ കയറ്റിയേ മതിയാവൂ.
അന്നും 110 കിലോമീറ്റർ സഞ്ചാരം. തൃശ്ശിനാപ്പിള്ളിയിൽ എത്തി. വഴിയിൽ സൈക്കിളിൽ വന്നിരുന്ന സ്റ്റാലിൻ എന്ന കൊച്ചുപയ്യനാണ് സുഹൃത്ത് പറഞ്ഞേൽപ്പിച്ചിരുന്ന ഹോട്ടൽ മുറി കാണിച്ചുതന്നത്. അങ്ങനെ സൈക്കിളടക്കം മൂന്നാം നിലയിലെ മുറിയിൽ സുഖമായ ഉറക്കം. രാവിലെ ആറരയോടെ നാഗപട്ടണത്തിലേക്ക്...
തവിട്ടു-ചാരനിറത്തിൽ തഞ്ചാവൂർ പാടങ്ങളെ വകഞ്ഞുമാറ്റി പാസഞ്ചർ തീവണ്ടി വരുന്നു. പകലിനു നല്ല ചൂടുണ്ടെങ്കിലും ഒരു ഇരുണ്ട അന്തരീക്ഷം. റോഡിൽ എങ്ങനെയൊക്കെയോ ജീവനകന്നുകിടക്കുന്ന നീലപ്പൊന്മാനും മൈനയും നായയും പൂച്ചയും...
ഹെഡ് വിൻഡും ക്രോസ് വിൻഡും മുന്നോട്ടു നീങ്ങുന്നത് ശ്രമകരമാക്കുന്നു. കൈയിൽ ഒരുകൂട പൂക്കളുമായി ഒരു പാട്ടിയും താത്തയും മുന്നിലെത്തി. ആ ഗ്രാമത്തിലാദ്യമാണ്. മരണവീട്ടിലേക്കോ കല്യാണത്തിനോ എന്നറിയില്ല. ആദ്യം വഴിചോദിച്ചത് എന്നോട്! എല്ലാം ഒരു കെട്ടുകഥയിലെ രംഗംപോലെ തോന്നി.
കരിന്പനകൾ അതിരിടുന്ന, കൊയ്തതും കൊയ്യാത്തതുമായ തഞ്ചാവൂർ പാടങ്ങൾ, ഉരുട്ടിക്കെട്ടി പൊക്കങ്ങളിലേക്ക് അടുക്കിവച്ചിരിക്കുന്ന വയ്ക്കോൽ ചുരുളുകൾ, ആടുമാടുകളെ മേയ്ക്കുന്ന അമ്മമാർ, അനക്കമറിയിക്കാതെ ഒഴുകുന്ന കടുവൈയാറും... ആകെയൊരു ശോകാന്തരീക്ഷം. ഞാനാ കെട്ടുകഥയിൽനിന്ന് ഇറങ്ങിവന്നു. 140 കിലോമീറ്റർ പിന്നിട്ട് നാഗപട്ടണത്തിലെത്തി...
മലന്പുഴയിൽനിന്ന് പാലക്കാടും ചിറ്റൂരും കടന്ന്, ഗോപാലപുരം, പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി, ഒട്ടൻഛത്രം, ഡിണ്ടിഗൽ, തൃശ്ശിനാപ്പിള്ളി, തഞ്ചാവൂർ, കുംഭകോണം വഴി നാഗപട്ടണം...
ലങ്കയിലേക്ക് നാലുനാൾ
നാഗപട്ടണത്തിൽനിന്ന് ശ്രീലങ്കയിലേക്കു പുറപ്പെടാൻ ഇനി നാലുനാളുണ്ട്. തൃശ്ശിനാപ്പിള്ളിയിൽ സൈക്കിൾ സർവീസ് ചെയ്യാൻ കരുതിയിരുന്നത് നടന്നില്ല. വിശ്രമത്തിനു മാറ്റിവച്ച ഒരുദിവസം ഉപയോഗിച്ചുമില്ല. പറഞ്ഞുവച്ചതിനേക്കാൾ രണ്ടുദിവസം നേരത്തേ പുറപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ നാലുദിവസം നാഗപട്ടണത്തിൽ ചെലവാക്കാനുണ്ട്. ചെറുപ്പകാലംമുതൽ മനസിൽ കയറിക്കൂടിയ ഊരുകളുടെ പേരുകളുണ്ട്. അവിടങ്ങളിലേക്കെല്ലാം യാത്രകൾ നടത്താൻ ഞാൻ തീരുമാനിച്ചു. സൈക്കിൾ സുരക്ഷിതമായി ഹോട്ടൽ മുറിയിൽ കയറ്റിവച്ചു.
പിറ്റേന്ന് അതിരാവിലെ നാഗപട്ടണം ബസ് സ്റ്റാൻഡിൽ എത്തി. ആദ്യ യാത്ര തിരുവാരൂരിലേക്ക്. ത്യാഗരാജക്ഷേത്രം കാണാം. അവിടെയുള്ള 360 ടണ്‍ ഭാരവും 96 അടി ഉയരവുമുള്ള രഥം ഇന്ത്യയിലെ ക്ഷേത്ര രഥങ്ങളിൽ ഏറ്റവും വലുതത്രേ. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളുടെ (ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ) ജന്മസ്ഥലമാണ് തിരുവാരൂർ. ഞാൻ എത്തിയ ദിവസം ത്യാഗരാജ സ്വാമിയുടെ രഥോത്സവമായിരുന്നു.
ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് ഒരു ഷെയർ ഓട്ടോയിൽ കയറി വീണ്ടും തിരുവാരൂർ ബസ് സ്റ്റാൻഡിലെത്തി. അവിടെനിന്ന് പണ്ടുകേട്ട പേരുകളിലൊന്നായ മന്നാർഗുഡിയിലേക്കു ബസ് കയറി.
മന്നാർ എന്നാൽ വിഷ്ണുഭഗവാന്റെ രൂപമായ രാജമന്നാർ. ഗുഡിയെന്നാൽ ക്ഷേത്രം. മന്നാർഗുഡിയിലെ ശ്രീ വിദ്യാരാജഗോപാലസ്വാമി ക്ഷേത്രം പ്രശസ്തമാണ്. ശ്രീ സെങ്കമല തായാർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന കൃഷ്ണന്റെ രൂപമായ രാജഗോപാലസ്വാമിയാണ് പ്രതിഷ്ഠ. 23 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം ഒരു പ്രധാന വൈഷ്ണവ ആരാധനാലയമാണ്.
അവിടെനിന്ന് തിരുപ്പറംപൂണ്ടി എന്ന സ്ഥലവും കണ്ട് വേളാങ്കണ്ണി മാതാവിന്റെ ദേശമായ വേളാങ്കണ്ണിയിലേക്ക്. രാത്രി പള്ളിയും ചുറ്റുവട്ടവും കടലും നടന്നുകണ്ട് തിരിച്ചു നാഗപട്ടണത്തിലേക്ക്.
നാഗൂർ, മയിലാടുംതുറൈ
പിറ്റേന്നു രാവിലെ മനസിൽവന്ന പേര് നാഗൂർ എന്നായിരുന്നു. തീർഥാടനകേന്ദ്രമായ നാഗൂർ ദർഗ കാണണം. അവിടെനിന്നു കാരയ്ക്കലിലേക്ക്. പണ്ട് സ്കൂളിൽ ചരിത്രപുസ്തകത്തിൽ പഠിച്ച കേന്ദ്രഭരണ പ്രദേശമാണ് (പോണ്ടിച്ചേരിയിൽ ഉൾപ്പെടുന്ന പ്രദേശം). ശനീശ്വരൻ കോവിൽ കണ്ട് മയിലാടുംതുറൈയിലേക്ക്. മുന്‍പ് മായാവരം അഥവാ മയൂരം എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ഈ പട്ടണത്തിലെ ഒരു ക്ഷേത്രമാണ് മയൂരനാഥസ്വാമി ക്ഷേത്രം.
പാർവതീദേവി ഇവിടെ ശിവനെ മയൂര രൂപത്തിൽ ആരാധിച്ചതിനാൽ അധിപനായ ദേവനെ മയൂരനാഥൻ എന്നു വിളിക്കുന്നുവെന്നാണ് ഐതിഹ്യം. പിറ്റേന്നു രാവിലെ നാഗപട്ടണം ബീച്ചിലേക്ക് ഒരു പ്രഭാത നടത്തം. ലൈറ്റ് ഹൗസ് കണ്ട് ആളൊഴിഞ്ഞ ബീച്ചിൽ കുറച്ചുനേരം നടന്നു. ഉച്ചയ്ക്ക് നാഗപട്ടണം അങ്ങാടിയിലും അലഞ്ഞ് തിരിച്ച് മുറിയിലെത്തി.
വൈകുന്നേരത്തോടെ പാലക്കാട്ടുനിന്നുള്ള 11 കൂട്ടുകാർ സൈക്കിളുകളുമായി നാലു കാറുകളിൽ എത്തി. ജയറാം കൂട്ടപ്ലാവിൽ, ഡോ. നജീബ്, എ.ജി. ദിലീപ്, ജി. മണി, ഡോ. അഫ്താബ് ഹുസൈൻ, എം.ആർ. ജിബിൻ, ചലൻരാജ്, പാർത്ഥിപൻ, സതീഷ് മേനകത്ത്, അതുൽ ജയറാം, കെ.വി. സുദിൻ എന്നിവരാണ് ആ യാത്രികർ. അടുത്തദിവസമാണ് ശ്രീലങ്കയിലേക്കുള്ള യാത്ര.
അതിരാവിലെ സൈക്കിളുകളും ലഗേജുമായി ഞങ്ങൾ നാഗപട്ടണം പോർട്ടിൽ എത്തി. സെക്യൂരിറ്റി ചെക്കിംഗും മറ്റു നടപടികളും പൂർത്തിയാക്കി ശുഭം ഫെറി സർവീസിന്റെ ഫെറിയിൽ കയറി ഞങ്ങൾ ജാഫ്നയിലേക്ക്...
(അടുത്ത ലക്കത്തിൽ തുടരും)
SUNDAY DEEPIKA
ഇന്ത്യയിൽ ട്രാം സർവീസ് ഉള്ള നഗരമേത് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ- കോൽക്കത്ത. എന്നാൽ അതു മാത്രമല്ല വിശേഷണം. ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന, വൈദ്യുതി ഉപയോഗിച്ചോടുന്ന ഇപ്പോഴും നിരത്തിലുള്ള ട്രാം സർവീസും ഈ നഗരത്തിനു മാത്രം സ്വന്തം. 1873ൽ ഇന്ത്യയിലെ ആദ്യത്തെ ട്രാം കോൽക്കത്തയിൽ വരുമ്പോൾ അത് കുതിരവലിക്കുന്ന, മണിക്കൂറിൽ മൂന്നു മൈൽ മാത്രം വേഗതയുണ്ടായിരുന്ന, പാളത്തിലോടുന്ന ഒരു ഗതാഗത സംവിധാനം മാത്രമായിരുന്നു. റിപ്പൺ പ്രഭുവിന്റെ കാലത്താണ് ട്രാം ഇവിടെയെത്തിയത്.
പിന്നീട് മദ്രാസിലും ബോംബെയിലും ബറോഡയിലും നാസിക്കിലും കാൺപുരിലും ഭാവ്നഗറിലുമെല്ലാം ട്രാം എത്തി.1895ൽ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രാം ഓടിയത് മദ്രാസിലാണ്.1930 മുതൽ1970 വരെയുള്ള കാലഘട്ടത്തിൽ ഇവിടങ്ങളിലെല്ലാം ട്രാം സർവീസ് വിജയകരമായി നടന്നിരുന്നു. എന്നാൽ കാലാന്തരത്തിൽ അതെല്ലാം സേവനം നിർത്തി.
കൽക്കട്ട ട്രാംവേസ് കമ്പനിയുടെ മേൽനോട്ടത്തിൽ 1902ൽ ഇലക്ട്രിക്ക് ട്രാം എത്തിയതോടെ നഗരത്തിന്റെ മുഖച്ഛായതന്നെ മാറുകയായിരുന്നു. ഇരട്ടനഗരങ്ങളായ കോൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിക്കുന്ന തലത്തിലേക്ക് ട്രാം അതിന്റെ സേവനം പടിപടിയായി ഉയർത്തുകയും ചെയ്തു. ഹൗറയെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ, ഏറ്റവും വലിയ റെയിൽ കെട്ടിട സമുച്ചയമാക്കുന്നതിൽ ട്രാം വലിയ പങ്കുവഹിച്ചു.
പ്രതാപകാലത്ത് കോൽക്കത്ത ട്രാമിന് 25 ദിശകളിലേക്ക് സേവനമുണ്ടായിരുന്നു. ഇന്നും ദിവസേന പതിനയ്യായിരത്തോളം യാത്രക്കാർ ട്രാമിനെ ആശ്രയിക്കുന്നുണ്ട്. ഏറ്റവും ചെലവുകുറഞ്ഞ, പരിസ്ഥിതിസൗഹൃദമായ ട്രാം ഇപ്പോൾ ആറു ദിശകളിലേക്കു മാത്രമാണ് സർവീസ് നടത്തുന്നത്. വെസ്റ്റ് ബംഗാൾ ട്രാൻസ്പോർട്ട് കോർപറേഷൻ നേരിട്ടാണ് ഇപ്പോൾ ട്രാം സർവീസിനു മേൽനോട്ടം വഹിക്കുന്നത്.
153 വർഷങ്ങൾ
കഴിഞ്ഞ ഫെബ്രുവരി 24ന് ട്രാം സർവീസിന്റെ 153-ാം വാർഷികം വിപുലമായി ആഘോഷിച്ചിരുന്നു. ട്രാൻസ്പോർട്ട് വകുപ്പ് സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കാനും ട്രാമിൽ യാത്രചെയ്യാനും ജർമനി, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുപോലും ട്രാം പ്രേമികൾ എത്തി. 1873 ഫെബ്രുവരി 24ന് കുതിരകൾ വലിച്ച ആദ്യത്തെ ട്രാമുകൾ ആഘോഷത്തിന്റെ ഭാഗമായി കോൽക്കത്തയുടെ തെരുവുകളിൽ ഇറങ്ങി.
നഗരത്തിന്റെ ആധുനീകരണത്തിനു ട്രാം ലൈനുകൾ തടസം നില്കുന്നുവെന്നും, ഒട്ടേറെ സ്ഥലം അപഹരിക്കുന്നുവെന്നുമൊക്കെ ട്രാമിനെതിരേ ആക്ഷേപങ്ങളുണ്ട്. തിരക്കുള്ള റോഡുകളിൽ ചെറിയ ഗതാഗത തടസങ്ങൾ ട്രാമുകളുണ്ടാക്കുമെന്നത് ശരിതന്നെയാണ്. എങ്കിലും നഗരത്തിന്റെ അടയാളമാണ് ട്രാം.
എന്നാൽ കോൽക്കത്തയുടെ ഹൃദയമിടിപ്പായ ട്രാം വണ്ടികൾ വിശ്രമിക്കുന്ന ഗര്യാഹട്ട് ട്രാം ഡിപ്പോ മുടിഞ്ഞ തറവാടുപോലെയാണിന്ന്. നഗരത്തിന്റെ തിരക്കുകളിൽനിന്നുമാറി, പഴയകാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഡിപ്പോയ്ക്ക് ഇപ്പോൾ ശ്മശാന മൂകത. തുരുമ്പിച്ച പാളങ്ങളും, നീലയും വെള്ളയും ചായം പൂശിയ പഴയ ട്രാം വണ്ടികളും അവിടെ ഒരു വലിയ കാലഘട്ടത്തിന്റെ കഥ മൗനമായി പറയുന്നു. എൺപതുകളിൽ കോൽക്കത്തയിൽ ട്രാമിൽ രാജകീയമായി യാത്രചെയ്തിരുന്ന നല്ല കാലം പലർക്കും നൊസ്റ്റാൾജിയ ആണ്.
ഒരുകാലത്ത് ചരിത്രപരമായും സാംസ്കാരികമായും സമൃദ്ധമായ കോൽക്കത്തയുടെ ഇന്നത്തെ ദയനീയാവസ്ഥയുടെ പ്രതീകങ്ങളാണ് ഈ ട്രാമുകൾ എന്നുപറയാം. മിക്ക റോഡുകളിലും ട്രാമിന്റെ ട്രാക്കുകൾമൂടി ടാർചെയ്തു. റോഡുകളിൽനിന്ന് ട്രാക്കുകൾ നീക്കംചെയ്യുന്നത് ചെലവേറിയ കാര്യമായതിനാലാണ് അവ മൂടി ടാർ ചെയ്തത്. റോഡുകൾ പൂർണമായി മോട്ടോർ വാഹനങ്ങൾക്ക് തുറന്നു കൊടുത്തു. ചിലയിടത്തൊക്കെ കൈരേഖകൾപോലെ ഇരുന്പു പാളത്തിന്റെ അവശിഷ്ടങ്ങൾ ദൃശ്യമാണ്..
കേരളത്തിലും ട്രാം
നമ്മുടെ കേരളത്തിലും ട്രാം ഉണ്ടായിരുന്നു. പറമ്പിക്കുളം കാടുകളെ ചാലക്കുടിയുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം പഴയ കൊച്ചി നാട്ടുരാജ്യമാണ് കൊണ്ടുവന്നത്. 1907 മുതൽ1963 വരെ കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ എന്ന കമ്പനിയാണ് എൺപതു കിലോമീറ്റർ നീളമുള്ള ഈ ട്രാം സർവീസ് നടത്തിയിരുന്നത്. പറമ്പിക്കുളം വനാന്തരങ്ങളിലെ ഈട്ടിയും തേക്കും കടത്തിക്കൊണ്ടുവരുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്.
ചരിത്രം സഞ്ചരിച്ചത് ഇതിലേ...
ട്രാമുകളുടെ പ്രതാപകാലത്ത് ഡൽഹി, ബോംബേ, മദ്രാസ് തുടങ്ങിയ മഹാനഗരങ്ങളിലും നാസിക്, പാട്ന, ഭാവ്നഗർ തുടങ്ങിയ ചെറിയ പട്ടണങ്ങളിലും ജനപ്രിയ നഗര ഗതാഗതമാർഗമായിരുന്നു ട്രാം. കോൽക്കത്തയിൽ കുതിരവണ്ടി ട്രാമുകൾ സീൽദായ്ക്കും അർമേനിയൻ ഘട്ട് സ്ട്രീറ്റിനും ഇടയിലുള്ള 3.8 കിലോമീറ്റർ ദൂരത്ത് 1873 മുതൽ ഓടിക്കൊണ്ടിരുന്നു.
1874ൽ ആദ്യത്തെ കുതിരവണ്ടി ട്രാമുകൾ ബോംബേയിൽ പ്രവർത്തനം തുടങ്ങി. കൊളാബയിൽനിന്ന് ക്രോഫോർഡ് മാർക്കറ്റ് വഴി പൈധോണിയിലേക്കും, ബോറി ബണ്ടറിൽനിന്ന് പൈധോണിയിലേക്കും രണ്ടു റൂട്ടുകളിലൂടെ ആയിരുന്നു സർവീസ്. ട്രാമുകൾ വന്ന ഇന്ത്യയിലെ മൂന്നാമത്തെ നഗരമാണ് നാസിക്. 1886ൽ പാട്നയിൽ കുതിരവണ്ടി ട്രാമുകൾ എത്തി.
കോൽക്കത്തയിൽ ബൗബസാർ സ്ട്രീറ്റ്, ഡൽഹൗസി സ്ക്വയർ, സ്ട്രാൻഡ് റോഡ് വഴി സീൽദായ്ക്കും അർമേനിയൻ ഘട്ട് സ്ട്രീറ്റിനും ഇടയിൽ 1880ൽ റിപ്പൺ പ്രഭു പുതിയതും നീളമേറിയതുമായ മീറ്റർ ഗേജ് പാത ഉദ്ഘാടനം ചെയ്തു. രണ്ടുവർഷത്തിനുശേഷം, കൽക്കട്ട ട്രാംവേ കമ്പനി ട്രാമുകൾ വലിക്കാൻ ആവി ലോക്കോമോട്ടീവുകൾ (കുതിരകൾക്ക് പകരം) പരീക്ഷിച്ചു.
1902ഓടെ കോൽക്കത്തയിൽ ആദ്യത്തെ ഇലക്ട്രിക് ട്രാംകാറുകൾ പ്രവർത്തനം തുടങ്ങി. എസ്പ്ലനേഡിനും കിഡർപോറിനും ഇടയിലും എസ്പ്ലനേഡിനും കാളിഘട്ടിനും ഇടയിലും ഇത് പ്രവർത്തിപ്പിച്ചു. 1907ൽ ബോംബേ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാംവേ കമ്പനിക്കു (ബെസ്റ്റ്) കീഴിൽ ബോംബേ ട്രാം വൈദ്യുതീകരിച്ചു. കാൺപുരിൽ 1907ലും, ഒരു വർഷത്തിനു ശേഷം ഡൽഹിയിലും ട്രാമുകൾ എത്തി.
യാത്രക്കാരുടെ എണ്ണം കുറവായതിനാൽ 1903ൽ ട്രാം സർവീസ് നിർത്തുന്ന ആദ്യത്തെ നഗരമായി പാട്ന മാറി. പട്ടിണിയും പ്ലേഗും ഉണ്ടായതിനെത്തുടർന്ന് 1933ൽ നാസിക്ക് ട്രാംവേകൾ അടച്ചുപൂട്ടി. നികത്താനാവാത്ത നഷ്ടത്തിലേക്ക് ഓടിയതിനുശേഷം അതേവർഷംതന്നെ കാൺപുരിലും ട്രാമുകൾ നിർത്തി. മദ്രാസിലെ ട്രാം കമ്പനി 1950ൽ പാപ്പരാവുകയും 1953ൽ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. 1964 വരെ ബോംബേയിൽ ട്രാമുകൾ ഓടിക്കൊണ്ടിരുന്നു.,1963 വരെ ഡൽഹിയിലും...
SUNDAY DEEPIKA
ചിന്താവിഷയം
ക്രിസ്തുവിനു മുന്‍പുള്ള നാലാം നൂറ്റാണ്ട്. ഇപ്പോൾ ഇറ്റലിയുടെ ഭാഗമായ സിസിലിയിലെ സീറക്യൂസ് അന്ന് ഗ്രീക്കുകാരുടെ ഒരു നഗരമായിരുന്നു. അവിടെ ബിസി 367 മുതൽ 357 വരെയും പിന്നീട് 346 മുതൽ 344 വരെയും ഭരണം നടത്തിയിരുന്നത് ഡയനീഷ്യസ് രണ്ടാമൻ (397-343) എന്ന രാജാവായിരുന്നു. പിതാവായ ഡയനീഷ്യസ് ഒന്നാമനിൽനിന്നാണ് ഭരണാധികാരം അദ്ദേഹത്തിനു ലഭിച്ചത്.
ആ കാലഘട്ടത്തിലെ മറ്റു പല രാജാക്കന്മാരെയും പോലെ ഡയനീഷ്യസ് രണ്ടാമനും ധാരാളം സന്പത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ ആഡംബരജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ അരമനസേവകരിലൊരാളായിരുന്നു ഡമോക്ലിസ്. രാജാവിന്റെ സന്പത്തും ആഡംബരവും അധികാരവുമൊക്കെ അയാളെ അദ്ഭുതപ്പെടുത്തി. രാജാവ് എല്ലാ രീതിയിലും വലിയ ഭാഗ്യവാനാണെന്നു കരുതിയ ഡമോക്ലിസ് അക്കാര്യം ആവർത്തിച്ചുപറഞ്ഞുകൊണ്ട് രാജാവിനെ നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ രാജാവിന്റെ ജീവിതം പരിപൂർണമായ സന്തോഷം നിറഞ്ഞതായിരുന്നു.
ഡമോക്ലിസിന്റെ പ്രശംസാവചനങ്ങൾ കേട്ടു മടുത്ത രാജാവ് അയാളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. രാജാവ് അയാളോടു പറഞ്ഞു: ""എനിക്ക് അത്രമാത്രം ഭാഗ്യമുണ്ടെന്നു നീ കരുതുന്നുവെങ്കിൽ ഒരുദിവസം നീ എന്റെ സ്ഥാനത്ത് രാജസിംഹാസനത്തിൽ ഇരിക്കൂ.'' ഡമോക്ലിസിനു സ്വീകാര്യമായിരുന്നു ഈ നിർദേശം. ഉടനെ അയാളെ രാജകീയവസ്ത്രം ധരിപ്പിച്ച് സിംഹാസനത്തിൽ ഇരുത്താൻ രാജാവ് കല്പിച്ചു.
ഡമോക്ലിസ് ആഹ്ലാദപൂർവം രാജകീയവസ്ത്രങ്ങൾ അണിഞ്ഞ് സിംഹാസനത്തിലിരുന്നു. അപ്പോൾ സേവകർ അയാൾക്ക് രുചികരമായ ഭക്ഷണം വിളന്പി. പശ്ചാത്തലത്തിൽ മധുരസംഗീതം മുഴങ്ങി. നർത്തകർ പ്രത്യക്ഷപ്പെട്ട് ആനന്ദനൃത്തം ചെയ്തു. ആ നിമിഷം താൻ പരിപൂർണ സന്തോഷത്തിലേക്ക് പ്രവേശിച്ചുവെന്ന് അയാൾക്കു തോന്നി.
എന്നാൽ, സിംഹാസനത്തിൽ ഇരിക്കുന്പോൾ ഒരുകാര്യം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. തന്റെ തലയ്ക്കു മുകളിലായി മൂർച്ചയുള്ള ഒരു വാൾ തൂങ്ങിക്കിടക്കുന്നു. അതു തൂക്കിയിട്ടിരിക്കുന്നതാകട്ടെ ഒരൊറ്റ നൂലിലും! ഏതു നിമിഷവും ആ നൂൽ പൊട്ടി വാൾ തന്റെ തലയിൽ വീഴാം! ഇക്കാര്യം ഓർമിച്ചപ്പോൾ ഡമോക്ലിസിന്റെ സന്തോഷമെല്ലാം അതിവേഗം ചോർന്നുപോയി. ഭക്ഷണത്തിനു രുചിയില്ലാതായി. സംഗീതം ശബ്ദമായി മാത്രം കേട്ടു. ഭയം അയാളെ ആകമാനം ഗ്രസിച്ചു.
സന്തോഷത്തിന്റെ സിംഹാസനം ഭയത്തിന്റെ തടവറയായി മാറി. അയാൾ രാജാവിനോടു പറഞ്ഞു: ""എനിക്ക് ഈ സിംഹാസനം വേണ്ട. എന്നെ ഇവിടെനിന്നു താഴെയിറക്കൂ.'' മറ്റുള്ളരുടെ ജീവിതവിജയം, അവരുടെ സന്പത്ത്, അവർക്കു ലഭിക്കുന്ന ആദരവും അംഗീകാരവും- ഇവയെല്ലാം കാണുന്പോൾ അവർ ഏറെ ഭാഗ്യവാന്മാരാണെന്നാവും നാം സാധാരണ കരുതുക. തന്മൂലം അവരുടെ ജീവിതം ഏറെ സന്തോഷപൂർണമാണെന്ന് നാം കണക്കുകൂട്ടുന്നു. എന്നാൽ നാം കാണുന്നത് അവർ ഇരിക്കുന്ന സിംഹാസനം മാത്രമാണ്. അവരുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ അല്ല.
പുറമേനിന്നു നോക്കുന്പോൾ മറ്റുള്ളവർ എത്ര സന്തോഷവാന്മാരാണെന്നു തോന്നിയാലും അവരുടെയും ജീവിതത്തിൽ ഒട്ടേറെ ദുഃഖങ്ങളുമുണ്ടാകും എന്നതാണ് യാഥാർഥ്യം. അതുപോലെ, അവരുടെയും ജീവിതം ഏതുനിമിഷവും താളംതെറ്റാം. അവരുടെ സന്പത്ത് നഷ്ടപ്പെടാം. ആരോഗ്യം ക്ഷയിച്ചുപോകാം. ബന്ധങ്ങളിൽ തകർച്ചയുണ്ടാകാം. അവരുടെ പദ്ധതികളും നിമിഷങ്ങൾകൊണ്ട് പാളിപ്പോകാം. ആര് എത്ര ഉന്നതരായാലും അവരുടെയെല്ലാം തലയ്ക്കുമുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടാകുമെന്നതാണ് വസ്തുത. അതായത്, നാം അനുഭവിക്കുന്ന സന്പത്തും പ്രതാപവും ഐശ്വര്യവും ആരോഗ്യവുമെല്ലാം നൈമിഷികമാണെന്നു വ്യക്തം.
തന്മൂലമാണ് ദൈവവചനം പറയുന്നത്: ""നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ട. ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കാമെന്നു നീ അറിയുന്നില്ല'' (സുഭാ 27:1). ദൈവവചനം വീണ്ടും പറയുന്നു: ""നാളത്തെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്ക് അറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടൽമഞ്ഞാണ് നിങ്ങൾ'' (യാക്കോബ് 4:14).
ഡയനീഷ്യസ് രണ്ടാമൻ രാജാവിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. അദ്ദേഹം സന്പന്നനായിരുന്നു. എല്ലാവിധ ജീവിതസൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മാതുലൻ ഡയണ്‍ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. വീണ്ടും അദ്ദേഹം തിരിച്ചെത്തി രണ്ടുവർഷംകൂടി രാജ്യം ഭരിച്ചെങ്കിലും കോറിന്തിലെ ടിമോളിയോണ് രാജാവ് അദ്ദേഹത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി രാജ്യം കീഴടക്കി. പിന്നീട് അദ്ദേഹത്തിന് ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കേണ്ടിവന്നുവെന്ന് ചരിത്രം പറയുന്നു.
താൻ രാജാവാണെങ്കിലും തനിക്കു മുകളിൽ അനിശ്ചിതത്വത്തിന്റെ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അത് അദ്ദേഹത്തിന്റെ ഉറക്കംകെടുത്തിയോ എന്നറിയില്ല. എന്നാൽ തലയ്ക്കുമുകളിൽ അത്തരമൊരു വാൾ തൂങ്ങിക്കിടക്കുകയാണെങ്കിൽ അതു നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുമെന്നു തീർച്ചയാണ്.
എത്ര കേമന്മാരായാലും നൈമിഷികമാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം. അതുപോലെ, നാളെ നമുക്ക് എന്തു സംഭവിക്കുമെന്നു തീർച്ചയില്ലാത്ത അവസ്ഥയുമുണ്ട്. എങ്കിലും നാം ഭയപ്പെടരുത്. കാരണം ദൈവത്തിന്റെ പരിപാലനയാണ് നമ്മെ വഴിനടത്തുന്നത്. ആ വഴി നന്മയ്ക്കാണെന്നു മനസിലാക്കി അവിടന്നു കാണിച്ചുതരുന്ന വഴിയേ നമുക്കു നടക്കാം. അപ്പോൾ തലയ്ക്കുമുകളിൽ ഏതു തരത്തിലുള്ള വാൾ തൂങ്ങിക്കിടന്നാലും അതൊന്നും നമ്മെ നശിപ്പിക്കുകയില്ലെന്നു തീർച്ചയാണ്.
SUNDAY DEEPIKA
കണ്ണൂർ ശ്രീകണ്ഠപുരം കോട്ടൂർവയലിലെ ഞാറോലിക്കൽ ബിൻസി എന്ന വീട്ടമ്മയുടെ ജീവിതം പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് എങ്ങനെ പുഞ്ചിരിയോടെ നേരിടാം എന്നതിന്റെ മനോഹരമായ ഒരു പാഠപുസ്തകമായി കരുതാം. മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ 20 വർഷത്തോളമായി ബിൻസിയുടെ സഞ്ചാരം അതിജീവനത്തിന്റെ കരുത്തുറ്റ പാതയിലാണ്.
സൺഡേ ദീപികയോട് അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ ബിൻസിയുടെ വാക്കുകളിൽ തെളിയുന്നത് തളരാത്ത പോരാട്ടവീര്യവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും. ഏതൊരു സാധാരണക്കാരനെയും തളർത്താൻപോന്ന സാഹചര്യങ്ങളെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ച ബിൻസി എന്ന വീട്ടമ്മ ഇന്ന് ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു നാടിന്റെതന്നെ അഭിമാനമായി മാറിയിരിക്കുന്നു.
നിനച്ചിരിക്കാതെ തിരിച്ചടികൾ
ജീവിതത്തിന്റെ മനോഹരമായ യാത്രയ്ക്കിടയിലാണ് അപ്രതീക്ഷിതമായ ചില ആരോഗ്യ മാറ്റങ്ങൾ ഈ കുടുംബാംഗങ്ങളെ തേടിയെത്തിയത്. സ്കൂൾ നൃത്തവേദികളിൽ സജീവമായിരുന്ന മൂത്തമകൾ അഞ്ജലിക്ക് നാലാം ക്ലാസിൽ പഠിക്കുമ്പോൾ മസ്കുലാർ ഡിസ്ട്രോഫി എന്ന അവസ്ഥ നേരിടേണ്ടിവന്നു.
മകളുടെ കാലുകളുടെ ചലനശേഷി കുറഞ്ഞുവരുന്ന യാഥാർഥ്യത്തെ ബിൻസിയും ഭർത്താവ് സണ്ണിയും ഒളിച്ചോടാതെ അഭിമുഖീകരിച്ചു. ഈയൊരു ഘട്ടത്തിൽനിന്ന് കരകയറാൻ ശ്രമിക്കവേയാണ് 2009 സെപ്റ്റംബർ 12ന് സണ്ണിക്ക് സ്ട്രോക്ക് വരുന്നത്. മൂന്നുമാസത്തോളം ആശുപത്രിവാസം. അങ്ങനെയിരിക്കെയാണ് സണ്ണി ഇനി നടക്കില്ലെന്നും ജോലിക്കുപോകാൻ സാധിക്കില്ലെന്നുമുള്ള യാഥാർഥ്യം ബിൻസി തിരിച്ചറിഞ്ഞത്.
വീടിന്റെ നിർമാണം പാതിവഴിയിൽ നിൽക്കുകയാണ് അന്ന്. മൂന്നു മക്കളുടെ പഠനം, ഭർത്താവിന്റെയും മകളുടെയും ചികിത്സ... എല്ലാം ഒരുമിച്ചു കൈകാര്യം ചെയ്യേണ്ട വലിയ ഉത്തരവാദിത്വം ബിൻസിയുടെ ചുമലിലായി. എന്നാൽ, ബിൻസി പതറാതെ മുന്നിൽ നിന്നു. സ്വന്തം കുടുംബത്തിൽ നിന്നും സണ്ണിയുടെ കുടുംബത്തിൽ നിന്നും ലഭിച്ച മാനസികമായ പിന്തുണ ഈ യാത്രയിൽ വലിയ കരുത്തായി.
കലയുടെ കൈപിടിച്ച് അഞ്ജലി
ശാരീരികമായ പരിമിതികൾ അഞ്ജലിയുടെ സർഗാത്മകതയെ ബാധിച്ചില്ല. മകളുടെ ഓരോ കഴിവുകളെയും ബിൻസി ചേർത്തുപിടിച്ചു. സംഗീതത്തിലും കീബോർഡിലും തുടങ്ങിയ അഞ്ജലിയുടെ താത്പര്യം ശാരീരിക മാറ്റങ്ങൾക്കനുസരിച്ച് പിന്നീട് ചിത്രരചനയിലേക്കു വഴിമാറി. ആദ്യം വിരസത മാറ്റാൻ വരച്ചുതുടങ്ങിയ അഞ്ജലി പിന്നീട് അക്രിലിക് പെയിന്റിംഗിലേക്കും ഗ്രാഫിക് ഡിസൈനിംഗിലേക്കും ചുവടുവച്ചു.
യൂട്യൂബും ഓൺലൈൻ ക്ലാസുകളും പ്രയോജനപ്പെടുത്തി അഞ്ജലി ആർജിച്ചെടുത്ത ചിത്രകലാ വൈഭവം ഇന്ന് ലോകം അംഗീകരിക്കുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. ഇറ്റലിയിലെ ടാർസോയിൽ വരെ അഞ്ജലിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു എന്നത് ഈ കുടുംബം നടത്തിയ പോരാട്ടത്തിന്റെ വിജയത്തിനു തെളിവ്.
കലയിൽ മാത്രമല്ല, അക്കാദമിക് രംഗത്തും അഞ്ജലി മികവുപുലർത്തി. കൊമേഴ്സിൽ ബിരുദാനന്തരബിരുദം നേടി ടെക്നോപാർക്കിൽ ഉൾപ്പെടെ ജോലിചെയ്തു. ഇപ്പോൾ ഡിജിറ്റൽ ആർട്ട് മേഖലയിൽ സ്വതന്ത്രമായി ജോലി ചെയ്യുന്നു. ഇതിനിടെ ബംഗളൂരു ഇന്ത്യൻ ഇൻക്ലൂഷൻ ഫൗണ്ടേഷന്റെ ആർട്ട് ഫെലോഷിപ്പിനും അഞ്ജലി തെരഞ്ഞെടുക്കപ്പെട്ടു.
അമ്മ എന്ന കരുതൽ
അഞ്ജലിയുടെ ഈ വളർച്ചയ്ക്കുപിന്നിൽ ബിൻസി എന്ന അമ്മയുടെ നിരന്തരമായ പ്രോത്സാഹനവും ശുശ്രൂഷയുമുണ്ട്. മറ്റു മക്കളായ അബിൽ കാനഡയിലും ആഷ്ലി യുകെയിലും ഉയർന്ന ജോലികളിൽ പ്രവേശിച്ചു.
വീടിന്റെ നിർമാണം പൂർത്തിയാക്കണമെന്ന ലക്ഷ്യവും മക്കളെ നല്ല നിലയിൽ എത്തിക്കണമെന്ന ആഗ്രഹവും ബിൻസി സഫലമാക്കി. വീട്ടുജോലികൾക്കും ഭർത്താവിനും മകൾക്കും നല്കുന്ന ശുശ്രൂഷകൾക്കും ഇടയിലും ഗാർഡനിംഗും ക്രാഫ്റ്റിംഗും പുതിയ പാചകരീതികളും അഭ്യസിക്കുന്ന ബിൻസി, നിരന്തരമായ സ്വയം നവീകരണത്തിലൂടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നു. യൂട്യൂബിൽനിന്ന് പുതിയ കാര്യങ്ങൾ പഠിച്ച് അത് തന്റെ കുടുംബത്തിനുവേണ്ടി പ്രാവർത്തികമാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഭർത്താവിനും മകൾക്കും തണലായി എപ്പോഴും ബിൻസി കൂടെയുണ്ട്.
ഇവരുടെ ഒരോ ആവശ്യങ്ങളും കൊച്ചുകുഞ്ഞുങ്ങളെന്നപോലെ കരുതി നിറവേറ്റുന്നു. ""ഞങ്ങളെ അമ്മയുടെ സ്വന്തം ശരീരത്തിന്റെ ഭാഗങ്ങൾപോലെയാണ് നോക്കി പരിപാലിക്കുന്നത്''- അഞ്ജലിയുടെ ഈ വാക്കുകൾ ബിൻസി എന്ന കരുത്തുറ്റ സ്ത്രീയുടെ ജീവിതവിജയത്തിന്റെ സാക്ഷ്യപത്രമാണ്.
പ്രശ്നങ്ങളെനോക്കി സങ്കടപ്പെട്ടിരിക്കാതെ, മുന്നിൽ ഇനി എന്ത് ചെയ്യാൻ സാധിക്കും എന്ന പോസിറ്റീവായ ചിന്തയാണ് ബിൻസിയെ നയിച്ചത്. കുടുംബം നൽകുന്ന സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ ഏതു തകർച്ചയിൽനിന്നും വിജയകരമായി ഉയിർത്തെഴുന്നേൽക്കാൻ സാധിക്കുമെന്നാണ് മാതൃദിനത്തിൽ ബിൻസിയുടെ ജീവിതം ഓർമപ്പെടുത്തുന്നത്.
SUNDAY DEEPIKA
320 ദശലക്ഷം വര്‍ഷംമുമ്പ് നിങ്ങളുടെ ജന്മനാട്, ഭൂമി എന്ന വിസ്മയഗ്രഹത്തില് എവിടെയായിരുന്നുവെന്നു കണ്ടെത്താന്‍ കഴിഞ്ഞാലോ? അദ്ഭുതപ്പെടേണ്ട, അതിനു കഴിയും. ഭൂമിയുടെ ഉപരിതലം നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്നു നാം കാണുന്ന ഭൂഖണ്ഡങ്ങള്‍ ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പു മറ്റൊരു രൂപത്തിലായിരുന്നുവെന്നും നമ്മള് പഠിച്ചിട്ടുണ്ട്. ഇന്നു നാം നില്ക്കുന്ന മണ്ണു സഞ്ചരിച്ച ദൂരങ്ങള്‍ മനസിലാക്കുന്ന പുതിയ പഠനങ്ങളിലാണ് നെതര്‍ലന്‍ഡിലെ ഉട്രെക്റ്റ് സര്‍വകലാശാലാ ഗവേഷകര്‍.
ശാസ്ത്രസംഘം വികസിപ്പിച്ചെടുത്ത പുതിയ "ഓണ്‍ലൈന്‍ ടൂള്‍' ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഭൂമിയിലെ ഓരോ ഇടങ്ങളും മുമ്പ് എവിടെയായിരുന്നുവെന്ന് കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
ഭൂമിയിലെ ഏതു സ്ഥലത്തിന്റെയും 320 ദശലക്ഷം വര്‍ഷം വരെയുള്ള യാത്ര ഈ ടൂള്‍ വഴി കണ്ടെത്താന്‍ കഴിയും. പ്രഫ. ഡൗവെ വാന്‍ ഹിന്സ്ബെര്ഗന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സംവിധാനം വികസിപ്പിച്ചതിനു പിന്നില്‍. ഭൂഖണ്ഡങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് "പാന്‍ജിയ' എന്ന മഹാഭൂഖണ്ഡമായി നിലനിന്നിരുന്ന കാലം തൊട്ടുള്ള മാറ്റങ്ങള്‍ ഇതിലൂടെ വ്യക്തമാകും.
ടെക്റ്റോണിക് പ്ലേറ്റുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഇന്നു നാം കാണുന്ന പല രാജ്യങ്ങളും പണ്ടു തികച്ചും വ്യത്യസ്തമായ കാലാവസ്ഥാമേഖലകളിലായിരുന്നു. ഉദാഹരണത്തിന്, നെതര്‍ലന്‍ഡില്‍ ഏകദേശം 245 ദശലക്ഷം വര്‍ഷംമുമ്പ് ഇന്നത്തെ പേര്‍ഷ്യന്‍ ഗള്‍ഫിനു സമാനമായ ഉഷ്ണമേഖലാ കാലാവസ്ഥയായിരുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
"ഉട്രെക്റ്റ് പാലിയോജിയോഗ്രഫി മോഡല്‍' എന്ന സങ്കേതമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പണ്ടുകാലത്തെ പാറകളില്‍ പതിഞ്ഞുകിടക്കുന്ന കാന്തിക സിഗ്നലുകളെ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഭൂതകാല മാപ്പുകള്‍ പുനര്‍നിര്‍മിച്ചത്. ഭൂമിയുടെ കാന്തിക ധ്രുവങ്ങളുമായി പാറകള്‍ക്കുള്ള ബന്ധം ഇതില്‍നിന്നു മനസിലാക്കാന്‍ കഴിയും. അതുവഴി ഏത് അക്ഷാംശത്തിലാണു രൂപപ്പെട്ടതെനു മനസിലാക്കാനും സാധിക്കും.
വെറുമൊരു കൗതുകത്തിനപ്പുറം, ഭൂമിയുടെ ജൈവവൈവിധ്യം കാലാവസ്ഥാ വ്യതിയാനങ്ങളോടും വംശനാശത്തോടും എങ്ങനെ പ്രതികരിച്ചു എന്നു മനസിലാക്കാന്‍ ഈ സംവിധാനം സഹായിക്കും. പണ്ടു നടന്ന കാലാവസ്ഥാ വ്യതിയാനങ്ങളില്‍, ഏതൊക്കെ പ്രദേശങ്ങളാണ് ജീവജാലങ്ങള്‍ക്കു സുരക്ഷിതമായിരുന്നതെന്നു കണ്ടെത്താന്‍ പാലിയന്റോളജിസ്റ്റുകള്‍ക്ക് ഇതിലൂടെ സാധിക്കുന്നു.
ഭൂമിയുടെ ആഴത്തിലുള്ള ചരിത്രത്തെ ലളിതമായി മനസിലാക്കുക എന്നതാണ് ഗവേഷകരുടെ ലക്ഷ്യം. ഇന്നു നമ്മള് ചവിട്ടിനില്ക്കുന്ന മണ്ണ് സഞ്ചരിച്ച ദൂരങ്ങള്‍ തിരിച്ചറിയുന്നത്, പ്രകൃതിയെ കൂടുതല്‍ അടുത്തറിയാന്‍ നമ്മളെ തീര്‍ച്ചയായും സഹായിക്കും.
SUNDAY DEEPIKA
പാരമ്പര്യവും പൗരാണികതയും പേറുന്ന മഹത്തായ നിര്‍മിതികളുടെ ചരിത്രം നമ്മെ പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. ഗുജറാത്തിലെ ജുനഗഡില്‍ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഉപ്പര്കോട്ട് കോട്ട ഈ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. 2300 വര്‍ഷത്തിലധികം പഴക്കമുള്ള ഈ കോട്ട ചരിത്രപരമായ പ്രാധാന്യത്തോടൊപ്പം തന്നെ അമാനുഷിക കഥകള്‍ക്കും പ്രസിദ്ധമാണ്.a
ബിസി 319ല്‍ മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്ത മൗര്യനാണ് ഈ കോട്ട നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് പല കാലഘട്ടങ്ങളില്‍ ഇത് പുനരുദ്ധരിക്കപ്പെടുകയുണ്ടായി. ഏറെക്കാലം സകല പ്രൗഢിയോടെയും വിരാജിച്ച കോട്ട പിന്നീട് മൂന്നു ശതാബ്ദങ്ങളോളം വൃക്ഷലതാദികളാല്‍ മൂടപ്പെട്ട് പുറംലോകത്തിന് അജ്ഞാതമായി നിദ്രയിലാണ്ടു കിടന്നു. എഡി 976ല്‍ ചുദാസാമ രാജവംശത്തിലെ ഭരണാധികാരികളാണ് പിന്നീട് കോട്ട കണ്ടെത്തുന്നതും വീണ്ടെടുക്കുന്നതും.
നിരവധി യുദ്ധങ്ങള്‍ക്ക് മൂകസാക്ഷിയായ ഈ കോട്ട കീഴടക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചരിത്രരേഖകള്‍ പ്രകാരം 16 തവണ ഈ കോട്ട ഉപരോധിക്കപ്പെട്ടു. ഒരിക്കല്‍ 12 വര്‍ഷം നീണ്ടുനിന്ന ഉപരോധത്തെപ്പോലും അതിജീവിക്കാന്‍ ഈ കോട്ടയ്ക്കു സാധിച്ചു.
കാലപ്പഴക്കത്തില്‍ തകര്‍ച്ച സംഭവിച്ചിട്ടുണ്ടെങ്കിലും കോട്ടയ്ക്കുള്ളില്‍ ഇന്നും കേടുപാടുകള്‍ കൂടാതെ നില്ക്കുന്ന ചില പ്രധാന ഭാഗങ്ങളുണ്ട്. അഡി-കഡി വാവ് എന്നറിയപ്പെടുന്ന പാറയില്‍ വെട്ടിമാറ്റി നിര്‍മിച്ച വലിയൊരു കിണറാണ് കോട്ടയ്ക്കുള്ളിലെ ഒരു സവിശേഷ നിര്‍മിതി. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടു ദാസിമാരുടെ ബലിദാനത്തിന്റെ കഥകള്‍ പ്രചാരത്തിലുണ്ട്.
നവ്ഗാന് കുവാ എന്നറിയിപ്പെടുന്ന ആഴമേറിയ മറ്റൊരു കിണറും കോട്ടയ്ക്കുള്ളിലുണ്ട്. ശത്രുക്കള്‍ ഉപരോധിക്കുമ്പോള്‍ കോട്ടയ്ക്കുള്ളില്‍ വെള്ളം എത്തിക്കാന്‍ ഇത് സഹായിച്ചിരുന്നുവെന്നു പറയപ്പെടുന്നു.
ഈജിപ്തില്‍നിന്ന് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന വലിയ പീരങ്കികള്‍ കോട്ടയുടെ മുകളില്‍ കാണാം. ഇതില്‍ "നീലം പീരങ്കി' ഏറെ പ്രസിദ്ധമാണ്. കോട്ടയുടെ താഴത്തെ ഭാഗത്ത് പാറകളില്‍ കൊത്തിയുണ്ടാക്കിയ അതിപുരാതനമായ ബുദ്ധമത ഗുഹകളും ഏറെ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു.
ഭയപ്പെടുത്തുന്ന ചില കഥകളും ഉപ്പര്കോട്ട് കോട്ടയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. കോട്ടയ്ക്കുള്ളിലെ ആരാധനാലയത്തിന്റെ ഭാഗത്തും പഴയ കിണറുകള്‍ക്ക് സമീപവും രാത്രികാലങ്ങളില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കോട്ടയുടെ ഉള്‍ഭാഗങ്ങളില്‍, പ്രത്യേകിച്ച് സൂര്യന് അസ്തമിച്ചതിനു ശേഷം അസ്വാഭാവികമായ തണുപ്പും ആരെങ്കിലും പിന്തുടരുന്നതു പോലെയുള്ള തോന്നലുകളും ഉണ്ടാകാറുണ്ടെന്ന് ചില വിനോദസഞ്ചാരികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോട്ടയുടെ സുരക്ഷയ്ക്കായി പണ്ടുകാലത്ത് നടന്ന ബലികളുമായി ബന്ധപ്പെട്ട ആത്മാക്കള്‍ ഇപ്പോഴും അവിടെ അലഞ്ഞുതിരിയുന്നുണ്ടെന്നാണ് തദ്ദേശീയരുടെ വിശ്വാസം. എന്തൊക്കെയായാലും ഒരുകാലത്ത് പ്രതിരോധത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്ന ഈ ദുര്‍ഗം ഇന്ന് ഗുജറാത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായാണ് നിലകൊള്ളുന്നത്.
SUNDAY DEEPIKA
ശാസ്ത്രജ്ഞർക്ക് അദ്ഭുതമായി, ആ ബാക്ടീരിയകൾ! അതിജീവനത്തിനായി വിചിത്രതന്ത്രങ്ങള് പയറ്റുന്ന സൂക്ഷ്മജീവികളെ കണ്ടെത്തിയതോ, ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്ന ഗുഹാന്തരങ്ങളിൽ!
ആധുനിക മരുന്നുകളെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള അതിപുരാതന ബാക്ടീരിയകൾ തെക്കന്‍ ന്യൂ മെക്സിക്കോയിലെ ചിഹുവാഹുവന് മരുഭൂമിക്ക് 1,604 അടി താഴെയുള്ള "ലെചുഗില്ല' ഗുഹയിലാണുള്ളത്.
മനുഷ്യവാസമോ, സൂര്യപ്രകാശമോ ഇല്ലാത്ത ഇരുണ്ട ലോകത്ത് അതിജീവനത്തിനായി പരസ്പരം കൊന്നും തിന്നും നടത്തുന്ന സൂക്ഷ്മജീവികളുടെ പോരാട്ടങ്ങൾ പുതിയ തരം ആന്റിബയോട്ടിക്കുകള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്കു പ്രചോദനമാകുകയാണ്.
വിചിത്രമായ അതിജീവനം
ബാക്ടീരിയകള്‍ അത്യന്തം വിചിത്രമായ രീതികളാണ് അതിജീവനത്തിനായി സ്വീകരിക്കുന്നത്. ചിലത്, പാറകളില്‍നിന്ന് ഊര്‍ജം കണ്ടെത്തുമ്പോള്‍ മറ്റു ചിലത്, സഹജീവികളെ വേട്ടയാടി തിന്നുന്ന രീതിയാണ് പ്രകടിപ്പിക്കുന്നത്.
"മഴക്കാടുകളിലെ വേട്ടക്കാരെപ്പോലെ മറ്റു സൂക്ഷ്മജീവികളെ പിടികൂടി കുത്തിക്കൊല്ലുന്ന തരം ബാക്ടീരിയകളെ ഇവിടെ കാണാം' -അമേരിക്കയിലെ അലബാമ സര്‍വകലാശാല പ്രഫസര്‍ ഹാസല്‍ ബാര്ട്ടന് പറയുന്നു. ഇത്തരത്തിലുള്ള കടുത്ത മത്സരമാണ് ഇവയെ അത്ഭുതകരമായ പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റുന്നത്.
മരുന്നുകളെ തോല്‍പ്പിക്കും
ആധുനിക വൈദ്യശാസ്ത്രം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ "ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്' അഥവാ മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യനിര്‍മിതമല്ലെന്ന് ഈ പഠനം തെളിയിക്കുന്നതായി ഒരുകൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നു.
ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പേ, ബാക്ടീരിയകള്‍ പ്രതിരോധിക്കാനുള്ള ജനിതകശേഷി ആര്‍ജിച്ചിരുന്നു. ഗുഹയില്‍നിന്നു കണ്ടെത്തിയ "പേനിബാസിലസ്' എന്നയിനം ബാക്ടീരിയകൾ, നാല്പത് ആന്റിബയോട്ടിക്കുകളില്‍ ഇരുപത്തിയാറ് എണ്ണത്തെയും പ്രതിരോധിക്കുന്നതായി കണ്ടെത്തി.
ഇതില്‍ മാരകമായ എംആര്‍എസ്എ ബാക്ടീരിയകള്‍ക്കെതിരേ അവസാനവട്ട മരുന്നായി ഉപയോഗിക്കുന്ന ഡാപ്റ്റോമൈസിന് പോലെയുള്ള ശക്തമായ മരുന്നുകളും ഉള്‍പ്പെടുന്നതായി ഗവേഷകർ പറഞ്ഞു.
പുതിയ മരുന്നുകൾ
മനുഷ്യസമ്പര്ക്കമില്ലാത്ത ഗുഹകളില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തിയത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ബാക്ടീരിയകള്‍ ആര്‍ജിച്ച പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചു പഠിക്കുന്നതുവഴി, ഭാവിയില്‍ സൂപ്പര്‍ ബഗുകളെ നേരിടാന്‍ പുതിയതരം ഔഷധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു ഗവേഷകര്‍.
SUNDAY DEEPIKA
സത്യവും വസ്തുതകളും ആദ്യമേ കൊല്ലപ്പെടുക എന്ന പതിവിനൊപ്പംതന്നെ നൂറുമടങ്ങ് എഐ പടങ്ങളും വീഡിയോകളും ജനിക്കുകയും പടർന്നുപന്തലിക്കുകയും ചെയ്യുന്നതിനും സാക്ഷ്യംവഹിക്കുന്നതായിരുന്നു, ഫെബ്രുവരി 28ന് പശ്ചിമേഷ്യയിൽ ആരംഭിച്ച ഇറാൻ-ഇസ്രയേൽ-അമേരിക്ക യുദ്ധം.
യാഥാർഥ്യമേത് വ്യാജമേത് എന്നു തിരിച്ചറിയാൻ ഏറെ പണിപ്പെടേണ്ടിവരുന്ന പടങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതിലുള്ള മികവ് അനുദിനം പുതുക്കിക്കൊണ്ടിരിക്കുന്ന നിർമിതബുദ്ധി ടൂളുകളുടെ വൻതോതിലുള്ള രംഗപ്രവേശത്തിനു ശേഷമുള്ള ആദ്യ യുദ്ധം, സ്വാഭാവികമായും ഐഐ യുദ്ധവുമായി എന്നതാണ് വസ്തുത.
യുദ്ധം ആരംഭിച്ചതോടെ ഇന്റർനെറ്റ്, വാർത്താവിനിമയ മാർഗങ്ങൾ ഏറെക്കുറെ പൂർണമായും റദ്ദായ/റദ്ദാക്കിയ ഇറാനിലും, അതീവ കർക്കശമായ സെൻസറിംഗ് നടപ്പാക്കിയ ഇസ്രയേലിലും ശരിക്കും നടക്കുന്നതെന്താണെന്ന് പുറംലോകം അറിയാതിരിക്കുകയോ, വളരെ വൈകിമാത്രം അറിയുകയോ ചെയ്ത പശ്ചാത്തലത്തിൽ, ആയുധങ്ങൾക്കൊപ്പം ആശയങ്ങൾക്കൊണ്ടുമുള്ള പോരിന് കരുത്തേകാൻ കൃത്രിമമാർഗങ്ങൾ തേടുകയെന്നത് സ്വാഭാവികവുമായി.
മുൻ യുദ്ധങ്ങളിൽനിന്നു വ്യത്യസ്തമായി, ഏറെക്കുറെ ആകാശത്തു മാത്രമായിരുന്ന പോരിൽ, ഐഐ പടങ്ങളും വീഡിയോകളും ഏറെയും വിമാനങ്ങളുടേയും മിസൈലുകളുടേയും ഡ്രോണുകളുടേതും ആവുകയും ചെയ്തു.
യുദ്ധത്തിലെ മൂന്നു പ്രധാന കക്ഷികളും ഇതിൽ ഒപ്പത്തിനൊപ്പം നിന്നു. ഡസൻ കണക്കിന് സേനാ വിമാനങ്ങൾ പാർക്ക് ചെയ്തിരുന്ന ഇറാന്റെ എയർബേസുകൾ പൂർണമായി നശിപ്പിച്ചുവെന്നും ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം പാടേ തകർത്തുവെന്നും ഇസ്രയേലിന്റെ എഫ്35 പോർവിമാനം ഇറാൻ മിസൈലുകൾ വീഴ്ത്തിയെന്നുമൊക്കെയുള്ള നൂറുകണക്കിന് എഐ വീഡിയോകൾ യുദ്ധദിനങ്ങളിൽ പറന്നുനടന്നു. സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാൻ പാടുപെട്ടവരാണ് ഏറെയും.
മുൻകാല യുദ്ധ, സംഘർഷ വാർത്താ റിപ്പോർട്ടുകളിൽനിന്നു വ്യത്യസ്തമായി, എഐയുടെ ആവിർഭാവത്തിനു ശേഷമുള്ള പൂർണതോതിലുള്ള യുദ്ധമായിരുന്നു ഇതെന്നത് വാർത്തകളിലെ നെല്ലും പതിരും വേർതിരിച്ചെടുക്കുന്നത് പലപ്പോഴും അസാധ്യവുമാക്കി.
എഐയ്ക്ക് ഒപ്പം പണ്ടത്തെപ്പോലെ മൈക്രോസോഫ്റ്റ് ഫ്ളൈറ്റ് സിമുലേറ്റർ ദൃശ്യങ്ങളും സത്യമെന്ന ഉറപ്പുനൽകലിന്റെ അകമ്പടിയോടെ സാമൂഹ്യ മാധ്യമങ്ങളിൾ യഥേഷ്ടവും ചിലപ്പോൾ മുഖ്യധാരാ വാർത്താ ചാനലുകളിലും പങ്കുവയ്ക്കപ്പെട്ടു.
ഇറാനിൽ വീണ അമേരിക്കയുടെ എഫ്15ഇ വിമാനത്തിന്റെ രണ്ടു പൈലറ്റുമാരിലൊരാളെ അമേരിക്കൻ സേന രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോകൾ, ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടും റിപ്പബ്ലിക്കൻ പാർട്ടിയിലെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം മൈക്ക് ലോലെറും പങ്കുവച്ചത് എഐ ആയിരുന്നുവെന്ന് വ്യക്തമായത് ഏറെ വൈകിയാണ്.
"കാൾ ഓഫ് ഡ്യൂട്ടി’ എന്ന അതിപ്രശസ്തമായ വീഡിയോ ഗെയിമിലെ ഫ്രെയിമുകൾ പോലും, ഇറാനെതിരേയുള്ള അമേരിക്കയുടെ ആക്രമണരംഗങ്ങളെന്ന പേരിൽ വാർത്താ ചാനലുകൾക്ക് നൽകിയത് വൈറ്റ്ഹൗസിൽനിന്നു തന്നെയായിരുന്നു.
ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രയേൽ നഗരങ്ങളിൽ എയർപോർട്ടിൽ ഉൾപ്പെടെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായി എന്നത് വാസ്തവമാണെന്നിരിക്കേ, തകർന്നകെട്ടിടങ്ങളുടെയും വിമാനത്താവളത്തിന്റെയും ദൃശ്യങ്ങളെന്ന പേരിൽ ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലുകൾ നൽകിയ പല ക്ലിപ്പിംഗുകളും ഐഐ നിർമിതമായിരുന്നുവെന്നും പിന്നീട് വ്യക്തമായി.
SUNDAY DEEPIKA
ഉത്തരാഖണ്ഡിലെ പ്രശസ്ത ഹില്‍സ്റ്റേഷനായ മസൂറിയുടെ ശാന്തമായ വനപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പഴയ ദേവാലയമാണ് സെന്റ് ജോര്‍ജ് പള്ളി. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയതും ചരിത്രപ്രധാനവുമായ ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നു കൂടിയാണിത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ സ്മരണകളുണര്‍ത്തുന്ന വാസ്തുവിദ്യയാല്‍ മനോഹരമായ ദേവാലയം ഇന്ന് ചരിത്ര സ്മരണകള്‍ക്കൊപ്പം ഭീതിയുടെ കേന്ദ്രമായിക്കൂടിയാണ് നിലകൊള്ളുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1853ലാണ് ഈ പള്ളി സ്ഥാപിതമായത്. എന്നാല്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 1826 മുതല്‍ തന്നെ ബ്രിട്ടീഷ് സൈനിക സെറ്റില്‍മെന്റുകള്‍ക്കൊപ്പം ആരംഭിച്ചിരുന്നു.
മുസൂറിയിലെ ലാന്‍ഡൂര്‍ കുന്നുകളിലെ ബലോറിലാ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദേവാലയം ബ്രിട്ടീഷ് ആര്‍മിയിലെ എൻജിനീയര്‍മാരാണ് രൂപകല്പന ചെയ്തത്. ക്ലാസിക് ഗോഥിക് ശൈലിയിലാണ് നിര്‍മാണം.
ഈ വാസ്തുഭംഗി തന്നെയാണ് ദേവാലയത്തെ ആകര്‍ഷകമാക്കുന്നത്. പള്ളിയുടെ ജനലുകളില്‍ പതിപ്പിച്ചിരിക്കുന്ന ചായംപൂശിയ ഗ്ലാസുകള്‍ ബെല്‍ജിയത്തില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. സൂര്യപ്രകാശം ഇതിലൂടെ കടന്നുവരുമ്പോള്‍ പള്ളിക്കുള്ളില്‍ മനോഹരമായ വര്‍ണങ്ങള്‍ വിരിയുന്നു.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു പൈപ്പ് ഓര്‍ഗന്‍ ഇന്നും ഇവിടെയുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ സംഗീത പാരമ്പര്യത്തിന്റെ അടയാളമാണിത്. പള്ളിക്കുള്ളിലെ അള്‍ത്താരയും ഇരിപ്പിടങ്ങളും മികച്ച ഗുണനിലവാരമുള്ള തേക്കും പൈന്‍ മരവും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
തുടക്കത്തില്‍ മസൂറിയില്‍ വിശ്രമത്തിനും ചികിത്സയ്ക്കുമായി എത്തിയിരുന്ന ബ്രിട്ടീഷ് സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഈ പള്ളി തുറന്നുകൊടുത്തത്.
1853ല്‍ പട്രീഷ്യന്‍ ബ്രദേഴ്സ് ഇവിടെ സെന്റ് ജോര്‍ജ് കോളജ് സ്ഥാപിച്ചതോടെ, പള്ളി സ്കൂളിന്റെ ഭാഗമായി മാറി. ഇന്നും സ്കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആത്മീയ കേന്ദ്രമാണിത്.
ബ്രിട്ടീഷ് വൈസ്രോയിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മസൂറിയിലെ വേനല്‍ക്കാല വസതികളില്‍ താമസിക്കുമ്പോള്‍ ഈ പള്ളിയില്‍ ആരാധനയ്ക്കായി എത്താറുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് പരിചരണക്കുറവു മൂലം ദേവാലയം തകര്‍ന്നുതുടങ്ങി. ഇതിനു പിന്നാലെയാണ് ഇവിടം പ്രേതകഥകളുടെ ഇടമായി മാറിയത്. പള്ളിയോടു ചേര്‍ന്നുകിടക്കുന്ന പഴയ ബ്രിട്ടീഷ് കാലഘട്ടത്തിലെ സെമിത്തേരിയാണ് ഭീതിയുടെ പ്രധാന കേന്ദ്രം.
18ഉം 19ഉം നൂറ്റാണ്ടുകളില്‍ മസൂറിയില്‍ കോളറയും മറ്റു മഹാമാരികളും പടര്‍ന്നുപിടിച്ചപ്പോള്‍ മരിച്ച നൂറുകണക്കിന് ബ്രിട്ടീഷ് പട്ടാളക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇവിടെയാണ് അടക്കംചെയ്തിരിക്കുന്നത്.
രാത്രികാലങ്ങളില്‍ മഞ്ഞുമൂടിയ കല്ലറകള്‍ക്കിടയില്‍ വെളുത്ത വസ്ത്രംധരിച്ച രൂപങ്ങള്‍ നടക്കുന്നത് കണ്ടിട്ടുള്ളതായി സമീപവാസികള്‍ പറയാറുണ്ട്. പ്രത്യേകിച്ച്, അകാലത്തില്‍ മരിച്ച കുഞ്ഞുങ്ങളുടെ കരച്ചില് കാറ്റില്‍ കേള്ക്കാറുണ്ടെന്നത് ഇവിടത്തെ ഒരു പതിവുകഥയാണ്.
പള്ളിയിലെ പ്രശസ്തമായ പഴയ പൈപ്പ് ഓര്‍ഗനുമായി ബന്ധപ്പെട്ട് വിചിത്രമായ ചില അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പള്ളി പൂട്ടിക്കഴിഞ്ഞ് അര്‍ധരാത്രിയില്‍ ആരുമില്ലാത്ത സമയത്ത് ഉള്ളില്‍നിന്ന് ഓര്‍ഗന്‍ സംഗീതം കേള്‍ക്കാറുണ്ടെന്ന് ചിലര്‍ അവകാശപ്പെടുന്നു.
പഴയ കാലത്തെ സൈനിക ചാപ്ലയിന്മാരുടെ ആത്മാക്കള്‍ ഇന്നും ആരാധന നടത്താന്‍ എത്തുന്നതാണെന്നാണ് പ്രാദേശിക വിശ്വാസം. സെന്റ് ജോര്‍ജ് കോളജിനും പള്ളിക്കും ചുറ്റുമുള്ള പാതകള്‍ രാത്രിയില്‍ അതീവ ഭയാനകമാണ്. മസൂറിയിലെ കനത്ത മഞ്ഞില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന നിഴല്രൂപങ്ങളെക്കുറിച്ച് സ്കൂളിലെ പഴയ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരവധി കഥകളുണ്ട്. പള്ളിയുടെ ഗോപുരത്തിനുമുകളില്‍ ചില രാത്രികളില്‍ വിചിത്രമായ വെളിച്ചം കാണാറുണ്ടെന്നും പറയപ്പെടുന്നു.
സെന്റ് ജോര്‍ജ് പള്ളി സ്ഥിതിചെയ്യുന്ന ലാന്‍ഡൂര്‍ പ്രദേശം തന്നെ നിഗൂഢതകള്‍ നിറഞ്ഞതാണ്. പള്ളിക്കടുത്തുള്ള റോഡിലൂടെ തലയില്ലാത്ത ഒരു ബ്രിട്ടീഷ് വനിത കുതിരപ്പുറത്ത് സഞ്ചരിക്കാറുണ്ടെന്നത് മസൂരിയിലെ ഏറ്റവും പ്രശസ്തമായ പ്രേതകഥയാണ്. ഈ ആത്മാവ് പള്ളിയുടെ പരിസരത്തും ദൃശ്യമാകാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
മസൂറിയിലെ സാധാരണ ടൂറിസ്റ്റ് പാതകളില്‍നിന്ന് അല്പം മാറിയിരിക്കുന്നതിനാല്‍ സാഹസിക സഞ്ചാരികളും ഫോട്ടോഗ്രാഫര്‍മാരുമാണ് ഇവിടെയെത്തുന്നവരില്‍ അധികവും.
ഒരു കാലഘട്ടത്തിന്റെ സ്മരണകളുണര്‍ത്തിക്കൊണ്ട്, പകല്‍ വെളിച്ചത്തില്‍ വിസ്മയിപ്പിക്കുന്ന ഗോഥിക് വാസ്തുവിദ്യയായി നിലകൊള്ളുന്ന ഈ ദേവാലയം, രാത്രിയുടെ പുതപ്പിനുള്ളില്‍ ഒരു നിഗൂഢ സാമ്രാജ്യമായി മാറുന്നുവെന്ന് പലരും വിശ്വസിക്കുന്നു.
അര്‍ധരാത്രിയില്‍ ലാന്‍ഡൂര്‍ കുന്നുകളെ പുണരുന്ന മഞ്ഞില്‍, അദൃശ്യമായ വിരലുകള്‍ ഓര്‍ഗന്‍ കട്ടകളില്‍ സംഗീതം മീട്ടുമെന്നുകേട്ടാൽ നമുക്കതു കഥയെന്നു തള്ളിക്കളയാം. എന്നാല്‍ ഈ കഥകൾ വിശ്വസിക്കുന്നവരാണ് പ്രദേശവാസികളില്‍ അധികവും.
SUNDAY DEEPIKA
പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരൻ നീല പത്മനാഭന്റെ വിഖ്യാത നോവൽ "തലൈമുറകൾ' അറുപതാം വർഷത്തിൽ...
വീട്ടിനകത്ത് അടുക്കളയിൽ നാഗു അക്കൻ കമിഴ്ന്നുകിടന്ന് തേങ്ങിത്തേങ്ങി കരയുന്നുണ്ട്. തിരവിയെ കണ്ടപ്പോൾ കരച്ചിൽ വർധിച്ചു. പാപ്പാത്തി അത്ത കിടന്നു ചാടിക്കൊണ്ടിരുന്നു. “എന്തിനെടീ കെടന്നു നിലവിളിക്കണത്? നിന്നെ ഇവിടെ ആരെങ്കിലും കൊല്ലണോ? ഇംസിക്കണോ? ഈ വീട്ടില്‍ ഇത്തറ ദിവസം നീ ഇരുന്നല്ലോടീ, നിനക്ക് എന്തരു കൊറ അവൻ വരുത്തി? ഇവിടെ വരുമ്പോ നീ കിറുഞ്ചികിറുഞ്ചിയല്യോടീ ഇരുന്നത്. നീ പെണ്ണിന്റെ പരുവത്തിലായതുതന്നെ ഇവിടെ വന്നിട്ടല്ല്യോ.
പിന്നെ കൊഴുപ്പ് കേറിക്കേറി നീ ചെറിയ തുടിപ്പാണാ തുടിച്ചത്? വേറൊരുത്തനായിരുന്നെങ്കി അന്നു തന്നെ നിന്നെപ്പിടിച്ച് കറകറാന്നു വെളിയിൽത്തള്ളി കതകു അടച്ചുകളയുമായിരുന്നു... അവൻ ഒരു പാവം... അതുകൊണ്ട് അവൻ നോക്കി. ആറുമാസവും നോക്കി... പോയ ജമ്മത്തു നീ എന്തരു പാവം ചെയ്തൂട്ടോ എന്തോ. ഇപ്പം ദൈവംതന്നെ നിന്നെ ഇങ്ങനെ സൃഷ്ടിച്ചുകളഞ്ഞൂ..”
തിരവിയ്ക്കു ഒന്നും പിടികിട്ടില്ല. എന്താണ്? അക്കന് എന്താണ് ഒരു കുറവ്?. നാഗമ്മയുടെ അമ്മായിഅമ്മ പാപ്പാത്തിയുടെ ശകാരം കേട്ടുനിന്ന തിരവിയുടെ അപ്പാവ് നാഗരുപിള്ളയ്ക്ക് ഒന്നും മനസിലായില്ല. “അതെന്തരെന്നാണ് ഞാൻ കേക്കണത്? കല്യാണം കഴിച്ചുകൊടുത്ത് ആറുമാസമിരിക്കും. ഇപ്പം വന്ന് ഇങ്ങനെ പെണ്ണുവേണ്ടാ, വിളിച്ചോണ്ടു പോ എന്നു പറഞ്ഞാ ഇതെന്തരു വെള്ളരിക്കാപട്ടണമാ...?” അപ്പാവ് നെഞ്ചുരുകി ചോദിക്കുകയും ചെയ്തു.
നാഗമ്മയുടെ ഭർത്താവ് ശിവാനന്ദ പെരുമാളും (ശെവന്ത പെരുമാൾ) വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. “ഇപ്പം എനിയ്ക്കൊന്നും ഇല്ലാ, തല്ലിയുടച്ചു പറവാൻ. എന്നാൽ നാളെ പെണ്ണിന്റെ പ്രാക്കു വരരുതെന്ന് വച്ചു തന്നെയാണ് ഞാൻ ഇങ്ങനെയൊക്കെ ചുറ്റിവളച്ചു പറയണത്. എന്തിന്? ഒരു ലേഡീ ഡോക്ടറുടെയടുത്ത് അവളെ കൊണ്ടുചെന്നു പരിശോധിച്ചിറ്റ്... വേണ്ട, വേണ്ട ഞാനൊന്നും പറയണില്ല... മിണ്ടാതെ അവളെ വിളിച്ചോണ്ട് പോവൂടണം.”
നീല പത്മനാഭന്റെ തലൈമുറകൾ എന്ന നോവലിന്റെ കവാടം നമ്മൾ തുറക്കുകയാണ്. പ്രശസ്ത തമിഴ് - മലയാളം സാഹിത്യകാരനായ നീല പത്മനാഭൻ എഴുതിയ ഇതിഹാസ നോവലിന്റെ...
വിവാഹം കഴിഞ്ഞ് ആറുമാസത്തിനു ശേഷം ഭർത്താവ് ഉപേക്ഷിച്ച നാഗമ്മ ഇപ്പോൾ മുന്നിലുണ്ട്. നാഗമ്മയുടെ അനുജൻ തിരവിയും, അപ്പാവ് നാഗരുപിള്ളയും ചുറ്റും എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ പകച്ചുനിൽക്കുകയാണ്. കീഴത്തെരുവിലെ ഏക്കി മാടൻപിള്ളയും നാട്ടുകാരും മധ്യസ്ഥരായി നില്‍ക്കുന്നുമുണ്ട്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനു ശേഷം ഭർത്താവ് ഉപേക്ഷിച്ച നാഗമ്മ ഇപ്പോൾ മുന്നിലുണ്ട്. നാഗമ്മയുടെ അനുജൻ തിരവിയും, അപ്പാവ് നാഗരുപിള്ളയും ചുറ്റും എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ പകച്ചുനിൽക്കുകയാണ്. കീഴത്തെരുവിലെ ഏക്കി മാടൻപിള്ളയും നാട്ടുകാരും മധ്യസ്ഥരായി നില്‍ക്കുന്നുമുണ്ട്.
തിരവിയുടെ ഈ അങ്കലാപ്പ്, ചോദ്യങ്ങൾ നീല പത്മനാഭന്റെ നെഞ്ചിൽ അമ്പ് പോലെ ഒരിക്കൽ തറച്ചതാണ്- തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിംഗിൽ നീല പത്മനാഭൻ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയായിരുന്ന കാലത്ത്!
അയൽവീട്ടിലെ കൗമാരക്കാരിയെ അവളുടെ ഭർത്താവും വീട്ടുകാരും ചേർന്ന് നടതള്ളിയ പാതിരാത്രിയിൽ തിരവിയെപ്പോലെ നീല പത്മനാഭനും അമ്പരന്നു നിന്നു. അന്നു ഉള്ളിൽക്കൊളുത്തിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള യാത്രയാണ് തലൈമുറകൾ എന്ന നോവലിന് ആധാരമെന്നു പറയാം.
നീല പത്മനാഭന്റെ മാസ്റ്റർപീസെന്ന് പല സാഹിത്യ നിരൂപകൻമാരും വിലയിരുത്തുന്ന തലൈമുറകൾ 1966 ഫെബ്രുവരി രണ്ടിനാണ് നോവലിസ്റ്റ് എഴുതി തുടങ്ങുന്നത്. അതായത് ഇന്നേയ്ക്ക് അറുപതു വർഷം മുൻപ്. അന്ന് നീല പത്മനാഭന് ഇരുപത്തിയെട്ട് വയസാണ്.
അതേ വർഷം സെപ്തംബർ മൂന്നിന് നോവൽ പൂർത്തിയായി. ഇടവിട്ടും, തുടർന്നുമുള്ള രചനയായിരുന്നു. രചനയ്ക്കെടുത്തത് വെറും മുപ്പത്തിയേഴ് ദിവസങ്ങൾ മാത്രം. 1968 ഫെബ്രുവരിയിൽ പുസ്തകം പുറത്തുവന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ജർമൻ, റഷ്യൻ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട തലൈമുറകൾക്കു ലോകമെമ്പാടും വായനക്കാരുണ്ട്.
ആധുനിക ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിൽ ഒന്നായി പ്രശസ്ത തമിഴ് എഴുത്തുകാരനും നിരൂപകനുമായ കാ.നാ. സുബ്രഹ്മണ്യം തെരഞ്ഞെടുത്ത കൃതിയാണ് തലൈമുറകൾ.
തിരവിയിലെ ആത്മാംശം
നോവലിസ്റ്റിന്റെ കരൾ പിഴിഞ്ഞെടുത്ത നോവലിലെ തിരവി ഒരർഥത്തിൽ നീല പത്മനാഭൻ തന്നെയാണ്. തിരുവനന്തപുരം നഗരത്തിലെ ചെന്തിട്ട പ്രദേശത്താണ് നീല പത്മനാഭന്റെ ജനനം. കന്യാകുമാരി ജില്ലയിലെ ഇരണിയലിൽ വേരുകളുള്ള കുടുംബത്തിൽ. തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു അന്ന് ഇരണിയലും. നോവലിൽ ഏഴൂരു ചെട്ടിയാർമാരുടെ പാരമ്പര്യത്തിന്റെ ഗർവും ചുമന്നു നടക്കുന്ന വൈധവ്യത്തിനന്റെ വെള്ളത്തുണി ചുറ്റിയ തിരവിയത്തിന്റെ പ്രിയപ്പെട്ട മുത്തശി ഉണ്ണാമല ആച്ചി ഈ പൈതൃകത്തിന്റെ ഭാഗമാണ്.
തിരുവിതാംകൂറിന്റെ തെക്കുഭാഗത്ത് നിലനിന്ന ഒരു പ്രത്യേക ഭാഷാ ശൈലിയിൽ, ചെട്ടിയാർ സമുദായത്തിന്റെ ജീവിത പശ്ചാത്തലത്തിൽ തലമുറകളുടെ കഥ പറയുന്നു നീല പത്മനാഭൻ. എന്നാൽ അക്കഥയുടെ വേരുകൾ നീണ്ടുപടരുന്നത് സമസ്തകാലത്തിലേക്കും, ഇന്നു തുടരുന്ന നെറികേടുകളിലേക്കുമാണ്.
തിരവിയുടെ കാഴ്ചകളിലൂടെയും ഓർമകളിലൂടെയുമാണ് നാഗമ്മ എന്ന ദുരന്ത കഥാപാത്രത്തെ വായനക്കാർ കാണുന്നത്. നാഗമ്മ തന്നിലേക്ക് എത്തിയ കഥ നീല പത്മനാഭന്റെതന്നെ വാക്കുകളിലൂടെ കേൾക്കാം.
“എൻജിനീയറിംഗ് അവസാന വർഷ പരീക്ഷയുടെ തലേരാത്രിയാണ് ഞാനാ സംഭവത്തിനു സാക്ഷിയാകുന്നത്. എനിക്കേറെ പ്രിയപ്പെട്ട എന്റെ ആച്ചി അക്കാലത്ത് സുഖമില്ലാതെ കിടക്കുകയാണ്. ഉള്ളിൽ ആ വേദനയുമായിരുന്നാണ് പഠിക്കുന്നത്. പെട്ടെന്നാണ് അടുത്ത വീട്ടിൽനിന്ന് ഉറക്കെയുള്ള ആക്രോശങ്ങളും കരച്ചിലും കേട്ടത്.
കഷ്ടിച്ച് 17 വയസുള്ള പെൺകുട്ടിയെ ഭർത്താവിന്റെ വീട്ടുകാർ അവളുടെ വീട്ടിലേക്ക് മടക്കിക്കൊണ്ട് വന്നിരിക്കുകയാണ്. "ഇവൾ ഒരു പെണ്ണല്ല' എന്നും "സംശയമുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കൂ’ എന്നുമൊക്കെ ഭർത്താവും ബന്ധുക്കളും അട്ടഹസിക്കുന്നുണ്ട്. മെലിഞ്ഞ് വിളർത്ത പെൺകുട്ടി ഒരു പ്രതിമ പോലെ നിൽക്കുന്നത് ഞാൻ കണ്ടു. വാതിൽപ്പടിമേൽ തളർന്നിരിക്കുകയാണ് പെൺകുട്ടിയുടെ അച്ഛൻ. ചേലത്തുമ്പുകൊണ്ട് വായ്പൊത്തി കരച്ചിലടക്കുന്നു അമ്മ.'
എന്തൊക്കെയോ ശാപവാക്കുകൾ പറഞ്ഞിട്ട് ഭർതൃവീട്ടുകാർ ഒരു കൊടുങ്കാറ്റ് പോലെ മടങ്ങിപ്പോയി. അന്നു രാത്രി എനിക്കു പഠിക്കുവാൻ കഴിഞ്ഞില്ല. എന്റെ ചെറുപ്പത്തിൽ വളരെ യാഥാസ്ഥിതികമായിരുന്നു ഗ്രാമവും സമുദായവും.
കൗമാരക്കാരികളായ പെൺകുട്ടികളെ (കൊമരികൾ) അന്ന് പുറത്തിറങ്ങുവാൻ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പാവാടയും ദാവണിയുമണിഞ്ഞ ആ കുട്ടിയെ ദൂരെനിന്നു മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
പെൺകുട്ടിക്ക് എന്തെങ്കിലും വൈകല്യമുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അക്കാലത്ത് വിവാഹിതയായ ഒരു പെൺകുട്ടിയെ ഭർത്താവ് ഉപേക്ഷിക്കുന്നത് മരണത്തിനു തുല്യമാണ്. അപമാനഭാരംകൊണ്ട് പെൺകുട്ടിയുടെ കുടുംബവും ആരോരുമറിയാതെ ഗ്രാമം ഉപേക്ഷിച്ച് എങ്ങോട്ടോ പോയി.
അധികം വൈകാതെ അവളുടെ ഭർത്താവ് വേറെ വിവാഹം കഴിക്കുകയും ചെയ്തു. നാളുകൾ കടന്നപ്പോൾ ഞങ്ങളുടെ ഗ്രാമവും ആ പെൺകുട്ടിയെ മറന്നു. എനിയക്കു പക്ഷേ, അർധരാത്രിയിൽ ശാപവാക്കുകൾക്കുനടുവിൽ ഒന്നു കരയാൻപോലുമാകാതെ വിറങ്ങലിച്ചുനിന്ന എന്റെ അയൽക്കാരിയെ മറക്കാനേകഴിഞ്ഞില്ല.
നിഷ്കളങ്കയായ കൗമാരക്കാരിയെ ഉപേക്ഷിച്ച ഭർത്താവിനെ ഞാൻ വെറുത്തു. അയാളുടെ ക്രൂരതയും സ്വഭാവദൂഷ്യവുമാണ് പെൺകുട്ടിക്കുനേരെയുള്ള ആരോപണത്തിനു പിന്നിൽ എന്നു ഞാൻ വിശ്വസിച്ചു. ആ പെൺകുട്ടിയുടെ കണ്ണുകളിൽ ഞാൻ കണ്ട ദൈന്യതയാണ് നാഗമ്മ എന്ന കഥാപാത്രത്തെ എനിക്കു നല്‍കുന്നത്.”
ജീവിതഗാഥ
1966ൽ നാഗമ്മയെ കേന്ദ്രകഥാപാത്രമാക്കി നീല പത്മനാഭൻ നോവലിന്റെ ഇഴകൾ നെയ്യുമ്പോൾ അവിടെ തലമുറകൾ സംഗമിക്കുകയായിരുന്നു. തമിഴിൽ വേരുകളാഴ്ന്ന മലയാളത്തിൽ ജീവിക്കുന്ന കുറേ മനുഷ്യരുടെ പച്ചയായ ജീവിതം നോവലിസ്റ്റ് തുറന്നുവച്ചു.
അവരുടെ ആചാരങ്ങളും, അന്ധമായ ചില വിശ്വാസങ്ങളും അഭിമാനവും, ദുരഭിമാനവും എല്ലാം. തിരവിയുടെ അമ്മ കുട്ടിയമ്മയും കുനാംങ്കാണി പാട്ടാവും പാട്ടാവിന്റെ ഭാര്യമാരായ പൊണമു ആച്ചിയും അണഞ്ചിപ്പിള്ള ആച്ചിയും, പിന്നെ തായിചിത്തിയും കോലാപ്പാ ചിത്തപ്പയും നിലാപ്പിള്ള ചിത്തിയും തിരവിയുടെ അനിയത്തി ശാലവും തലമുറകളിൽ ഇഴചേർന്നു.
തന്റെ അയൽക്കാരി പെൺകുട്ടി കന്നിപ്പെണ്ണായി സ്വന്തം വീടിന്റെ ഇരുമ്പഴിക്കുള്ളിൽ ഞെരിഞ്ഞമർന്ന കാലം നോവലിസ്റ്റ് അറിഞ്ഞിട്ടില്ല. എന്നാൽ അവൾ നാഗമ്മയായി മാറിയപ്പോൾ ചായ്പ്പുമുറിയിൽ ഇരുട്ടുമൂലയിൽ തന്നെ എപ്പോഴുമിരുന്നു.
"ആണുങ്ങൾ ആരും ഇല്ലാത്തസമയത്ത് അടുക്കള, തൊട്ടിക്കെട്ട് ഇവിടെയൊക്കെ പോകുമെന്നുള്ളതൊഴിച്ച് നടുത്തിണ്ണയിലേക്കുപോലും വന്നുകൂട. വെളിയിലും വെട്ടത്തിലും പൊയ്ക്കൂടല്ലോ. കന്നിപ്പെണ്ണല്ല്യോ...’ എന്ന് തിരവിയുടെ ഹൃദയം പറയുന്നുമുണ്ട്.
കുടുംബനാഥനായ തെരവിയുടെ അപ്പാവിന്റെ നടുവൊടിച്ചുകൊണ്ട് നാഗമ്മയുടെ വിവാഹം പൊടിപൂരമാകുന്നതും വായനക്കാർ കണ്ടു. കാപ്പുകെട്ടും, കുരവയും.. പിന്നെ മാമ്പഴനിറത്തിലെ മൂഹൂർത്തപ്പട്ട് ഉടുത്തിരുന്ന് നാഗമ്മ എന്ന കൗമാരക്കാരി തിരുമംഗല്യച്ചാർത്ത് അണിയുന്നതും...
ഓരോ ചടങ്ങിനും പാപ്പാത്തി അത്ത കണക്കുപറഞ്ഞ് വരദക്ഷിണച്ചുരുൾ (വരന് നല്കുന്ന സ്ത്രീധനം) വാങ്ങുന്നതും ഞെട്ടലോടെയാണ് വായനക്കാർ കണ്ടത്. ചെന്തിട്ട ഗ്രാമംവിട്ട് എങ്ങോട്ടോ പോയ്മറഞ്ഞ അയൽക്കാരിക്ക് പിന്നീട് എന്തുസംഭവിച്ചുവെന്ന് നീല പത്മനാഭനും അറിയില്ല.
തലമുറകളിലെ നാഗമ്മ പക്ഷേ ദുരന്തങ്ങളിൽനിന്നു ദുരന്തങ്ങളിലേക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു. രണ്ടാമത് വിവാഹിതനാകുന്ന ശെവന്ത പെരുമാളിന്റെ വീട്ടിലേക്ക് കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായി നാഗമ്മയെകൊണ്ടുവിടുന്നുണ്ട്. "ലാക്ഷസീര’ വീട്ടിൽ നാഗമ്മ നേരിടുന്ന യാതനകൾ മീൻകാരി വെള്ളാച്ചിയാണ് പറയുന്നത്.
“ആ എഴവെടുത്ത ചെട്ടിയാരു പുത്തൻ പൊണ്ടാട്ടി ആ ശിങ്കാരീര കൂടെയും മാപ്പിളയെ അടിച്ചോടിച്ചില്ല്യോ ആ ചൂവ. നിങ്ങടെ ബന്തക്കാരി അവളുടെ കൂടെയും ചേർന്നോണ്ട് നാഗുവിനെയിട്ട് ബയങ്കര അടിയല്യോ അടിയ്ക്കണത് അമ്മോ...''
നാഗമ്മയെ പുനർവിവാഹം ചെയ്യാൻ ധൈര്യംകാണിച്ച കുറ്റാലം എന്ന ചെറുപ്പക്കാരനെ ശെവന്തപെരുമാൾ കൊല ചെയ്യുന്നതോടെ ആ ദുരന്തചക്രം പൂർണമാവുകയാണ്.
പരീക്ഷയുടെ തലേന്നാൾ പഠിച്ചുകൊണ്ടിരിക്കുമ്പോൾ നീല പത്മനാഭൻ കേട്ട "ഇവൾ പെണ്ണല്ല..’ എന്ന ആക്രോശത്തിനുള്ള ഉത്തരം നോവലിൽ തന്നെയുണ്ട്. നാഗമ്മയെ പരിശോധിച്ച ഡോ. റോസമ്മ തിരവിയോട് പറയുന്നുത് ""നിന്റെ മച്ചുനൻ ഒരു മണ്ടൻ’ എന്നാണ്. ശിവാനന്ദ പെരുമാളിന്റെ ബലഹീനതയാണ് നാഗമ്മയ്ക്കു നേരെയുള്ള ആരോപണമായി മാറിയതെന്നുള്ള സത്യത്തിൽ തിരവി എത്തുന്നിടത്തു കാവ്യനീതി നടത്തപ്പെടുന്നു.
ഒടുവിൽ തന്റെ അയൽക്കാരി പെൺകുട്ടി ഗ്രാമം വിട്ടുപോയതുപോലെ കീഴത്തെരുവുവിട്ട് ദൂരേക്ക് എങ്ങോ നാഗമ്മയെയും കുടുംബത്തെയും നീലപത്മനാഭൻ യാത്രയാക്കുകയാണ്. അങ്ങനെ, നോവലിസ്റ്റിന്റെ ഹൃദയത്തിനേറ്റ മുറിവ് ആയിരമായിരം വായനക്കാർ ഏറ്റുവാങ്ങുന്നു...
SUNDAY DEEPIKA
ഓണസദ്യപോലെ കേമം പറയാനില്ലെങ്കിലും വിഷുവിനും രുചിക്കൂട്ടുകൾക്കു പ്രാധാന്യമുണ്ട്. കണികണ്ടു കൈനീട്ടവും വാങ്ങി കൊതിയൂറുന്ന വിഭവങ്ങൾ ആസ്വദിക്കാം. ഇതാ ഏതാനും വിഷുക്കറികൾ...
1. തക്കാളി കിച്ചടി
ചേരുവകൾ:
പച്ച തക്കാളി- 5 എണ്ണം
ഉപ്പ്- പാകത്തിന്
തൈര്- ഒരു കപ്പ്
പച്ചമുളക്- 2 എണ്ണം
തേങ്ങ ചുരണ്ടിയത്- 1 കപ്പ്
കടുക്- അര ടീസ്പൂണ്‍
ജീരകം, ഉലുവ- കാൽ കപ്പ് വീതം
ഉണക്കമുളക്- 2 എണ്ണം
എണ്ണ- 2 ടീ സ്പൂണ്‍
തയാറാക്കുന്ന വിധം:
തക്കാളി കഴുകി കനംകുറച്ച് അരിയുക. ഇതിൽ ഉപ്പും വേകാൻ ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക. തേങ്ങാ ചുരണ്ടിയതിൽ പച്ചമുളകും ജീരകവും ചേർത്ത് വെണ്ണപോലെ അരയ്ക്കുക. കടുക് (കാൽ ടീസ്പൂണ്‍) ചതച്ച് ഇതിൽ ചേർക്കുക. ഈ അരപ്പ് തൈരിൽ ചേർത്തിളക്കി വെന്ത കഷണത്തോടൊപ്പം ചേർക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി കാൽ ടീസ്പൂണ്‍ വീതം കടുകും ഉലുവയും ഇടുക. ഉണക്കമുളക് രണ്ടായി മുറിച്ചതിട്ട് വറുക്കുക. കടുക് പൊട്ടിയാൽ കൂട്ട് ചേർത്ത കഷണം ഇതിലേക്കു പകർന്ന് ഒരു തിളവന്നാൽ ഉടൻ വാങ്ങാം.
2. ഇടിച്ചക്ക- മുളപ്പയർ തോരൻ
ചേരുവകൾ:
ഇടിച്ചക്ക- അര കിലോ
പയർ മുളപ്പിച്ചത്- അര കപ്പ്
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി-
മുക്കാൽ ടീസ്പൂണ്‍
തേങ്ങ ചുരണ്ടിയത്- ഒന്നര കപ്പ്
മുളകുപൊടി- ഒരു ടീസ്പൂണ്‍
ജീരകം, കടുക്, ഉഴുന്ന്-
കാൽ ടീസ്പൂണ്‍ വീതം
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില- 2 തണ്ട്
ഉണക്കമുളക്- 2 എണ്ണം
എണ്ണ- ഒരു ടേബിൾ സ്പൂണ്‍
തയാറാക്കുന്ന വിധം:
ഇടിച്ചക്കയുടെ മുള്ളു ചെത്തി ഇടത്തരം വലിപ്പമുള്ള കഷണങ്ങളാക്കി കഴുകി വാരുക. ഇതിൽ ഉപ്പും മഞ്ഞളും ചേർത്ത് പാകത്തിനു വെള്ളമൊഴിച്ച് വേവിച്ചു വാങ്ങുക. ചക്ക നന്നായി ചതയ്ക്കുക. ഇതിൽ മുളപ്പിച്ച ചെറുപയർ ചേർക്കുക.
തേങ്ങ, ജീരകം, മുളകുപൊടി, വെളുത്തുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ നന്നായി ചതച്ച് വെന്ത കഷണത്തോടൊപ്പം ചേർത്ത് നന്നായി ഇളക്കുക.
എണ്ണ ചൂടാക്കിയ ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാക്കി കടുക്, ഉഴുന്ന്, രണ്ടായി മുറിച്ച ഉണക്കമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവയിട്ട് നന്നായിളക്കി കടുക് പൊട്ടിയാൽ കൂട്ടു ചേർത്ത കഷണം ഇതിലേക്ക് കുടഞ്ഞിട്ട് നന്നായി ഉലർത്തി വാങ്ങുക.
3. കൈതച്ചക്ക- ഈന്തപ്പഴം പച്ചടി
ചേരുവകൾ:
കൈതച്ചക്ക- കാൽ കിലോ
ഈന്തപ്പഴം (കുരു നീക്കയത്)- 4 എണ്ണം
ഉപ്പ്- പാകത്തിന്
തൈര്- 1 കപ്പ്
മഞ്ഞൾപ്പൊടി- അര ടീ സ്പൂണ്‍
മുളകുപൊടി- ഒരു നുള്ള്
ചുരണ്ടിയ തേങ്ങ- ഒരു കപ്പ്
പച്ചമുളക്- 2 എണ്ണം
കടുക്- അര ടീസ്പൂണ്‍
ഉലുവ- കാൽ ടീസ്പൂണ്‍
ഉണക്കമുളക്- രണ്ടായി മുറിച്ചത്, രണ്ടെണ്ണം
എണ്ണ- 2 ടീസ്പൂണ്‍
കറിവേപ്പില- 2 തണ്ട്
തയാറാക്കുന്ന വിധം:
കൈതച്ചക്കയുടെ തൊലിയും കൂഞ്ഞിയും ചെത്തി കഴുകി ചെറു കഷണങ്ങളായി അരിയുക. ഈന്തപ്പഴം ചെറുതായി അരിയുക. കൈതച്ചക്ക അരിഞ്ഞതിൽ ഉപ്പും മഞ്ഞളും വേകാൻ പാകത്തിന് വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക. തേങ്ങ, പച്ചമുളക്, കാൽ ടീസ്പൂണ്‍ കടുക് എന്നിവ വെണ്ണപോലെ അരച്ച് തൈരിൽ കലക്കുക. ഇത് വെന്ത കഷണത്തോടൊപ്പം ചേർക്കുക. ഈന്തപ്പഴം അരിഞ്ഞതും കറിവേപ്പില ചതച്ചതും ചേർക്കാം.
എണ്ണ ചൂടാക്കി കടുക് (കാൽ ടീസ്പൂണ്‍), ഉലുവ, ഉണക്കമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുകു പൊട്ടിയാൽ കറി ഇതിൽ ചേർത്ത് തിളപ്പിച്ചു വാങ്ങുക.
4. ഏത്തക്കായ- ചക്കക്കുരു എരിശേരി
ചേരുവകൾ:
ഏത്തക്കായ- ഒരെണ്ണം
ചക്കക്കുരു- 5-8 എണ്ണം
മുരിങ്ങയ്ക്ക- ഒരെണ്ണം
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി-
മുക്കാൽ ടീസ്പൂണ്‍
തേങ്ങ ചുരണ്ടിയത്- ഒന്നര കപ്പ്,
ഒരു ടേബിൾ സ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
കുരുമുളക്- 4 എണ്ണം
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില- 2 തണ്ട്
ഉണക്കമുളക്- 2 എണ്ണം,
രണ്ടായി മുറിച്ചത്
കടുക്, ഉഴുന്ന്-
കാൽ ടീസ്പൂണ്‍ വീതം
എണ്ണ- ഒരു ടേബിൾ സ്പൂണ്‍
തയാറാക്കുന്ന വിധം:
ഏത്തക്കായയുടെ പുറംതൊലി ചെത്തി രണ്ടായി നെടുകെ കീറി അരയിഞ്ച് കനത്തിൽ അരിയുക. വെള്ളത്തിലിട്ട് കറ നീക്കുക. മുരിങ്ങയ്ക്ക നീളത്തിൽ അരിയുക. ചക്കക്കുരുവിന്റെ തൊലി കളഞ്ഞ് വട്ടത്തിൽ അരയിഞ്ച് കനത്തിൽ അരിയുക.
ഇവയെല്ലാം കഴുകിവാരി ഉപ്പും മഞ്ഞളും ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക. ഒന്നര കപ്പ് തേങ്ങ, കുരുമുളക്, മുളകുപൊടി എന്നിവ തരുതരുപ്പായി അരയ്ക്കുക. ചതച്ച വെളുത്തുള്ളിയും ഒരു തണ്ട് കറിവേപ്പിലയും ചേർക്കുക. ഇത് വെന്ത കഷണത്തോടൊപ്പം ചേർക്കുക.
അല്പം എണ്ണയിൽ ഒരു ടേബിൾ സ്പൂണ്‍ തേങ്ങയിട്ട് വറുത്തു കോരുക. ഒരു ടേബിൾ സ്പൂണ്‍ എണ്ണയിൽ കടുക്, ഉഴുന്ന്, ഉണക്കമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുകു പൊട്ടിയാൽ കറി ഇതിലേക്കൊഴിച്ച് തിളപ്പിച്ചു വാങ്ങുക. വറുത്ത തേങ്ങയിട്ട് അലങ്കരിക്കുക.
SUNDAY DEEPIKA
മരണത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന നിമിഷം. ഈ അനുഭവം ദസ്തയേവ്സ്കിയെ പുതിയൊരു മനുഷ്യനാക്കി മാറ്റി. അന്നുമുതൽ ഓരോ ദിവസവും ഓരോ പുതിയ സമ്മാനമായിട്ടാണ് അദ്ദേഹത്തിനു തോന്നിയത്. ഓരോ സൂര്യോദയവും ഓരോ സംഭാഷണവും ഓരോ ചെറിയ അനുഭവവും- എല്ലാം വിലപ്പെട്ടതായി അദ്ദേഹത്തിനു മാറി. തന്റെ ജീവനുൾപ്പെടെ എല്ലാം ദൈവത്തിന്റെ സമ്മാനമായി അദ്ദേഹം കണ്ടു.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ജേർണലിസ്റ്റ്, തത്വചിന്തകൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച റഷ്യൻ സാഹിത്യകാരനാണ് ഫിയദോർ ദസ്തയേവ്സ്കി (1821-1881).
മനുഷ്യന്റെ ആത്മസംഘർഷം, പാപബോധം, വിശ്വാസം, മോചനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ അദ്ദേഹം അതിമനോഹരമായി തന്റെ രചനകളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. എന്നാൽ, ജീവിതത്തിലുണ്ടായ ഒരനുഭവമാണ് അദ്ദേഹത്തിന്റെ ചിന്തകളെ പൂർണമായും മാറ്റിമറിച്ചത്.
ദസ്തയേവ്സ്കി യുവാവായിരുന്നകാലത്ത് മോസ്കോയിലെ പുരോഗമന ചിന്താഗതിക്കാരുടെ ബൗദ്ധിക കൂട്ടായ്മയിൽ അംഗമായിരുന്നു.
ചക്രവർത്തിഭരണത്തിലെ അനീതികളും സമൂഹത്തിനാവശ്യമായ നവീകരണവുമൊക്കെയായിരുന്നു അവരുടെ ചർച്ചാവിഷയം. പലപ്പോഴും ചർച്ചചെയ്തിരുന്നതു നിരോധിക്കപ്പെട്ട എഴുത്തുകാരുടെ രചനകളായിരുന്നു. ഭരണകൂടത്തെ വിമർശിക്കുന്നതു രാജ്യദ്രോഹമായി കരുതപ്പെട്ടിരുന്ന കാലമായിരുന്നു അത്.
തന്മൂലം ദസ്തയേവ്സ്കിയും അദ്ദേഹത്തിന്റെ കൂട്ടുകാരും അറസ്റ്റ് ചെയ്യപ്പെട്ടു. നീതിപീഠം അവർക്കു വിധിച്ചതു വധശിക്ഷയായിരുന്നു. 1849ലെ ഒരു തണുത്ത ഡിസംബർ പ്രഭാതത്തിൽ അദ്ദേഹത്തെയും മറ്റു തടവുകാരെയും ഒരു പൊതുമൈതാനത്തിലേക്കു കൊണ്ടുപോയി. വെടിവച്ചുകൊല്ലാൻവേണ്ടി അവരെ തൂണുകളിൽ കെട്ടി നിർത്തി. തോക്കേന്തിയ സൈനികർ വധശിക്ഷ നടപ്പാക്കാനുള്ള കല്പനയ്ക്കായി കാത്തുനിന്നു.
നിമിഷങ്ങൾക്കുള്ളിൽ എല്ലാം അവസാനിക്കും എന്നോർത്തപ്പോൾ ദസ്തയേവ്സ്കിയുടെ മനസു പിടഞ്ഞു. ആ നിമിഷങ്ങളിൽ മനസിലൂടെ കടന്നുപോയ ചിന്തകളെക്കുറിച്ച് പിന്നീടദ്ദേഹം ഇപ്രകാരം എഴുതി:
""ജീവിതം എത്ര മനോഹരമാണ്. ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടത്! ഇത്രയുംനാൾ അവയൊന്നും വിലമതിക്കാതെ ജീവിച്ചു. ഇനി ജീവിക്കാൻ കുറേ നിമിഷങ്ങൾകൂടി മാത്രം ലഭിച്ചാൽ മതിയായിരുന്നു. എങ്കിൽ അതു ശരിയായ രീതിയിൽ ജീവിക്കുവാൻ ശ്രമിക്കുമായിരുന്നു!''
ദസ്തയേവ്സ്കിയുടെ മനസിലൂടെ ഈ ചിന്തകൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്പോൾ ചക്രവർത്തിയുടെ ഒരു ദൂതൻ ഓടിയെത്തി. മരണശിക്ഷ റദ്ദാക്കിയെന്നും അതിനുപകരം അദ്ദേഹത്തെയും സഹതടവുകാരെയും സൈബീരിയയിൽ കഠിനതടവിനു വിധിച്ചിരിക്കുന്നു എന്നുമായിരുന്നു സന്ദേശം.
മരണത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന നിമിഷം. ഈ അനുഭവം ദസ്തയേവ്സ്കിയെ പുതിയൊരു മനുഷ്യനാക്കി മാറ്റി. അന്നുമുതൽ ഓരോ ദിവസവും ഓരോ പുതിയ സമ്മാനമായിട്ടാണ് അദ്ദേഹത്തിനു തോന്നിയത്. ഓരോ സൂര്യോദയവും ഓരോ സംഭാഷണവും ഓരോ ചെറിയ അനുഭവവും- എല്ലാം വിലപ്പെട്ടതായി അദ്ദേഹത്തിനു മാറി. തന്റെ ജീവനുൾപ്പെടെ എല്ലാം ദൈവത്തിന്റെ സമ്മാനമായി അദ്ദേഹം കണ്ടു.
ഇനി നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. പലപ്പോഴും എത്രയോ ലാഘവത്തോടെയാണ് നാം ജീവിതത്തെ കാണുന്നത്. നമ്മുടെ ജീവനും, ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമായി നാം കാണാറുണ്ടോ? നമ്മുടെ എല്ലാ കാര്യങ്ങളും ശരിയാക്കാൻ ഏറെ സമയമുണ്ടെന്നല്ലേ നാം പലപ്പോഴും കരുതുന്നത്? അക്കാരണത്താലല്ലേ അകന്നുപോയ സ്നേഹബന്ധങ്ങൾ പുതുക്കാനും മറ്റുള്ളവരോടു സ്നേഹപൂർവം ക്ഷമിക്കാനും വിവിധ നന്മപ്രവൃത്തികൾ ചെയ്യാനുമൊക്കെ നാം മടിച്ചുനിൽക്കുന്നത്?
ദസ്തയേവ്സ്കിക്കു തന്റെ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് സ്വന്തം ജീവിതത്തിന്റെ വില മനസിലായത്. അങ്ങനെയൊരവസരം ഉണ്ടായിട്ടുവേണോ നമ്മളും ജീവന്റെ വില മനസിലാക്കാൻ? ""ഞങ്ങളുടെ ദിവസങ്ങൾ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ'' (സങ്കീ 90:12) എന്ന് സങ്കീർത്തകൻ പ്രാർഥിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്നു പ്രാർഥിച്ചാൽ ദൈവം തന്നിരിക്കുന്ന ജീവന്റെ യഥാർഥ മൂല്യം നാമും മനസിലാക്കും. അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താൻ നാം തയാറാവുകയും ചെയ്യും.
ഇനി ദസ്തയേവ്സ്കിയുടെ കഥയിലേക്കു മടങ്ങിവരട്ടെ. ദൈവാനുഗ്രഹംകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ അദ്ദേഹം എപ്പോഴും അക്കാര്യത്തെക്കുറിച്ച് ബോധവാനായിരുന്നോ? സൈബീരിയയിലെ കഠിനതടവിൽനിന്നു മോചിതനായ അദ്ദേഹം ഒരു കാലഘട്ടത്തിൽ അമിതമായ പുകവലിക്കും ചൂതാട്ടത്തിനും അടിമയായിമാറി എന്നത് ചരിത്രവസ്തുതയാണ്.
എന്നാൽ തന്റെ ഈ വീഴ്ചകൾക്കിടയിലും ദൈവവിശ്വാസം അദ്ദേഹം വെടിഞ്ഞില്ല. എന്നുമാത്രമല്ല ആഴമുള്ള ഒരു ക്രൈസ്തവവിശ്വാസിയായിട്ടാണ് അദ്ദേഹം മരിച്ചത്. കാരണം ജീവനും ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമാണെന്നത് അദ്ദേഹം വിസ്മരിച്ചില്ല.
അദ്ദേഹത്തിനുണ്ടായിരുന്ന ഈ ബോധ്യം ജീവിതത്തിൽ നമുക്കും ഉണ്ടായാൽ വീഴ്ചകൾക്കിടയിലും നാം ആഴത്തിൽ പ്രാർഥിക്കും. നാം കൂടുതൽ സ്നേഹിക്കും. വേഗത്തിൽ ക്ഷമിക്കും. മറക്കാതെ നന്മപ്രവൃത്തികൾ ചെയ്യും. അങ്ങനെ നാം ജീവിതം പൂർണമായി ജീവിക്കുകയും ചെയ്യും.
SUNDAY DEEPIKA
കഴിഞ്ഞ ഞായറാഴ്ചത്തെ ചില പത്രങ്ങളിൽ അധികമാരും വായിച്ചിരിക്കാനിടയില്ലാത്ത ഒരു വിമാന വാർത്തയുണ്ടായിരുന്നു.
മാർച്ച് 28 ശനിയാഴ്ച, ബംഗളുരുവിൽനിന്ന് വാരാണസിയിലേക്ക് വരികയായിരുന്ന ഇൻഡിഗോയുടെ ഒരു എയർബസ് എ321-252എൻഎക്സ് വിമാനം VT-IRW (ഫ്ളൈറ്റ് നമ്പർ 6ഇ185) രാത്രി എട്ടേകാലിന് പറന്നു പൊങ്ങി പതിനഞ്ചു മിനിറ്റു കഴിയുമ്പോഴേക്കും മുഹമ്മദ് അഡ്നാൻ എന്ന യാത്രക്കാരൻ സീറ്റിൽ നിന്നെഴുന്നേറ്റുചെന്ന് വിമാനത്തിന്റെ എമർജൻസി വാതിലിന്റെ പിടിയിൽ കൈവച്ചു.
കാബിൻ ക്രൂ ഓടിച്ചെന്നപ്പോഴേക്ക്, അബദ്ധം പറ്റിയതാണ് എന്നു പറഞ്ഞ അഡ്നാനോട് ഇനി അതിലൊന്നും പിടിക്കാൻ നിൽക്കേണ്ടെന്ന് പറഞ്ഞ് സീറ്റിലേക്ക് തിരികെ വിടുകയും ചെയ്തു.
എന്നാൽ വാരാണസി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, രാത്രി 10.22ന് അഡ്നാൻ വീണ്ടും വിമാന വാതിലിൽ പിടുത്തമിട്ട് വലിച്ചുതുറക്കാൻ ശ്രമംതുടങ്ങി. പരിഭ്രാന്തരായ ഫ്ളൈറ്റ് അറ്റൻഡന്റുമാർ അഡ്നാനെ വാതിലിൽനിന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പൈലറ്റിനെ വിവരമറിയിച്ചു.
റൺവേയിൽനിന്ന് വെറും 500 അടി പൊക്കത്തിലായിരുന്ന വിമാനം പൈലറ്റുമാർ അപ്പോൾത്തന്നെ 2500 അടിയിലേക്ക് ഉയർത്തി. അപ്പോൾ സമയം 10.24 ആയിരുന്നു. അഡ്നാൻ ഇനി കുഴപ്പമുണ്ടാക്കില്ല എന്നുറപ്പാക്കാൻ, വരാണസിക്കുമീതേ ഒന്നു വട്ടംചുറ്റി വിമാനം 10.35ന് സുരക്ഷിതമായി ലാൻഡു ചെയ്തു.
വിമാനം പറക്കുന്നതിനിടെ വാതിൽ തുറന്നാൽ അത് അപകടമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും, മേൽപ്പറഞ്ഞതത്രയും വായിച്ചു കഴിയുമ്പോൾ സ്വാഭാവികമായും ചില സംശയങ്ങളുണ്ടാകാം.
പറക്കലിനിടെ വിമാന വാതിൽ തുറക്കാൻ കഴിയുമോ?
വിമാനം നല്ല പൊക്കത്തിൽ പറക്കുമ്പോൾ തുറക്കാനാവില്ല എന്നുതന്നെയാണ് ഉത്തരം. ക്രൂസിംഗ് ഓൾട്ടിറ്റ്യൂഡ് എന്നു സാധാരണ പറയുന്ന 35,000 അടി ഉയരത്തിൽ പറക്കുന്ന ഒരു വിമാനത്തിന്റെ വാതിൽ തുറക്കുന്നത് മനുഷ്യ സാധ്യമല്ല.
രണ്ടു കാരണങ്ങളാണ്
-ആദ്യം അകത്തേക്കു വലിച്ച് പിന്നെ പുറത്തേക്കു തള്ളിയാണ് വിമാന വാതിൽ തുറക്കുന്നത് എന്ന കാര്യം.
-വിമാനത്തിന്റെ ഉള്ളിലെ ക്രമീകരിച്ച വായു മർദവും വൻ ഉയരത്തിൽ തീരെ നേർത്ത വായുവുള്ള അന്തരീക്ഷത്തിന്റെ മർദവും തമ്മിലുള്ള വ്യത്യാസം. പുറത്തെ വായുവിനേക്കാൾ ഏകദേശം 7.5 പിഎസ്ഐ കൂടുതൽ മർദം അകത്തുണ്ടാകുമെന്നതിനാൽ, 1.8 മീറ്റർ പൊക്കവും 0.8 മീറ്റർ വീതിയുമുള്ള വിമാന വാതിലിൽ ഈ മർദവ്യത്യാസം ചെലുത്തുന്ന സമ്മർദം 77,000 ന്യൂട്ടൺ അഥവാ 7,800 കിലോഗ്രാം വരും. തുറക്കാനായി വാതിൽ അകത്തേക്കു വലിക്കണമെങ്കിൽ ഏഴര ടൺ ബലം പ്രയോഗിക്കേണ്ടിവരും എന്നർഥം.
പിന്നെ എന്തിനാണ് കാബിൻ ക്രൂ പരിഭ്രാന്തരായത്?
അഡ്നാൻ രണ്ടാമത് വാതിലിൽ പിടിച്ചുവലിച്ച സമയമാണ് കുഴപ്പം. വാരാണസി റൺവേയിലേക്ക് താഴ്ന്നുകൊണ്ടിരുന്ന വിമാനം വെറും 500 അടി ഉയരത്തിലായിരുന്നു അപ്പോൾ എന്നത് ഓർക്കുക. ലാൻഡ് ചെയ്യാൻ വരുന്ന വിമാനം ഈ പൊക്കത്തിലാകുമ്പോൾ അകത്തെയും പുറത്തെയും അന്തരീക്ഷ മർദം ഏകദേശം ഒരുപോലെയായിക്കഴിയും. കുറ്റിയുടേയും കൊളുത്തിന്റെയും മെക്കാനിസം അറിഞ്ഞാൽ, ആ പൊക്കത്തിൽ വാതിൽ തുറക്കാൻ പ്രയാസമില്ല എന്നർഥം.
കാബിൻ ക്രൂവിൽനിന്ന് വിവരം അറിഞ്ഞ പൈലറ്റുമാർ ലാൻഡിംഗ് വേണ്ടെന്നുവച്ച് വിമാനം ഉടനടി 2500 അടി പൊക്കത്തിലേക്ക് ഉയർത്തിയത് വിമാനത്തിന് അകത്തെയും പുറത്തെയും മർദങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടാക്കാൻ വേണ്ടിയായിരുന്നോ?
അല്ല എന്നാണ് ഉത്തരം. 2500 അടിപ്പൊക്കത്തിൽ പുറത്തേ അന്തരീക്ഷവായുവും വിമാനത്തിനകത്തെ വായുവും തമ്മിൽ കാര്യമായ മർദവ്യത്യാസമൊന്നും ഉണ്ടാവുകയില്ല. കൂടിയാൽ 0.2 പിഎസ്ഐ. വാതിലിലെ തള്ളൽ പരമാവധി 300 കിലോഗ്രാം. ആഞ്ഞു വലിച്ചാൽ തുറക്കാനാവുന്നതേയുള്ളു എന്നർഥം.
വാതിൽ തുറക്കാതിരിക്കാനുള്ള മർദം സൃഷ്ടിക്കാനല്ല, ലാൻഡ് ചെയ്യുന്ന നേരത്തുള്ള അനിശ്ചിതത്വവും പ്രശ്നങ്ങളും ഒഴിവാക്കാനാണ് പൈലറ്റുമാർ പറന്നുകയറിയത് എന്നതാണ് വാസ്തവം. 500 അടി പൊക്കത്തിൽ, ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പ്, എയർഹോസ്റ്റസുമാരുടെ പിടിവിടുവിച്ച് അഡ്നാൻ വാതിൽ തുറന്നിരുന്നെങ്കിൽ ഉള്ളിലേക്കുള്ള വായു പ്രവാഹത്തിൽ കാബിനുള്ളിൽ കുഴപ്പങ്ങളുണ്ടാകാം.
യാത്രക്കാരോ കാബിൻ ക്രൂവോ പുറത്തേക്കു തെറിച്ചുവീഴാം. ലാൻഡ് ചെയ്യുന്ന നേരം ചെയ്യേണ്ട അനേകം കാര്യങ്ങളിൽനിന്ന് പൈലറ്റുമാരുടെ ശ്രദ്ധ വ്യതിചലിക്കാം. വിമാനം മൊത്തം അപകടത്തിൽപ്പെടാം.
2500 അടിയിലേക്കു പറന്നു കയറുമ്പോൾ, പൈലറ്റുമാർക്കും കാബിൻ ക്രൂവിനും എല്ലാറ്റിനും അല്പം സാവകാശം കിട്ടുകയാണ്. പറന്നു കയറുന്നതിനിടെ ഇനി വാതിൽ തുറന്നുപോയാലും ലാൻഡ് ചെയ്യുന്നതിനിടെ തുറക്കുന്നത്ര അപകടസാധ്യതയും ഇല്ല. അഞ്ചോ പത്തോ മിനിറ്റ് ചുറ്റിപ്പറക്കുന്നതിനിടെ യാത്രക്കാരനെ പിടിച്ചുമാറ്റാനും പിടിച്ചിരുത്താനും സമയമുണ്ട്. പൈലറ്റുമാർക്ക് വീണ്ടും സാവകാശത്തിൽ സുരക്ഷിതമായി പറന്നിറങ്ങുകയും ചെയ്യാം.
സംഭവത്തിന് ദുരൂഹതയുടെ നിറം കൊടുക്കുന്ന ഒരു അനുബന്ധം വാർത്തകളിലുള്ളത് കൂടി പറയാതിരിക്കുന്നതെങ്ങനെ: വിമാനത്താവളത്തിൽ സിഐഎസ്എഫിന് കൈമാറിയ, ഉത്തർപ്രദേശിലെ മാവു ജില്ലക്കാരനായ അഡ്നാന് പറയാനുണ്ടായിരുന്നത് ഒരേയൊരു കാര്യമായിരുന്നു- ഭൂതബാധയാണ് തന്നെക്കൊണ്ട് ഇങ്ങിനെയെല്ലാം ചെയ്യിച്ചതെന്ന്!
SUNDAY DEEPIKA
എഴുത്തുവഴികളിലെ പരിചിതനാമവും വചനവേദികളിലെ സൗമ്യസാന്നിധ്യവുമാണ് ഫാ. മൈക്കിൾ പനച്ചിക്കൽ വിസി. അദ്ദേഹം രചിച്ചത് എഴുനൂറിലേറെ ഗാനങ്ങൾ. ആദ്യഗാനം റെക്കോർഡ് ചെയ്തിട്ട് അന്പതാണ്ടുകൾ തികയുന്നു...
1976. കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസിലെ ഒരു ഗായകൻ പാടിയ "നിത്യത തീർക്കുന്ന നിമിഷങ്ങളേ, സ്വർഗം തുറക്കുന്ന നിമിഷങ്ങളേ' എന്നു തുടങ്ങുന്ന ഭക്തിഗാനംകേട്ട് ഗാനഗന്ധർവൻ യേശുദാസ് പറഞ്ഞു: ""വളരെ നല്ല പാട്ട്. അർഥസന്പുഷ്ടം. നമ്മൾ ഇറക്കാൻപോകുന്ന എൽപി ഡിസ്കിൽ ചേർത്താലോ? ഞാൻതന്നെ പാടി ചേർക്കാം.'' അതുകേട്ട ഗാനരചയിതാവായ യുവവൈദികന് സന്തോഷവും അഭിമാനവും തോന്നി.
അദ്ദേഹം പെട്ടെന്ന് സമ്മതം കൊടുത്തു. മൈക്കിൾ പനച്ചിക്കൽ എന്ന വിൻസൻഷ്യൻ വൈദികനായിരുന്നു ആ ഗാനരചയിതാവ്. അദ്ദേഹം രചിച്ച ആദ്യത്തെ ഗാനം അങ്ങനെ 1977 ഡിസംബർ 10ന് യേശുദാസിന്റെ ശബ്ദത്തിൽ പുറത്തുവന്നു. ആ ഗാനം റെക്കോർഡ് ചെയ്തിട്ട് അരനൂറ്റാണ്ടാകുന്നു...
ഗാനത്തിന്റെ പിറവിയുടെ ഓർമയിൽ പനച്ചിക്കലച്ചൻ സംസാരിക്കുന്നു...
വിൻസൻഷ്യൻ സഭയുടെ പുനരുദ്ധാരണത്തിന്റെ ജൂബിലി വർഷമായിരുന്നു 1976. ഒരു ജൂബിലി ഗാനത്തിന് ഞങ്ങൾ ആബേലച്ചനെ സമീപിച്ചു. വലിയ തിരക്കിലായിരുന്ന അച്ചൻ ഒരാഴ്ച കഴിഞ്ഞു ചെല്ലാൻ പറഞ്ഞു. പറഞ്ഞ സമയമായിട്ടും തിരക്കുമൂലം അച്ചന് എഴുതാൻ കഴിഞ്ഞിരുന്നില്ല.
എന്നെ ചൂണ്ടി ഇളന്പാശേരിൽ അച്ചനോട് ആബേലച്ചൻ പറഞ്ഞു- "ഈ അച്ചന് ഭാവന ഉണ്ടല്ലോ, അച്ചൻ എഴുതട്ടെ..' ഇളന്പാശേരിൽ അച്ചന്റെ പ്രോത്സാഹനത്തോടെ ഞാൻ എഴുതി. വരികൾ കാണിച്ചപ്പോൾ ആബേലച്ചന് ഇഷ്ടമായി. അങ്ങനെ ജെറി അമൽദേവിന്റെ ഈണത്തിൽ ഗാനം പിറന്നു.
കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസിലാണ് റെക്കോർഡ് ചെയ്തത്. യേശുദാസ് ആ പാട്ടുപാടാൻ താത്പര്യം പ്രകടിപ്പിച്ചത് എനിക്കു വലിയ അഭിമാനമായി. അദ്ദേഹം സൗജന്യമായാണ് പാടിയത്. ദൈവപുത്രൻ എന്ന എൽപി ഡിസ്ക്കിൽ ചേർക്കുകയും ചെയ്തു. കേരളം മുഴുവൻ ആ പാട്ട് ഏറ്റുപാടി.
എഴുത്തുവഴികളിലെ പരിചിതനാമവും വചന വേദികളിലെ സൗമ്യസാന്നിധ്യവുമാണ് അച്ചൻ ഇന്ന്. ദീപിക പത്രത്തിൽ "സൂര്യഗ്രഹണം' എന്ന തുടർനോവൽ പ്രസിദ്ധീകരിച്ച വൈദിക വിദ്യാർഥി, "കന്മഴ പെയ്യുന്പോൾ' എന്ന ചലച്ചിത്രം നിർമിച്ച പുരോഹിതൻ, സ്വന്തമായി നാടക ട്രൂപ്പുണ്ടാക്കിയ സന്യാസി, ദൃശ്യമാധ്യമങ്ങളെ ദുരുപയോഗിച്ച് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നവരെ സത്യം അറിയിക്കുവാൻ "ഫ്രീഡം ടിവി' എന്ന ചാനൽ നടത്തിയയാൾ... അച്ചന്റെ വിശേഷണങ്ങൾ നരവധി.
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ, നിത്യത തീർക്കുന്ന നിമിഷങ്ങളേ, മേലേ മാനത്തെ ഈശോയേ... എന്നിവ തുടങ്ങി മനസിനെയും ആത്മാവിനെയും ചിന്തകളെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന 700 ലേറെ ഗാനങ്ങൾ പിറന്ന ഭാവനയ്ക്ക് സുവർണജൂബിലിയുടെ പ്രഭ.
ഓരോ ഗാനവും പിറക്കുന്നത്
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള, അങ്ങേയറ്റം ഹൃദ്യവും ലളിതവും സന്പുഷ്ടവുമാണ് പനച്ചിക്കലച്ചന്റെ രചനാശൈലി. ഓരോ ഗാനവും പിറക്കുന്നത് ഓരോ സാഹചര്യത്തിലാണെന്ന് അച്ചൻ ഓർക്കുന്നു. എല്ലാം പ്രാർഥനയിൽനിന്നും, ക്രിസ്തുരഹസ്യങ്ങളെക്കുറിച്ചും ജീവിതയാഥാർഥ്യങ്ങളെക്കുറിച്ചുമുള്ള മനനങ്ങളിൽനിന്നും ഉയിർകൊണ്ടവയാണ്. കരിസ്മാറ്റിക് ധ്യാനങ്ങളിൽ വന്നാലും കൈ ഉയർത്തി പാടാനും മറ്റും മടിക്കുന്ന വിശ്വാസികളെ സജീവരാക്കാൻ എഴുതിയതാണ് "തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ' എന്ന ഗാനം.
കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ മുഖപത്രം എന്നു വിശേഷിപ്പിക്കാവുന്ന "വചനോത്സവ'ത്തിന്റെ സ്ഥാപക പത്രാധിപരാണ് പനച്ചിക്കലച്ചൻ. വചനോത്സവം എന്ന പേരും പിറന്നത് അച്ചന്റെ ഹൃദയത്തിലാണ്. അങ്കമാലി ഹൗസിലെ പ്രൊക്യുറേറ്റർ, വിവിധ ആശ്രമങ്ങളിൽ സുപ്പീരിയർ, പോപ്പുലർ മിഷൻ ഡയറക്ടർ, നോവിസ് മാസ്റ്റർ, വികാർ പ്രൊവിൻഷ്യൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ധ്യാനങ്ങൾ തുടങ്ങി സഭ ഏൽപ്പിച്ച എല്ലാ നിയോഗങ്ങളും നിറവേറ്റിക്കൊണ്ടാണ് അച്ചൻ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രവർത്തനം നടത്തിയത്.
അവാർഡുകൾ
സഭയും സമൂഹവും എണ്ണംപറഞ്ഞ അവാർഡുകൾ സമ്മാനിച്ചുകൊണ്ട് ഈ പ്രതിഭയെ ആദരിച്ചു. മികച്ച ഗാനരചയിതാവിനുള്ള കെസിബിസിയുടെ അവാർഡ് രണ്ടുതവണ അച്ചനു ലഭിച്ചു. മാധ്യമരംഗത്തെ സംഭാവനകൾക്കുള്ള ശാലോം അവാർഡ്, വിൻസൻഷ്യൻ സഭയുടെ 2025 ലെ ലൂമിനസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മിറ്റി വിശുദ്ധ കുർബാനയുടെ ഗാനങ്ങൾ രചിക്കാൻ അച്ചനെ നിയോഗിച്ചിരുന്നു.
"ദൈവത്തിന്റെ ശബ്ദം'
കേരളസഭയിലെ ഒരു മെത്രാൻ ഒരിക്കൽ പനച്ചിക്കൽ അച്ചനെ കണ്ടപ്പോൾ പറഞ്ഞു: ""കുറേക്കാലമായി അച്ചന്റെ ശബ്ദം എനിക്കു ദൈവത്തിന്റെ ശബ്ദമാണ്.'' അച്ചൻ വായിച്ചു റെക്കോർഡ് ചെയ്ത സന്പൂർണ മലയാള ബൈബിളിനെക്കുറിച്ചായിരുന്നു ആ സിഡി ദിവസവും കേൾക്കുന്ന പിതാവ് പരാമർശിച്ചത്. അത്ര വിശേഷമാണ് ആ ഓഡിയോ ബൈബിൾ.
ഞാൻ എഴുതിയ പാട്ടുകളടക്കം മറ്റുപല സുവിശേഷ മാധ്യമസംരംഭങ്ങളും ഏറെ മുന്നൊരുക്കങ്ങളോടെ ഉണ്ടായവയാണ്. എന്നാൽ അത്തരത്തിലുള്ള ഒന്നും ഈ ഓഡിയോ ബൈബിളിനു പിന്നിലില്ല- പനച്ചിക്കലച്ചൻ പറയുന്നു.
അതൊരു ദൈവിക പദ്ധതിയായിരുന്നു. 171 ദിവസംകൊണ്ടാണ് ആ ദൗത്യം പൂർത്തിയാക്കിയത്. ഇത്രയും വായിച്ചിട്ടും ഒരേ ടോണിൽ അവസാനംവരെ എനിക്ക് വായിക്കാനായി എന്നതും ഒരത്ഭുതമാണ്. ഇന്ന് നാട്ടിലും വിദേശത്തും മലയാളികൾ ഏറെ താത്പര്യത്തോടെ ഉപയോഗിക്കുന്ന ഒന്നാണ് ഓഡിയോ ബൈബിൾ.
വിയന്നയിലുള്ള സജി ജേക്കബാണ് ആ ദൗത്യത്തിനു പിൻബലമായത്. സൗണ്ട് എൻജിനീയർമാരായ റിജോ ചാക്കോ, രാജു എന്നിവരും ഫ്ളോർ മാനേജരായ ജോയിയും സാങ്കേതിക സഹായം നൽകി.
ഈ ദൗത്യത്തിനിടെ തന്റെ ആസ്ത്മ, സോറിയാസിസ് രോഗങ്ങൾ ഭേദമായത് അച്ചൻ പ്രത്യേകം ഓർമിക്കുന്നു.
ശിക്ഷിക്കാത്ത ദൈവം
പാപിയായ മനുഷ്യനെ സ്വന്തമാക്കുവാൻ അവസാന തുള്ളി രക്തംവരെ ചിന്തുന്നവിധം ദൈവം സ്നേഹിക്കുന്നുവെന്ന് ഈശോ ജീവിച്ചു കാണിച്ചുതന്നു. ഈ ചിന്ത പങ്കുവയ്ക്കുന്ന പത്തു പുസ്തകങ്ങൾ പനച്ചിക്കലച്ചൻ എഴുതിയിട്ടുണ്ട്.
ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ എന്ന പുസ്തകമാണ് ആദ്യം എഴുതിയത്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും,വീണ്ടെടുപ്പിന്റെ വിശ്വാസ വഴി, ജീസസ് ക്രൈസ്റ്റ് ദി അൾട്ടിമേറ്റ് ട്രൂത്ത്, ക്രിസ്തു പരമാർത്ഥം, ദ ട്രൂത്ത് ബിയോണ്ട് അറ്റോണ്‍മെന്റ് എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. ഇംഗ്ലിഷിലും മലയാളത്തിലും പുസ്തകങ്ങൾ എഴുതി.
ജീവിതരേഖ
പാലാ രൂപതയിലെ ഭരണങ്ങാനം ഇടവകയിൽ പനച്ചിക്കൽ ദേവസ്യ -ഏലി ദന്പതികളുടെ നാലാമത്തെ മകനായി 1948 സെപ്റ്റംബർ ആറിനാണ് മൈക്കിൾ പനച്ചിക്കലിന്റെ ജനനം. ഭരണങ്ങാനത്ത് ചാച്ചന്റെ വീട്ടിലായിരുന്നു കുട്ടിക്കാലം.
അഞ്ചാം വയസിൽ തൊടുപുഴയ്ക്കടുത്ത് നെടിയശാലയിൽ കുടുംബം താമസമാക്കി. നെടിയശാല എൽപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുമുന്‍പ് അന്പാട്ടാശാന്റെ കളരിയിൽ 56 അക്ഷരങ്ങളും കണക്കും പഠിച്ചു. പുറപ്പുഴമുട്ടം യുപി സ്കൂൾ, കരിങ്കുന്നം ഹൈസ്ക്കൂൾ എന്നിവിടങ്ങളിലും പഠിച്ചു.
ദൈവവിളിയുടെ മഹത്വം ചെറുപ്രായത്തിൽതന്നെ മനസിൽ നിറഞ്ഞിരുന്നു. പത്താം ക്ലാസ് പാസായപ്പോൾ വൈദികനാകാനുള്ള ആഗ്രഹം പറഞ്ഞു. ചാച്ചൻ സമ്മതിച്ചു. 1965 ലാണ് മൈനർ സെമിനാരിയിൽ ചേർന്നത്.
1974ൽ അങ്കമാലിയിൽവച്ച് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൽനിന്നു തിരുപ്പട്ടം സ്വീകരിച്ചു. വൈദിക പട്ടത്തിനുശേഷം ആലുവ യുസി കോളജിൽ ചേർന്ന് മലയാളത്തിൽ ബിരുദമെടുത്തു. ബോംബെ സെന്റ് സേവ്യേഴ്സിൽനിന്നു മീഡിയ സ്റ്റഡീസിൽ പിജി ഡിപ്ലോമയും കൊച്ചി ഭാരതീയ വിദ്യാഭവനിൽനിന്നു പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
SUNDAY DEEPIKA
മനുഷ്യന്റെയും ആൾക്കുരങ്ങുകളുടെയും പരിണാമ ചരിത്രത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള അപൂർവ കണ്ടെത്തലുമായി ഗവേഷകർ. വടക്കൻ ഈജിപ്തിലെ വാഡി മോഗ്ര മരുഭൂമി കേന്ദ്രീകരിച്ചുനടന്ന പര്യവേഷണത്തിലാണു താടിയെല്ലുകളുടെയും പല്ലുകളുടെയും അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
അവയുടെ പഴക്കമോ, ഏകദേശം 1.7 കോടി വർഷം! മൻസൂറ സർവകലാശാലയിലെ പാലിയന്റോളജിസ്റ്റുകളായ ഹെഷാം സല്ലാം, ഷൊറൂഖ് അൽ അഷ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോസിലുകളുടെ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.
വാലില്ലാ കുരങ്ങുകളുടെ പരിണാമം പ്രധാനമായും കിഴക്കൻ ആഫ്രിക്ക കേന്ദ്രീകരിച്ചാണെന്ന നിലവിലെ ധാരണകളെ തിരുത്തുന്നതാണു പുതിയ പഠനം. "മസ്രിപിത്തിക്കസ് മോഗ്രായെൻസിസ്' എന്ന് പേരിട്ടിരിക്കുന്ന വർഗം, മയോസീൻ കാലഘട്ടത്തിന്റെ തുടക്കത്തിലാണു ജീവിച്ചിരുന്നതത്രേ.
നിലവിലുള്ള എല്ലാ ആൾക്കുരങ്ങുകളുടെയും മനുഷ്യരുടെയും പൊതുവായ പൂർവികനോട് ഈ വർഗത്തിനു വലിയതോതിൽ സാമ്യമുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. കിഴക്കൻ ആഫ്രിക്കയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന കുരങ്ങുകളുടെ പരിണാമചരിത്രത്തിൽ വടക്കൻ ആഫ്രിക്കയ്ക്ക് വലിയൊരു പങ്കുണ്ടെന്നു പുതിയ കണ്ടെത്തൽ അടിവരയിടുന്നു.
അഞ്ചുവർഷംനീണ്ട ഗവേഷണ പദ്ധതികൾക്കൊടുവിലാണ്, കുരങ്ങുകളുടെ പരിണാമഘട്ടത്തിലെ മറഞ്ഞിരുന്ന കണ്ണിയെ കണ്ടെത്താൻ സാധിച്ചതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
താടിയെല്ലുകളുടെയും പല്ലുകളുടെയും പ്രത്യേകതകൾ ഇവയെ സാധാരണ കുരങ്ങുകളിൽനിന്നു വേറിട്ടുനിർത്തുന്നു. വളരെ കരുത്തുറ്റ താടിയെല്ലുകളും വലിപ്പമേറിയ പല്ലുകളുമാണ് ഇവയ്ക്കുള്ളത്.
പല്ലുകളുടെ ഉപരിതലത്തിലെ സങ്കീർണമായ ഘടന സൂചിപ്പിക്കുന്നത് ഇവ പഴങ്ങൾക്കു പുറമെ കട്ടികൂടിയ ഭക്ഷണങ്ങളും കഴിച്ചിരുന്നു എന്നാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായി ഭക്ഷണശീലങ്ങൾ മാറ്റാൻ ഈ വർഗത്തിനു സാധിക്കുമായിരുന്നു.
ജനിതക വിവരങ്ങളും ഫോസിൽ സവിശേഷതകളും സംയോജിപ്പിച്ചു നടത്തിയ പഠനത്തിൽ ഗിബ്ബൺ, ഗൊറില്ല, ചിമ്പാൻസി, ഒറാംഗ് ഉട്ടാൻ എന്നിവയുടെയും മനുഷ്യരുടെയും വംശാവലിയോട് മസ്രിപിത്തിക്കസിന് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതായും ഗവേഷകർ വ്യക്തമാക്കി.
ഈ കണ്ടെത്തൽ ആഫ്രിക്കയിൽ നിന്നുള്ള ആൾക്കുരങ്ങുകളുടെ കുടിയേറ്റ ചരിത്രത്തിലേക്കും വെളിച്ചംവീശുന്നു. നേരത്തേ കരുതിയിരുന്നതുപോലെ കിഴക്കൻ ആഫ്രിക്കയിൽ നിന്നല്ല; മറിച്ച് വടക്കൻ ആഫ്രിക്കയിൽനിന്നോ, അറേബ്യൻ ഉപദ്വീപിൽനിന്നോ ആയിരിക്കാം കുരങ്ങുകളുടെ വ്യാപനം തുടങ്ങിയതെന്നാണ് ഗവേഷകർ ഇപ്പോൾ അനുമാനിക്കുന്നത്.
കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ പരിണാമചരിത്രം പൂർണമായും മാറ്റിയെഴുതാൻ സാധിക്കുകയുള്ളു. എങ്കിലും, ഭൂതകാലത്തെക്കുറിച്ചുള്ള വലിയൊരു സമസ്യ പൂരിപ്പിക്കാൻ ഈ കണ്ടെത്തൽ ഗവേഷകർക്കു തുണയായി. ആൾക്കുരങ്ങുകളുടെ ഉത്ഭവത്തെക്കുറിച്ച്, ചെറിയ ഭൂപ്രദേശം മാത്രം അടിസ്ഥാനമാക്കി പറഞ്ഞുപഴകിയ കഥകളിൽ വലിയ മാറ്റംവരുത്തും, ഈജിപ്ഷ്യൻ ഫോസിലുകളുടെ കണ്ടെത്തൽ!
SUNDAY DEEPIKA
ആനവണ്ടി-യാത്ര, അനുഭവം, ഓർമ
എഡി: കെ.ബി. ഗണേഷ്കുമാർ
പേജ്: 176 വില: ₹ 250
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
കെഎസ്ആർടിസിയിലെ യാത്രാനുഭവങ്ങളുടെ സമാഹാരം. കേരളീയ ജീവിതത്തിൽ കെഎസ്ആർടിസി വഹിച്ച പങ്ക് പ്രമുഖരുടെ ഓർമകളിലൂടെ അടയാളപ്പെടുത്തുന്നു.
നാട്ടരങ്ങ്-സ്വരൂപവും സാധ്യതകളും
ഡോ. പി.എസ്. ജ്യോതിലക്ഷ്മി, ഡോ. റെജിമോൾ ജോസ്
പേജ്: 160 വില: ₹ 160
ബുക്ക് മീഡിയ, പാലാ
ഫോൺ: 9447536240
അനുഷ്ഠാനപരവും അല്ലാത്ത തുമായ അരങ്ങുവൈവിധ്യങ്ങളെക്കു റിച്ചുള്ള പഠനങ്ങളുടെ സമാഹാരം. ഗവേഷ കർക്കും ആസ്വാദകർക്കും ഒരുപോലെ ഉപകാരപ്രദം.
ഋതുഭേദങ്ങൾ
ഗബ്രിയേൽ തളിയച്ചിറ
പേജ്: 130 വില: ₹ 220
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9048588887
ഓരോ ഋതുവിലും സജീവമാകുന്ന ഭാവസ്മരണകൾ അനുഭവിപ്പിക്കുന്ന കവിതകളുടെ സമാഹാരം. പ്രവാസിയുടെ സ്വദേശാനുഭവങ്ങൾ ഭാഷയിൽ നിറയുന്നു. ലളിതസുന്ദരമായ ശൈലി.
Brighter English Grammar
ജോസ് ചന്ദനപ്പള്ളി
പേജ്: 216 വില: ₹ 350
അനശ്വരം ബുക്സ്, തിരുവനന്തപുരം
ഫോൺ: 9496196751ഇംഗ്ലീഷ് വ്യാകരണം ലളിതമായി വിശദീകരിക്കുന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം. വിദേശങ്ങളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഗുണകരം. ചിത്രങ്ങളടക്കം വിശദീകരിക്കുന്നു.
SUNDAY DEEPIKA
രാവിലെ ആറു മണിയായപ്പോഴേക്കും ഞാൻ ഉണർന്നെഴുന്നേറ്റു. ജനാല തുറന്നു. റോസ് ഗാർഡനിൽ പതിവുപോലെ റോസാപ്പുക്കൾ വിടർന്നു പുഞ്ചിരിക്കുന്നു, ചുറ്റും സുഗന്ധം പരത്തുന്നു. അതു പതിവുതെറ്റാതെ അവയുടെ ചുമതലയാണ്. എന്റെയും മാക്സിമിന്റെയും മാനസിക വിഷമങ്ങളും പ്രയാസങ്ങളും അവയ്ക്ക് അറിയേണ്ട ക
മാക്സിം നല്ല ഉറക്കത്തിലാണ്. ഉണർത്താൻ ശ്രമിച്ചില്ല. കുറച്ചുകൂടി ഉറങ്ങട്ടെ. ഇന്നത്തെ ഞങ്ങളുടെ യാത്ര നീണ്ടതും ക്ഷീണം വർധിപ്പിക്കുന്നതുമാണ്. ഹൈറോഡുകൾ, ഇടതിങ്ങിപ്പായുന്ന മോട്ടോർ വാഹനങ്ങൾ, അവയ്ക്കിടയിലൂടെ ഞെങ്ങിഞെരുങ്ങിയുള്ള യാത്ര.
ലണ്ടനിലേക്കുള്ള ഈ യാത്രയുടെ അവസാനം എങ്ങനെയായിരിക്കും? ഞങ്ങളുടെ ഭാവി എന്തായിരിക്കും? ലണ്ടന്റെ വടക്കുഭാഗത്ത് എവിടെയോ താമസിക്കുന്ന ബേക്കർ എന്നുപേരായ മനുഷ്യൻ. അദ്ദേഹം ഞങ്ങളെപ്പറ്റി കേട്ടിട്ടേയില്ല. എന്നാൽ അദ്ദേഹത്തിന്റെ കൈയിലാണ് ഞങ്ങളുടെ ഭാവി. ഈ സമയത്ത് അദ്ദേഹവും അവിടെ ഉണർന്ന് കോട്ടുവായിട്ട് എഴുന്നേറ്റുകാണും. കുറേക്കഴിയുന്പോൾ അദ്ദേഹം തന്റെ ദിനകൃത്യങ്ങളിൽ ഏർപ്പെടും.
ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി. കുളിച്ചു. ബെഡ് റൂമിൽ ചെന്നു ഡ്രസ് മാറി. ഈ സമയത്ത് പുറത്തു മൃദുവായ കാലടിശബ്ദം അടുത്തുവരുന്നതിന്റെയും വാതിലിന്റെ പൂട്ട് സാവധാനം തുറക്കുന്നതിന്റെയും തുടർന്ന് കാലടിശബ്ദം അകന്നുപോകുന്നതിന്റെയും സ്വരം. അതു മിസിസ് ഡാൻവേഴ്സ് ആയിരുന്നു.
മാക്സിം എഴുന്നേറ്റ് പ്രാഥമികകൃത്യങ്ങളും കുളിയും കഴിഞ്ഞ് കടന്നുവന്നു. അപ്പോഴേക്കും ക്ലാരീസ് ഞങ്ങൾക്കുള്ള ചായയുമായെത്തി. ലണ്ടനിൽ ഒരുദിവസം താമസിക്കുന്നതുകൊണ്ട് അതിനാവശ്യമായ ഡ്രസുകളും മറ്റും പെട്ടികളിലും ബാഗുകളിലും നിറച്ചു. തുടർന്ന് ഞങ്ങൾ ഡൈനിംഗ് റൂമിൽ പോയി ബ്രേക്ക്ഫാസ്റ്റിന് ഇരുന്നു. അന്യോന്യം ഒന്നും സംസാരിക്കാതെ വേഗം അതു പൂർത്തിയാക്കി. മാക്സിം വാച്ച് നോക്കുന്നുണ്ട്. ഏതാണ്ടു സമയമായി. മുറ്റത്തു നിൽക്കുന്ന കാറിൽ റോബർട്ട് സാധനങ്ങൾ എല്ലാം കയറ്റിവച്ചു.
ഇറങ്ങാൻ തയാറായി നിൽക്കുന്ന, ഞങ്ങളുടെ ഭാവി നിർണയിക്കാൻ പോകുന്ന ഈ മുഹൂർത്തത്തിൽ എല്ലാ ഉത്കണ്ഠകളും വ്യസനങ്ങളും ദൈവതിരുമുന്നിൽ സമർപ്പിച്ചു. ഉള്ളുരുകിയ പ്രാർഥനയുടെ ചിറകിൽ മനസ് ദൈവസന്നിധിയിലേക്കു പറന്നു.
എന്റെ കണ്ണുകൾ നിറഞ്ഞുതുളുന്പി. അപ്പോഴേക്കും മാക്സിമിന്റെ വിളിയെത്തി. കണ്ണുകൾ തുടച്ച് ഞാൻ മുറ്റത്തേക്കിറങ്ങി. ഫ്രാങ്കിന്റെ കാറും എത്തിച്ചേർന്നു. കേണൽ ജൂലിയന്റെ കാർ അപ്പുറത്ത് എത്തിയിട്ടുണ്ടെന്ന് ഫ്രാങ്ക് പറഞ്ഞു.
""ഞാൻ മുഴുവൻ സമയവും ഓഫീസിലുണ്ടാവും. ബേക്കറെ കണ്ടതിന്റെ വിവരം ഉടനെ എന്നെ അറിയിക്കുമല്ലോ.''
""തീർച്ചയായും''- മാക്സിം പറഞ്ഞു.
""മംഗളകരമായ നല്ലൊരു യാത്ര ഞാൻ നേരുന്നു.''
""താങ്ക് യൂ!''
ഞങ്ങളെ നോക്കിനിൽക്കുന്ന ഫ്രിത്തിനും റോബർട്ടിനും നേരേ ഞാൻ കൈവീശി. കാത്തുനിൽക്കുന്ന കേണൽ ജൂലിയൻ മാക്സിമിന്റെ അരികിലിരിക്കുന്ന എന്നെക്കണ്ട് ആശ്ചര്യപ്പെട്ടു. അദ്ദേഹത്തിന്റെ കമന്റ്: ""ഇത് നീണ്ടൊരു യാത്രയാണ്. ഭർത്താവിനെ ഞാൻ നല്ല ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുമായിരുന്നു.'' ആ നർമരസത്തിൽ മൂന്നുപേരും ചിരിച്ചു. ഞാൻ പറഞ്ഞു: ""ഈ യാത്രയിൽ ഒപ്പമുണ്ടാകണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.''
""നല്ല കാര്യം.''
അദ്ദേഹം പിൻസീറ്റിൽ സൗകര്യപ്രദമായി ഇരുന്നു. ഞങ്ങൾ യാത്ര തുടങ്ങി. കുറേദൂരം ചെന്ന് ഒരു ക്രോസ് റോഡിൽവച്ച് ഫാവെൽ ഓടിക്കുന്ന നീളമുള്ള പച്ച കാർ കണ്ടു. ചിലപ്പോൾ ഞങ്ങളുടെ പിറകിലും ചിലനേരത്തു ഞങ്ങളെ മറികടന്നും ഫാവെലിന്റെ കാർ ഓടി.
കേണൽ ജൂലിയൻ പിൻസീറ്റിൽ ഇരുന്നും ചാരിക്കിടന്നും കുറേശ്ശെ ഉറങ്ങിയും ഉണർന്നും യാത്രചെയ്തു. ഉച്ചയായപ്പോൾ ഭേദപ്പെട്ട ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ലഞ്ച് കഴിച്ചു. ഏകദേശം മൂന്നുമണിയായപ്പോൾ ഞങ്ങൾ ലണ്ടന്റെ പ്രാന്തപ്രദേശങ്ങളിൽ എത്തി.
നീണ്ട യാത്രയും ട്രാഫിക് ബ്ലോക്കും അന്തരീക്ഷത്തിലെ ചൂടും മൂലം എനിക്കു നല്ല ക്ഷീണം തോന്നി. മാക്സിം യാത്രാക്ഷീണമുണ്ടെങ്കിലും അതു പ്രകടിപ്പിക്കാതെ വളരെ ശ്രദ്ധാപൂർവം ഡ്രൈവ് ചെയ്യുകയാണ്. കേണൽ തന്റെ കോട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിട്ടുള്ള ചെറിയ മാപ്പിൽ നോക്കി ബാർനെറ്റിലേക്കുള്ള വഴി മാക്സിമിനു പറഞ്ഞുകൊടുത്തു. ആ സ്ഥലത്തെത്തിയപ്പോൾ കാർ നിർത്തി ഒരു വഴിയാത്രക്കാരനോടു ചോദിച്ചു.
""ഈ ഭാഗത്ത് റോസ് ലാന്‍ഡ് എന്ന പേരിൽ ഒരു വീടുണ്ടോ? റിട്ടയർ ചെയ്ത ഒരു ഡോക്ടർ ബേക്കർ ആണ് താമസിക്കുന്നത്.''
""ഡോക്ടർ ബേക്കർ? എനിക്കറിയില്ല. ഇവിടെ പള്ളിക്കു സമീപം ഒരു റോസ് കോട്ടേജ് ഉണ്ട്. അവിടെ ഒരു മിസിസ് വിൽസനാണ് താമസിക്കുന്നത്.''
""അതല്ല. റോസ് ലാന്‍ഡ് എന്ന വീട്ടിലെ ഡോക്ടർ ബേക്കർ!''
കുറച്ചുകൂടി നീങ്ങി പിന്നെയും രണ്ടുമൂന്നു പേരോടു ചോദിച്ചു. ഡോക്ടർ ആരെന്നും എവിടെയെന്നും ആർക്കും നിശ്ചയമില്ല.
ഞാൻ മാക്സിമിനെ നോക്കി. പാവം, വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. അല്പം കഴിഞ്ഞപ്പോൾ ഫാവെലിന്റെ കാർ പൊടിയിൽ മുങ്ങിയ നിലയിൽ എത്തി. മാക്സിം വണ്ടി മുന്നോട്ടെടുത്തു. കേണൽ ജൂലിയൻ അന്വേഷണം തുടർന്നു. ഒടുവിൽ ഒരു പോസ്റ്റുമാനാണ് ഡോക്ടർ ബേക്കറുടെ വഴിയും വീടും പറഞ്ഞുതന്നത്. ഗേറ്റിൽ നെയിംബോർഡ് ഇല്ല. ഇതേ വീടിന്റെ മുന്നിലൂടെ രണ്ടുതവണ നമ്മൾ പോയതാണ്. എന്തുചെയ്യാം!
മാക്സിം കാർ ഒതുക്കിനിർത്തി. കാറിൽ അല്പനേരം ഞങ്ങളിരുന്നു. കേണൽ പറഞ്ഞു: ""ഇപ്പോൾ സമയം അഞ്ചുകഴിഞ്ഞു. അവർ ചായകുടിക്കുന്ന സമയമാവും. നമുക്ക് അല്പംകൂടി കാത്തിരിക്കാം.''
മാക്സിം ഒരു സിഗരറ്റെടുത്തു കത്തിച്ചു.
ഞാൻ ബാഗിൽനിന്ന് പൗഡർ എടുത്ത് മുഖംമിനുക്കി. കാറിൽ ഇരുന്ന് ഞാൻ വലിയ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ ബസിറങ്ങി നടന്നുപോകുന്ന രണ്ടു സ്ത്രീകളെയും റോഡിലൂടെ ഓടിപ്പോകുന്ന ഒരു പയ്യനെയും നോക്കി. കേണൽ തന്റെ മാപ്പ് മടക്കി പോക്കറ്റിൽ വച്ചു. എന്നിട്ട് ഡോക്ടർ ബേക്കറിന്റെ വീടും മുറ്റവും നോക്കി പറഞ്ഞു: ""ഇദ്ദേഹം നല്ലൊരു തോട്ടക്കാരനല്ല. കണ്ടില്ലേ ശുശ്രൂഷയില്ലാതെ വാടിനിൽക്കുന്ന ചെടികളുടെ അവസ്ഥ.''
കേണൽ കാറിന്റെ ഡോർ തുറന്ന് റോഡരികിൽ നിന്നു.
""മാക്സിം! എന്തുപറയുന്നു?''
""ഞാൻ റെഡി.''
മാക്സിമും ഞാനും പുറത്തിറങ്ങി. അപ്പോഴേക്കും ഫാവെൽ എത്തി.
""ഇനി ആരെയാണ് കാത്തുനിൽക്കുന്നത്?''
ആരും മറുപടി പറഞ്ഞില്ല. ഗേറ്റ് കടന്ന് വീടിന്റെ മുൻവശത്തെ വാതിൽക്കലേക്കു ഞങ്ങൾ നടന്നു.
""ഇപ്പോൾ ചായകുടികഴിഞ്ഞു വന്നിട്ടുണ്ടാകും.'' കേണൽ അല്പം നിന്നിട്ടു മാക്സിമിനെ നോക്കിയശേഷം ബെല്ലടിച്ചു. അതു വീടിന്റെ ഉള്ളിൽ എവിടെയോ മുഴങ്ങി. കുറേനേരത്തേക്ക് ആരെയും കാണുന്നില്ല. പിന്നെ യുവതിയായ ഒരു വേലക്കാരി വന്നു വാതിൽതുറന്നു. അപരിചിതരായ ഞങ്ങളെ കണ്ടപ്പോൾ അവരൊന്നു പകച്ചു.
കേണൽ ജൂലിയൻ ചോദിച്ചു: ""ഡോക്ടർ ബേക്കർ?''
""അതേ സർ. അകത്തുകയറി ഇരിക്ക്.'' ചൂണ്ടിക്കാട്ടിയ ഇടതുവശത്തെ സ്വീകരണമുറിയിൽ ഞങ്ങൾ പോയി ഇരുന്നു. ചുമരിൽ ഒരു സ്ത്രീയുടെ ഛായാചിത്രം കണ്ടു. അതു മിസിസ് ബേക്കറായിരിക്കുമോ?
ഫാവെൽ ആ ഛായാചിത്രത്തിൽ നോക്കി നിൽക്കുകയാണ്. ഞാനും മാക്സിമും ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരുന്നു. അവിടെ ഒരു ടെന്നീസ് കോർട്ട് കണ്ടു. ചില കുട്ടികളുടെ കളിയും ചിരിയും ബഹളവും. അഞ്ചു മിനിറ്റു കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്.
അല്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് അദ്ദേഹം കടന്നുവന്നു. ശരാശരി ഉയരവും വണ്ണവും. മുടി നരച്ചുതുടങ്ങിയിട്ടുണ്ട്. ഡോക്ടർ ബേക്കർ പറഞ്ഞു: ""ക്ഷമിക്കണം. നിങ്ങൾ കാത്തിരുന്നു മുഷിഞ്ഞുകാണും. ഒരു ഗ്രൂപ്പ് ആളുകൾ കാണാൻ വന്നിട്ടുണ്ടെന്ന് സെർവന്റ് പറഞ്ഞപ്പോൾ തിടുക്കത്തിൽ പോയി ഞാനൊന്നു കുളിച്ചു. ടെന്നീസ് കളിക്കുകയായിരുന്നു ഞാൻ.''
കേണൽ കാര്യത്തിലേക്കു പ്രവേശിച്ചു.
""ഇവിടെവന്നു താങ്കളെ ശല്യപ്പെടുത്തിയതിൽ വിനയപൂർവം മാപ്പ് ചോദിക്കുന്നു. എന്റെ പേര് ജൂലിയൻ, ഇതു മിസ്റ്റർ മാക്സിം, ഇത് ഇദ്ദേഹത്തിന്റെ ഭാര്യ, ഇതു മിസ്റ്റർ ഫാവെൽ. മാക്സിമിന്റെ പേര് ഈയിടെ താങ്കൾ പത്രത്തിൽ കണ്ടിട്ടുണ്ടാവും.''
ഡോക്ടർ ബേക്കർ പറഞ്ഞു: ""ഓ! ഞാൻ ഓർക്കുന്നു. ഏതോ ഒരു തെളിവെടുപ്പോ മറ്റോ ആണ്, അല്ലേ? എന്റെ ഭാര്യ എല്ലാം വിശദമായി വായിക്കും.''
ഫാവെൽ മുന്നോട്ടുവന്നു: ""ആത്മഹത്യ എന്നാണ് ജൂറിയുടെ വിധി. അതിന് ഒരിക്കലും സാധ്യതയില്ല. റെബേക്ക എന്റെ കസിനാണ്. ഞാനവളെ അടുത്തറിയും. അവൾ ഒരു കാരണവശാലും, ഒരിക്കലും അതു ചെയ്യില്ല. അവൾ മരിച്ചദിവസത്തെ ഒരു സുപ്രധാന സംഗതിയെക്കുറിച്ചു സംസാരിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.''
ഉടനെ മാക്സിം പറഞ്ഞു: ""ഈ വിഷയം ജൂലിയനും എനിക്കും വിട്ടുതരൂ. ഞങ്ങൾ സംസാരിക്കട്ടെ. ഡോക്ടർ ബേക്കറിന് ഇതേപ്പറ്റി ഒന്നുമറിയില്ല.''
തുടക്കത്തിൽ ഡോക്ടറുടെ മുഖത്തുകണ്ട പുഞ്ചിരി മാഞ്ഞു.
(തുടരും)
SUNDAY DEEPIKA
മരണത്തെ പരാജയപ്പെടുത്തി യേശു ഉത്ഥാനംചെയ്തത് നമുക്ക് നിത്യവസന്തം സമ്മാനിക്കാനായിരുന്നു- ഈ ലോകജീവിതത്തിലെന്നപോലെ വരാനിരിക്കുന്ന ജീവിതത്തിലും. ""പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'' (യോഹ 11:25) എന്ന് യേശു പറഞ്ഞത് അവിടന്നു നമുക്കു നൽകിയ നിത്യജീവന്റെ വാഗ്ദാനമായിരുന്നു.
ഗ്രീക്ക് പുരാണങ്ങളിൽ പറയുന്ന ഒരു കഥ. വിളവിന്റെ ദേവിയായ ഡെമിറ്ററിന്റെ ഏകമകളായിരുന്നു പെർസഫോണ്. ഒരുദിവസം അവൾ പൂക്കൾ ശേഖരിച്ചു നടക്കുന്പോൾ പാതാള ദേവനായ ഹെയ്ഡ്സ് അവളെ തട്ടിക്കൊണ്ടുപോയി വിവാഹംകഴിച്ചു.
മകളെ കാണാതായ അമ്മ വയലുകളിലും വനങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം മകളെത്തേടി നടന്നു. എങ്കിലും അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. അമ്മയുടെ ദുഃഖം ഭൂമിയെ ബാധിച്ചു. വിളകൾ ഉണങ്ങി. പുഷ്പങ്ങൾ വാടി. മണ്ണ് മരവിച്ചു. ജീവൻ നഷ്ടപ്പെട്ട ഭൂമി ശൂന്യമായി. ലോകം നീണ്ട ഒരു ശീതകാലത്തിലേക്കു കടന്നു. എല്ലാം അവസാനിച്ചു എന്നു തോന്നിയ നിമിഷം.
എന്നാൽ കഥ അവിടെ അവസാനിച്ചില്ല. ഭൂമിയിലെ മനുഷ്യരുടെ നിസഹായാവസ്ഥ കണ്ട സീയൂസ് ദേവൻ പെർസഫോണിനെ ഭൂമിയിലേക്ക് മടക്കി അയയ്ക്കാൻ പാതാള ദേവനോട് ആജ്ഞാപിച്ചു. അങ്ങനെ, ഡെമിറ്ററിന്റെ മകൾ ഭൂമിയിൽ തിരിച്ചെത്തി. അപ്പോൾ ആ അമ്മയുടെ മുഖത്ത് വീണ്ടും പ്രകാശം കളിയാടി. ഭൂമി വീണ്ടും ജീവൻകൊണ്ടു നിറഞ്ഞു. അങ്ങനെ ശീതകാലം മാറി വസന്തകാലമെത്തി.
ശീതകാലം കഴിഞ്ഞ് വസന്തകാലം വരുന്നതിനെക്കുറിച്ചുള്ള ഒരു പ്രകൃതിവ്യാഖ്യാനമായിരുന്നു ഈ കഥ. എന്നാൽ ഈ കഥയുടെ പിന്നിൽ വലിയൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്: ജീവൻ നഷ്ടപ്പെട്ടാൽ അതു തിരിച്ചുവരും എന്നുള്ള പ്രത്യാശ.
മനുഷ്യഹൃദയം ഒരിക്കലും പൂർണമായി നിരാശയിൽ മുങ്ങിപ്പോകുന്നില്ല. എത്ര തകർച്ചകൾ നേരിട്ടാലും അതിനിടയിൽ ഒരു തീക്കനൽപോലെ പ്രത്യാശ ജ്വലിച്ചുകൊണ്ടിരിക്കും. ഈ പ്രത്യാശയാണ് പെർസഫോണിനെക്കുറിച്ചുള്ള കഥയ്ക്ക് രൂപംനൽകിയത്.
എന്നാൽ പെർസഫോണിന്റെ തിരിച്ചുവരവ് വെറും കഥയാണ്. അതായത് ഭാവനാസൃഷ്ടി. എന്നാൽ, ഈസ്റ്റർ പറയുന്നത് ദൈവപുത്രനായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഒരു സാങ്കല്പിക കഥയല്ല. പ്രത്യുത ഒരു യഥാർഥ സംഭവകഥയാണ്.
യേശുവിന്റെ കല്ലറയിലേക്കു പോയ സ്ത്രീകൾ ഒരു അദ്ഭുതം പ്രതീക്ഷിച്ചിരുന്നില്ല. അവർ സുഗന്ധവസ്തുക്കൾ കൊണ്ടുപോയത് യേശുവിന്റെ മൃതശരീരത്തിൽ പൂശാനായിരുന്നു. അപ്പോൾ അവരുടെ മനസിൽ പ്രത്യാശയുടെ ഒരു കണികപോലും ഇല്ലായിരുന്നു.
കല്ലറയുടെ വാതിൽ അടച്ചിരുന്ന കല്ല് അവരുടെ സ്വപ്നങ്ങളുടെ അവസാനമായിരുന്നു. എന്നാൽ അവർ കണ്ടത് ശൂന്യമായ കല്ലറയാണ്. പിന്നെ അവർ കേട്ട വാക്കുകൾ അവിശ്വനീയവും: ""അവൻ ഇവിടെയില്ല. അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു'' (ലൂക്കാ 24:6).
മനുഷ്യചരിത്രത്തിന്റെ ദിശമാറ്റിയ നിമിഷമാണ് ഈസ്റ്റർ. നിത്യജീവനെക്കുറിച്ച് മനുഷ്യർക്കുണ്ടായിരുന്ന പ്രതീക്ഷ പൂവണിഞ്ഞ ദിവസമാണ് ഈസ്റ്റർ.
ഗ്രീക്ക് കഥയനുസരിച്ച്, എല്ലാ വർഷവും തന്റെ ഭർത്താവിനെ കാണാൻ പെർസഫോണിനു പാതാളത്തിലേക്കു മടങ്ങേണ്ടിയിരുന്നു. അപ്പോഴാണ് ശീതകാലം ആരംഭിക്കുന്നത്. എന്നാൽ ഈസ്റ്റർ നമ്മെ അനുസ്മരിപ്പിക്കുന്നത് നിത്യവസന്തമാണ്. അതായത് യേശുവിന് ഇനി മരണമില്ലെന്നു സാരം. തന്മൂലമാണ് ദൈവവചനം പറയുന്നത്: ""മരിച്ചവരിൽനിന്നു ഉത്ഥാനംചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ല'' (റോമാ 6:9).
മരണത്തെ പരാജയപ്പെടുത്തി യേശു ഉത്ഥാനംചെയ്തത് നമുക്ക് നിത്യവസന്തം സമ്മാനിക്കാനായിരുന്നു- ഈ ലോകജീവിതത്തിലെന്നപോലെ വരാനിരിക്കുന്ന ജീവിതത്തിലും. ""പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'' (യോഹ 11:25) എന്ന് യേശു പറഞ്ഞത് അവിടന്നു നമുക്കു നൽകിയ നിത്യജീവന്റെ വാഗ്ദാനമായിരുന്നു.
എന്നാൽ വരാനിരിക്കുന്ന ജീവിതത്തിൽ മാത്രമല്ല അവിടന്ന് നമുക്ക് നവജീവൻ നൽകുന്നത്. ഈ ലോകജീവിതത്തിലും അവിടന്ന് നമുക്കു ജീവൻ നൽകാൻ തയാറാണ് എന്നതാണു വാസ്തവം.
അതുകൊണ്ടല്ലേ യേശു പറഞ്ഞത്, ""അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം'' (മത്താ 11:28) എന്ന്? ജീവിതം എപ്പോഴും വസന്തകാലംപോലെ വർണാഭമായിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹം.
എന്നാൽ നാം പലപ്പോഴും കടന്നുപോകുന്നതു ശീതകാലത്തിലൂടെയാണ്. നഷ്ടപ്പെട്ട ആരോഗ്യവും തകർന്ന ബന്ധങ്ങളും പൊലിഞ്ഞുപോയ സ്വപ്നങ്ങളുമൊക്കെ നമ്മുടെ ജീവിതം ശീതകാലതുല്യമാക്കുന്നു. ജീവിതത്തിലെ പിഴവുകളും കുറ്റബോധവും നിരാശയും ആത്മവിശ്വാസക്കുറവുമൊക്കെ നമ്മെ കല്ലറയിൽ അടച്ചിടാൻ ഇടയാക്കുന്നു.
അത്തരം നിമിഷങ്ങളിൽ ഈസ്റ്റർ നമ്മോടു പറയുന്നു: "കല്ല് നീക്കപ്പെടും'. കാരണം നമ്മുടെ ജീവിതത്തെ അടച്ചിടുന്ന ഏതു കല്ലും നീക്കിക്കളയാൻ ശക്തനാണ് ദൈവം. ""ദൈവത്തിന് അസാധ്യമായി ഒന്നുമില്ല'' (ലൂക്കാ 1:37) എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? എന്നാൽ, നമുക്കു വിശ്വാസമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രത്യേകിച്ചും ഉത്ഥാനംചെയ്ത ക്രിസ്തുവിൽ.
ഈസ്റ്റർ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. പൗലോസ് അപ്പസ്തോലൻ ഓർമിപ്പിക്കുന്നതുപോലെ ""ക്രിസ്തു ഉയിർത്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർഥമാണ്'' (1 കോറി 15:14). ഉത്ഥാനംചെയ്ത യേശുവിലുള്ള വിശ്വാസമാണ് നമുക്കു നവജീവൻ നൽകുന്നത്. തകർച്ചകളിൽ നമുക്കു ശക്തിപകരുന്നത്. ജീവിതപാതകളിൽ നമുക്കു ദൈവകൃപ ലഭിക്കാൻ ഇടയാക്കുന്നത്.
ഈസ്റ്റർ യേശുവിന്റെ ഉത്ഥാനത്തിന്റെ വെറുമൊരു ഓർമയല്ല. അതു ജീവിതത്തെ പുതുക്കിപ്പണിയാനുള്ള ക്ഷണമാണ്. അതു നിത്യജീവനിൽ പങ്കുപറ്റാനുള്ള ഒരാഹ്വാനമാണ്.
ശൂന്യമായ കല്ലറ നമ്മോടു പറയുന്നു: നിരാശയുടെ രാത്രിക്കുശേഷം പ്രത്യാശയുടെ ഒരു പൊൻപുലരിയുണ്ട്. മരണത്തിന്റെ നിശബ്ദതയ്ക്കുശേഷം നിത്യജീവന്റെ ഗാനാലാപമുണ്ട്. കല്ലറയുടെ ഇരുട്ടിനുശേഷം കണ്ണഞ്ചിക്കുന്ന പ്രഭാതമുണ്ട്. കാരണം, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. എല്ലാവർക്കും ഈസ്റ്ററിന്റെ മംഗളാശംസകൾ!
SUNDAY DEEPIKA
പ്രോണ്‍ പുലാവ്
ചേരുവകൾ:
കൊഞ്ച്- 250 ഗ്രാം
ബസുമതി അരി- 250 ഗ്രാം
കറുവപ്പട്ട- ഒരിഞ്ച് നീളത്തിൽ ഒന്ന്
ബേലീഫ്- 2 എണ്ണം.
ഗ്രാന്പൂ- 3 എണ്ണം.
ഗരം മസാലപ്പൊടി- 1 ടീസ്പൂണ്‍
തേങ്ങ- ഒരു പകുതി
മഞ്ഞൾപൊടി- അര ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
എണ്ണ- 1 ടീസ്പൂണ്‍
തയാറാക്കുന്നവിധം
അരി വേവിക്കാൻ വയ്ക്കുക. പകുതി വേവാക്കി വാങ്ങുക. കൊഞ്ച് വൃത്തിയാക്കിയത് ഒരു പാത്രത്തിലിട്ട് കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിക്കുക.
മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കി പകുതി വേവിച്ച അരി ഗ്രാന്പൂ, ബേലീഫ്, കൊഞ്ച്, പട്ട, ഗരം മസാല, ഉപ്പ്, മഞ്ഞൾ, ചുരണ്ടിയ തേങ്ങ എന്നിവ ചേർത്ത് ഇളക്കുക. പാത്രത്തിന്റെ അരികുകൾ ഗോതന്പുമാവ് കുഴച്ചതുവച്ച് സീൽ ചെയ്ത് വേവിക്കുക. വാങ്ങുക.
മസാല ഫിഷ് ഫ്രൈ
ചേരുവകൾ:
ആവോലി മീൻ- 2 എണ്ണം
എണ്ണ- വറുക്കാൻ
സ്റ്റഫിംഗിന്:
മല്ലിയില- രണ്ടു തണ്ട്
പുതിനയില- ഒരു തണ്ട്
തേങ്ങ- ഒരു മുറിയുടെ പകുതി
പട്ട- അരയിഞ്ച് നീളത്തിൽ ഒരെണ്ണം
പച്ചമുളക്- ഒരെണ്ണം
ഗ്രാന്പൂ- രണ്ടെണ്ണം
ഏലക്ക- രണ്ടെണ്ണം
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം
മീൻ വൃത്തിയാക്കി രണ്ടുമൂന്നു തവണ കഴുകുക. രണ്ടുവശവും വരഞ്ഞുവയ്ക്കുക. സ്റ്റഫിംഗിനുള്ള ചേരുവകൾ നന്നായരച്ച് മീനിന് ഉള്ളിലും പുറമേയും നന്നായി തേച്ച് അര മണിക്കൂർ വയ്ക്കുക. ഇനി ഇവ ചൂടെണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് വറുത്തു കോരുക.
വീറ്റ് ആൻഡ് ഹണി കേക്ക്
ചേരുവകൾ:
ഗോതന്പുപൊടി- ഒന്നര കപ്പ്
മൈദ- അര കപ്പ്
പാൽപ്പൊടി- 4 ടേബിൾ സ്പൂണ്‍
ബേക്കിംഗ് പൗഡർ- 2 ടീസ്പൂണ്‍
സോഡാപ്പൊടി- അര ടീസ്പൂണ്‍
തൈര്- അര കപ്പ്
തേൻ- ഒരു കപ്പ്
പഞ്ചസാര- അര കപ്പ്
എണ്ണ- മുക്കാൽ കപ്പ്
കേക്ക് ഫ്രൂട്ട്- അര കപ്പ്
പട്ടപ്പൊടി- ഒരു ടീസ്പൂണ്‍
ഗ്രാന്പൂ, ചുക്ക് പൊടി- ഒരു നുള്ള് വീതം
തയാറാക്കുന്നവിധം
മൈദ, ഗോതന്പുപൊടി, ബേക്കിംഗ് പൗഡർ, സോഡാപ്പൊടി എന്നിവ ഒരുമിച്ചാക്കി തെള്ളി ഒരു ബൗളിൽ ഇടുക. എണ്ണ, തൈര്, പാൽപ്പൊടി, അര കപ്പ് തേൻ, പട്ട-ഗ്രാന്പൂ-ചുക്ക് പൊടികൾ, പഞ്ചസാര എന്നിവ തമ്മിൽ ചേർത്ത് അഞ്ചുമുതൽ എട്ടു മിനിറ്റുവരെ നന്നായി ബീറ്റ് ചെയ്യുക.
ഇതിലേക്ക് തെള്ളിവച്ച നാലു ചേരുവകളും കേക്ക് ഫ്രൂട്ടും ചേർക്കുക. പത്തുമിനിറ്റ് ബീറ്റ് ചെയ്ത ക്രീം പരുവത്തിലാക്കുക. ആവശ്യമെങ്കിൽ അല്പം പാൽ ചേർക്കാം. കേക്ക് ടിന്നിൽ മയംപുരട്ടി അല്പം ഗോതന്പുപൊടി വിതറി തയാറാക്കിയ ബാറ്റർ അതിലേക്കു പകരുക.
പ്രീഹീറ്റ് ചെയ്ത ഓവനിൽവച്ച് 30-35 മിനിറ്റോളം ബേക്ക് ചെയ്തെടുക്കുക. ഒരു ഫോർക്കിന്റെ സഹായത്താൽ കേക്കിൽ അവിടവിടെ കുത്തുക. മിച്ചമുള്ള തേൻ മീതേ ഒഴിക്കുക.
ചിക്കൻ ഫ്രൈ വിത്ത് വെജിറ്റബിൾസ്
ചേരുവകൾ:
കോഴിയിറച്ചി- മുക്കാൽ കിലോ
മഷ്റൂം- 100 ഗ്രാം
കോളിഫ്ളവർ- 100 ഗ്രാം
ബീൻസ്- 2 എണ്ണം
തക്കാളി പ്യൂരി- ഒരു കപ്പ്
എണ്ണ- വറുക്കാൻ
മാരിനേറ്റ് ചെയ്യാൻ:
സ്പ്രിംഗ് ഒനിയൻ ബൾബ്- രണ്ടെണ്ണത്തിന്റെ
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾ സ്പൂണ്‍
മുളകുപൊടി- ഒന്നര ടേബിൾ സ്പൂണ്‍
കുരുമുളകുപൊടി- അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി- അര ടീസ്പൂണ്‍
കോണ്‍ഫ്ളോർ- 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം
സ്പ്രിംഗ് ഒനിയന്റെ ബൾബ് ഭാഗം നന്നായി അരയ്ക്കുക. മാരിനേറ്റ് ചെയ്യാനുള്ള ചേരുവകൾ എല്ലാം ഒന്നിച്ചുചേർത്ത് നന്നായി അരച്ചുവയ്ക്കുക. ഇനിയിത് എല്ലാംകൂടി ഇടത്തരം വലിപ്പത്തിൽ മുറിച്ചുവച്ച കോഴിക്കഷണങ്ങളിൽ പുരട്ടി വയ്ക്കുക. 15- 20 മിനിറ്റ് എല്ലാം ഇറച്ചിയിൽ പിടിക്കാനായി വയ്ക്കുക. ബീൻസ് ചെറുതായി അരിയുക.
കോളി ഫ്ളവർ ഓരോ പൂക്കൾ അടർത്തിയെടുത്ത് ചൂടുവെള്ളത്തിൽ അല്പനേരം ഇട്ടുവച്ച് വൃത്തിയാക്കുക. മഷ്റൂം അരിഞ്ഞുവയ്ക്കുക. ബീൻസും കോളിഫ്ളവറും കോരിയെടുത്തതും മഷ്റൂമും (ഉപ്പുചേർത്ത്) ഒരു ടേബിൾ സ്പൂണ്‍ എണ്ണയിലിട്ട് വഴറ്റുക.
അഞ്ചുമിനിറ്റ് വഴറ്റിയശേഷം വാങ്ങിവയ്ക്കുക. രണ്ടു ടേബിൾ സ്പൂണ്‍ എണ്ണ ഒരു ഫ്രൈയിംഗ് പാനിൽ ഒഴിച്ചു ചൂടാക്കി മാരിനേറ്റ് ചെയ്ത കോഴിക്കഷണങ്ങൾ ഇട്ട് വറുക്കുക. മാരിനേറ്റ് ചെയ്ത് അവശേഷിക്കുന്നവയും ഇതിൽ ചേർക്കാം. ഉയർന്ന തീയിൽ അഞ്ചുമിനിറ്റ് വച്ച് വറുക്കുക.
തീ കുറച്ച് ഇറച്ചി നന്നായി വേവിക്കുക. വഴറ്റിവച്ച കോളി ഫ്ളവറും മഷ്റൂമും ചേർത്ത് അഞ്ചുമിനിറ്റുകൂടി വഴറ്റിയശേഷം തക്കാളി പൾപ്പ് ചേർക്കാം. നന്നായി ഇളക്കി വരണ്ടു വരുമ്പോൾ വാങ്ങുക.
SUNDAY DEEPIKA
ഈശോയുടെ മൃതദേഹം പൊതിഞ്ഞിരുന്ന കച്ച എന്നു വിശ്വാസികൾ കരുതിപ്പോരുന്ന അമൂല്യമായ ഒരു പുരാതന വസ്ത്രം ഇറ്റലിയിലെ ടൂറിൻ നഗരത്തിലെ വിശുദ്ധ സ്നാപകയോഹന്നാന്റെ ഭദ്രാസന പ്പള്ളിയിലുണ്ട്. "ടൂറിനിലെ തിരുക്കച്ച' എന്ന പേരിൽ അതിപ്രശസ്തമായ ഈ ലിനൻ തുണിയെ കുറിച്ചുള്ള ചർച്ചകളും പഠനങ്ങളും ഇന്നും തുടരുന്നു...
അരിമത്തെയക്കാരൻ ജോസഫ് എന്നു പേരുള്ള ഒരു ശിഷ്യനാണ് ആ നിയോഗം പൂർത്തിയാക്കിയതെന്ന് നാലു സുവിശേഷങ്ങളും രേഖപ്പെടുത്തുന്നു. കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ച ഈശോയുടെ മൃതശരീരം സംസ്കരിച്ച ജോസഫ് ഈശോയുടെ ഒരു രഹസ്യ ശിഷ്യനായിരുന്നു.
റോമൻ പ്രവിശ്യയായിരുന്ന യൂദയായുടെ ഗവർണർ പന്തിയോസ് പീലാത്തോസിന്റെ അനുവാദത്തോടെ ജോസഫ് ഈശോയുടെ മൃതശരീരം അമ്പതു കിലോയോളം സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയിൽ പൊതിഞ്ഞ് ക്രൂശിക്കപ്പെട്ട സ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന തോട്ടത്തിലെ ഒരു പുതിയ കല്ലറയിൽ സംസ്കരിച്ചു.
യഹൂദരുടെ സാൻഹെദ്രീൻ എന്ന ഉന്നതാധികാര സംഘത്തിലെ ഒരംഗവും ഈശോയുടെ ഒരു രഹസ്യ ഗുണകാംക്ഷിയും ആയിരുന്നു നിക്കോ ദെമോസ്. അദ്ദേഹവും ഈശോയെ സംസ്കരിക്കാൻ സഹകരിച്ചു.
യഹൂദ പാരമ്പര്യത്തിൽ മൃതസംസ്കാരം പാവനമായ ഒരു പുണ്യകർമമാണ്. പ്രത്യേകിച്ചും ആരോരുമില്ലാത്ത അഗതികളുടെ. പഴയനിയമ ഗ്രന്ഥമായ തോബിത്തിന്റെ ഉള്ളടക്കം തോബിത്തിന്റെയും മകൻ തോബിയാസിന്റെയും ചരിത്രമാണല്ലോ.
വലിയ പരോപകാരിയായിരുന്ന തോബിത്ത് അജ്ഞാതമൃതദേഹങ്ങൾ സംസ്കരിക്കുക എന്ന സൽകർമ്മം ചെയ്യുന്നത് മഹത്തായ കാര്യമായി കരുതി. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ (ഉത്പ 1: 27) ജീവൻ വെടിയുമ്പോൾ പോലും അവന്റെ ആത്മാവ് നിവസിച്ച മൺകൂടാരമായ ശരീരത്തിന് ഉചിതമായ സംസ്കാരം നൽകേണ്ടത് മനുഷ്യജീവന്റെ മഹത്വം അംഗീകരിക്കുന്ന എല്ലാവരുടെയും കടമയാണ്. "നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും" (ഉത്പ 3:19) എന്ന് ആദ്യമനുഷ്യനോട് ദൈവം പറഞ്ഞ വാക്കുകൾ ഓരോ മരണത്തിലും അന്വർഥമാകുന്നു.
യഹൂദ മൃതസംസ്കാര പാരമ്പര്യങ്ങൾ അതിപുരാതനമായ ബൈബിൾ പരാമർശങ്ങൾ പകരുന്ന മൂല്യബോധത്തിൽ നിന്നു പുറപ്പെടുന്നവയാണ്. അതുകൊണ്ടാണ് മൃതദേഹം ശുദ്ധിവരുത്തി സുഗന്ധദ്രവ്യങ്ങൾപൂശി കച്ചകൊണ്ടു പൊതിഞ്ഞ് സംസ്കരിക്കുന്നത്.
ഈശോയുടെ മൃതദേഹം പൊതിഞ്ഞിരുന്ന കച്ച എന്നു വിശ്വാസികൾ കരുതിപ്പോരുന്ന അമൂല്യമായ ഒരു പുരാതന വസ്ത്രം ഇറ്റലിയിലെ ടൂറിൻ നഗരത്തിലെ വിശുദ്ധ സ്നാപകയോഹന്നാന്റെ ഭദ്രാസനപ്പള്ളിയിലുണ്ട്. "ടൂറിനിലെ തിരുക്കച്ച' എന്ന പേരിൽ അതിപ്രശസ്തമായ ഈ ലിനൻ തുണിയെ കുറിച്ചുള്ള ചർച്ചകൾ ഇന്നും അവസാനിച്ചിട്ടില്ല.
ചരിത്രത്തിലെതന്നെ ഏറ്റവും നിരീക്ഷണ ഗവേഷണങ്ങൾക്ക് വിധേയമായിട്ടുള്ള ഒരു വസ്തുവാണത്. ഈ തുണിയിലാണ് സംസ്കാരത്തിനു വേണ്ടി ഈശോയുടെ മൃതദേഹം കിടത്തിയിരുന്നതെന്ന് അനേകർ വിശ്വസിക്കുന്നു.
എന്നാൽ മധ്യ ശതകങ്ങളിൽ എന്നോ ഉണ്ടാക്കിയ ഒരു കൃത്രിമ സൃഷ്ടിയാണത് എന്നു വാദിക്കുന്നവരും കുറവല്ല. കത്തോലിക്കാ സഭയുടെ ഉടമസ്ഥാവകാശത്തിലുള്ള ഈ കച്ചയെപ്പറ്റി അത് ആധികാരികമാണെന്നോ അല്ലെന്നോ സഭ പറഞ്ഞിട്ടില്ല. "മിശിഹായുടെ പ്രചോദനാത്മകമായ ഒരു ചിത്രം" എന്നു മാത്രമാണ് സഭയുടെ നിലപാട്. മാത്രമല്ല ഇതു സംബന്ധിച്ച ശാസ്ത്രീയ ഗവേഷണങ്ങളെ സഭ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ടൂറിനിലെ കച്ച
പതിനാലര അടി നീളവും മൂന്നേ മുക്കാൽ അടി വീതിയുമുള്ള ടൂറിനിലെ കച്ചയുടെ പ്രത്യേകത ചാട്ടവാറടിയേൽക്കുകയും ക്രൂശിക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ പൂർണകായചിത്രം അതിൽ പതിഞ്ഞിരിക്കുന്നു എന്നതാണ്.
വ്യക്തിയുടെ മുൻവശവും പിൻവശവും തുണിയിൽ പതിഞ്ഞിട്ടുണ്ട്. തുണിയുടെ ഒരറ്റത്ത് കിടത്തി ശിരോഭാഗത്തുകൂടി മുഖം മറച്ച് മുൻവശവും പൊതിയുകയായിരുന്നു. തുണി നെയ്തിരിക്കുന്ന സാങ്കേതികവിദ്യ ഒന്നാം നൂറ്റാണ്ടിലെ പാലസ്തീനായിൽ അജ്ഞാതമായിരുന്നില്ല.
എന്നാൽ മധ്യകാല യൂറോപ്പിൽ അത് വ്യാപകമായിരുന്നില്ലതാനും. അതുകൊണ്ട് തുണിയുടെ ഉത്ഭവസ്ഥലവും സംശയരഹിതമായി കണ്ടെത്താൻ കഴിയുന്നില്ല.
കച്ചയിൽ പതിഞ്ഞിരിക്കുന്ന വ്യക്തിയുടെ രൂപരേഖ വ്യക്തമാണ്. തുണി നെയ്തിരിക്കുന്ന നൂലുകളിൽ ശരീരത്തോട് തൊട്ടിരിക്കുന്ന വശത്ത് മാത്രമാണ് മങ്ങിയ നിറത്തിൽ ചിത്രം ഉള്ളത്. എന്നാൽ തുണിയിൽ രക്തത്തുള്ളികൾ പതിഞ്ഞ ഭാഗം രക്തംകൊണ്ട് നനഞ്ഞിട്ടുണ്ട്.
തുണിയിൽ പതിഞ്ഞിരിക്കുന്ന വ്യക്തിക്ക് താടി മീശ ഉണ്ടായിരുന്നു. ക്രൂശാരോഹണത്തിൽ പതിവായിരുന്നതുപോലുള്ള മുറിവുകൾ വ്യക്തമാണ്. കൈകളിലും കാലടികളിലും നെഞ്ചിലും കൂടാതെ മുൾമുടി പതിപ്പിച്ചതുപോലെ തലയ്ക്കുചുറ്റും മുറിവുകളുണ്ട്.
കച്ചയുടെ അസാധാരണ പ്രത്യേകതകൾ
കച്ചയിലുള്ള ചിത്രത്തിന്റെ നിരവധി സവിശേഷതകളാണ് ഗവേഷകരെ കുഴയ്ക്കുന്നത്. ചിത്രത്തിന്റെ ത്രിമാന സ്വഭാവമാണ് അതിലൊന്ന്. അമേരിക്കയിലെ ഊർജവകുപ്പിന്റെ കീഴിലുള്ള നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ സാൻഡ്യ ലാബറട്ടറീസിൽ 1976ൽ നടത്തിയ പരീക്ഷണമാണ് ഈ സവിശേഷത വെളിച്ചത്തു കൊണ്ടുവന്നത്.
വിപി- 8 ഇമേജ് അനലൈസർ എന്ന യന്ത്രം ചിത്രങ്ങളുടെ പ്രതലം സംബന്ധിച്ച പഠനത്തിനാണ് ഉപയോഗിക്കുന്നത്. ടൂറിനിലെ കച്ചയുടെ 1931ൽ എടുത്ത ഒരു ചിത്രം ഈ യന്ത്രത്തിൽ വിശകലനം ചെയ്തപ്പോൾ അത് ഫോട്ടോയെടുത്തതോ പെയിൻറ് ചെയ്തതോ അല്ലെന്നു വ്യക്തമായി.
സാധാരണ ചിത്രങ്ങൾ ഈ യന്ത്രത്തിൽ വിശകലനം ചെയ്യുമ്പോൾ ലഭിക്കുന്നതിൽനിന്നു വ്യത്യസ്തമായി ഒരു മനുഷ്യ വ്യക്തിയുടെ കൃത്യമായ ഒരു റിലീഫ് ചിത്രമാണ് കച്ചയുടെ ചിത്രത്തിൽനിന്ന് കൈവന്നത്. ഇതിന്റെ കാരണം കച്ച വ്യക്തിയുടെ ശരീരത്തോട് ചേർന്നിരുന്നു എന്നുള്ളതാണ്.
മൂക്കിന്റെ അഗ്രവും കവിളെല്ലുകളും പോലെ തുണിയോട് മുട്ടിയിരുന്ന ഭാഗങ്ങൾ കറുത്തും അകന്നിരുന്ന ഭാഗങ്ങൾ (കൺകുഴികൾ, കഴുത്ത്...) മങ്ങിയും കാണപ്പെട്ടു. ഛായാ ചിത്രങ്ങളിലോ ഫോട്ടോകളിലോ ഈ പ്രത്യേകത കാണാൻ കഴിയില്ല. ബ്രഷ് ഉപയോഗിച്ചുള്ള ഒരു ചിത്രത്തിലും ഇത്തരത്തിലുള്ള ഒരു സവിശേഷത ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇത്തരം ഒരു സവിശേഷതയ്ക്കു രൂപം കൊടുക്കുന്ന തരത്തിലുള്ള ഒരു മധ്യകാല ചിത്രകലാ രീതിയും ഉണ്ടായിരുന്നില്ലതാനും. ഈ സവിശേഷതതന്നെയാണ് ടൂറിനിലെ കച്ച ഒരു കൃത്രിമ സൃഷ്ടി ആണെന്നുള്ള ആരോപണത്തിനുള്ള മറുപടിയും.
സാൻഡ്യ ലാബറട്ടറീസിലെ 30 ശാസ്ത്രജ്ഞർതന്നെ 1978ൽ ടൂറിനിലെ കച്ചയെകുറിച്ച് പഠിക്കാൻ മാത്രമായി ഒരു പ്രോജക്ട് ആരംഭിച്ചു (ഷ്റൗഡ് ഓഫ് ടൂറിൻ റിസർച്ച് പ്രോജക്ട്). അതിവിശദവും സുദീർഘവുമായ പഠനത്തിന്റെ ഫലമായി കച്ചയിലെ ചിത്രം നിർമിക്കുന്നതിന് ചായം, നിറങ്ങൾ, മഷി എന്നിവയോ മറ്റേതെങ്കിലും വസ്തുവോ ഉപയോഗിച്ചിട്ടില്ലെന്ന് അവർ കണ്ടെത്തി.
തുണിയുടെ ഉപരിതലത്തിൽ ലോലമായ നൂലിഴകളുടെ നിറം മാറ്റത്തിലൂടെ മാത്രം സംഭവിച്ചിരിക്കുന്ന ഒരു പ്രതിഭാസം. അതും ശരീരവുമായി സമ്പർക്കത്തിൽ വന്ന നൂലിന്റെ വശത്തു മാത്രവും. ഈ ചിത്രത്തെ ശാസ്ത്രജ്ഞർ വിളിക്കുന്നത് "മോണോക്രോമാറ്റിക് ഹാഫ്ടോൺ" എന്നാണ്.
അതായത് ദശലക്ഷക്കണക്കിനു സൂക്ഷ്മകണികകൾ ചേർന്നുണ്ടായ ഒരു പ്രതിഭാസം. ഇത്തരം കണികകൾ ധാരാളമായി ചേർന്ന ഇടങ്ങളിൽ കറുപ്പുനിറം കൂടുതലുണ്ട്. തുണിയിലുള്ള രക്തകണികകളുടെ ഗ്രൂപ്പ് എബി ആണ്. ലോക ജനസംഖ്യയിൽ ഏതാണ്ട് മൂന്നു ശതമാനം പേർക്കു മാത്രമുള്ള ഈ ഗ്രൂപ്പ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മധ്യധരണ്യാഴിയുടെ കിഴക്കൻ തീരങ്ങളിലാണ്.
ഒരു റേഡിയോ കാർബൺ കാലനിർണയവും വിവാദവും
1988ൽ മൂന്നു സ്വതന്ത്ര ലാബറട്ടറികൾ നടത്തിയ ഒരു റേഡിയോ കാർബൺ പരീക്ഷണവും അതിന്റെ നിഗമനങ്ങളും പരാമർശിക്കേണ്ടതുണ്ട്. ഈ പരീക്ഷണങ്ങളുടെ ഫലമായി അവർ എത്തിച്ചേർന്ന നിഗമനം ടൂറിനിലെ കച്ച എഡി 1260നും 1390നും മധ്യേ നിർമിക്കപ്പെട്ടതാണ് എന്നാണ്.
തുണിയുടെ ഒരു മൂലയിൽനിന്നുള്ള ചെറിയൊരു കഷണമാണ് പരിശോധനയ്ക്ക് ഉപയോഗിച്ചത്. നൂറ്റാണ്ടുകളിലൂടെ അനേകം കൈകൾ മാറിമാറി ടൂറിനിൽ എത്തിച്ചേർന്ന ഈ തുണിയുടെ മൂലകളിൽ ധാരാളം പുതിയ സൂക്ഷ്മ കണികകൾ എത്തിച്ചേരാനും അവ ഗവേഷണഫലത്തെ സ്വാധീനിക്കാനും സാധ്യതയുണ്ട്. മനുഷ്യഹസ്തങ്ങളുമായുള്ള സമ്പർക്കംവഴി ഇങ്ങനെ സംഭവിക്കാം എന്നുള്ള കണ്ടെത്തൽ നടന്നത് 1988നു ശേഷമാണ്.
ഇറ്റലിയിലെ നാഷണൽ റിസർച്ച് കൗൺസിൽ 2022ൽ വൈഡ് ആംഗിൾ എക്സ്റേ സ്കാറ്ററിംഗ് എന്ന മറ്റൊരു മാർഗം ഉപയോഗിച്ച് നടത്തിയ പരീക്ഷണവും ശ്രദ്ധേയമാണ്. വസ്തുവിന്റെ കാർബൺ ഉള്ളടക്കത്തേക്കാൾ അതിൻറെ മൂലപദാർഥത്തിനു കാലാന്തരത്തിൽ വന്നുചേരാവുന്ന ജീർണത ആധാരമാക്കിയുള്ളതാണ് ഈ പഠനം.
ഈ പഠനത്തിന്റെ ഫലമായി കച്ചയുടെ കാലഘട്ടം എഡി 55-74 വർഷങ്ങളിൽ ഇസ്രായേലിലെ മസാദ കോട്ടയിലെ യഹൂദ ചെറുത്തുനിൽപ്പിന്റെ കാലത്തുനിന്നു ലഭിച്ച ഒരു തുണിയുടേതുതന്നെയാണെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്. ടൂറിനിലെ കച്ചയ്ക്ക് 2000 വർഷത്തോളം പഴക്കമുണ്ടെന്നാണ് ഈ നിഗമനത്തിന്റെ അർഥം.
മധ്യധരണിക്കടലിന്റെ കിഴക്കൻ തീരങ്ങളിൽനിന്നുള്ള ചെടികളുടെ പൂമ്പൊടികൾ ഗവേഷകർ കച്ചയിൽനിന്നു കണ്ടെത്തി. കാരോബ് മരം, മരുഭൂമിയിലെ ഈന്തപ്പന, യൂദാസ് മരം എന്നിവയുടെ അംശങ്ങളാണ് കച്ചയിൽ ഉണ്ടായിരുന്നത്.
പാലസ്തീനായിൽ സാധാരണ കാണപ്പെടുന്ന വൃക്ഷങ്ങളാണ് ഇവ. ഒരു യൂറോപ്യൻ പൂച്ചെടിയുമായും തുണി സമ്പർക്കത്തിൽ വന്നിട്ടുണ്ട്. നൂറ്റാണ്ടുകളായി ടൂറിനിലെ കച്ച ഫ്രാൻസിലും ഇറ്റലിയിലും ആയിരുന്നല്ലോ.
ചിത്രം എങ്ങനെ കച്ചയിൽ പതിഞ്ഞു
ഗവേഷകരെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. പല സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാറ്റിനുമുള്ള ഉത്തരം ഇന്നും ലഭ്യമല്ല. മനുഷ്യശരീരം ജീർണിക്കുമ്പോൾ പുറപ്പെടുന്ന അമോണിയാവാതകം തുണിയിലുള്ള വ്യത്യസ്ത സംയുക്തങ്ങളുമായി ചേർന്നാണ് ചിത്രം രൂപപ്പെടുന്നതെന്ന് 1902ൽ ചില ഗവേഷകർ അഭിപ്രായപ്പെട്ടു.
ഇതേ ആശയംതന്നെ പരിഷ്കരിച്ച് പിന്നീടും അവതരിപ്പിക്കപ്പെടുകയുണ്ടായി. അൾട്രാവയലറ്റ് രശ്മികളുടെ വികരണമോ വൈദ്യുത വീചികൾ ഉൾപ്പെടുന്ന മറ്റെന്തെങ്കിലും പ്രതിഭാസമോ എന്നല്ലാതെ കൃത്യമായി നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല.
ചിത്രത്തിന്റെ ഏതെങ്കിലും ഒരു സവിശേഷതയല്ലാതെ എല്ലാം സമന്വയിപ്പിക്കുന്ന ഒരു സമ്പൂർണ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കച്ച ടൂറിനിൽ എത്തുന്നതുവരെ
1350കളിലാണ് കച്ചയുടെ ലിഖിത ചരിത്രം ആരംഭിക്കുന്നത്. അക്കാലഘട്ടത്തിൽ ഫ്രാൻസിലെ ലിറെയ് പട്ടണത്തിൽ ഇത് സൂക്ഷിക്കപ്പെട്ടു. 1355 മുതൽ 1418 വരെ അവിടത്തെ ഇടവക പള്ളിയിൽ സൂക്ഷിക്കപ്പെട്ടിരുന്ന കച്ച അവിടെനിന്ന് ബർഗണ്ടിയിലെ കോട്ടയിലേക്കും പിന്നീട് ഷാംബെറി പട്ടണത്തിലേക്കും മാറ്റപ്പെട്ടു.
ഷാംബെറി, സാവോയ് രാജകുടുംബത്തിന്റെ ആസ്ഥാനവും സാവോയ് പ്രദേശത്തിന്റെ തലസ്ഥാനവും ആയിരുന്നു. 1532ലെ ഒരു തീപിടിത്തത്തിൽ കച്ചയ്ക്ക് കേടുപാടുകൾ പറ്റുകയുണ്ടായി. രാജകുടുംബമാണ് 1578ൽ കച്ച ടൂറിനിലെ ഭദ്രാസനപ്പള്ളിക്കു കൈമാറുന്നത്.
അന്നുമുതൽ കത്തോലിക്കാ സഭയുടെ സംരക്ഷണത്തിൽ ടൂറിനിലാണ് കച്ചയുള്ളത്. അങ്ങനെ "ടൂറിനിലെ തിരുക്കച്ച’ (Shroud of Turin) എന്ന പേര് ഇതിന് കൈവന്നു. 1983ല്‍ മാത്രമാണ് കുടുംബം കച്ചയുടെ ഉടമസ്ഥാവകാശം കത്തോലിക്കാ സഭയ്ക്ക് സമ്മാനിക്കുന്നത്. ഇപ്പോൾ ടൂറിൻ മെത്രാപ്പോലീത്തയാണ് കച്ചയുടെ കസ്റ്റോഡിയൻ.
ലിറെയ് പട്ടണത്തിൽ എത്തുന്നതിനു മുമ്പുള്ള കച്ചയുടെ ചരിത്രം അവ്യക്തമാണ്. 1192- 95 വർഷങ്ങളിൽ വിരചിതമായ "ഹംഗേറിയൻ പ്രേ കോ ഡെക്സ്' എന്ന കയ്യെഴുത്തു പ്രതിയിലുള്ള ഒരു ചിത്രം കച്ചയിലെ ചിത്രവുമായി വളരെ സാമ്യമുള്ളതാണ്. ശരീരം സംസ്കാരത്തിനായി തയാറാക്കുന്നതാണ് കയ്യെഴുത്തു പ്രതിയിലുള്ളത്.
നെറ്റിയിലുള്ള രക്തക്കറ, കൈകൾ വച്ചിരിക്കുന്ന രീതി, വിരലുകൾ, ശരീരം നഗ്നമാണെന്ന കാര്യം, L ആകൃതിയിൽ കാണുന്ന മൂന്ന് ബിന്ദുക്കൾ എന്നിവയെല്ലാം സൂചിപ്പിക്കുന്നത് ചിത്രകാരന് ടൂറിനിലെ കച്ച പരിചയമുണ്ടായിരുന്നു എന്നാണ്. അങ്ങനെയാണെങ്കിൽ റേഡിയോ കാർബൺ കാലനിർണയം ഒരു നൂറ്റാണ്ട് കൂടി പിന്നിലേക്ക് മാറ്റിവയ്ക്കേണ്ടതായി വരും.
സഭയുടെ നിലപാട്
ലിറെയ് ഉൾപ്പെടുന്ന ത്രോയെ പട്ടണത്തിലെ ബിഷപ് പിയർ ദ് ആർച്ചിസ് 1389ൽതന്നെ കച്ച ഒരു വ്യാജ നിർമിതിയാണെന്ന് പറയുകയുണ്ടായി. ക്ലെമന്റ് ഏഴാമൻ പാപ്പ (1523-1534) ഒരു ഭക്തചിത്രം എന്ന നിലയിൽ വണങ്ങുന്നതിന് അനുവദിച്ചു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ "സുവിശേഷത്തിന്റെ ദർപ്പണം' എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഈശോയുടെ പീഡാസഹനങ്ങളെ അതേപടി പ്രതിഫലിപ്പിക്കുന്ന ഒരു സുപ്രധാന അടയാളമാണ് കച്ച എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കച്ച ആധികാരികമാണെന്നോ ഇതൊരു തിരുശേഷിപ്പ് ആണെന്നോ സഭ പ്രഖ്യാപിച്ചിട്ടില്ല. അപൂർവമായി മാത്രമേ കച്ച പരസ്യ വണക്കത്തിന് പ്രദർശിപ്പിക്കാറുള്ളൂ.
മൊറെയ്സിന്റെ ഗവേഷണവും വിമർശനവും
2025ൽ ബ്രസീലിയൻ ഗവേഷകനായ സിസറോ മൊറെയ്സ് ഒരു ഓക്സ്ഫോർഡ് ഗവേഷണ കേന്ദ്രത്തിന്റെ പ്രസിദ്ധീകരണമായ "ആർക്കെയോ മെട്റി'യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ടൂറിനിലെ കച്ച ഒരു മധ്യകാല നിർമിതിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയുണ്ടായി.
ഒരു ബാസ് റിലീഫിന്റെ രൂപമാണ് കച്ചയിൽ ഉള്ളത്, മനുഷ്യ ശരീരത്തിന്റേതല്ല എന്നാണു മൊറെയ്സ് പറയാൻ ശ്രമിച്ചത്. മൊറെയ്സിനുള്ള മറുപടിയായി ഇറ്റാലിയൻ ഗവേഷകരായ ടിസ്റ്റാൻ കാസാബിയാൻക, എമ്മാനുവേല മാരിനെല്ലി, അലെസാന്ദ്രോ പിയാന എന്നിവർ സംയുക്തമായി ഇതേ ജേർണലിൽ ഒരു ലേഖനം എഴുതി.
ചിത്രത്തിലെ മനുഷ്യ ശരീരത്തിന്റെ മുൻവശം മാത്രമേ മൊറെയ്സ് പരിശോധിക്കുന്നുള്ളൂ, ശരീരത്തിന്റെ ഇടതു വലതു കൈകൾ പരസ്പരം മാറി പരിഗണിക്കുന്നു, ശരീരത്തിന്റെ ഉയരം 180 സെൻറീമീറ്റർ എന്നു നിജപ്പെടുത്തുന്നു, കൃത്യമല്ലാത്ത അളവുകൾ ഉപയോഗിക്കുന്നു, 1931ലെ ഒരു ഫോട്ടോ മാത്രമാണ് ആധാരമാക്കുന്നത്, ലിനനു പകരം പരുത്തിത്തുണിയിലാണ് മൊറെയ്സിന്റെ പരീക്ഷണം മുതലായ വിമർശനങ്ങൾ അവർ ഉന്നയിച്ചു.
തുണിയിലെ ചിത്രത്തിന്റെ ഘനരാഹിത്യം, രക്ത കണികകളുടെ സാന്നിധ്യം എന്നിവ മൊറെയ്സ് അവഗണിച്ചു. 1980 മുതലുള്ള പല പഠനങ്ങളും ബാസ് റിലീഫ് സിദ്ധാന്തം നിരാകരിച്ചിട്ടുള്ളതാണ്. ഒരു തുണിയിൽ വച്ചിട്ടുള്ള ശരീരം എങ്ങനെയാണ് ആ തുണിയിൽ പ്രവർത്തിക്കുക എന്നത് 1902ൽ തന്നെ ഫ്രഞ്ച് ശാസ്ത്രജ്ഞനായ പോൾ വിഞ്ഞോൺ പരീക്ഷിച്ചിട്ടുള്ളതാണ്. ആ പഠനവും മൊറെയ്സ് അവഗണിച്ചു.
ഈ വിമർശനങ്ങൾക്കുള്ള മറുപടി അതേ ജേർണലിൽ തന്നെ മൊറെയ്സ് പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം തന്റെ ഗവേഷണത്തിന്റെ രീതിശാസ്ത്രം ന്യായീകരിക്കാനാണ് ശ്രമിച്ചത്. 11-14 നൂറ്റാണ്ടുകളിലെ നാലു കലാവസ്തുക്കൾ ആയിരിക്കണം കച്ചയിലെ ചിത്രത്തിന്റെ മാതൃക എന്ന് അദ്ദേഹം പറഞ്ഞെങ്കിലും തന്റെ രീതിശാസ്ത്രം അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായത്.
നാലും ക്രൂശിച്ചതിനു ശേഷമുള്ള യേശുവിന്റെ ശരീരമല്ല ചിത്രീകരിക്കുന്നത്. പതിനാലാം ശതകത്തിന്റെ മധ്യത്തിലെ വിദൂരമായ ഒരു ഫ്രഞ്ച് ഗ്രാമത്തിൽ എങ്ങനെ ഈ ചിത്രം രൂപംകൊണ്ടു എന്ന് വിശദമാക്കാൻ ഈ ചിത്രങ്ങൾക്കും കഴിയുന്നില്ല.
1898ലാണ് ആദ്യമായി കച്ചയുടെ ഫോട്ടോ എടുക്കുന്നത്. സെക്കോന്തോ പിയാ എടുത്ത ആ ഫോട്ടോ കച്ചയുടെ ഉത്ഭവം കണ്ടെത്താനുള്ള ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു തുടക്കം കുറിച്ചു. ഗഹനമായ എത്രയോ പരീക്ഷണങ്ങൾ നടന്നു.
ഏറ്റവുമവസാനം അമേരിക്കൻ ന്യൂക്ലിയർ എൻജിനീയറായ റോബർട്ട് റക്കർ 2013 മുതൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചു. പലവിധ കാരണങ്ങളാൽ കാർബൺ 14 എന്ന അളവിനു മാറ്റംവരാമെന്നും അതു കൂടി കണക്കിലെടുത്തു പരിശോധിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
2014ൽ നടത്തിയ ന്യൂക്ലിയർ അനാലിസിസ് കച്ച യഥാർഥത്തിൽ ഈശോയുടെ മൃതശരീരം പൊതിഞ്ഞ കച്ചയാണെന്നാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തിരുക്കച്ച ഈശോമിശിഹായുടെ മൃതശരീരത്തെ അരിമത്തെയാക്കാരൻ ജോസഫ് പുതപ്പിച്ച അതേ കച്ച തന്നെയാണ്. ഈശോയുടെ ഉത്ഥാനശേഷം കല്ലറയിലെത്തിയ പത്രോസ് കച്ച കല്ലറയിൽ കിടക്കുന്നതുകണ്ടു എന്നാണല്ലോ യോഹന്നാൻ സുവിശേഷകൻ എഴുതിയിരിക്കുന്നത് (20:6).
അവിടത്തെ യഥാർഥത്തിലുള്ള പീഡാസഹനവും കുരിശുമരണവും സംസ്കാരവും ഉത്ഥാനവും ദ്യോതിപ്പിക്കുന്ന ഏറ്റവും അർഥവത്തായ അടയാളമാണ് ഈ കച്ച. ഈശോ മനുഷ്യ വർഗത്തെ സ്നേഹിക്കുകയും മനുഷ്യന്റെ മഹത്വത്തെ ആദരിക്കുകയും ചെയ്യുന്നതിന്റെ അടയാളമാണത്.
അവിടത്തെ മഹത്തായ ആത്മദാനത്തിന്റെ ഉത്കൃഷ്ടമായ ഔന്നത്യങ്ങളിലേക്ക് ഈ കച്ച വിശ്വാസികളെ ക്ഷണിക്കുന്നു. സുവിശേഷങ്ങളെ ധ്യാനവിഷയമാക്കുവാനും സുവിശേഷമൂല്യങ്ങളിൽ ജീവിക്കുവാനും ഈ കച്ച പ്രേരണയാകുന്നു. വിശുദ്ധ കുർബാന പോലെ തന്നെ അവിടത്തെ ശരീരത്തിന്റെയും രക്തത്തിന്റെയും ജീവൻ തുടിക്കുന്ന അടയാളമാണത്.
2015ൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു, വേദനകൾ സഹിച്ച ഈശോയുടെ തിരുമുഖവും തിരുശരീരവും ധ്യാനിക്കാനുള്ള ക്ഷണമാണു കച്ച തരുന്നത്. അന്യായമായി സഹിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന എല്ലാവരോടുമുള്ള നമ്മുടെ ഐക്യദാർഢ്യം ഈ കച്ചയുടെ മുമ്പിൽ നിൽക്കുമ്പോൾ സജീവമാകുന്നു.
ഈശോമിശിഹായെ പോലെ സകലമനുഷ്യരെയും സ്നേഹിക്കുകയാണത്. ശാസ്ത്രം വിശ്വാസത്തിന് വിരുദ്ധമാണെന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്. എന്നാൽ ഇവിടെ ശാസ്ത്രവും ഈ കച്ചയ്ക്കു മുമ്പിൽ നിഷ്പ്രഭവും ശക്തി ഹീനവുമായി മാറുകയാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ നിഷ്പക്ഷമായി ഉപയോഗിക്കുന്നവർക്ക് കച്ചയുടെ ആധികാരികതയിൽ വിശ്വസിക്കാനാവും. ശാസ്ത്രം വിശ്വാസത്തിന്റെ സഹായത്തിനെത്തുകയാണ്.
SUNDAY DEEPIKA
കഴിഞ്ഞ ഞായറാഴ്ച ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ ജാസ് കനേഡെയറിന്റെ, C-GNJZ രജിസ്ട്രേഷനുള്ള ഒരു സിആർജെ-900 വിമാനം കാനഡയിലെ മോൺട്രിയോളിൽ നിന്ന് പറന്നെത്തി ലാൻഡ് ചെയ്യുന്നതിനിടയിൽ, ഒരു ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാരും മരിക്കുകയും 41 യാത്രക്കാർക്കും ട്രക്കിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവം ഏറ്റവും ആധുനിക സംവിധാനങ്ങൾക്കിടയിലും വ്യോമഗതാഗതത്തിന് ഇപ്പോഴുമുള്ള ദൗർബല്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ശൃംഖലപോലെ പ്രവർത്തിക്കുന്ന അനേകം ഘടകങ്ങളുടെ പരിസമാപ്തിയാണ് ഓരോ അപകടവും എന്ന പഴയ തത്വം വീണ്ടും ഓർമിപ്പിക്കുന്നതുകൂടിയായി ഈ ദാരുണമായ അപകടം.
റൺവേ 4ൽ ലാൻഡ് ചെയ്യാൻ എയർ കാനഡ വിമാനത്തിന് രാവിലെ 11.35ന് അനുമതി കിട്ടുന്നതിന് പതിനേഴു മിനിറ്റു മുമ്പ്, രാവിലെ 11.18ന്, അപകടത്തിന്റെ പശ്ചാത്തലം ഒരുങ്ങിത്തുടങ്ങിയിരുന്നു.
ഷിക്കാഗോയിലേക്കു പറക്കുന്നതിന് 11.17ന് അനുമതി കിട്ടിയ യുണൈറ്റഡ് എയർലൈൻസിന്റെ ഒരു വിമാനം (ഫ്ളൈറ്റ് 2384) 11.18ന് ടേക്കോഫ് റദ്ദാക്കി. വിമാനത്തിനുള്ളിൽനിന്ന് എന്തോ രൂക്ഷഗന്ധം വരുന്നുവെന്ന് എടിസിയെ അറിയിച്ചതിനെ തുടർന്ന് ഒരു റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് ട്രക്ക് വിമാനത്തിനടുത്തേക്ക് വിടാൻ 11.36ന് തീരുമാനിച്ചു.
ഇതിന് ഒരു മിനിറ്റു മുമ്പ്, 11.35ന് എയർ കാനഡ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി കൊടുക്കുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്ത് പാർക്ക് ചെയ്തിരുന്ന യുണൈറ്റഡ് വിമാനത്തിന്റെ അടുത്തേക്കുപോകാൻ പടിഞ്ഞാറുഭാഗത്തെ ഫയർസ്റ്റഷനിൽ കിടന്ന ട്രക്കിന് റൺവേ 4 മുറിച്ചുകടക്കാനുള്ള അനുമതി 11.36:58ന് എടിസി നൽകി. 11:37:17ന് എയർ കാനഡ വിമാനം റൺവ 4ൽ നിലംതൊട്ടു.
ഇതിനോടകം അപകടം തിരിച്ചറിഞ്ഞ കൺട്രോൾ ടവറിലുള്ളവർ, എയർ കാനഡ വിമാനത്തോട് വീണ്ടും പറന്നുയരാനും ഫയർ ട്രക്കിനോട് നിർത്താനും പറഞ്ഞുവെങ്കിലും എല്ലാം വൈകിപ്പോയിരുന്നു.
11:38ന് വിമാനവും ട്രക്കും കൂട്ടിയിടിച്ചു.
മണിക്കൂറിൽ ഏകദേശം 167.4 കിലോമീറ്റർ വേഗത്തിലായിരുന്ന, ഏകദേശം 22 ടൺ ഭാരമുണ്ടായിരുന്ന എയർ കാനഡയുടെ സിആർജെ-900 വിമാനം ട്രക്കുമായി കൂട്ടിയിടിച്ചതിന്റെ ആഘാതം 990,000 കിലോഗ്രാം മീറ്റർ/സെക്കൻഡ് ആയിരുന്നിരിക്കും എന്നാണ് കണക്ക്.
പരമാവധി ഭാരംനിറച്ച ഒരു ട്രക്ക് ഹൈവേയിലൂടെ പോകുമ്പോൾ നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിൽ കൂട്ടിയിടിക്കുമ്പോഴുണ്ടാകാവുന്ന ഈ ആഘാതത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മൊത്തമായി തകർന്നു.
ഇടിയുടെ ആഘാതത്തിൽ ഒരു ഫ്ളൈറ്റ് അറ്റൻഡന്റ് സീറ്റുൾപ്പെടെ പുറത്തേക്കു തെറിച്ചു പോയി. പരിക്കേറ്റ 41 പേരിൽ ഒൻപതു യാത്രക്കാർ ഗുരുതരാവസ്ഥിലാണ്. ട്രക്കിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റു.
അമേരിക്കയിലെ ഏറ്റവും തിരക്കുള്ള ഈ വിമാനത്താവളത്തിൽ അപകടസമയത്ത് രണ്ടേരണ്ടു വ്യോമഗതാഗത നിയന്ത്രകർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത് എന്നതു മാത്രമല്ല, വീഴ്ചകളുടെയും യാദൃച്ഛികതയുടെയും ഒരു നിരതന്നെ കൂടിച്ചേർന്നാണ് ഈ അപകടമുണ്ടാക്കിയതെന്നതാണ് വാസ്തവം.
വിമാനങ്ങളിലുള്ളതുപോലെയുള്ള ട്രാൻസ്പോണ്ടർ ഘടിപ്പിച്ചു വേണം ട്രക്കുകൾ എയർപോർട്ടിനുള്ളിൽ സഞ്ചരിക്കാൻ എന്നാണ് ചട്ടം. ഇവിടെ പക്ഷ,േ അപകടത്തിൽപ്പെട്ട ട്രക്കിന് ട്രാൻസ്പോണ്ടർ ഉണ്ടായിരുന്നില്ല. അതിനാൽ ട്രക്കിന്റെ സ്ഥാനവും വേഗവുമൊന്നും കൃത്യമായ എടിസിക്ക് അറിയാമായിരുന്നില്ല.
ആ നേരംതന്നെ യുണൈറ്റഡ് വിമാനത്തിനുണ്ടായ അടിയന്തര സാഹചര്യത്തിൽ എടിസിയുടെ ശ്രദ്ധ വിഭാഗിച്ചു പോയത് അപകടത്തിന്റെ മൂലകാരണവുമായി. റൺവേയുടെ കിടപ്പും നിലയും സൂചിപ്പിക്കുന്ന മുന്നറിയിപ്പു വിളക്കുകൾ ശരിയായി കത്തുന്നുണ്ടായിരുന്നില്ല എന്നതും പ്രശ്നമായിരുന്നു.
വിമാനങ്ങൾ വരുന്ന സമയം അല്ലെങ്കിൽ പോകുന്ന സമയം റൺവേയിൽ കയറാൻ ഒരു വാഹനത്തെയും അനുവദിച്ചുകൂടാ എന്ന നിയമവും തിരക്കിൽ ലംഘിക്കപ്പെട്ടു. ട്രക്ക് ഉടൻ നിർത്തണമെന്ന് എടിസി പറഞ്ഞത് ട്രക്കിലുള്ളവർ വ്യക്തമായി കേൾക്കാതിരുന്നതും വിമാനം പറന്നുയരണമെന്ന് പറഞ്ഞത് പൈലറ്റുമാർക്ക് വ്യക്തമാകാതിരുന്നതും അപകടം ഉറപ്പിക്കുന്നതായി.
SUNDAY DEEPIKA
ഇക്കഴിഞ്ഞ ജനുവരി 20. എറണാകുളം ടൗൺഹാളിൽ "കേരാപെക്സ് 2026' ഫിലാറ്റലി എക്സിബിഷൻ നടക്കുകയാണ്. അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പ്രദർശനത്തിൽ കെ.ടി. ജോസഫ് എന്ന കടുത്തുരുത്തിക്കാരന്റെ ഫ്രെയിമുകൾ കാണാൻ വന്നവർ ആദ്യമൊന്നു ഞെട്ടി.
പക്ഷികളുടെ തീമിൽ പലതവണ സംസ്ഥാന, ദേശീയ സമ്മാനങ്ങൾ നേടിയിട്ടുള്ളയാൾ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു തീം- യേശുവിന്റെ പീഡാനുഭവ ചരിത്രം. ഉത്തരേന്ത്യൻ ജൂറിക്ക് അത്ര പരിചിതമല്ലാത്ത ഒരു തീം അവതരിപ്പിച്ച് എന്തിനാണ് ഉറപ്പായ ഒരു സമ്മാനം കളഞ്ഞുകുളിച്ചതെന്നുവരെ പലരും ചോദിച്ചു.
അഞ്ചുവർഷത്തെ പഠനം, ഗവേഷണം, മുന്നൊരുക്കം, കഷ്ടപ്പാട് എന്നിവയെല്ലാം വൃഥാവിലാകുമോ എന്ന ആശങ്കയുണ്ടായെങ്കിലും ഇത് പരോക്ഷമായൊരു സുവിശേഷപ്രഘോഷണമാകുമല്ലോ എന്ന ആശ്വാസമായിരുന്നു അദ്ദേഹത്തിന്.
ഒടുവിൽ 23ന് രാവിലെ ഫലം വന്നു: തിമാറ്റിക് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ലാർജ് വെർമെയ്ൽ മെഡലും ജോസഫിന്. കൂടാതെ ആദ്യമായി ബെസ്റ്റ് എക്സിബിറ്റർ പുരസ്കാരവും!. തിമാറ്റിക് സ്പെഷലിസ്റ്റും ജൂറിംഗവുമായ ബംഗളൂരു സ്വദേശി സന്തോഷ് ഏറെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു: ഗംഭീര അവതരണം. ദേശീയതല മത്സരത്തിൽ എന്തായാലും പങ്കെടുക്കണം. ജോസഫിനത് ആത്മസാക്ഷാത്കാരത്തിന്റെ നിമിഷമായിരുന്നു.
സ്റ്റാമ്പ് ശേഖരിച്ചുതുടങ്ങിയ അൾത്താര ബാലൻ
കടുത്തുരുത്തി കയ്യാലയ്ക്കൽ തോമസ്-ഏലമ്മ ദമ്പതികളുടെ ഇളയ മകനായ ജോസഫ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്റ്റാമ്പ് ശേഖരിക്കാൻ തുടങ്ങിയത്.
കടുത്തുരുത്തി മാന്നാർ പള്ളി വികാരിയായ ഫാ. ഫിലിപ്പ് കൊട്ടുകാപ്പിള്ളിയാണ് അൾത്താര ബാലനായ ജോസഫിന് ആദ്യം സ്റ്റാന്പുകൾ നൽകി പ്രോത്സാഹിപ്പിച്ചത്. കിട്ടുന്ന സ്റ്റാന്പുകൾ ഒരു കവറിലിട്ടു സൂക്ഷിച്ചുതുടങ്ങി. കോൽക്കത്തയിൽ സലേഷ്യൻ വൈദികനായി ശുശ്രൂഷ ചെയ്തിരുന്ന ചേട്ടൻ ഫാ. തോമസും വടക്കേ ഇന്ത്യയിൽ ശുശ്രൂഷ ചെയ്തിരുന്ന ചേച്ചി സിസ്റ്റർ ബോർജിയയും (അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) അവർക്കു കിട്ടുന്ന സ്റ്റാമ്പുകളെല്ലാം ശേഖരിച്ച് കൊണ്ടുവന്നു നൽകിയിരുന്നു.
അത് പത്താം ക്ലാസ് കഴിയുന്നതുവരെ തുടർന്നു. പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് ദീപിക ഏജന്റ് കൂടിയായിരുന്ന ഏറ്റവും മൂത്ത സഹോദരൻ കെ.ടി. കുര്യൻ ഒരു സ്റ്റോക്ക് ബുക്ക് വാങ്ങി സമ്മാനിച്ചത്. പ്രീഡിഗ്രിയും ഡിഗ്രിയും കുറവിലങ്ങാട് ദേവമാത കോളജിലും ബിഎഡ് മാന്നാനം സെന്റ്് ജോസഫ് കോളജിലുമായിരുന്നു.
ജോലിക്കായി ബംഗാളിൽ
ബംഗാളിലെ ബാൻഡൽ ഡോൺബോസ്കോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ബയോളജി അധ്യാപകനായാണ് ആദ്യം ജോലിയിൽ പ്രവേശിക്കുന്നത്. അവിടെവച്ച് പഴയ അഭിരുചി വീണ്ടും ശക്തമായി. ആ സ്കൂളിലെ പല വിദ്യാർഥികൾക്കും സ്റ്റാമ്പ് ശേഖരണമുണ്ടായിരുന്നു.
അവരുമായി പല സ്റ്റാമ്പുകളും എക്സ്ചേഞ്ച് ചെയ്തു. രണ്ടു വർഷത്തിനുശേഷം കോൽക്കൊത്തയിലെ ബാങ്ക് ഓഫ് കൊച്ചിനിൽ ജോലികിട്ടി. ആ സമയത്ത് അവിടെ നടന്ന അന്തർദേശീയ ഫിലാറ്റലി എക്സിബിഷൻ കാണാനിടയായി.
അവിടത്തെ മലയാളി സുഹൃത്തുക്കളായ പ്രിൻസ് തെക്കൻ, ജോണി ഞാളിയത്ത് എന്നിവർവഴി മദർ തെരേസയുടെ സെക്രട്ടറി സിസ്റ്റർ മെലാനിനെ പരിചയപ്പെട്ടു. മദറിനും മദർ ഹൗസിലേക്കും വിവിധ രാജ്യങ്ങളിൽനിന്നു വരുന്ന പല സ്റ്റാമ്പുകളും ലഭിക്കാൻ ഇടയായത് അങ്ങനെയാണ്. മൂന്നാലുതവണ വിശുദ്ധ മദർ തെരേസതന്നെ നേരിട്ട് സ്റ്റാമ്പുകൾ നൽകിയിട്ടുണ്ട്.
കൊച്ചിൻ ഫിലാറ്റലി ക്ലബ്ബിലേക്ക്
ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ചതോടെ അധികം വൈകാതെ നാട്ടിൽ തിരിച്ചെത്തി. ഇതിനിടെ എറണാകുളത്തുള്ള റിലീജിയസ് സ്റ്റാമ്പ് എക്സ്ചേഞ്ച് ക്ലബ്ബിനെക്കുറിച്ച് കേട്ടറിഞ്ഞ് അതിൽ ചേർന്നു. ബിഷപ് മാർ പൗളിനോസ് ജീരകത്തിലിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച ക്ലബ് ആയിരുന്നു അത്. ഇപ്പോൾ കൊച്ചിൻ സ്റ്റാമ്പ് എക്സ്ചേഞ്ച് ക്ലബ് എന്നാണ് അറിയപ്പെടുന്നത്.
അവിടെ പല പ്രഗത്ഭരും ഉണ്ടായിരുന്നു. അവരിൽനിന്ന് ഫിലാറ്റലിയുടെ പല പുതിയ പാഠങ്ങളും പഠിച്ചു. അങ്ങനെ വിഷയാധിഷ്ഠിതമായി സ്റ്റാമ്പുകളും അനുബന്ധസാമഗ്രികളും തരംതിരിക്കാനും തുടങ്ങി. അങ്ങനെയിരിക്കേയാണ് കോട്ടയത്ത് ഒരു ഫിലാറ്റലി ക്ലബ് ഉണ്ടെന്നറിയുന്നത്.
വയക്കര മൂസ് തുടങ്ങിവച്ച ഈ ക്ലബ്ബിന്റെ പ്രസിഡന്റായി രണ്ടു പതിറ്റാണ്ടോളം പ്രവർത്തിച്ചത് പ്രഫ. ജോർജ് ജോൺ നിധീരി ആയിരുന്നു. ആറുവർഷമായി ജോസഫ് ആണ് പ്രസിഡന്റ്.
കേരാപെക്സ് 1999 എന്ന പേരിൽ കോട്ടയത്തു നടന്ന സംസ്ഥാനതല എക്സിബിഷനിൽ ആദ്യമായി പങ്കെടുത്ത് വെർമെയ്ൽ മെഡൽ നേടാൻ കഴിഞ്ഞത് വലിയ ഉത്സാഹമുളവാക്കി. നീർപക്ഷികൾ വിഷയമായുള്ള പ്രദർശനത്തിനായിരുന്നു അവാർഡ്.
പിന്നെ കേരളത്തിൽ ഇതുവരെ നടന്ന ആറു മത്സരങ്ങളിലും ജോസഫ് പങ്കെടുത്തു. ഗോൾഡ് ഉൾപ്പെടെയുള്ള മെഡലുകൾ സ്വന്തമാക്കി. ദേശീയ മത്സരങ്ങളിലും പുരസ്കാരങ്ങൾ നേടി.
പാഷൻ ഓഫ് ക്രൈസ്റ്റ്
ബാങ്ക് ജോലിക്കിടയിലും പതിറ്റാണ്ടുകൾ മതാധ്യാപകനെന്നനിലയിലും വിശ്രമ ജീവിതത്തിൽ ബൈബിൾ പഠിതാവെന്ന നിലയിലും വ്യാപരിച്ച ജോസഫിന് വ്യത്യസ്തമായ രീതിയിൽ ഒരു അവതരണം നടത്തണമെന്ന മോഹമുദിച്ചു.
സംസ്ഥാന-ദേശീയ മത്സരങ്ങൾക്ക് ഇപ്പോൾ സാധാരണയായി അഞ്ച് ഫ്രെയിമുകളിലായി (ഒരു ഫ്രെയിമിൽ എ3 വലിപ്പമുള്ള എട്ടു ഷീറ്റുകളാണ് ഉൾപ്പെടുത്താനാവുക ) 40 എ3 ഷീറ്റുകളേ പ്രദർശിപ്പിക്കാനാവൂ എന്നതിനാൽ ബൈബിൾ മുഴുവനായോ യേശുവിന്റെ ജനനം മുതൽ മരണം വരെയോ പ്രതിപാദിക്കുക എളുപ്പമല്ല.
ക്രിസ്മസ് മാത്രമാണ് അവതരിപ്പിക്കുന്നതെങ്കിൽ നിരവധിയായ രാജ്യങ്ങൾ കാർഡുകളും സ്റ്റാമ്പുകളും മറ്റ് സാമഗ്രികളും ഇറക്കിയിട്ടുണ്ടെങ്കിലും മിക്കതും ഒരുപോലെ ആയതിനാൽ വൈവിധ്യങ്ങൾ ഇല്ല. അങ്ങനെയാണ് ഒടുവിൽ പാഷൻ ഓഫ് ക്രൈസ്റ്റിൽ എത്തിനിന്നത്. പിന്നെ കഴിഞ്ഞ അഞ്ചുവർഷം അതിനുള്ള ഗവേഷണങ്ങളും പ്രയത്നങ്ങളുമായിരുന്നു.
വിശ്വാസമുദ്രകൾ
ബഥാനിയായിലെ തൈലാഭിഷേകം മുതൽ കുരിശുമരണവും ഉത്ഥാനവും ഉൾപ്പെടെ 1200ൽ അധികം സ്റ്റാമ്പുകളും കവർ, എയർ മെയിൽ, പോസ്റ്റ് കാർഡുകൾ, എയറോഗ്രാമുകൾ, ഇൻലാൻഡ് തുടങ്ങി വിവിധ സ്റ്റേഷനറികളും ഉൾപ്പെടുത്തിയാണ് ഫ്രെയിമുകൾ പൂർത്തിയാക്കിയത്.
ഓശാന, കാൽകഴുകൽ ശുശ്രൂഷ, അപ്പം മുറിക്കൽ എന്നിവയും പീഡാനുഭവ ചരിത്രത്തിൽ പറയുന്ന മുഴുവൻ സംഭവങ്ങളും അധികരിച്ച് ലോകത്ത് ഇന്നുവരെ ഇറങ്ങിയിട്ടുള്ള ഈസ്്റ്റർ സംബന്ധമായ തപാൽ വസ്തുക്കളിൽ 90 ശതമാനവും ഉൾപ്പെടുത്താനായി എന്നതാണ് ഏറ്റവും വലിയ അഭിമാനം.
ബ്രസീൽ, മെക്സിക്കോ, ഇറ്റലി, ജർമനി, അയർലൻഡ്, ഫിലിപ്പൈൻസ്, പോർച്ചുഗൽ, ഫ്രാൻസ്, നൈജീരിയ, എത്യോപ്യ, ജോർദാൻ, റാസൽഖയ്മ, ഫുജൈറ തുടങ്ങി ഭൂഖണ്ഡഭേദമന്യേ നൂറിലധികം രാജ്യങ്ങളിലെ സ്റ്റാമ്പുകളും ഇതര തപാൽ വസ്തുക്കളുമാണ് ഫ്രെയിമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ ഈ തീമിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ഒരേയൊരു സ്റ്റാമ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാർതോമായുടെ മരണത്തിന്റെ പത്തൊന്‍പതാം ശതാബ്ദി സ്മാരകമായി 1973ൽ ഭാരത സർക്കാർ പുറത്തിറക്കിയ മാർത്തോമാ കുരിശിന്റെ ചിത്രമുള്ള സ്റ്റാമ്പാണിത്.
“ഈ ലാർജ് വെർമെയ്ൽ മെഡൽ എന്നെ സംബന്ധിച്ച് വലിയൊരു ആത്മസാക്ഷാത്കാരമാണ്. ദേശീയ മത്സരം എപ്പോഴാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എവിടെയായാലും പോകണം; ഇവ അവതരിപ്പിക്കണം. കർത്താവെന്നിൽ നിക്ഷേപിച്ച ഈ സവിശേഷ അഭിരുചിയിലൂടെ പരോക്ഷമായ ഒരു സുവിശേഷപ്രഘോഷണം നടത്തണം. അതിൽ സമ്മാനം കിട്ടുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം-” ഏറെ അഭിമാനത്തോടെ ജോസഫ് പറഞ്ഞു.
ചെറുതും ചരിത്രമാകും
ഭാര്യ വത്സമ്മയുടെയും (റിട്ടയേഡ് അസിസ്റ്റന്റ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), മകൻ ഡോ. ജിനോ ജോയ് (ജെറിയാട്രിക്സ് വിഭാഗം തലവൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം), മരുമകൾ പ്രഫ. ഇന്ദു പീറ്റർ (അധ്യാപിക, കെഇ കോളജ്, മാന്നാനം) എന്നിവരുടെയും പ്രോത്സാഹനമാണ് എഴുപതാം വയസിലും ഇദ്ദേഹത്തിന് ഫിലാറ്റലി യാത്രയിൽ കരുത്താവുന്നത്.
നല്ലൊരു ഹോബിയുണ്ടെങ്കിൽ വാർധക്യം ഏറെ ആനന്ദകരമാക്കാമെന്നും ജോസഫേട്ടൻ പറയുന്നു; കാണിച്ചുതരുന്നു. സ്റ്റാമ്പുകളുടെ ചെറുലോകത്തിൽ വിശ്വാസത്തിന്റെ മഹത്തായ കഥ വരച്ചുകാട്ടുന്ന അദ്ദേഹം തെളിയിക്കുന്നു- പാഷനും സമർപ്പണവും ഉണ്ടെങ്കിൽ ചെറുതും ചരിത്രമാകും!
SUNDAY DEEPIKA
ഇതുവരെ നാം കേട്ടിട്ടുള്ള ജീവിതകഥകളിൽ ഏറ്റവും വലുതാണ് യേശുവിന്റെ കഥ. സംഘർഷാത്മകവും കരുണാമസൃണവുമായ ആ കഥയുടെ ധ്യാനം അനേകം ഹൃദയങ്ങളെ നവീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മനുഷ്യപുത്രനും ദൈവപുത്രനുമായ യേശുവിൽ മനുഷ്യവംശത്തിന്റെ എല്ലാ ആശയാഭിലാഷങ്ങളും ദർശനങ്ങളും സന്പൂർത്തിയിലെത്തുന്നു.
പഴയനിയമത്തിലെ പ്രവചനങ്ങളെല്ലാം അവിടന്നിൽ സാഫല്യമടയുന്നു. കുരിശിൽ ഉയർത്തപ്പെട്ട യേശു തന്റെ സർവസമാശ്ലേഷകമായ സ്നേഹത്താലും സർവാംഗീണമായ കരുണയാലും സർവാദരണീയമായ ധർമ തേജസിനാലും രാജാധിരാജനായി നിലകൊള്ളുകയാണ്. ക്രിസ്തുവിനെക്കൂടാതെ ഇന്ന് മാനവതയ്ക്ക് മുന്നോട്ടുപോകാനാവില്ല.
നീതിയുടെ ആൾരൂപം
പ്രവാചകരെല്ലാം നീതിയെപ്പറ്റി സംസാരിക്കുകയും പ്രഘോഷിക്കുകയും ചെയ്തെങ്കിൽ, നീതി മനുഷ്യരൂപമെടുത്ത് യേശു എന്ന വ്യക്തിയിലൂടെ ഭൂമിയിൽ അവതരിച്ചു. പാവപ്പെട്ടവരുടെ പക്ഷംചേർന്ന് അവരെ കൈകൊടുത്തുയർത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതും നാനാവിധ ബന്ധനങ്ങളിൽനിന്ന് അവരെ മോചിപ്പിച്ച് സ്വതന്ത്രരാക്കുന്നതുമാണ് പ്രവാചകർ സ്വപ്നംകണ്ട നീതിസങ്കല്പം.
നീതിയെ കുറിക്കാൻ "സെദാക്കാ' എന്ന ഹീബ്രൂ പദത്തിന്റെ സ്ഥാനത്ത് "ദിക്കായിയോസൂനേ' എന്ന ഗ്രീക്കു പദമാണ് പുതിയനിമയ ഗ്രന്ഥകാരന്മാർ ഉപയോഗിക്കുന്നത്.
സർവസന്പത്തിന്റെയും ഉടയവനായ ക്രിസ്തു പരമദരിദ്രനായി കാലിത്തൊഴുത്തിൽ ജനിച്ചത് ദരിദ്ര ജനകോടികളോട് താദാത്മ്യപ്പെടാനായിരുന്നു. കാൽവരി ക്രൂശിൽ നിന്ദനങ്ങളേറ്റു മരിച്ചത് ചൂഷിതരോടും മർദിതരോടും സാത്മ്യപ്പെടാനായിരുന്നു.
"കുറുനരികൾക്ക് മാളങ്ങളും ആകാശപ്പറവകൾക്കു കൂടുകളുമുണ്ട്. എന്നാൽ മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ല' (മത്താ 8:20) എന്നു സാക്ഷ്യപ്പെടുത്തിയപ്പോൾ താൻ ജീവിതത്തിൽ സ്വമേധയാ വരിച്ച ദാരിദ്ര്യമാണ് അവിടന്ന് എടുത്തുകാട്ടിയത്.
ഇത്രവലിയ ദാരിദ്ര്യവും നിസ്വതയും സ്വയം ഏറ്റെടുത്തതിലൂടെ ഈ ലോകത്തിലെ പട്ടിണിപ്പാവങ്ങളോടും അരികുവല്കരിക്കപ്പെട്ടവരോടുമുള്ള തന്റെ പക്ഷപാതിത്വവും അവരുടെ മോചനത്തിനുള്ള തീരാദാഹവുമാണ് അവിടന്ന് പ്രകടമാക്കിയത്. അതിലൂടെ സന്പന്നർ പ്രതിനിധാനംചെയ്യുന്ന ചൂഷണ വ്യവസ്ഥയ്ക്കെതിരേ അവിടന്ന് ധർമത്തിന്റെ പടവാൾ ചുഴറ്റി.
മലയിലെ പ്രസംഗത്തിലെ അഷ്ടഭാഗ്യങ്ങളിൽ (മത്താ 5:2-12) ആത്മാവിൽ ദരിദ്രർക്കും കരയുന്നവർക്കും ശാന്തശീലർക്കും ധർമത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്കുമാണ് യേശു ഭാഗ്യം ആശംസിക്കുന്നത്.
ഇതിനോടുചേർത്ത് കരുണാശീലർക്കും ഹൃദയശുദ്ധിയുള്ളവർക്കും സമാധാനസ്ഥാപകർക്കും ധർമസംസ്ഥാപനാർഥം പീഡ സഹിക്കുന്നവർക്കും അനുഗ്രഹം പ്രഖ്യാപിക്കുന്നുണ്ട്. ഈ എട്ടു ഗണത്തിൽപ്പെട്ടവരും പാവങ്ങളുടെ പക്ഷംചേർന്ന് നീതിക്കുവേണ്ടി പോരാടുന്നവരാണ്.
ദാരിദ്ര്യവും ചൂഷണവുമില്ലാത്ത, സമത്വവും സാഹോദര്യവും പുലരുന്ന, ദൈവത്തിന്റെ പുതിയ ഭരണസംവിധാനം (ദൈവരാജ്യം) ആഗതമായതുകൊണ്ടാണ് ദരിദ്രരും കരയുന്നവരും വിശക്കുന്നവരും പീഡ സഹിക്കുന്നവരും ഭാഗ്യവാന്മാരാകുന്നത്.
സമത്വവും സാഹോദര്യവും നീതിയും ധർമവും പുലരുന്ന പുതിയ ലോകത്തിൽ ദാരിദ്ര്യവും വിലാപവും വിശപ്പും പീഡനവുമില്ല. ഈ പുതിയ ലോകത്തിനുവേണ്ടി അധ്വാനിക്കാനും കൈകോർക്കാനുമുള്ള ഉദ്ബോധനമാണ് സുവിശേഷഭാഗ്യങ്ങളിൽ അന്തഃസ്ഥിതമായിരിക്കുന്നത്.
യേശുവിന്റെ അദ്ഭുതങ്ങളെല്ലാം പാവപ്പെട്ടവർക്ക് പ്രവർത്തനരൂപത്തിൽ നൽകിയ വിമോചനത്തിന്റെ സുവിശേഷമായിരുന്നു. പാവപ്പെട്ടവരെ വിളിച്ചു സൽക്കരിച്ച യേശുവിന്റെ ഉൗട്ടുമേശകളും ധനികർ സംഘടിപ്പിച്ച ഉൗട്ടുമേശകളിൽ പങ്കെടുത്ത് പാവപ്പെട്ടവർക്കുവേണ്ടി വാദിച്ച അവിടത്തെ നിലപാടുകളും സമത്വവും സാഹോദര്യവും പുലരുന്ന പുതിയ ലോകത്തിനുവേണ്ടിയുള്ള വിപ്ലവകരമായ മുന്നേറ്റമായിരുന്നു.
ഈ ഉൗട്ടുമേശകളുടെ പാരമ്യമാണ് അന്ത്യത്താഴത്തിലെ വിശുദ്ധ കുർബാന സ്ഥാപനം. അതിനാൽ സാമൂഹികനീതിക്കും വിശ്വസാഹോദര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് ശക്തിപകരുന്ന ബലിയാണ് വിശുദ്ധ കുർബാന.
യേശുവിന്റെ പ്രബോധനങ്ങളിൽ നിറഞ്ഞുനിന്ന പ്രധാനപ്പെട്ട പദമാണ് ദൈവരാജ്യം. ഇതൊരു ഭൂപ്രദേശമല്ല, ജീവിതാവസ്ഥയാണ്. ദൈവം മനുഷ്യജീവിതത്തിന്റെ സകലതലങ്ങളെയും ഭരിക്കുന്പോൾ ഉളവാകുന്ന വിമോചനവും സ്വാതന്ത്ര്യവും വെളിപ്പെടുത്തുന്ന പദം. നീതിയും ധർമവും പുലരുന്ന സാമൂഹിക ക്രമവും ലോകക്രമവുമാണത്.
ഇതു രൂപപ്പെടണമെങ്കിൽ മാനസാന്തരം ആവശ്യമാണ്. വ്യക്തിജീവിതത്തിന്റെ മാറ്റം മാത്രമല്ല, നീതിനിഷ്ഠമായ പുതിയ സാമൂഹിക ക്രമത്തിനു വേണ്ടിയുള്ള സമർപ്പണവും ഈ മാനസാന്തരം ഉൾക്കൊള്ളുന്നുണ്ട്.
ധർമത്തിന്റെയും കരുണയുടെയും ആൾരൂപം
യേശു പഠിപ്പിച്ച പുതിയ ധാർമികതയിൽ പത്തു പ്രധാന മൂല്യങ്ങൾ അടങ്ങുന്നു: മനുഷ്യവ്യക്തിയുടെ അന്തസിനോടുള്ള ആദരവ്, അനുരഞ്ജനം, ലൈംഗികതയുടെ പരിശുദ്ധിയും സ്ത്രീയും പുരുഷനും തമ്മിലുള്ള ആരോഗ്യകരമായ ബന്ധവും, വിവാഹത്തിന്റെ അഭേദ്യത, സത്യസന്ധതയും സുതാര്യതയും, വ്യവസ്ഥാരഹിതമായ ക്ഷമ, അവകാശം അടിയറവച്ചുപോലും ഐക്യപ്പെടാനുള്ള സന്നദ്ധത, ആവശ്യപ്പെടുന്നതിലധികം സേവനം ചെയ്യാനുള്ള ഒൗദാര്യം, തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കാതെയുള്ള ദാനം, ശത്രുക്കളെപ്പോലും ഉൾക്കൊള്ളുന്ന സാർവലൗകിക സ്നേഹം. ഈ മൂല്യങ്ങൾ സ്നേഹത്തിന്റെ പരിപൂർണതയിലേക്കാണ് വിരൽചൂണ്ടുന്നത്.
വിധിക്കാത്തതും വ്യവസ്ഥയില്ലാത്തതും കരുണാർദ്രമായതും സകലരേയും ഉൾക്കൊള്ളുന്നതും സകലരോടും ക്ഷമിക്കുന്നതും വിനീതമായി സേവനം ചെയ്യുന്നതും എല്ലാം പങ്കുവയ്ക്കുന്നതുമായ സ്നേഹമാണത്. ഈ സ്നേഹത്തെ അഗാപ്പേ എന്നാണ് സുവിശേഷകൻ വിളിക്കുന്നത്.
ദൈവത്തിൽനിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ദൈവം സ്നേഹമാണ് എന്നു വെളിപ്പെടുത്താൻ യേശുവിനു മാത്രമേ കഴിയൂ. സ്നേഹിതനുവേണ്ടി ജീവനർപ്പിക്കുന്ന ആത്മദാനത്തിന്റെ പരമകാഷ്ഠയാണ് സ്നേഹമെന്ന് പ്രഖ്യാപിക്കാൻ യേശുവിനേ കഴിയൂ.
താൻ നമ്മെ സ്നേഹിച്ചതുപോലെ നാമും അന്യോന്യം സ്നേഹിക്കണമെന്നാണ് അവിടന്ന് നമ്മെ അനുശാസിക്കുന്നത് (യോഹ 13:34-35). സാമൂഹിക നീതിയിലധിഷ്ഠിതമായ കരുണയാണ് അവസാനവിധിയുടെ ഏക മാനദണ്ഡമെന്ന് വിളംബരം ചെയ്യാനും അവിടന്ന് മടിച്ചില്ല (മത്താ 25:31-46).
യേശുവിന്റെ കാരുണ്യം പാരാവാരംപോലെ വിശാലതയാർന്നതാണ്. ഒറ്റ മനുഷ്യനേയും അവിടന്ന് കൈവിട്ടില്ല. സകലരും അവിടന്നിൽനിന്ന് സൗഖ്യവും സമാധാനവും നേടി. പാപിനിയായ സ്ത്രീ (ലൂക്കാ 7:36-50), നല്ല കള്ളൻ (ലൂക്കാ 23:42-43), സക്കേവൂസ് (ലൂക്കാ 19:1-10). സമരിയാക്കാരി സ്ത്രീ (യോഹ 4:1-42) മുതലായ എത്രയോപേർ ആ കാരുണ്യത്തിന്റെ ദിവ്യപ്രകാശത്തിൽ തേജോമയരായി മാറി.
ഖലീൽ ജിബ്രാന്റെ മനുഷ്യപുത്രനായ യേശുവിൽ മഗ്ദലനമറിയം സാക്ഷ്യപ്പെടുത്തുന്നതുപോലെ, ""മിത്രമേ, ഞാൻ മരിച്ചവളായിരുന്നു; സ്വന്തം ആത്മാവിനെ ഉപേക്ഷിച്ച സ്ത്രീയായിരുന്നു. അവരെന്നെ വേശ്യയെന്നും ഏഴു പിശാചുക്കൾ ബാധിച്ചവളെന്നും വിളിച്ചു.
എന്നാൽ അവന്റെ പുലർനേത്രങ്ങൾ എന്റെ കണ്ണുകളിലേക്കു നോക്കിയപ്പോൾ ആ നിശാതാരകങ്ങളെല്ലാം മാഞ്ഞുപോയി. ഞാൻ മിറിയമായി...'' കല്ലെറിയപ്പെടാൻ യേശുവിന്റെ പക്കലേക്ക് ആട്ടിത്തെളിക്കപ്പെട്ട മറ്റൊരു സ്ത്രീയും അവിടത്തെ കരുണയാൽ വിമോചനം നേടി.
യേശുവിന്റെ ആജ്ഞാസ്വരത്തിൽ കല്ലെറിയാൻ ആഞ്ഞുനിന്നവരെല്ലാം കല്ലുകൾ താഴെയിട്ടു ലജ്ജിച്ചു പിൻവാങ്ങിയപ്പോൾ, യേശുവും ആ സ്ത്രീയും മാത്രം ശേഷിച്ചു. അഗസ്റ്റിന്റെ ഭാഷയിൽ മിസേരായും മിസേരികോർദിയായും. "മിസേരാ' എന്നാൽ പരമദീനയായ സ്ത്രീ, "മിസ്േരികോർദിയാ' കരുണയുടെ മൂർത്തീഭാവമായ ദൈവപുത്രൻ. അവൻ മൊഴിഞ്ഞു: ""ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക; മേലിൽ പാപം ചെയ്യരുത്'' (യോഹ 8:1-11). ചരിത്രത്തിലാദ്യമായി സ്ത്രീ-പുരുഷ തുല്യത പ്രഖ്യാപിക്കുകയും ചൂഷിതരും പീഡിതരുമായ സ്ത്രീകൾക്ക് വിമോചനവും മഹത്വവും കല്പിച്ചരുളുകയും ചെയ്ത കരുണാവാരിധിയാണ് അവിടന്ന്.
പുതിയ കാഴ്ചപ്പാടുകൾ
ധനം, അധികാരം, സെക്സ്, കുടുംബം മുതലായവയ്ക്ക് യേശു പുതിയ വ്യാഖ്യാനം നൽകി. ധനത്തിന്റെ ഉടമസ്ഥൻ ദൈവമാണ്; മനുഷ്യൻ കാര്യസ്ഥൻ മാത്രം. അതിനാൽ സന്പത്ത് പാവപ്പെട്ടവരുമായി പങ്കുവച്ചേതീരു. ധനാസക്തി വരുത്തുന്ന അപകടത്തെപ്പറ്റി ഇത്ര ഗൗരവമായി പഠിപ്പിച്ച മറ്റൊരു ഗുരുവുമില്ല. അധികാരം ആധിപത്യം ചെലുത്താനുള്ളതല്ല, വിനീതമായ ശുശ്രൂഷയ്ക്കു വേണ്ടിയുള്ളതാണ്.
സ്നേഹത്തിനും ജീവനും ശുശ്രൂഷചെയ്യാൻ ദൈവം സ്ത്രീക്കും പുരുഷനും നൽകിയ മഹാദാനമാണ് സെക്സ്. എന്നാൽ ആസക്തിയോടുകൂടിയ നോട്ടം (മത്താ 5:27) സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തെ ഭോഗവസ്തുവും വിപണനച്ചരക്കുമാക്കി മാറ്റും.
വിശ്വസ്തതയിലും അഭേദ്യതയിലുമധിഷ്ഠിതമായ ഭാര്യാഭർതൃബന്ധത്തിൽനിന്നാണ് നല്ല കുടുംബം പിറന്നുവീഴുന്നത്. സാബത്ത് നിയമങ്ങൾ ലംഘിച്ച് തിന്മചെയ്തപ്പോഴും ക്ഷാളന നിയമങ്ങൾ ലംഘിച്ച് ആന്തരിക വിശുദ്ധിയുടെ പ്രാധാന്യം എടുത്തുകാട്ടിയപ്പോഴും മനുഷ്യന്റെ ശ്രേഷ്ഠതയ്ക്കാണ് അവിടന്ന് പ്രാധാന്യം നൽകിയത്.
സംഘർഷം
യേശുവിന്റെ നവദർശനങ്ങളും കാഴ്ചപ്പാടുകളും പ്രവർത്തനശൈലിയും അധികാരിവർഗത്തെ വിറളിപിടിപ്പിച്ചു. ദേവാലയം അശുദ്ധമാക്കി, പാവപ്പെട്ട തീർഥാടകരെ ചൂഷണംചെയ്ത് കൊള്ളലാഭം കൊയ്യുകയും പുരോഹിത പ്രമാണികൾക്ക് ലാഭവിഹിതം നൽകുകയും ചെയ്ത വാണിഭക്കാരെ യേശു ചാട്ടവാറേന്തി അധികാരപൂർവം പുറത്താക്കി. ഇതു ചെയ്യാൻ അധികാരമുണ്ടെന്നതിന് അടയാളം കാണിക്കാൻ ആവശ്യപ്പെട്ട പുരോഹിതരോട് യേശു പറഞ്ഞു: "നിങ്ങൾ ഈ ആലയം തകർക്കുവിൻ. ഞാനത് മൂന്നുദിവത്തിനകം പുനരുദ്ധരിക്കും.'
ഈ വാക്യം പ്രവാചകപരമായ ഐറണിയാണ്. ദേവാലയം തകർക്കാനല്ല യേശു ആവശ്യപ്പെട്ടത്. മറിച്ച് യഹൂദർ തങ്ങളുടെ അനീതിപരമായ പ്രവൃത്തികളിലൂടെ ദേവാലയം തകർത്തുകഴിഞ്ഞിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയാണ് ചെയ്തതത്.
നീതിയും ധർമവുമില്ലാത്തിടത്ത് ദേവാലയമില്ല. അതു നിലംപൊത്തിക്കഴിഞ്ഞു. യേശുവിന്റെ മരണവും ഉത്ഥാനവും വിശ്വവ്യാപകമായ പുതിയ ദേവാലയത്തെ പടുത്തുയർത്തും. നീതിക്കും ധർമത്തിനുംവേണ്ടി നിലകൊള്ളുന്നവരൊക്കെ ഈ പുതിയ ദേവാലയം പണിയുന്നവരാണ്.
യേശുവിന്റെ നീതിക്കും ധർമത്തിനും വേണ്ടിയുള്ള പോരാട്ടവും കരുണാർദ്രമായ പ്രവർത്തനങ്ങളും അധികാരവർഗത്തിന്റെ അഴിമതിക്കെതിരായ ഗർജനങ്ങളും പാവങ്ങളുടെ പക്ഷംചേർന്നുള്ള പ്രവർത്തനശൈലിയുമാണ് അവിടത്തെ കുരിശിലേക്കു നയിച്ചത്.
പീലാത്തോസ് യേശുവിനെ വിധിക്കുന്ന രംഗം ഐറണിയിൽ കുതിർന്ന ഹാസ്യത്തോടെ യോഹന്നാൻ രേഖപ്പെടുത്തുന്നു (19:13). ""പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന് ഗബാത്താ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ന്യായാസനത്തിൽ ഇരുന്നു.'' "എക്കാത്തിസെൻ' എന്ന ഗ്രീക്കു ക്രിയാപദമാണ് "ഇരുന്നു' എന്നു വിവർത്തനംചെയ്തിരിക്കുന്നത്.
ഈ ക്രിയയ്ക്ക് രണ്ട് അർഥങ്ങളുണ്ട്: "ഇരുന്നു' എന്നും "ഇരുത്തി' എന്നും. "ഇരുത്തി' എന്ന അർഥത്തിലെടുത്താൽ പീലാത്തോസ് യേശുവിനെ ന്യായാസനത്തിൽ ഇരുത്തി എന്നു നാം വായിക്കേണ്ടിവരും. വാസ്തവത്തിൽ ഇതാണ് സുവേശഷകൻ ഉദ്ദേശിക്കുന്നത്.
പീലാത്തോസല്ല, നിത്യവിധിയാളനും രാജാധിരാജനുമായ ക്രിസ്തുവാണ് ന്യായാസനത്തിലിരുന്ന് പീലാത്തോസ് പ്രതിനിധാനംചെയ്യുന്ന അനീതിയുടെ ഭരണകൂടങ്ങളെയും കയ്യാഫാസ് പ്രതിനിധാനംചെയ്യുന്ന അഴിമതിയുടെ മതസംവിധാനങ്ങളെയും വിധിക്കുന്നത്.
യുദ്ധത്തിന്റെ കാലുഷ്യംനിറഞ്ഞ വിച്ഛിന്നവും വിഭ്രമാത്മകവുമായ ദശാസന്ധിയിൽ, ധർമത്തിന്റെ അവസാന വെളിച്ചവും കെട്ടുപോയ ഈ അന്ധകാരാവൃത ലോകത്തെ തന്റെ വചനമാകുന്ന വാളാൽ വിധിച്ചുകൊണ്ട് ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തു നീതിപീഠത്തിൽ ഇരിക്കുന്പോൾ സാമ്രാജ്യത്വവാദികളും മതരാഷ്ട്രവാദികളും ഒരുപോലെ ഞെട്ടിവിറയ്ക്കുമെന്നതിൽ തെല്ലും സംശയംവേണ്ട.
നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും പാവപ്പെട്ടവരും മരിച്ചുവീഴുന്പോൾ, അവരുടെ രക്തം ഭൂമിയിൽനിന്നു നിലവിളിക്കുന്പോൾ "ധർമപുരാണ'ത്തിലെ സിദ്ധാർഥനെപ്പോലെ "യുദ്ധം ആർക്കുവേണ്ടി' എന്ന് ഉച്ചത്തിൽ ആക്രോശിക്കാൻ യേശുവിന്റെ കുരിശ് നമുക്ക് പ്രേരണയായെങ്കിൽ!
പുതുജീവൻ
നീതിക്കും ധർമത്തിനും വേണ്ടിയുള്ള പോരാട്ടമാണ് യേശുവിനെ കുരിശിലെത്തിച്ചതെങ്കിലും അവിടത്തെ കുരിശുമരണം സകല മനുഷ്യർക്കും രക്ഷ പ്രദാനംചെയ്യാനുള്ള ദൈവികപദ്ധതിയുടെ നിറവേറലായിരുന്നു. ലോകത്തിന്റെ പാപം വഹിക്കുന്ന കുഞ്ഞാടായിട്ടാണ് അവിടന്ന് കുരിശിൽ മരിക്കുന്നത്.
അവിടത്തെ കുരിശുമരണം പാപപരിഹാര ബലിയായിരുന്നു. ഏശയ്യായുടെ സഹനദാസനെക്കുറിച്ചുള്ള പ്രവചനമാണ് ക്രിസ്തുവിന്റെ കുരിശുമരണത്തിൽ നിറവേറിയത് (ഏശ 52:13-54:12). മാനവകുലത്തിന് പാപദാസ്യത്തിൽനിന്നുള്ള വീണ്ടെടുപ്പും സൗജന്യമായ നീതിവത്കരണവും (റോമ 3:21-26) പുതുജീവനും നേടിത്തന്ന ഉത്ഥാനത്തിന്റെ പ്രഭവിതറുന്ന കുരിശ് ചരിത്രത്തിന്റെ കേന്ദ്രത്തിൽ വിജയക്കൊടി പാറിച്ച് അക്ഷയതേജസോടെ ജ്വലിച്ചു നിൽക്കുകയാണ്. കുരിശിന് നമോവാകം.
SUNDAY DEEPIKA
മഹാനായ മലയാളിയും മഹത്തായ വലിയപാഠാരംഭവും
ഡോ. തോമസ് മൂലയിൽ
പേജ്: 192 വില: ₹ 290
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
ഹെർമൻ ഗുണ്ടർട്ടിന്റെ "വലിയ പാഠാരംഭം' എന്ന ഒന്നര നൂറ്റാണ്ടു പഴക്കമുള്ള പുസ്തകത്തിന്റെ പുനരവതരണം. മലയാളത്തിന്റെ എഴുത്ത്, അച്ചടി എന്നിവയുടെ വികാസ പരിണാമങ്ങളുടെ പഠനം.
വിശുദ്ധ പുണ്യാത്മാക്കൾ
ഫാ. അഗസ്റ്റിൻ പുന്നശ്ശേരി എംസിബിഎസ്
പേജ്: 208 വില: ₹ 275
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500
തിരുസഭയിലെ ഏതാനും വിശുദ്ധാ ത്മാക്കളെക്കുറിച്ച് ആഴത്തിൽ അറിവുപകരുന്ന ഗ്രന്ഥം. പ്രധാനപ്പെട്ട തിരുനാളുകളെക്കുറിച്ചും പ്രതിപാദി ക്കുന്നു. വായനക്കാർക്ക് പ്രചോദനം നൽകുന്ന ഉള്ളടക്കം.
ഡിജിറ്റൽ വെൽനസ്
ജോസഫ് കുന്പുക്കൽ
പേജ്: 140 വില: ₹ 250
പബ്ലിക്കേഷൻ ഡിവിഷൻ, എസ്എച്ച് കോളജ്, തേവര. ഫോൺ: 9446144836
സാങ്കേതികവിദ്യയുടെ അടിമയാകാതെ എങ്ങനെ അതിന്റെ യജമാനനാകാമെന്ന് ശാസ്ത്രീയമായി ചർച്ചചെയ്യുന്ന പുസ്തകം. പുതുതലമുറയ്ക്ക് ഒരു ഉണർത്തുപാട്ട്.
സീറോമലബാർ സഭയുടെ തനിമ
ഫാ.ഡോ. ജോസ് ആലഞ്ചേരി
പേജ്: 192 വില: ₹ 210
മധ്യസ്ഥൻ ബുക്സ്, ചങ്ങനാശേരി
ഫോൺ: 0481 2410101
സീറോമലബാർ സഭയുടെ ആരാധനാക്രമത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള വിശകലനം. സഭയെ കൂടുതൽ അറിയാനും സ്നേഹിക്കാനും വിലമതിക്കാനും പ്രചോദനമാകുന്നു.
SUNDAY DEEPIKA
ചൊവ്വ, മനുഷ്യനെന്നും അദ്ഭുതഗ്രഹമാണ്! ആ ചുവന്നഗ്രഹം കേന്ദ്രീകരിച്ചു നിരവധി പഠനങ്ങളാണു നടക്കുന്നത്. ഭാവിയിൽ ചൊവ്വയിൽ മനുഷ്യവാസം സാധ്യമാണോ എന്നുപോലും ഗവേഷണം നടക്കുന്ന കാലം കൂടിയാണിത്.
ഇപ്പോൾ നാസയുടെ പെഴ്സിവിയറൻസ് റോവർ, ചൊവ്വയുടെ ഉപരിതലത്തിലൂടെ നദിയൊഴുകിയിരുന്നതായി കണ്ടെത്തിയതിനുപിന്നാലെ, ചുവന്ന ഗ്രഹം വീണ്ടും ശാസ്ത്രലോകത്തു വലിയ ചർച്ചയാകുകയാണ്.
ചൊവ്വയുടെ ഉപരിതലത്തിലെ വലിയ ഗർത്തമായ ജെസീറോ ക്രേറ്ററിൽ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു ജലസമൃദ്ധമായ പരിസ്ഥിതി നിലനിന്നിരുന്നു എന്നാണ് നാസയുടെ കണ്ടെത്തൽ.
ഉപരിതലമേഖലയ്ക്കുതാഴെ മറഞ്ഞുകിടക്കുന്ന പുരാതന നദീതടത്തിന്റെ അവശിഷ്ടങ്ങളാണ് റോവറിലെ അത്യാധുനിക ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ചൊവ്വയുടെ ഭൂതകാലത്തെക്കുറിച്ചും അവിടെ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകുന്നതാണ് ഈ കണ്ടെത്തൽ.
ജെസീറോ ക്രേറ്ററിലൂടെ ഏകദേശം 6.1 കിലോമീറ്റർ സഞ്ചരിച്ച റോവർ, ഉപരിതലത്തിന് 35 മീറ്റർ താഴെയുള്ള ഘടനകളാണു വിശകലനം ചെയ്തത്. ഏകദേശം 370 കോടി മുതൽ 420 കോടി വർഷംവരെ പഴക്കമുള്ളതാണ് ഈ ഡെൽറ്റ എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
ചൊവ്വയുടെ രൂപീകരണത്തിന് തൊട്ടുപിന്നാലെയുള്ള കാലഘട്ടത്തിൽ ഈ പ്രദേശം ഒരു വലിയ തടാകമായിരുന്നു എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. റോവറിലെ "റിംഫാക്സ്’ എന്ന ഉപകരണം ഉപയോഗിച്ച് ഭൂമിക്കടിയിലേക്ക് അയച്ച റഡാർ തരംഗങ്ങളുടെ സഹായത്തോടെയാണ് ഇതിന്റെ ത്രിമാന ചിത്രം തയാറാക്കിയത്.
ഒരു നദി വലിയൊരു ജലാശയത്തിലേക്കു പതിക്കുമ്പോൾ അടിഞ്ഞുകൂടുന്ന മണ്ണും മണലും ചേർന്നാണ് ഡെൽറ്റകൾ രൂപപ്പെടുന്നത്. ഭൂമിയിലെ ഇത്തരം നദീതടങ്ങൾ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളാണ്.
അതുകൊണ്ട്, ചൊവ്വയിലെ ഈ പുരാതന ഡെൽറ്റയിൽ പണ്ടു ജീവന്റെ അടയാളങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകാം. ചൊവ്വയിൽ ഒരുകാലത്തു ജലം ദ്രാവകാവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്ന അന്തരീക്ഷവും താപനിലയും ഉണ്ടായിരുന്നു എന്നതിലേക്കാണു പുതിയ കണ്ടെത്തൽ വിരൽചൂണ്ടുന്നത്.
നേരത്തേ നടന്ന ഗവേഷണങ്ങളിലും ചൊവ്വയുടെ വിവിധ ഭാഗങ്ങളിൽ ജലമുണ്ടായിരുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ചൈനയുടെ "സുറോംഗ്’ റോവറും സമാനമായ രീതിയിൽ പുരാതന സമുദ്രതീരത്തിന്റേതെന്നു കരുതുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു.
ഓരോ പുതിയ കണ്ടെത്തലും ചുവന്ന ഗ്രഹത്തിന്റെ അതിസങ്കീർണമായ ചരിത്രത്തിലേക്കും, അവിടെ ജീവൻ നിലനിന്നിരുന്നോ എന്നതിന്റെ ഉത്തരത്തിലേക്കുമുള്ള ഗവേഷകരുടെ ദൂരം കുറയ്ക്കുകയാണ്.
SUNDAY DEEPIKA
കേണൽ ജൂലിയൻ തികഞ്ഞ മതിപ്പോടെ ഫ്രാങ്കിനു കൈകൊടുത്തിട്ടു പറഞ്ഞു: ""വെരി ഗുഡ്. അഡ്രസ് സംഘടിപ്പിച്ചല്ലോ. ബഹുസമർഥനാണ് താങ്കൾ.''
""ലണ്ടന്റെ വടക്ക് ബാർനെറ്റ് എന്ന സ്ഥലത്തിനടുത്താണ്. ഫോണ്‍ നന്പർ ഇല്ല.''
""ഇത്രയും കിട്ടിയല്ലോ. ഫ്രാങ്കിനെ മാത്രമല്ല മിസിസ് ഡാൻവേഴ്സിനെയും ഇക്കാര്യത്തിൽ ഞാൻ അഭിനന്ദിക്കുന്നു. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിസിസ് ഡാൻവേഴ്സിന് എന്തെങ്കിലും പറയാൻ കഴിയുമോ?''
""ഇല്ല സർ. റെബേക്കയ്ക്ക് ഒരിക്കലും ഒരു ഡോക്ടറുടെ സേവനം ആവശ്യം വന്നിട്ടില്ല. ഒരിക്കൽ അവളുടെ കൈ ഉളുക്കിയപ്പോൾ കെരിത്തിലെ ഡോക്ടർ ഫിലിപ്സിനെയാണ് കണ്ടത്. ഡോക്ടർ ബേക്കറിനെപ്പറ്റി ഒരിക്കൽപ്പോലും എന്നോടു പറഞ്ഞിട്ടില്ല.''
ഉടനെ ഫാവെൽ പറഞ്ഞു: ""ഇയാൾ ആരാണെന്നറിഞ്ഞിട്ടു നമുക്കിവിടെ എന്താ കാര്യം? ഇയാൾ ഒരുപക്ഷേ മുഖത്തുപുരട്ടുന്ന ക്രീമോ മുടി കറുപ്പിക്കുന്ന ഏതെങ്കിലും സുഗന്ധതൈലമോ പുതുതായി കണ്ടുപിടിച്ച ആളായിരിക്കും. കേശാലങ്കാരത്തിനു ചെന്നപ്പോൾ റെബേക്ക അതറിഞ്ഞുകാണും. കൈയോടെ അതൊന്നു പരീക്ഷിക്കാമെന്നു കരുതി രണ്ടുമണിക്ക് അവിടെ പോയതാവും.''
ഫ്രാങ്ക് അതിനെ എതിർത്തു. ""നിങ്ങൾ പറഞ്ഞത് തെറ്റാണ്. അഡ്രസ് പറഞ്ഞുതന്ന ആളു പറഞ്ഞത് ഡോക്ടർ പ്രസിദ്ധനായ വനിതാ സ്പെഷലിസ്റ്റാണെന്നാണ്.''
കേണൽ താടിചൊറിഞ്ഞ് ഒന്നു മൂളിക്കൊണ്ടു പറഞ്ഞു: ""അവർക്കു കാര്യമായ എന്തോ പ്രശ്നമുണ്ടാകും. മിസിസ് ഡാൻവേഴ്സിനോടുപോലും പറഞ്ഞിട്ടില്ല എന്നതു ജിജ്ഞാസ വർധിപ്പിക്കുന്നു.''
ഫാവെൽ കൂട്ടിച്ചേർത്തു: ""അവൾ വളരെ മെലിഞ്ഞിരിക്കുന്നതുകണ്ട് ഞാൻ ചോദിച്ചപ്പോൾ അത് അവൾക്കിഷ്ടമാണ് എന്നുപറഞ്ഞ് ചിരിക്കുകയാണ് ചെയ്തത്. ഒരുപക്ഷേ ഡയറ്റ് നിശ്ചയിച്ചുകിട്ടാൻ പോയതാവും.''
""ഈ പറഞ്ഞതു ശരിയാവാൻ വഴിയുണ്ടോ?''
""ഞാനിതുകേട്ട് അന്പരക്കുകയാണ്. എനിക്കിതൊന്നും മനസിലാകുന്നില്ല. എല്ലാം എന്നോടു പറയുന്ന അവൾ ഇത് എന്തുകൊണ്ടു പറഞ്ഞില്ല?''
""അതുപറഞ്ഞു നിങ്ങളെ വിഷമിപ്പിക്കേണ്ട എന്നു തോന്നിക്കാണും. എന്തായാലും റെബേക്ക ഡോക്ടർ ബേക്കറെ അന്നു കണ്ടിട്ടുണ്ട്. അത് ഉറപ്പാണ്.''
""ഈ ഫാവെലിനുള്ള കുറിപ്പിൽ നിന്നെ അത്യാവശ്യമായിട്ടു കാണണം, പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ട് എന്നെഴുതിയിരിക്കുന്നു.''
കേണൽ പറഞ്ഞു: ""ശരിയാണ്. അതെന്ത്, എന്തിന്? സത്യാവസ്ഥ നമുക്കറിയേണ്ടേ?''
ഞാൻ ശ്രദ്ധിച്ചപ്പോൾ മിസിസ് ഡാൻവേഴ്സ് ഫാവെലിനെ രൂക്ഷമായി നോക്കുന്നുണ്ട്. തുടർന്ന് അതേ രൂക്ഷതയോടെ മാക്സിമിനെയും. നാവുകൊണ്ട് ഇടയ്ക്കിടെ ചുണ്ടുനനച്ചുകൊണ്ടുള്ള നോട്ടം. അവരുടെ ഉള്ളിലുള്ള രോഷം ആ കണ്ണുകളിൽ ജ്വലിക്കുന്നുണ്ട്. പക്ഷേ, അവർക്കിനി ഞങ്ങളെ ഒന്നും ചെയ്യാനാവില്ല. അവരുടെ ശക്തി എന്നേ ക്ഷയിച്ചുകഴിഞ്ഞു. മാക്സിം ആ സ്ത്രീയെ ശ്രദ്ധിച്ചേയില്ല.
മാക്സിം കേണലിനോടു ചോദിച്ചു: ""എന്താണ് താങ്കളുടെ അഭിപ്രായം? ഡോക്ടർ ബേക്കറിൽനിന്നു കൃത്യമായ വിവരമറിയാൻ രാവിലെ ഞാൻ കാറെടുത്തു പോയാലോ?''
""ഇയാൾ ഒറ്റയ്ക്ക് അങ്ങനെ പോകാൻ പറ്റില്ല''- ഫാവെൽ പറഞ്ഞു. ""അതറിയാനുള്ള അവകാശം എനിക്കുമുണ്ട്. ഇല്ലേ? ഇയാളോടൊപ്പം ഇൻസ്പെക്ടർ വെൽച്ചിനെ കൂട്ടി അയയ്ക്കാമെങ്കിൽ എനിക്കു പിന്നെ വിരോധമില്ല.''
കേണലിന്റെ മറുപടി: ""ഇക്കാര്യത്തിൽ ഇൻസ്പെക്ടർ വെൽച്ചിന്റെ സേവനം വേണ്ട. അയാളുടെ പരുക്കൻ സമീപനരീതി എനിക്കിഷ്ടമല്ല. ഒരു കാര്യംചെയ്യാം. വിരോധമില്ലെങ്കിൽ മാക്സിമിനോടൊപ്പം ഞാൻ പോകാം. കണ്ടു മടങ്ങുന്നതുവരെ മുഴുവൻ സമയവും ഞാൻ ഒപ്പമുണ്ടാവാം.''
""ശരി. വിരോധമില്ല. പരാതിക്കാരനായ ഞാനും കൂടെ വരും. കാര്യങ്ങൾ എനിക്കും അറിയണമല്ലോ. എന്തു പറയുന്നു?''
""വരുന്നതുകൊണ്ടു വിരോധമൊന്നുമില്ല. പക്ഷേ എനിക്കൊരു നിർബന്ധമുണ്ട്. അവിടെവച്ച് വളരെ മയത്തിലും സമചിത്തത വിടാതെയും സംസാരിക്കണം. പറ്റുമോ?''
""അക്കാര്യത്തിൽ താങ്കൾ പേടിക്കേണ്ട. സമചിത്തതയോടെതന്നെ പെരുമാറും. മൂന്നു മാസത്തിനുള്ളിൽ ഈ മാക്സിമിനെ ജഡ്ജി ശിക്ഷിക്കും. ഡോക്ടർ ബേക്കർ തരുന്ന മൊഴികൾ എന്റെ ആരോപണം തെളിയിക്കും. ശരിവയ്ക്കും.''
ഇതുപറഞ്ഞു ഫാവെൽ ചുറ്റുമുള്ളവരെ നോക്കിയിട്ടു ചിരിച്ചു.
കേണൽ ചോദിച്ചു: ""ശരി. രാവിലെ നമ്മൾ എപ്പോൾ പുറപ്പെടണം? മാക്സിം എപ്പോൾ റെഡിയാവും?''
""എപ്പോൾ വേണമെന്നു പറഞ്ഞോളൂ.''
""കാലത്ത് ഒന്‍പതു മണി.''
""ശരി, ഒന്‍പതു മണി.''
ഫാവെലിന്റെ സംശയം: ""മാക്സിം ആരുമറിയാതെ രാത്രി വാതിൽ തുറന്ന് കാറെടുത്ത് ഒറ്റയ്ക്കു പോയാലോ?''
ബാലിശമായ ഈ സംശയം ഉന്നയിച്ചതിൽ കേണൽ ജൂലിയൻ ഫെവെലിനെ അതൃപ്തിയോടെയും മാക്സിമിനെ നിസഹായതയോടെയും നോക്കി.
ഉടനെ മാക്സിം പറഞ്ഞു: ""മിസിസ് ഡാൻവേഴ്സ്! ഞാനും മിസിസും ഉറങ്ങാൻ പോയാൽ, ബെഡ് റൂമിന്റെ വാതിൽ നിങ്ങൾ പുറത്തുനിന്നു പൂട്ടിക്കോളൂ. രാവിലെ ഏഴു മണിക്കു നിങ്ങൾവന്നു തുറന്നിട്ടു വിളിച്ചാൽ മതി.''
കേണൽ ഒന്നു പുഞ്ചിരിച്ചു: ""ഇനി ചർച്ചചെയ്യാൻ വേറൊന്നുമില്ലെന്നു തോന്നുന്നു. രാവിലെ കൃത്യം ഒന്‍പതു മണിക്ക് ഞാനെത്തും. നിങ്ങളുടെ കാറിൽ എനിക്കും സ്ഥലം തരണം.''
""തീർച്ചയായും. ഫാവെൽ അയാളുടെ കാറിൽ നമ്മുടെ പിറകേ എത്തിക്കൊള്ളും.''
ഒരറ്റത്തുനിൽക്കുന്ന എന്റെ അടുത്തേക്ക് കേണൽ വന്നു. എന്റെ കൈയെടുത്തു പിടിച്ച് ഗുഡ്നൈറ്റ് പറഞ്ഞു. ""ഇങ്ങനെയെല്ലാം സംഭവിക്കുന്നതിൽ നിങ്ങൾ അനുഭവിക്കുന്ന മനോവിഷമം ഞാൻ നന്നായി മനസിലാക്കുന്നുണ്ട്. സാരമില്ല. എല്ലാം നന്മയ്ക്കാവും.''
കേണൽ ജൂലിയൻ ഇറങ്ങി. യാത്രയാക്കാൻ ഒപ്പം ഫ്രാങ്കും പോയി. ഫാവെൽ കുനിഞ്ഞു സിഗരറ്റിന്റെ പെട്ടി തുറന്ന് അതിൽനിന്നു പാക്കറ്റിലേക്കു സിഗരറ്റുകൾ നിറച്ചശേഷം ഗുഡ്ബൈ പറഞ്ഞു. മിസിസ് ഡാൻവേഴ്സിനോട് ""ഡാനീ! മുറി പൂട്ടാൻ മറക്കരുത്'' എന്നുപറഞ്ഞു പുറത്തേക്കു പോയി. പിറകേ ആ സ്ത്രീയും മുറിവിട്ടു പോയി.
മുറിയിൽ ഞാനും മാക്സിമും തനിച്ചായി. മാക്സിം ജനാലയ്ക്കരികേ ചിന്താമൂകനായി നിൽക്കുകയാണ്. എന്റെയടുത്തേക്ക് വരുന്നില്ല. ജാസ്പർ ഹാളിൽനിന്നു ചാടിക്കുതിച്ചെത്തി. ഉച്ചമുതൽ അതിനെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അതെന്റെ പാവാടയുടെ തുന്പു കടിച്ചും തുള്ളിച്ചാടിയും സ്നേഹം പ്രകടിപ്പിച്ചു.
ഞാൻ മാക്സിമിനോടു പറഞ്ഞു: ""രാവിലെ ഞാനും കൂടെ വരുന്നുണ്ട് ലണ്ടനിലേക്ക്.''
""ശരി. നമുക്കൊരുമിച്ചു പോകാം.''
ഫ്രാങ്ക് മുറിയിലേക്കു തിരിച്ചുവന്നു. ""അവരെല്ലാം പോയി. അത്യാവശ്യമായി ഇനിയെന്തെങ്കിലും ചെയ്യാനുണ്ടോ?''
""ഒന്നുമില്ല. ഉണ്ടെങ്കിൽ അറിയിക്കാം. ഫ്രാങ്ക് പൊയ്ക്കോളൂ.''
ഗുഡ്നൈറ്റ് പറഞ്ഞു ഫ്രാങ്ക് പോയി. വാതിലടച്ചു.
ഞാൻ നിൽക്കുന്നിടത്തേക്ക് മാക്സിം വന്നു. ഞാൻ ഇരു കരങ്ങളും നീട്ടി. ഒരു കുഞ്ഞിനെപ്പോലെ മാക്സിം എന്റെ കരവലയത്തിലേക്ക്. ഞാൻ വട്ടം കെട്ടിപ്പുണർന്നു. അല്പനേരത്തേക്ക് മാക്സിം ഒന്നും മിണ്ടിയില്ല. കരവലയത്തിൽനിന്നു സ്വതന്ത്രനായി എന്നെ ഗാഢമായി ചുംബിച്ചു. ഞാൻ പലതുംപറഞ്ഞ് മാക്സിമിനെ ആശ്വസിപ്പിച്ചു.
""നാളെ നിന്നെ അടുത്തിരുത്തി നമുക്കൊരുമിച്ചു പോകാം.''
""സന്തോഷം.''
""നാളെ രാത്രിയും അവിടെ തങ്ങാം. ഡോക്ടർ ബേക്കർ എവിടെയാണെന്നന്വേഷിച്ച്, ആ സ്ഥലത്തുപോയി അദ്ദേഹത്തെ കണ്ടുപിടിച്ച്, കാര്യങ്ങൾ ചോദിച്ചറിയാൻ സമയം കുറേയെടുക്കും. അതിനിടയ്ക്ക് പ്രഗത്ഭനായ അഡ്വക്കേറ്റ് ഹേസ്റ്റിംഗ്സിനെ ഒന്നു കാണാൻ ശ്രമിക്കണം. അദ്ദേഹത്തിന് എന്റെ ഫാദറിനെയും അറിയാം.''
""ശരി.''
""ഉണ്ടായ സംഭവം അതേപടി അദ്ദേഹത്തോടു തുറന്നുപറയാം. കേസ് വാദിക്കാൻ അതാണ് ഗുണംചെയ്യുക.''
വാതിലിൽ മുട്ടുകേട്ട് ഞാൻ വാതിൽ തുറന്നു. ഫ്രിത്ത് പറഞ്ഞു: ""ഡിന്നർ റെഡിയായിട്ടുണ്ട് സർ.''
ഈ സമയത്ത് ഫോണ്‍ ബെല്ലടിച്ചു. ഞാൻ പോയി അറ്റൻഡ് ചെയ്തു.
""ഹലോ! ങാ!... ബിയാട്രീസ്.''
""രണ്ടുമൂന്നുവട്ടം ഞാൻ വിളിച്ചു. എപ്പോഴും എൻഗേജ്ഡ്... കേസിന്റെ വിധി, എനിക്കും ഗൈൽസിനും അത് വല്ലാത്ത ഷോക്കായി. മാക്സിം എന്തു പറയുന്നു?''
""എല്ലാവർക്കും ഷോക്കായിരിക്കുകയാണ്.''
""ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത ഒരു നശിച്ച വിധി. ഇന്നത്തെ ഈവനിംഗ് പത്രത്തിൽ വിസ്തരിച്ചു വാർത്ത വന്നിട്ടുണ്ട്. ഇതു വല്ലാത്ത നാണക്കേടായി. നമുക്കു മാത്രമല്ല നമ്മുടെ കുടുംബത്തിനും ചീത്തപ്പേരായി.''
""കേണൽ ജൂലിയനും മറ്റും ഇവിടെയുണ്ടായിരുന്നു. അദ്ദേഹം മജിസ്ട്രേറ്റാണ്. വേണ്ടതെല്ലാം മാക്സിം ചെയ്യുന്നുണ്ട്. വേണ്ട... വേണ്ട... ഇങ്ങോട്ടു വരേണ്ട ആവശ്യമില്ല. ശരി ഞാൻ പിന്നീട് അങ്ങോട്ടു വിളിക്കാം.''
ഫോണ്‍ വച്ചു. വിശേഷങ്ങൾ മാക്സിമിനോട് പറഞ്ഞുകൊണ്ടിരിക്കുന്പോൾ വീണ്ടും ഫോണിന്റെ തുടർച്ചയായുള്ള ബെല്ലടി. അതവിടെ കിടന്ന് അടിക്കട്ടെ. ഞാനത് അറ്റൻഡ് ചെയ്യാൻ പോയില്ല.
(തുടരും)
SUNDAY DEEPIKA
മനുഷ്യജീവിതത്തിലെ നിശബ്ദസത്യങ്ങളെ അതീവഹൃദ്യമായി അവതരിപ്പിച്ചിട്ടുള്ള പോർച്ച്ഗീസ് നോവലിസ്റ്റാണ് ജൊസെ സാരമാഗോ. 1922ൽ ജനിച്ച അദ്ദേഹം ടെക്നിക്കൽ സ്കൂളിൽ പഠിച്ച് കാർ മെക്കാനിക്കായി ജോലി ആരംഭിച്ചു.
പിന്നീട് സിവിൽ സെർവന്റായും ജേർണലിസ്റ്റായും പ്രവർത്തിച്ചു. ഒരു ദിനപ്പത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്ന പദവിവരെ എത്തിയ അദ്ദേഹം, പിന്നീട് ആ പദവിയിൽനിന്നു പിരിച്ചുവിടപ്പെട്ടു. അതേത്തുടർന്നാണ് അദ്ദേഹം സാഹിത്യരചനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.
1998ലെ നൊബേൽ പുരസ്കാരത്തിന് അർഹനായ സാരമാഗോയുടെ പ്രസിദ്ധമായ ഒരു നോവലാണ് "ബ്ലൈൻഡ്നെസ്.' ഈ നോവലിലെ കഥയനുസരിച്ച്, ഒരു നഗരത്തിലെ ആളുകൾക്ക് വിചിത്രമായ രീതിയിൽ അന്ധത ബാധിക്കുന്നു.
ഒരാൾ റോഡിലൂടെ നടന്നുപോകുന്പോൾ പെട്ടെന്ന് ഒന്നും കാണാൻ കഴിയാത്ത അവസ്ഥയിലാകുന്നു. പിന്നാലെ അതേ അന്ധത മറ്റുള്ളവരിലേക്കും പടരുന്നു. ദിവസങ്ങൾക്കുള്ളിൽ ആ നഗരത്തിലെ അനേകംപേർക്ക് കാഴ്ച നഷ്ടപ്പെടുന്നു.
പുതിയ രോഗബാധകണ്ട് അന്ധാളിച്ച ഗവണ്മെന്റ് രോഗബാധിതരെ മുഴുവൻ ഒരു വലിയ കെട്ടിടത്തിൽ അടച്ചുപൂട്ടി അവിടെ താമസിപ്പിച്ചു.
അവിടത്തെ താമസത്തിനിടയിൽ അവരുടെ തനിസ്വഭാവം പുറത്തുവരാൻ തുടങ്ങി. ചിലർ സ്വാർഥമായും ക്രൂരമായും പെരുമാറി. എന്നാൽ മറ്റുചിലരാകട്ടെ കരുണയോടെയും സ്നേഹത്തോടെയുമായിരുന്നു മറ്റുള്ളവരോടു ബന്ധപ്പെട്ടത്.
ഈ കഥയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രമുണ്ട്. അത് രോഗികളെ ചികിത്സിക്കുന്ന ഡോക്ടറുടെ ഭാര്യയാണ്. പേരില്ലാത്ത ഈ കഥാപാത്രത്തിനു കാഴ്ച നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ ആ സ്ത്രീ ഇക്കാര്യം മറ്റാരോടും പറയുന്നില്ല. അന്ധരായ ആളുകളെ സഹായിക്കാനും അവരെ നയിക്കാനും ആ സ്ത്രീ അവരോടൊപ്പം തുടരുന്നു. അതിനിടയിൽ അന്ധകാരത്തിൽ കഴിയുന്ന അവിടെയുള്ള മനുഷ്യരുടെ ദുർബലതയും മഹത്വവും ആ സ്ത്രീക്ക് ദർശിക്കാൻ സാധിക്കുന്നു.
ഈ കഥ തൽക്കാലം ഇവിടെ നിൽക്കട്ടെ. നമ്മുടെ ജീവിതത്തിൽ പലപ്പോഴും നാം അറിയാതെ ഇരുട്ട് കടന്നുവരാറുണ്ട്. അതു രോഗമായിരിക്കാം. സാന്പത്തികനഷ്ടമായിരിക്കാം. നിരാശയായിരിക്കാം. അല്ലെങ്കിൽ ഏതെങ്കിലും വലിയ പ്രതിസന്ധിയായിരിക്കാം. അപ്പോൾ നാം അറിയാതെ ചോദിച്ചുപോകും: എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്?
എന്നാൽ ജീവിതത്തിന്റെ അദ്ഭുതകരമായ ഒരു സത്യം എന്താണെന്നോ? പലപ്പോഴും ആ ഇരുൾമൂടുന്പോഴാണ് ജീവിതത്തിന്റെ അർഥം എന്താണെന്ന് നാം തിരിച്ചറിയുക. നോന്പ് ആചരണത്തിന്റെ പിൻബലത്തോടെ വലിയ ആഴ്ചയിലേക്കു കടക്കുന്പോൾ ഈ യാഥാർഥ്യമാണ് നമ്മുടെ മുന്നിൽ കൂടുതലായി ചുരുളഴിയുക.
ദൈവപുത്രനായ യേശു ഒരു കഴുതപ്പുറത്ത് ജറൂസലെം നഗരത്തിലേക്ക് കടന്നുചെന്നപ്പോൾ, ജനം ഓശാന വിളികളോടെ അവിടത്തെ ആവേശപൂർവം സ്വീകരിച്ചു. ""ഓശാന. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ'' (മാർക്കോ 11:9), ജനം ആർത്തുവിളിച്ചു. അതു വലിയ സന്തോഷത്തിന്റെ ദിനമായിരുന്നു. എന്നാൽ ചുരുക്കം ദിനങ്ങൾക്കുശേഷം അതേ നഗരത്തിൽ ജനം ആക്രോശിച്ചു: ""അവനെ ക്രൂശിക്കൂ.. അവനെ ക്രൂശിക്കൂ...''
ഓശാന ഞായറാഴ്ച ആരംഭിച്ച യേശുവിന്റെ യാത്ര അവിടത്തെ എത്തിച്ചത് ദുഃഖവെള്ളിയുടെ ഇരുട്ടിലേക്കായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കൂരിരുട്ടിന്റെ നിമിഷങ്ങളായിരുന്നു യേശുവിന്റെ കുരിശുമരണം. എന്നാൽ ഈ കൂരിരുളിലാണ് ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹം വെളിപ്പെട്ടത്. മനുഷ്യവംശത്തെ പാപത്തിന്റെ ദാസ്യത്തിൽനിന്നു രക്ഷിക്കാനായി സ്വന്തം പുത്രനെ കുരിശുമരണത്തിനു വിട്ടുകൊടുത്ത പിതാവായ ദൈവത്തിന്റെ സ്നേഹം.
ദൈവവചനം പറയുന്നു: ""ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല'' (യോഹ 1:5). തന്മൂലമാണ് ദുഃഖവെള്ളിയുടെ ഇരുളിനുശേഷം ഈസ്റ്റർ പ്രഭാതം ഉദയംചെയ്തത്. ജീവിതത്തിൽ ഇരുട്ടുവീഴുന്പോൾ ഓർമിക്കേണ്ട കാര്യമാണിത്. ദൈവത്തിന്റെ മക്കളായ നമ്മുടെ ജീവിതത്തിൽ ഇരുട്ടുവീണാലും അതു നമ്മെ കീഴടക്കുമെന്നു ഭയപ്പെടേണ്ട. കാരണം എത്ര കൂരിരുട്ടിനിടയിലും വെളിച്ചംപകരുന്നവനാണ് നമ്മുടെ ദൈവം.
ഇംഗ്ലീഷ് കവിയായ ടി.എസ്. എലിയട്ട് ഒരിടത്ത് ഇപ്രകാരം പറയുന്നു: ""ഇരുട്ടിലൂടെ കടന്നുപോകാതെ വെളിച്ചത്തിന്റെ അർഥം മനുഷ്യനു മനസിലാവുകയില്ല.'' പ്രകൃതിയിൽ ഇതേ സത്യം നാം കാണുന്നു. മണ്ണിന്റെ ഇരുണ്ട അടിത്തട്ടിൽ വിത്ത് അടക്കംചെയ്യപ്പെടാതെ ഒരു ചെടിയായി അത് മുളച്ചുവരികയില്ല. രാത്രിയുടെ ഇരുട്ടിനു ശേഷമാണല്ലോ പ്രഭാതം വരുന്നത്.
ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങൾ നമ്മെ തകർക്കാനുള്ളവയല്ല. പ്രത്യുത അവ നമ്മെ നല്ല രീതിയിൽ രൂപപ്പെടുത്താനുള്ളതാണ്. അതുകൊണ്ട് ജീവിതത്തിൽ ഇരുട്ടു വരുന്പോൾ അതു ശാപമായി കരുതേണ്ടതില്ല. കാരണം അത് നമ്മെ രക്ഷിക്കുന്ന വെളിച്ചത്തിലേക്കുള്ള വഴിതന്നെയായിരിക്കും.
ഇനി നോവലിലെ കഥയിലേക്കു മടങ്ങിവരട്ടെ. അന്ധരായിത്തീർന്നവരെല്ലാവരും ഒരുദിവസം പെട്ടെന്ന് അവരുടെ കാഴ്ചശക്തി വീണ്ടെടുക്കുന്നതോടെയാണ് കഥ അവസാനിക്കുന്നത്. ഇതൊരു അദ്ഭുതംതന്നെ. എന്നാൽ അതെങ്ങനെ സംഭവിച്ചു എന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നില്ല.
ദുഃഖവെള്ളി പടർത്തിയ കൂരിരുൾ എങ്ങനെയാണ് ഈസ്റ്റർ പ്രഭാതത്തിൽ അപ്രത്യക്ഷമായതെന്നു നമുക്കറിയാം. അതു ദൈവത്തിന്റെ ഇടപെടലായിരുന്നു. ജീവിതത്തിൽ കൂരിരുൾ വീഴാനിടയായാൽ അതു മാറി വെളിച്ചത്തിലേക്കു നയിക്കുന്ന ദൈവമാണ് നമ്മോടൊപ്പമുള്ളതെന്ന് മറക്കാതിരിക്കാം.
SUNDAY DEEPIKA
ഡോ. റാൽഫ് എഫ്. വിൽസൺ എഴുതിയ 'ഓശാനയുടെ ദൃക്സാക്ഷി: രാജകീയപ്രവേശം' (Eyewitness to Palm Sunday: The Triumphal Entry) എന്ന കഥയുടെ സ്വതന്ത്രാവിഷ്കാരം.
ഞാൻ യാക്കോബ്. ബെത്ഫാഗേയിലെ എന്റെ വീട്ടിലേക്ക് ഇവിടെനിന്നു സുമാർ രണ്ടു മൈൽ ദൂരമേയുള്ളു. ഒലിവുമല കടന്നു ബഥാനിയായിലേക്കു പോകുന്നവഴിയിലുള്ള ചെറിയ ഗ്രാമം. ഞാനിപ്പോൾ ജറൂസലെമിലെത്തിയത് വിശ്വസിക്കാനാകാത്ത ഒരു കാര്യം അറിഞ്ഞാണ്. പക്ഷേ, അപ്പോഴേക്കും വൈകി. കേട്ടതു ശരിയാണ്. ഗൊൽഗോഥായിൽനിന്നുള്ള വഴിയേ പട്ടണത്തിലേക്കു വന്നവരാണു പറഞ്ഞത്, യേശുവിനെ ഗാഗുൽത്തായിലേക്കു കൊണ്ടുപോയെന്ന്.
പെട്ടെന്ന് എന്റെ തലമുടിയിഴകളിലുണ്ടായിരുന്ന ഒരു കൈ വഴുതിപ്പോയതുപോലെ. എനിക്ക് ഇരിക്കണമെന്നു തോന്നി. പൊടിനിറഞ്ഞ ഒരു പാറയിലേക്ക് ഇരിക്കവേ ചിലരെന്റെ സമീപത്തുകൂടെ എന്തോ അടക്കം പറഞ്ഞ് നടന്നുപോയി. ഗാഗുൽത്തായിൽ എന്തോ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഞാൻ ഇപ്പറഞ്ഞ യേശുവിനെ ആദ്യമായി കണ്ടത്. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല. ഇപ്പോൾ പോയാൽ അവസാനമായിട്ടൊന്നുകൂടി കാണാം. ഗൊൽഗോഥ കുറ്റവാളികളെ തൂക്കിലേറ്റുന്ന സ്ഥലമാണെന്നും പാറയിടുക്കുകളിൽ തലയോടുകളും അസ്ഥികളും ചിതറിക്കിടപ്പുണ്ടെന്നുമൊക്കെ പറഞ്ഞിട്ടുള്ളതുകൊണ്ട് ഞങ്ങളാരും അങ്ങോട്ടു പോകാറില്ല. അവിടേക്കാണ് യേശുവിനെ കൊണ്ടുപോയിട്ടുള്ളതെങ്കിൽ... എനിക്കതു കാണണ്ട.
അപ്പൻ പറഞ്ഞയച്ചതാണ് എന്നെ. അദ്ദേഹം രണ്ടു ദിവസം മുന്‍പ് ഞങ്ങളുടെ ഗോതന്പുവയലിലെ വരന്പിൽനിന്നു കാൽ വഴുതി വീണതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഒരിക്കൽ ബഥാനിയായിലെ തന്റെ സ്നേഹിതനായ ലാസറിന്റെ വീടിനടുത്തുള്ള മാതളനാരകത്തോട്ടത്തിൽ വച്ചാണ് അപ്പൻ യേശുവിനെ ആദ്യമായി കണ്ടത്.
ആൾക്കൂട്ടത്തോടു കഥകൾ പറയുകയായിരുന്നത്രേ. പിന്നീട് അടുത്തെവിടെ യേശു എത്തിയാലും അപ്പൻ വയലിലാണെങ്കിലും ഓടിപ്പോകും. പണിക്കാരും ചീത്ത സ്ത്രീകളെന്നു പറഞ്ഞ് നാട്ടുകാർ അധിക്ഷേപിച്ചിരുന്നവരും വീടില്ലാത്തവരും മീൻപിടിത്തക്കാരുമൊക്കെ യേശു പറയുന്ന കഥകൾ കേൾക്കാനെത്തും. ചിലപ്പോൾ സോളമന്റേതുപോലെ കവിതകൾ ആലപിക്കും.
ഗലീലിയയിലെ മലഞ്ചെരുവിൽ വച്ചാണ്, ""ആത്മാവിൽ ദരിദ്രരേ നിങ്ങളാണു ഭാഗ്യവാന്മാർ! സ്വർഗം നിങ്ങളുടേത്''എന്നു തുടങ്ങുന്ന കവിത ചൊല്ലിയത്. അതൊരു മധുരഭാഷണമായി ചിലർക്കു തോന്നി. എന്തായാലും ജറൂസലേമിന്റെ പുറംപോക്കിലുള്ളവരും അനാഥരുമായവരും മാത്രമല്ല, ചില ധനവാന്മാരും അവനെ വിട്ടുമാറാതെ നടന്നു.
ആളുകൾ ഭക്ഷണം കഴിക്കാതെ കേട്ടിരിക്കും. പങ്കുവച്ചാൽ തികയാത്തതൊന്നുമില്ലെന്ന് യേശു പറഞ്ഞതുകേട്ട് കൈയിലുണ്ടായിരുന്ന അപ്പവും പഴങ്ങളും മീനുമൊക്കെ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കാറുണ്ട്. യേശുവും അവരുടെകൂടെ കൂടും.
അപ്പൻ ഒരിക്കൽ അമ്മയോടു പറയുന്നതു കേട്ടു. ""സലോമീ, അദ്ദേഹം മനുഷ്യനല്ലെന്നു തോന്നുന്നു കേട്ടോ. നീ കേട്ടിട്ടില്ലേ ഗലീലിയയുടെ മറുകരയിലെ മഗ്ദലേനയിൽനിന്നുള്ള മറിയത്തെ. ഇന്നലെ ജറൂസലെം ദേവാലയത്തിനടുത്തേക്ക് നമ്മുടെ പ്രമാണിമാരെല്ലാം ചേർന്ന് അവളെ യേശുവിന്റെ മുന്നിലെത്തിച്ച്, വ്യഭിചാരത്തിൽ പിടിച്ചതാ കല്ലെറിഞ്ഞു കൊല്ലട്ടേയെന്നു ചോദിച്ചു.
""എന്നിട്ട്..?''
""ഒന്നുമില്ല, കല്ലുകൾ താഴെയിട്ട് ആളുകൾ നൊടിയിടയിൽ ദേവാലയ പരിസരത്തെ ആൾക്കൂട്ടത്തിലേക്ക് ഊളിയിട്ടു.''""അതെങ്ങനെയാ?''
യേശു പറഞ്ഞു: ""പാപമില്ലാത്തവർ മാത്രമേ കല്ലെറിയാവൂ''
""അവർക്കറിയാം നുണ പറഞ്ഞ് കല്ലെറിയാൻ തുനിഞ്ഞാൽ യേശു മുഖത്തുനോക്കി ഓരോരുത്തരുടെയും രഹസ്യങ്ങൾ വായിക്കുമെന്ന്. സലോമീ, ഉറപ്പാ അദ്ദേഹം മനുഷ്യനല്ല.''
ഇതൊക്കെ കേട്ടുകേട്ട് എനിക്കും യേശുവിനെ കാണണമെന്നുണ്ടായിരുന്നു. കണ്ടു, ഒരിക്കൽ മാത്രം.
കഴിഞ്ഞ ഞായറാഴ്ച ഞങ്ങളുടെ കഴുതപ്പുറത്താണ് യേശു ഇതിലേ കടന്നുപോയത്. ആർപ്പു വിളിച്ചവർ അന്നു കൈയിലേന്തിയിരുന്ന ഒലിവു ചില്ലകൾ ദേവാലയത്തിലേക്കുള്ള നിരത്തിനപ്പുറം ഇപ്പോഴും ചിതറിക്കിടക്കുന്നുണ്ട്. അവയിലെ ഇലകൾ കൊഴിഞ്ഞിട്ടുപോലുമില്ല.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അപരിചതരായ രണ്ടുപേർ ഞങ്ങളുടെ വീട്ടിലെത്തിയത്. അവർ ആരോടും ചോദിക്കാതെ ഞങ്ങളുടെ പെൺകഴുത സാറായിയെ കെട്ടിയിട്ടിരുന്നിടത്തുനിന്ന് അഴിക്കാൻ തുടങ്ങി. കണ്ടാൽ തോന്നും സാറായി അവരുടേതായിരുന്നെന്ന്. ഞാൻ ഓടിച്ചെന്ന് അപ്പനെ വിളിച്ചു. അദ്ദേഹം ഓടിവന്നു.
""എന്തായിത്, നിങ്ങളാരാണ്?''
""ഞങ്ങൾ യേശുവിന്റെ ശിഷ്യരാണ്. അദ്ദേഹമാണു പറഞ്ഞത്, ഇതിനെ അഴിച്ചുകൊണ്ടു ചെല്ലാൻ. ആരെങ്കിലും ചോദിച്ചാൽ യേശുവിന് ഇതിനെ ആവശ്യമുണ്ടെന്നു പറഞ്ഞാൽ വിട്ടുതരുമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാ ധൈര്യത്തോടെ ഞങ്ങൾ ഇതിനെ അഴിച്ചത്'' ആഗതർ പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ജാള്യതയെ മറയ്ക്കാനായില്ല.
യേശുവെന്നു കേട്ടതേ അദ്ദേഹത്തിന്റെ താപം കെട്ടുപോയി.
""യേശുവോ... അദ്ദേഹമിപ്പോൾ എവിടെയാണ്.''
"" ഇപ്പോൾ ജറൂസലെമിലേക്കു നടന്നിട്ടേയുള്ളു.''
""അദ്ദേഹം മഹാഗുരുവാണ് കേട്ടോ. അദ്ദേഹത്തിന്റെ പ്രസംഗം ഞാൻ മണിക്കൂറുകൾ കേട്ടിരുന്നിട്ടുണ്ട്. ദൈവരാജ്യത്തെക്കുറിച്ചു മറ്റാരും പറഞ്ഞു ഞാൻ മുന്‍പു കേട്ടിട്ടില്ല. രണ്ടു ദിവസം മുന്‍പ് അദ്ദേഹം ബഥാനിയായിൽ വന്നപ്പോഴും ഞാൻ കണ്ടിരുന്നു. അന്നു ലാസറിന്റെ വീട്ടിൽനിന്നായിരുന്നല്ലോ അദ്ദേഹം അത്താഴം കഴിച്ചത്.''
അപ്പൻ സാറായിയെ അഴിച്ചു. ""എനിക്കുള്ളതെന്തും അങ്ങേക്ക് ആവശ്യമുള്ളപ്പോൾ എടുത്തോളാൻ ഞാൻ പറഞ്ഞിരുന്നു.''
""ആവശ്യം കഴിഞ്ഞാലുടനെ ഞാൻ തന്നെ ഇതിനെ തിരിച്ചുകൊണ്ടുവന്നുകൊള്ളാം.'' ശിഷ്യന്മാരിൽ ഒരാൾ പറഞ്ഞു.
""അപ്പാ, എന്നാൽ ഞാനും പോകാം. സാറായിക്ക് ഇവരെ പരിചയമില്ലല്ലോ. യേശുവിനും ശിഷ്യർക്കും കാര്യം എളുപ്പമാകുകയും ചെയ്യും. ഞാൻ തന്നെ തിരിച്ചും കൊണ്ടുവരാം.''
""എങ്കിൽ അവനും പോരട്ടെ. കഴുതയും പ്രശ്നമുണ്ടാക്കാതിരിക്കുമല്ലോ.'' ശിഷ്യരിൽ ഒരാൾ പറഞ്ഞു.
അപ്പൻ സമ്മതിച്ചു. അങ്ങനെ, ഞാൻ മറക്കാനാകാത്ത ആ യാത്രയുടെ ഭാഗമായി. ഞങ്ങൾ കുറച്ചുദൂരം ചെന്നപ്പോൾ യേശുവും ശിഷ്യരും കുറച്ചു നാട്ടുകാരും കാത്തുനിൽക്കുന്നതു കണ്ടു. ഞാനാദ്യമായാണ് അദ്ദേഹത്തെ കണ്ടത്. കഴുതയുമായി ഞങ്ങൾ വരുന്നതു കണ്ടപ്പോൾ യേശുവിനടുത്തുണ്ടായിരുന്ന ആളുകൾ അൽപമൊന്നു നിശബ്ദരായി. ഞാനാണെങ്കിൽ കയറിൽ പിടിച്ച് ഒരു വഴികാട്ടിയെപ്പോലെ തലയുയർത്തി നിന്നു.
""കുഞ്ഞേ, നിന്റെ പേരെന്താണ്?''യേശുവാണ് ചോദിച്ചത്.
""യാക്കോബ്''
""ഈ കഴുതക്കുട്ടിയെ നീയെന്താ വിളിക്കുന്നത്''
""സാറായി''
""നിന്റെ അപ്പനെ കുറച്ചുനാളായി എനിക്കറിയാം. നല്ല മനുഷ്യൻ. ഞാൻ നന്ദി പറഞ്ഞെന്ന് അദ്ദേഹത്തോടു പറയണം.''
ഉവ്വെന്ന വാക്ക് പക്ഷേ, പുറത്തേക്കു വന്നില്ല. സംഭാഷണ സമയത്ത് ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കുകയായിരുന്നു. എന്തൊരു വശ്യതയാണ് കണ്ണുകൾക്ക്. പക്ഷേ, തലേന്ന് ഉറങ്ങാത്തതുപോലെയുണ്ട്. വേഗത്തിലല്ല, ഒരു ഇളംതെന്നൽപോലെ ചലിക്കുന്ന കൺപോളകൾ. വിളയാത്ത ഗോതന്പിന്റെ നിറമുള്ള കുപ്പായത്തിൽ തുന്നലൊന്നും കാണാനില്ല. കാറ്റിൽ പറക്കുന്ന മുടിയിഴകളിൽ പൊടി പറ്റിയിരിക്കുന്നു.
വാത്സല്യത്തോടെ അദ്ദേഹം എന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് ഒന്നു ചിരിച്ച് സാറായിയുടെ അടുത്തേക്കു നടന്നു. ഞാനെന്റെ ശിരസിൽ തൊട്ടു. യേശുവിന്റെ വിരലുകൾ തേടിയെന്നപോലെ. ആരോ സാറായിയുടെ പുറത്ത് ഒരു തുണി വിരിച്ചു. യേശു ഇരുന്നു. ഒലിവുമലയിറങ്ങിവന്ന കാറ്റ് യേശുവിന്റെ മുടികളിൽ ഓളമിട്ടു.
ആളുകൾ ഓരോ വീടുകളിൽനിന്നും ഇറങ്ങിക്കൊണ്ടിരുന്നു. പലരും യേശുവിനൊപ്പം നടന്നു. ചിലർ ഒലിവുമരത്തിന്റെ ചില്ലകൾ ഒടിച്ച് കൊടിയാക്കി ഒരു രാജാവിനെന്നപോലെ ഓശാന എന്ന് ആർപ്പുവിളിച്ചു. കുട്ടികളും സ്ത്രീകളുമൊക്കെ ഓടി ഒപ്പമെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ആവേശംകൊണ്ട് എന്റെ ഹൃദയം പൊട്ടിപ്പോകുന്നതുപോലെ തോന്നി. ഞാനാണ് യേശുവിനോട് ഏറ്റവും ചേർന്നു നടക്കുന്നത്.
ഇതിനിടെ ആൾക്കൂട്ടത്തിൽ എന്റെ കൂട്ടുകാരായ ജോനാഥൻ, ജോഷ്വ, ജോവാന്ന എന്നിവരെ കണ്ടു. അവർ അദ്ഭുതത്തോടെ എന്നെ നോക്കുകയും ചിരിക്കുകയും കൈവീശുകയും ചെയ്തു. ജോഷ്വ ആ ബഹളത്തിനിടെ എന്നെ വിളിക്കുകയും ചെയ്തു.
എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.
ഒലിവുമലയിൽനിന്നു ഗെത്സമേൻ തോട്ടത്തിനടുത്തുള്ള കെദ്രോൺ താഴ്വരയിലെത്തിയപ്പോൾ പട്ടണം കാണാറായി. ജനം സംഘങ്ങളായി വന്നുകൊണ്ടിരുന്നു. അവർ ദാവീദിന്റെ പുത്രാ ഓശാന എന്നു വളിച്ചുകൊണ്ടേയിരുന്നു. തിരക്കിനിടെ ചിലർ യേശുവിന്റെ കുപ്പായത്തിലെങ്കിലും തൊടാൻ നോക്കി.
പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത്.
ഒലിവുമലയുടെ പടിഞ്ഞാറെ ചെരുവിലെത്തിയപ്പോൾ യേശു കരയുന്നു. സാറായി ഒരു നിമിഷം നിന്നു. പട്ടണത്തിലേക്കു നോക്കി യേശു പറഞ്ഞു: ""ശത്രുക്കൾ വരുമല്ലോ, നീ ഞെരുക്കപ്പെടും. ജറൂസലെം നീ കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടും... നിന്റെ മക്കൾ....''
യേശു കരയുന്നതു കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു. പ്രിയമുള്ളവർ സങ്കടപ്പെട്ടാൽ എനിക്ക് അങ്ങനെയാണ്.
പടിഞ്ഞാറേ കവാടം കടന്നപ്പോഴേക്കും ശിഷ്യന്മാർക്കും ജനക്കൂട്ടത്തെ നിയന്തിക്കാനാവാതെയായി. ഓശാന വിളി ഉച്ചത്തിലായി. ഒലിവുചില്ലകളും ഈന്തപ്പനയോലകളും ആളുകൾ ഉയർത്തിപ്പിടിച്ചു. ചിലരതു വഴിയിൽ വിരിച്ചു. ഇതിനിടെ ആരൊക്കെയോ സ്വന്തം രാജാവിനെ കണ്ടതുപോലെ അവരുടെ മേൽവസ്ത്രങ്ങൾ ഊരി യേശു കടന്നുവരുന്നിടത്ത് വിരിച്ചു കാത്തുനിന്നു. അടുത്തെത്തിയപ്പോൾ അവർ ദൈവമകനേയെന്ന് വിളിച്ചു കരഞ്ഞു.
ഫരിസേയരും വഴിയിൽ നിൽക്കുകയായിരുന്നു. ഞാൻ സാറായിയുടെ കയറിൽ മുറുകെ പിടിച്ചു.
""യേശു, എന്തൊരു ബഹളമാണിത്. നിനക്ക് ഇവരോടു വായടയ്ക്കാൻ പറഞ്ഞുകൂടേ?''
യേശു ഫരിസേയരെ നോക്കി. ""ഇവർ നിശബ്ദരായാൽ ഈ കല്ലുകൾ ആർപ്പുവിളിക്കും.''
ഗലീലയ തടാകത്തിലെ ഓളങ്ങളിലൊന്ന് കരയെ തൊടുന്നത്ര ശാന്തമായിരുന്നു യേശുവിന്റെ സ്വരം. പക്ഷേ, ഫരിസേയർ എന്തോ കേട്ടു ഭയന്നതുപോലെ ആൾക്കൂട്ടത്തിലേക്കു വലിഞ്ഞു.
ഇപ്പോഴെനിക്കറിയാം. അന്നത്തെ ആ ഫരിസേയരും കൂട്ടരുമായിരിക്കാം യേശുവിനെ ഇപ്പോൾ ഗാഗുൽത്തായിലേക്കു കൊണ്ടുപോയിരിക്കുന്നത്. അപ്പൻ പറഞ്ഞത് ഞാനോർക്കുന്നു. ""യേശുവിനെയും ലാസറിനെയും അപായപ്പെടുത്താൻ അവർ തക്കം പാർത്തിരിക്കുകയാണ്.''
ഓശാനവിളികൾ ജറൂസലെമിനെ മുഖരിതമാക്കെ ഞങ്ങൾ ദേവാലയ മുറ്റത്തെത്തി. ആളുകൾ അവിടെയും നിറഞ്ഞു. കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ യേശു വീണ്ടും എന്റെ ശിരസിലൂടെ കൈയോടിച്ചു. ""നന്ദി യാക്കോബ്, അപ്പനോടു പറയൂ, അദ്ദേഹത്തിന്റെ സ്നേഹിതൻ ലാസറിനെ ആരുമൊന്നും ചെയ്യില്ലെന്ന്.''
പെട്ടെന്ന് ഞാനോർത്തു, അപ്പൻ അങ്ങനെ ഭയപ്പെടുന്നുണ്ടെന്ന് ഞാൻ യേശുവിനോടു പറഞ്ഞിരുന്നില്ലല്ലോ. ഞാൻ തരിച്ചുപോയി. യേശു മനുഷ്യനല്ലേ..? എന്റെ തൊണ്ടയിൽ ഒരു ഓശാനവിളി കുടുങ്ങിക്കിടന്നു. അപ്പോഴേക്കും ആൾക്കൂട്ടത്തിനൊപ്പം യേശു ദേവാലയത്തിലേക്കു കയറി.
ഇന്ന് ആറാം ദിവസമാണ്. പാവങ്ങളോടൊപ്പം അത്താഴം കഴിച്ചിരുന്ന, വെറുക്കപ്പെട്ടവരുടെ തോളിൽ കൈയിട്ടുനടന്ന, ഗലീലിയയിലെ മീൻപിടിത്തക്കാരെയും ചുങ്കക്കാരെയും കൂട്ടുകാരാക്കിയ, ഞങ്ങളുടെ അയൽഗ്രാമത്തിലെ ലാസറിനെ ഉയിർപ്പിച്ച, എന്റെ അപ്പനെ ഇഷ്ടമായിരുന്ന... യേശു രാജാവാകുമായിരുന്നെന്നു കരുതി.
പക്ഷേ, ഇന്നെനിക്കറിയാം അവൻ ഈ പട്ടണത്തിനും കാലത്തിനും വേണ്ടി മാത്രമുള്ള രാജാവായിരുന്നില്ല. അങ്ങനെ ഭയന്ന ഭരണാധികാരികൾക്കും യഹൂദപുരോഹിതർക്കും പ്രമാണിമാർക്കുമൊന്നും യേശുവിനെ കാണുന്നതേ ഇഷ്ടമല്ലായിരുന്നു. അന്ന്, ദേവാലയത്തിലേക്കു കയറിയ യേശു, അതിനകത്തു കച്ചവടം നടത്തിയിരുന്നവരെ തല്ലിയോടിച്ചെന്നാണ് ഞാൻ പിന്നീടറിഞ്ഞത്. അതോടെ അവരുടെ ഗൂഢാലോചനാരാത്രികൾ നീളമേറിയതായി.
ഗാഗുൽത്താ എന്റെ സമീപത്തേക്കു വരുന്നതുപോലെ തോന്നി. എനിക്കിവിടെ ഒരു നിമിഷം നിൽക്കാനാകില്ല. പട്ടണത്തിൽ ആളുകൾ തീരെയില്ല. എന്തോ പാപം ചെയ്തതുപോലെ ജറൂസലെം സൂര്യനിൽനിന്നു മുഖം മറയ്ക്കാൻ ശ്രമിച്ചു. ഞാൻ വീട്ടിലേക്ക് ഓടുകയായിരുന്നു. അപ്പോൾ ദൂരെ കുശവന്റെ പറന്പിലെ വൃക്ഷച്ചില്ലകളിലൊന്ന് എന്തോ ഭാരത്താൽ ഭൂമിയോളം താഴ്ന്നു കിടന്നു.
ഞാൻ ഓടിക്കൊണ്ടേയിരുന്നു. എനിക്ക് സാറായിയെ കെട്ടിപ്പിടിച്ചൊന്നു കരയണം.
വീട്ടിലെത്തിയപ്പോൾ പക്ഷേ, സാറായി ഉണ്ടായിരുന്നില്ല. അത്തിമരത്തിനടുത്ത് അവളുടെ കയർ അഴിക്കപ്പെട്ടു കിടന്നു. ഞാൻ ആകാശത്തേക്കു നോക്കി. സൂര്യൻ ഇരുണ്ടുപോയിരിക്കുന്നു.
SUNDAY DEEPIKA
1989ൽ പുറത്തിറങ്ങിയ പ്രസിദ്ധമായ ഒരു ഹോളിവുഡ് സിനിമയാണ് "ഡെഡ് പോയറ്റ്സ് സൊസൈറ്റി'. അമേരിക്കൻ സംവിധായകനായ പീറ്റർ വിയർ സംവിധാനംചെയ്ത ഈ സിനിമയിൽ ഒരു അധ്യാപകകഥാപാത്രമായി അഭിനിയിച്ച റോബിൻ വില്യംസ് ആണ് നായകൻ. ജീവിതത്തിന്റെ അർഥം, യുവത്വത്തിന്റെ സ്വപ്നങ്ങൾ, ആത്മധൈര്യത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചൊക്കെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സിനിമകളിൽ ഇതിനു പ്രത്യേക സ്ഥാനമുണ്ട്.
കഥ നടക്കുന്നത് 1954 കാലഘട്ടത്തിലെ ഒരു ബോർഡിംഗ് സ്കൂളിലാണ്. കർശനമായ നിയമങ്ങളും കടുത്ത നിയന്ത്രണവുമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് ജീവിതം എന്നത് പണവും പ്രൗഢിയും സ്ഥാനമാനങ്ങളും നേടുന്നതിനുള്ള ഒരു യാത്രയായാണ് അവതരിപ്പിക്കപ്പെടുന്നത്. മാതാപിതാക്കളുടെ പ്രതീക്ഷകളും സമൂഹത്തിന്റെ സമ്മർദങ്ങളും അനുസരിച്ച് മുന്നോട്ടുപോവുകയാണ് അവരുടെ പതിവ്.
ഈ സ്കൂളിലേക്ക് ജോണ്‍ കീറ്റിംഗ് എന്ന പേരിലുള്ള ഒരു ഇംഗ്ലീഷ് അധ്യാപകൻ കടന്നുവരുന്നു. മറ്റ് അധ്യാപകരെപ്പോലെയല്ല അദ്ദേഹം. അവർ പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിക്കുന്പോൾ, കീറ്റിംഗ് ചെയ്യുന്നത് വിദ്യാർഥികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. ജീവിതമെന്നത് പരീക്ഷകളുടെയും മാർക്കുകളുടെയും മാത്രം കാര്യമല്ലെന്ന് അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു.
ഒരു ദിവസം കീറ്റിംഗ് അവരോടു പറഞ്ഞു: ""കാർപെ ഡിയെം''. ഈ ദിവസം പ്രയോജനപ്പെടുത്തുക എന്ന് മലയാളത്തിൽ ഈ ലാറ്റിൻ പ്രയോഗത്തെ പരിഭാഷപ്പെടുത്താം. ജീവിതം വളരെ ഹ്രസ്വമാണെന്നും തന്മൂലം ഓരോ ദിവസവും അർഥവത്തായി ജീവിക്കണമെന്നുമാണ് അദ്ദേഹം അവരെ ഓർമിപ്പിച്ചത്. ""നിങ്ങളുടെ ജീവിതം സാധാരണമായിരിക്കരുത്''- അദ്ദേഹം പറഞ്ഞു. ""അത് അതുല്യമായിരിക്കണം''.
ഈ വാക്കുകൾ വിദ്യാർഥികളിൽ വലിയ സ്വാധീനംചെലുത്താൻ തുടങ്ങി. അവരിൽ ചിലർ സ്വന്തം സ്വപ്നങ്ങളെക്കുറിച്ച് ഭാവന ചെയ്യാനാരംഭിച്ചു. ചിലർ അസാധാരണമായ ധൈര്യത്തോടെ പുതിയ വഴികൾ തെരഞ്ഞെടുത്തു. എന്നാൽ, മറ്റു ചിലരാകട്ടെ ഭയത്തിലും സംശയത്തിലും കുടുങ്ങിക്കിടന്നു. അവർ പല കാര്യങ്ങളും പിന്നീടു ചെയ്യാമെന്നു കരുതി മാറ്റിവച്ചു.
ഈ കഥ ഒരു സുപ്രധാന സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത്, നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാതെ അത് അകാരണമായി മാറ്റിവയ്ക്കുന്നുവെന്ന യാഥാർഥ്യം. ഉദാഹരണമായി, സത്യത്തിനും നീതിക്കും നന്മയ്ക്കുംവേണ്ടി നിലകൊള്ളേണ്ട സാഹചര്യം വരുന്പോൾ അതു പിന്നീടാകാമെന്നു കരുതി നീട്ടിവയ്ക്കുന്നു.
അല്ലെങ്കിൽ, ഒരാളെ സഹായിക്കേണ്ട അവസരം വരുന്പോൾ അതിനു സമയമായിട്ടില്ലെന്നു പറഞ്ഞ് മുന്നോട്ട് അതു മാറ്റിവയ്ക്കുന്നു. ജീവിത നവീകരണത്തിന്റെ കാര്യം വരുന്പോഴും നാം സ്വീകരിക്കുന്ന നിലപാട് പലപ്പോഴും ഇതുപോലെയായിരിക്കും. ഇനിയും സമയമുണ്ടല്ലോ, അല്പംകൂടി കഴിഞ്ഞിട്ടാവാം എന്ന ചിന്താഗതി.
എന്നാൽ ജീവിതം ഒരിക്കലും നമുക്കായി കാത്തുനിൽക്കില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് ദൈവവചനം പറയുന്നത്: ""ഇതാണ് സ്വീകാര്യമായ സമയം; ഇതുതന്നെയാണ് രക്ഷയുടെ ദിവസം'' (2 കോറി 6:2). ഇതേ ആശയം ഏശയ്യാ പ്രവാചകൻ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: ""ദൈവത്തെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുവിൻ.
അവിടന്ന് സമീപമുള്ളപ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുവിൻ'' (55:6). ഒരാൾക്ക് അതിമനോഹരമായൊരു ക്ലോക്ക് ഉണ്ടായിരുന്നു. ഒരു ദിവസം അതു പ്രവർത്തനരഹിതമായി. അപ്പോൾ ആ ക്ലോക്കിന്റെ ഉടമ സ്വയം പറഞ്ഞു: "ഇതു നാളെ റിപ്പയർ ചെയ്യാം.' എന്നാൽ ആ ക്ലോക്കെടുത്ത് സ്വയം അതു നന്നാക്കാനോ അതു സാധ്യമല്ലെങ്കിൽ മറ്റൊരാളെക്കൊണ്ട് നന്നാക്കിക്കാനോ അയാൾ തുനിഞ്ഞില്ല.
ഒരു ദിവസം ഒരു സുഹൃത്ത് അയാളെ സന്ദർശിക്കാനെത്തി. നിശ്ചലമായ ആ ക്ലോക്ക് കണ്ടപ്പോൾ സുഹൃത്ത് ചോദിച്ചു: ""നിങ്ങൾ എന്തുകൊണ്ടാണ് ഈ ക്ലോക്ക് നന്നാക്കാത്തത്?'' ഉടനെ ഉടമസ്ഥൻ പറഞ്ഞു: ""ഈ ക്ലോക്ക് നിന്നുപോയിട്ട് കുറേനാളായി. ഇതു നന്നാക്കിയിട്ട് വലിയ കാര്യമില്ലെന്നു തോന്നി.''
നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്. ചെയ്യേണ്ട പലകാര്യങ്ങളും നാം പലപ്പോഴും മാറ്റിവയ്ക്കും. എന്നാൽ കുറേക്കഴിയുന്പോൾ അതിന്റെ പ്രാധാന്യം നമുക്കു നഷ്ടപ്പെടും. അതുകൊണ്ടുതന്നെ നാം ഒരിക്കലും അവ ചെയ്യുകയുമില്ല. അപ്പോൾപ്പിന്നെ നമ്മുടെ ജീവിതം മുരടിച്ചു നിൽക്കുന്നതിനെക്കുറിച്ച് അദ്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ.
നമ്മുടെ ആധ്യാത്മികജീവിതം മുരടിച്ചാണോ ഇപ്പോൾ ഇരിക്കുന്നത്? എങ്കിൽ അതിന്റെ കാരണം "പിന്നീടാവാം' എന്ന നമ്മുടെ നിലപാടാണ്. ഈ നിലപാടിൽനിന്നു കരകയറണമെങ്കിൽ സങ്കീർത്തകനെപ്പോലെ നമ്മളും പ്രാർഥിക്കണം, ""ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ ഹൃദയവിജ്ഞാനം നേടട്ടെ'' (90:12) എന്ന്.
വളരെ വേഗം കടന്നുപോകുന്നതാണ് നമ്മുടെ ദിവസങ്ങളും വർഷങ്ങളും. കീറ്റിംഗ് വിദ്യാർഥികളെ അനുസ്മരിപ്പിച്ചതുപോലെ ഇപ്പോഴത്തെ ഈ നിമിഷം, അല്ലെങ്കിൽ ഈ ദിവസം നമുക്ക് ഏറ്റവും പ്രയോജനപ്പെട്ടതായി മാറ്റാം. നമ്മുടെ ആധ്യാത്മികജീവിതത്തിന്റെ ക്ലോക്ക് നിലച്ചുപോയിട്ടുണ്ടോ? എങ്കിൽ, എത്രയുംവേഗം ആ ക്ലോക്ക് നന്നാക്കി അതു പ്രവർത്തനക്ഷമമാക്കാം. ഇനിയും അതു മാറ്റിവയ്ക്കാൻ നാം ഇടയാക്കരുത്.
ആധ്യാത്മികജീവിതത്തിലെന്നപോലെ, ജീവിതത്തിന്റെ സർവമേഖലകളിലും നന്നായി പോകുവാൻ നമുക്കു ശ്രദ്ധയുണ്ടാകണം. അതു നാളെയാകട്ടെ എന്നു കരുതി ഒരിക്കലും മാറ്റിവയ്ക്കരുത്. കാരണം, നമുക്ക് എത്ര നാളെകൾ ഉണ്ടാകുമെന്ന് ദൈവത്തിനു മാത്രമേ അറിവുള്ളൂവല്ലോ.
SUNDAY DEEPIKA
അങ്ങനെ ആ ആശങ്ക ഒഴിഞ്ഞു..! 2032ല്‍ ചന്ദ്രനുമായി കൂട്ടിയിടിക്കുമെന്ന് ആശങ്ക പരത്തിയ "2024 YR4' എന്ന ഛിന്നഗ്രഹം ചന്ദ്രനെ തൊടുകപോലും ചെയ്യില്ലെന്ന് നാസ അറിയിച്ചു. ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് നടത്തിയ ഏറ്റവും പുതിയ നിരീക്ഷണങ്ങളിലൂടെയാണ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം നാസയിലെ ശാസ്ത്രജ്ഞര്‍ കൃത്യമായി നിര്‍ണയിച്ചത്.
2024 അവസാനത്തോടെയാണ് നാസ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2032 ഡിസംബര്‍ 22ന് ഇതു ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. 2025 ഫെബ്രുവരിയിലെ ശാസ്ത്രജ്ഞരുടെ ഈ അനുമാനം വലിയ ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന്, വിശദമായ പഠനങ്ങളില്‍ ഏര്‍പ്പെട്ട നാസ, ഛിന്നഗ്രഹം ഭൂമിക്കു ഭീഷണിയല്ലെന്നു വിലയിരുത്തി. ഭൂമിയില്‍ ഇടിച്ചില്ലെങ്കിലും ഇത് ചന്ദ്രനില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നു പിന്നീട് നാസ സംശയം പ്രകടിപ്പിച്ചു. ഇതും വലിയ ആശങ്കയായിരുന്നു.
ജയിംസ് വെബിന്റെ കണ്ടെത്തല്‍
ഭൂമിയില്‍നിന്നും ബഹിരാകാശനിലയത്തില്നിന്നും ദൃശ്യമാകാത്തത്ര അകലെയായിരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്താന്‍ ജയിംസ് വെബ് ദൂരദര്‍ശിനി മാത്രമായിരുന്നു ഏക പോംവഴി. 280 ദശലക്ഷം മൈല്‍ അകലെവച്ചാണ് ഇതിനെ നിരീക്ഷിച്ചത്. ഇത്രയും കുറഞ്ഞ വെളിച്ചമുള്ള ഒരു സൗരയൂഥ വസ്തുവിനെ നിരീക്ഷിക്കുന്നത് ചരിത്രത്തില്‍തന്നെ ആദ്യമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലാബിലെ പ്ലാനറ്ററി അസ്ട്രോണമര്‍ ആന്‍ഡി റിവ്കിന്‍ പറഞ്ഞു.
13,200 മൈല്‍ അകലം
ഫെബ്രുവരിയില്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍, ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സ്ഥിരീകരിച്ചു. ചന്ദ്രനില്‍നിന്ന് ഏകദേശം 13,200 മൈല്‍ അകലത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നിലവില്‍ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.
15നില കെട്ടിടത്തിന്റെ വലിപ്പം
2024 ഡിസംബര്‍ അവസാനത്തോടെ ചിലിയിലെ നാസയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന "ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റം' (ATLAS) ആണ് ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന ചിന്നഗ്രഹത്തിന് ഏകദേശം 174 മുതല്‍ 220 അടി വരെ (53-67 മീറ്റര്‍) വ്യാസമുണ്ട്. അതായത്, ഒരു 15 നില കെട്ടിടത്തിന്റെ വലിപ്പം..!